തിരയുക

യേശു സിനഗോഗിൽ പഠിപ്പിക്കുന്നു. യേശു സിനഗോഗിൽ പഠിപ്പിക്കുന്നു. 

"ക്രിസ്തു ജീവിക്കുന്നു”: രൂപീകരണത്തിന്റെ പ്രാധാന്യം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 98ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

97. രൂപീകരണത്തിന്റെ പ്രാധാന്യം

ഈ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എടുത്തിട്ടുള്ള ഉറച്ച നടപടികൾക്കുള്ള പൂർണ്ണ തീരുമാനങ്ങൾ സിനഡ് വീണ്ടുറപ്പിക്കുന്നു. രൂപീകരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി നിയോഗിക്കപ്പെടാനിരിക്കുന്നവരുടെ തിരഞ്ഞെടുപ്പിലും പരിശീലന കാര്യത്തിലുമാണ് ഇത് തുടങ്ങുന്നത്. അതേസമയം ആവശ്യമായിരിക്കുന്ന നടപടി കാര്യങ്ങളും ശിക്ഷാ നടപടികളും പ്രയോഗത്തിലാക്കാനുള്ള ഇച്ഛാശക്തി തുടർന്നും കാട്ടേണ്ടതുണ്ട്.  ഇതെല്ലാം ക്രിസ്തുവിന്റെ കൃപയാലാണ് നടക്കേണ്ടത്. പിന്തിരിയുന്ന പ്രശ്നമേയല്ല. (കടപ്പാട്. Carmel International Publishing House).

ഇന്ന് നാം വിചിന്തനം ചെയ്യുന്ന 97 ആമത്തെ ഖണ്ഡിക പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നേർക്കും പ്രായപൂർത്തിയായ ബലഹീനമാനസരുടെ നേർക്കും നടത്തുന്ന ലൈംഗീകവും മറ്റ് തരത്തിലുമുള്ളതായ അതിക്രമങ്ങളെയും ദുരുപയോഗങ്ങളെയും തടയുന്നതിന് സഭ സ്വീകരിക്കേണ്ട കർശനമായ നടപടികളെയും പ്രതിബദ്ധതയെയും കുറിച്ചാണ്. സഭയിൽ ഇത്തരം ഒരു കുറവ് നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനെ തടയുന്നതിന് സഭ മുൻ കാലങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ നിസ്സാരങ്ങളല്ല. എങ്കിലും ഈ നിഷ്ഠൂരമായ, സഭയുടെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുന്ന അതിക്രമങ്ങളെ പരിപൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് സുതാര്യതയും ശക്തമായ നടപടിക്രമങ്ങളും ശിക്ഷാവിധികളും ഫ്രാൻസിസ് പാപ്പായുടെ നേത്യത്വത്തിൽ നടക്കുന്നുവെന്നത് ഇവിടെ പ്രത്യേകം എടുത്ത് പറയാതിരിക്കാൻ വയ്യ. ഇക്കുട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വൈദീക വിദ്യാർത്ഥികളുടെയും സന്ന്യാസിനി - സന്യാസാർത്ഥികളുടെയും പരിശീലകരാകാൻ നിയോഗിക്കപ്പെടുന്നവരുടെ തിരഞ്ഞെടുപ്പിലും പരിശീലനങ്ങളിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ.

2016 ഏപ്രിൽ 15ആം തിയതി സന്യാസ പരിശീലകരുമായി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തിയവസരത്തിൽ  ദൈവവിളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലല്ല മറിച്ച്  അതിലെ ഗുണനിലവാരമാണ് ആവശ്യമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ഇന്ന് ദൈവവിളികൾ വർദ്ധിക്കുന്നില്ല എന്ന പ്രതിസന്ധിയെക്കാൾ  ദൈവവിളി സ്വീകരിച്ചവരുടെ ഗുണനിലവാരത്തിന്റെ  ഗുരുതരമായ പ്രതിസന്ധി വരാതിരിക്കാൻ പ്രയത്നിക്കേണ്ടതിന്റെ ആവശ്യം ഒരു വെല്ലുവിളിയായി തന്നെയുണ്ടെന്ന യാതാർത്ഥ്യം നമുക്ക് വിസ്മരിക്കാനാവില്ല.

2016 ഏപ്രിൽ  ഏഴാം ആം തിയതി മുതൽ പതിനൊന്നാം തിയതി വരെ " സുവിശേഷ ജീവിതമനുസരിച്ച് ക്രിസ്തുവിൽ ജീവിക്കുക " എന്ന പ്രമേയത്തെ ആസ്പതമാക്കി റോമിൽ സംഗമിച്ച 1300 ഓളം വരുന്ന പരിശീലകരോടു പാപ്പാ സംസാരിച്ചവസരത്തിൽ സമർപ്പിത ജീവിതം മനോഹാരിത നിറഞ്ഞതാണെന്നും, ഇത് സഭയുടെ വിലയേറിയ നിധികളിൽ ഒന്നാണെന്നും മാമ്മോദീസാ എന്ന  ദൈവവിളിയിൽ വേരൂന്നിയതാണെന്നും കൂടാതെ ദൈവവിളി സ്വീകരിച്ച ഓരോ വ്യക്തിയുടെയും ദൗത്യം അഥവാ പ്രേക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ  ഉദ്‌ബോധിപ്പിച്ചു. സുവിശേഷ പ്രഘോഷണത്തിനായുള്ള അഭിനിവേശത്തെയും, ലോകത്തിന്റെ അതിർത്തികളിൽ ചെന്ന് ക്രിസ്തുവിന്റെ സ്നേഹത്തെയും പ്രത്യേകിച്ച് സഭയിൽ നിന്നും അകന്നു നിൽക്കുന്നവരോടും, എളിയവരോടും ദരിദ്രരോടും പങ്കുവയ്ക്കുവാനും അവരാൽ സുവിശേഷീകരിക്കപ്പെടാനുള്ള രൂപീകരണം അവർക്ക് നൽകണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

പൗരോഹിത്യത്തിലേക്കും, സന്യാസത്തിലേക്കുള്ള ഒരു വ്യക്തിയുടെ ദൈവവിളിയുടെ മഹത്വത്തെയും, ധർമ്മത്തെയും പാപ്പായുടെ ഈ പ്രബോധനങ്ങൾ വളരെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഓരോ ദൈവവിളിക്കും അതിന്റെതായ പവിത്രതയുണ്ട്. ആ പവിത്രതയിൽ മാലിന്യം അടിഞ്ഞു ചേരാതെ സൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം ഓരോ വ്യക്തിയുടെയും കൈകളിലാണ്. നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ അജപാലകരിൽ നിന്നും, സമർപ്പിത ജീവിതം നയിക്കുന്നവരിൽ നിന്നും മനുഷ്യകുലത്തിന് പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരുടെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങൾക്ക് ഉത്തരം നൽകുന്ന പ്രബോധനങ്ങളാണ് പാപ്പാ പങ്കുവയ്ക്കുന്നത്.

കൂദാശകളിൽ ഒന്നായ പൗരോഹിത്യവും കൂദാശയുടെ പവിത്രതയിൽ തന്നെ സ്വീകരിക്കുന്ന സന്യാസവിളിയും ലോകത്തിന്റെ മുൻപിൽ എത്രമാത്രം വളരെഗൗരവത്തോടെയും ശ്രദ്ധയോടും കൂടെ ജീവിക്കണമെന്ന് ആവശ്യപ്പെടുന്ന പാപ്പാ പ്രത്യേകിച്ച് വൈദികവിദ്യാർഥികളെയും സന്യാസാർത്ഥികളെയും പരിശീലിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരുടെ നേരെ നടക്കുന്ന ദുരുപയോഗം സമൂഹത്തിൽ നിലനിൽക്കുന്നതാണെങ്കിലും അത് സഭയിലും പ്രവേശിച്ചിതിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പാപ്പാ സഭയിലെ അജപാലകരെ വാർത്തെടുക്കാൻ നിയുക്തരായ പരിശീലകരോടു രൂപാന്തരീകരണഘട്ടത്തിൽ ഇന്നത്തെ  ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും, ലോകത്തിന്റെ ചാപല്യങ്ങളിൽ വീഴാതെ വിവേകപൂർച്ചം തങ്ങളുടെ ദൗത്യം തുടരാനും അവരെ പരിശീലിപ്പിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ മുന്നിൽ ജീവിതത്തിൽ നിരവധി തിരഞ്ഞെടുപ്പുകളുണ്ട്. ഓരോ തിരഞ്ഞെടുപ്പും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സന്യാസജീവിതത്തിലേക്കോ, പൗരോഹിത്യത്തിലേക്കോ തന്റെ ജീവിതത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ വ്യക്തിയുടെ മുന്നിൽ താൻ തിരഞ്ഞെടുത്ത ജീവിത ശൈലിയുടെ നിയോഗം പൂർത്തികരിക്കേണ്ടതിന്റെ ഉത്തരവാദിത്വം  പ്രാധാന്യമേറിയതാണ്. ഈ ഉത്തരവാദിത്വത്തെ സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചും, സുവിശേഷ പുണ്യങ്ങൾക്കനുസരിച്ചും സഭാ പ്രബോധനങ്ങൾക്കനുസരിച്ചും ജീവിക്കാൻ ഓരോ വ്യക്തികളെയും പരിശീലിപ്പിക്കുക എന്ന വലിയ ദൗത്യമാണ് പരിശീലകർക്കുള്ളത്.ഈ പരിശീലനകാലഘട്ടത്തിലെ രൂപീകരണത്തിൽ നാല് പ്രധാന മാനങ്ങളെ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് പാപ്പാ ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്. മാനുഷികവും, ആത്മീയവും, ബൗദ്ധികവും, അജപാലനപരവുമായ മാനങ്ങളാണവ. ഒന്നാമതായി സഭയിലെ അജപാലകർ മനുഷ്യത്വത്തിൽ നിന്നകന്ന് നിൽക്കരുതെന്ന് പാപ്പാ പറയുന്നു. അതിനായി എല്ലാത്തരം ആന്തരിക അസത്യങ്ങൾക്കെതിരെ പോരാടാൻ തങ്ങളെ പരിശീലിപ്പിക്കുന്നവരോടു  ആത്മാർത്ഥതയോടെ സ്വയം തുറവുള്ളവരായിരിക്കണം എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ആത്മീയ മാനത്തെ കുറിച്ച് പങ്കുവെച്ചവസരത്തിൽ പ്രാർത്ഥന വെറും അനുഷ്ഠാനപരമായിരിക്കരുത് എന്നും മറിച്ച് ദൈവവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കുള്ള ഒരു അവസരമായി രൂപപ്പെടുത്തണം എന്നും പാപ്പാ നിർദ്ദേശിച്ചു. അജപാലക പരിശീലനത്തിലെ ബൗദ്ധീക മാനത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട്  സമകാലിക സംസ്കാരത്തെയും ചിന്തകളെയും കുറിച്ചുള്ള അവബോധവും, കഴിവും നൽകണമെന്നും അവയെ ഭയപ്പെടുകയോ, അവയോടു ശത്രുതാ മനോഭാവം പുലർത്തുകയോ ചെയ്യരുതെന്നും പാപ്പാ നിർദ്ദേശിച്ചു.

അജപാലന രൂപീകരണത്തെക്കുറിച്ച് പറയുന്ന അവസരത്തിൽ ജനങ്ങളെ കണ്ടുമുട്ടാനും അവരോടു സമ്പർക്കം പുലർത്താനും ആവേശത്തോടെ പുറത്തിറങ്ങണമെന്നും  വൈദിക സന്യാസ പരിശീലനത്തിൽ ആയിരിക്കുന്നവരോടു ആഹ്വാനം ചെയ്ത പാപ്പാ ദൈവജനത്തെ സേവിക്കുന്നവരാണ് അവരെന്നും പ്രത്യേകിച്ച് ദരിദ്രരുടെ മുറിവുകൾ സൗഖ്യപ്പെടുത്തുന്നവരാണെന്നും അതിനാൽ മറ്റുള്ളവർക്ക് എപ്പോഴും ലഭ്യരായിരിക്കണമെന്നും ആവശ്യപ്പെട്ടു. അതാണ് ദൈവത്തോടു  സമർപ്പിതർ പറഞ്ഞ അതേ എന്ന ഉത്തരത്തിനുള്ള ഉറപ്പായ തെളിവെന്ന് പാപ്പാ പ്രബോധിപ്പിച്ചു. ഇങ്ങനെ മാനുഷിക, ആത്മീയ, ബൗദ്ധീക, അജപാലന പരമായ രൂപീകരണം നൽകുമ്പോൾ ലോകത്തിൽ നിലനിൽക്കുന്ന തിന്മകളുടെ ചായ്‌വിൽ നിന്ന് നമ്മെയും സഭയെയും രക്ഷിക്കാൻ കഴിയും.

ഇനി പരിശീലന കാലഘട്ടങ്ങളിൽ നൽകപ്പെടുന്നവയെ തങ്ങളുടെ പ്രേഷിത ജീവിതത്തിന്റെ പരീക്ഷണശാലയിൽ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും പ്രതികരിക്കുന്നുവെന്നുമുള്ളത് ഓരോ വ്യക്തിയുടെയും സ്വാംശീകരണത്തിലാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഇന്ന് നാം കാണുന്ന പ്രായപൂർത്തിയാകാത്തവരുടെ നേരെ നടക്കുന്ന ദുരുപയോഗത്തിൽ കുറ്റക്കാരായവർ അവരുടെ കുറ്റകൃത്യങ്ങൾക്കു കാരണമെന്ന് പറയുന്ന കാര്യങ്ങളെ ന്യായീകരിക്കാൻ യാതൊരു ഒഴിവുകഴിവുമില്ല. വിളിയനുസരിച്ച് ജീവിക്കുക എന്നത് ജീവിതത്തിന്റെ വെല്ലുവിളികളിൽ ഒന്നാണ്. ഇടയൻമാർ ആടുകളെ സംരക്ഷിക്കുക. ആടുകളെ വന്യ മൃഗ്രഹങ്ങളിൽ നിന്നും രക്ഷിക്കുക. അല്ലാതെ വന്യമൃഗമായി അവർ മാറരുത്. ഇടയൻ അടിക്കപ്പെടുമ്പോൾ ആടുകളും ചിതറിക്കപ്പെടും. അത് അപകടത്തിനും മരണത്തിനും കാരണമാകും. അത് കൊണ്ട് പരിശീലകരും പരിശീലനത്തിലായിരിക്കുന്നവരും ഗുണനിലവാരമുള്ള ദൈവവിളികളെ സഭയ്ക്കും സമൂഹത്തിനും നൽകുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകരുത്. മാമോദീസയിൽ അധിഷ്ഠിതമായ ക്രൈസ്തവ  വിളിയിൽ നാം ഓരോരുത്തരും നമ്മുടെ വിളിയുടെ  ധർമ്മത്തിൽ  ഇടയരും പ്രവാചകരുമായി ലോകത്തിന്റെ മുന്നിൽ ക്രിസ്തുവിന്റെ മുഖമായി തീരേണ്ടവരാണ്. അതിനു സ്വയം സഹകരിക്കാനും സഭ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിബദ്ധത കാട്ടാനും നമുക്ക് പരിശ്രമിക്കാം. സഭയെ താനേ നശിപ്പിക്കുന്ന തിന്മകളിൽ നിന്ന് നമുക്ക് മോചിതരാവാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2021, 16:40