തിരയുക

Vatican News
ഇറാഖിൽ വീണ്ടും ബോംബപകടം - ഫയൽ ചിത്രം ഇറാഖിൽ വീണ്ടും ബോംബപകടം - ഫയൽ ചിത്രം  (AFP or licensors)

ഇറാഖിൽ ബോംബപകടം: മാർപാപ്പാ ദുഃഖം രേഖപ്പെടുത്തി

ജൂലൈ 19 തിങ്കളാഴ്ച വൈകുന്നേരം അൽ-വുഹൈലാത്ത് മാർക്കറ്റിൽ ഉണ്ടായ ബോംബപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാർപാപ്പാ അനുശോചനങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ 20 ചൊവ്വാഴ്ച, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ (Cardinal Pietro Parolin) ഒപ്പിട്ട്, ഇറാഖിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് മിത്തിയ ലെസ്‌കോവാറിനയച്ച (Archbishop Mitja Leskovar) സന്ദേശത്തിലൂടെയാണ്, ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ അൽ-വുഹൈലാത്ത് മാർക്കറ്റിൽ ഉണ്ടായ അപകടത്തിൽ നിര്യാതരായവരുടെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും, പാപ്പാ തന്റെ ദുഃഖം അറിയിച്ചത്.

"ബാഗ്ദാദിലെ അൽ-വുഹൈലത്ത് മാർക്കറ്റിലെ സ്‌ഫോടനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അറിഞ്ഞ പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ അതീവദുഖിതനാണ്" എന്ന് എഴുതിയ കർദ്ദിനാൾ പരോളിൻ, "സംഭവത്തിൽ നിര്യാതരായവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പാപ്പാ തന്റെ അനുശോചനങ്ങൾ അറിയിക്കുന്നു" എന്നും കൂട്ടിച്ചേർത്തു.

"മരണമടഞ്ഞവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് സമർപ്പിക്കുന്നതിനോടൊപ്പം, അനുരഞ്ജനത്തിനും സമാധാനത്തിനും പ്രോത്സാഹനം നൽകാൻ ശ്രമിക്കുന്നവരുടെ പരിശ്രമങ്ങളെ ഇല്ലാതാക്കാൻ, യാതൊരു അക്രമ പ്രവൃത്തികൾക്കും സാധിക്കാതിരിക്കട്ടെയെന്നും മാർപാപ്പാ വീണ്ടും പ്രാർത്ഥിക്കുന്നു" എന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഇറാഖിലേക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

സംഭവത്തിൽ 35 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടു എന്നാണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഏതാണ്ട് 50ൽപ്പരം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികവിവരങ്ങൾ.

ഈ വർഷം തന്നെ ജനുവരിയിലും (21) ഏപ്രിലിലും (15) ബാഗ്ദാദ് പ്രദേശത്ത് രണ്ട് സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാർച്ച്മാസത്തിൽ, ഇറാഖ് സന്ദർശിച്ച അവസരത്തിൽ, ആ പ്രദേശങ്ങളിൽ കൂടുതൽ സമാധാനത്തിനായും, ആളുകൾ തമ്മിലുള്ള ഒരുമയ്ക്കുമായി പ്രവർത്തിക്കാൻ എല്ലാവരേയും ആഹ്വാനം ചെയ്യുകയും,  ഇറാഖിനഗരമായ മൊസൂളിൽ (Mosul) വച്ച്, ഇറാഖിൽ തുടർന്നിരുന്ന അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

23 July 2021, 09:03