ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

"ക്രിസ്തു ജീവിക്കുന്നു”: മ്യൂസിയത്തിലാക്കേണ്ട ഒന്നല്ല ജീവിക്കുന്ന ക്രിസ്തുവിന്റെ സഭ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 95ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

95. ചില മെത്രാന്മാരും വൈദികരും സമർപ്പിതരും അത്മായരും നടത്തിയ പലതരത്തിലുള്ള ദുരുപയോഗങ്ങൾക്കിരയായവരുടെ കരച്ചിൽ കേൾക്കാൻ ഈ അടുത്തയിടെ അടിയന്തിര അഭ്യർത്ഥനകൾ നടത്തപെടുകയുണ്ടായി. "ഈ പാപങ്ങൾ, ഇരകളുടെമേൽ കാലം ദീർഘനിലനിൽക്കുന്നതും അനുതാപം കൊണ്ടുമാത്രം പ്രതിവിധിവരാത്തതുമായ സഹനങ്ങൾക്കു കാരണമാകുന്നു. ഈ പ്രതിഭാസം സമൂഹത്തിൽ വളരെ പ്രാചാരത്തിലായിലിരിക്കുകയാണെന്നു; അത് സഭയെ സാരമായി ബാധിക്കുകയും അവളുടെ ദൗത്യത്തിന് ഗൗരവമേറിയ ഒരു തടസ്സമാകുകയും ചെയ്യുന്നുണ്ട്. (കടപ്പാട്. Carmel International Publishing House).

യുവജനങ്ങളുടെ മുറിവുകൾ മനസ്സിലാക്കുന്ന പാപ്പാ

യുവജനങ്ങളെ ദൈവത്തിന്റെ ഇന്നുകളായി വിശേഷിപ്പിക്കുന്ന പാപ്പാ അവരെ വേട്ടയാടുന്ന വിവിധ തരം ചൂഷണങ്ങളെ കുറിച്ച് എഴുതിയിരുന്നു. ഇന്ന് ലോകം അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെ യുവജനങ്ങൾ കടന്നുപോകുമ്പോൾ അവർ അനുഭവിക്കുന്ന മുറിവുകളും ഹനിക്കപ്പെടുന്ന അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പാപ്പാ വിവരിച്ചു. ആധുനിക ലോകത്തിന്റെ മുഖ മുദ്രയായ സാങ്കേതിക പരിസരവും അവിടെത്തെ നന്മകളും തിന്മകളും വിവേചിച്ചറിയാൻ പാപ്പാ പ്രബോധിപ്പിച്ചു. അതിനെ തുടർന്ന് സംഘർഷങ്ങളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വേട്ടയാടുന്ന ദുരന്തഭൂമികളിൽ നിന്ന്  രക്ഷപ്പെടാൻ ജനങ്ങൾ നടത്തുന്ന കുടിയേറ്റമെന്ന പ്രതിഭാസത്തെയും അത് തകിടം മറിക്കുന്ന യുവജന ജീവിതത്തെയും അവരുടെ സ്വപ്നങ്ങളെയും തന്റെ ഈ പ്രബോധനത്തിൽ പാപ്പാ വിശദമായി പ്രതിപാദിച്ചു. ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ  ഒരു പക്ഷെ സഭാ പ്രബോധനങ്ങളുടെ ചരിത്രത്തിൽ തന്നെ ഇടം തേടുന്ന വരികളാണ് ഉള്ളത് എന്ന് പറയാം. ദൈവത്തിന്റെ ഇന്നുകളായ യുവജങ്ങളോടു സഭയിലെ നേതൃത്വത്തിലുള്ള ചില വ്യക്തികൾ നടത്തിയ അതിക്രമങ്ങളെ കുറിച്ചും കടന്നു കയറ്റങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചുമാണ് ഫ്രാൻസിസ് പാപ്പാ ഇവിടെ പ്രതിപാദിക്കുന്നത്.

വിശുദ്ധിയുടെ പ്രതീകമായി നിലകൊള്ളേണ്ട സഭ

ഇത് ഇന്നത്തെ സമൂഹത്തിൽ കാണപ്പെടുന്ന ഒരു തിന്മയാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നുണ്ടെങ്കിലും ആ തിന്മയുടെ കടന്നു കയറ്റം സഭയിലെത്തുമ്പോൾ അതിന് അതിഭീകരമായ ഒരവസ്ഥയാണ് ഉള്ളത് എന്ന് ശക്തിയുക്തം പറയാൻ പാപ്പാ മടി കാണിക്കുന്നില്ല. കാരണം വിശുദ്ധിയുടെ പ്രതീകമായി നിലകൊള്ളേണ്ട സഭ അതിന്റെ പ്രവർത്തികളാൽ വിശുദ്ധിയുടെ വിപരീത പ്രതീകമായി മാറുകയാണ് ചെയ്യുന്നത്.  സുവിശേഷത്തെ വിശ്വസനീയമായ വിധം പ്രഘോഷിക്കാൻ വിശുദ്ധി ഒരു അവശ്യ ഘടകം തന്നെയാണ് എന്നതാണ് ഫ്രാൻസിസ് പാപ്പായുടെ മതം. അപ്പോൾ ബലഹീനർക്കെതിരെ സഭാംഗങ്ങൾ നടത്തുന്ന അതിക്രമങ്ങൾ സഭയുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.

ഫ്രാൻസിസ് പാപ്പായുടെ സമീപനത്തിൽ പ്രത്യേകിച്ച് ഇവിടെ നമുക്ക് ഇതുവരെയുള്ള സഭയുടെ സമീപനത്തിൽ നിന്ന് അടിസ്ഥാനപരമായ ഒരു മാറ്റമാണ് കാണാൻ കഴിയുക എന്നത് അടിവരയിടേണ്ട കാര്യം തന്നെയാണ്. സഭ നേതൃത്തിന്റെ കൂടെയല്ല പീഡനത്തിരയായവരുടെ ഭാഗത്തു നിന്ന് കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ വസ്തുതകൾ നോക്കി കാണുന്നത് എന്നതാണ്  എടുത്തു പറയേണ്ട കാര്യം. പാവപ്പെട്ടവരുടെയും സമൂഹത്തിന്റെ പുറംപോക്കുകളിലേക്കു വലിച്ചെറിയപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ചാരെ നിന്ന് അവർക്കു വേണ്ടി സംസാരിക്കുന്ന ഒരു നല്ലിടയനെയാണ് നാമിവിടെയും ദർശിക്കുക. 

സഭ നേരിട്ട വിമർശനങ്ങളിൽ നിന്നുള്ള ആഹ്വാനം

കുട്ടികൾ  എന്റെ അടുത്ത് വരട്ടെ അവരെ തടയേണ്ട എന്ന് പറഞ്ഞ യേശുവിന്റെ ശിഷ്യഗണത്തിൽ നിന്ന് ഉത്തരവാദിത്വ പൂർണ്ണമായ ഒരു പരിരക്ഷണം ലഭ്യമാക്കാതെ  അവരെ ചൂഷണം ചെയ്ത ഇടയഗണം ക്രിസ്തുവിന്റെ സഭയെ എത്ര മാത്രം അവഹേളിച്ചുവെന്നു സമീപകാലത്തു സഭ നേരിട്ട വിമർശനങ്ങളിൽ നിന്ന്  നമുക്ക് മനസിലാക്കാവുന്നതാണ്. ഇടയൻ സ്വന്തം ആടുകളെ തന്നെ പ്രഹരിക്കുന്ന പ്രവണത ആടുകളുടെ മണമുള്ള ഇടയാനാകാൻ വിളിക്കപ്പെട്ട  ഇടയന്റെ വിളിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. സേവനം ചെയ്തു ചെയ്തു മലിനപ്പെട്ട വസ്ത്രമണിഞ്ഞു ദേവാലയത്തിലെത്തിയാലും കുഴപ്പമില്ലെന്ന് ആഹ്വാനം ചെയ്ത പാപ്പായ്ക്ക്,മോചനത്തിന്റെ താക്കോൽ കൈയ്യാളുന്ന ഇടയ പ്രമുഖർ തന്നെ ചൂഷണത്തിന്റെ ദല്ലാളുകൾ ആകുന്നതു കാണുമ്പോൾ ഇടയ ശേഷ്ഠനായ ഫ്രാൻസിസ് പാപ്പായുടെ ഹൃദയം എത്ര മാത്രം വേദനിക്കുന്നുവെന്നു ഈ പ്രബോധനത്തിന്റെ വരികളിൽ നിന്ന് നമുക്ക് മനസിലാകും. സഭ വേദനിക്കുന്നു. സഭാതലവനും. ഈ തിന്മകൾക്കെതിരായ ബോധവൽക്കരണവും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുന്നുമുണ്ടെങ്കിലും ഈ തിന്മ നിലനിൽക്കുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.

പീഡനത്തിനിരയായവർക്കൊപ്പാം പാപ്പാ

നോമ്പുകാലത്തിന്റെ ആദ്യവെള്ളിയാഴ്ച ലൈംഗീക പീഡനത്തിനിരയായവർക്കും അതിനെ അതിജീവിച്ചവർക്കുമായുള്ള വാർഷിക പ്രാർത്ഥനാദിനമായി അനുസ്മരിക്കപ്പെടുന്നത് സഭ ഈ തിന്മയ്ക്കെതിരെ നടത്തിയ നീക്കങ്ങളിൽ ഒന്ന് മാത്രമാണ്. പരിശുദ്ധ പിതാവിന്റെ ക്ഷണം സ്വീകരിച്ച്, ദൈവജനം മുഴുവൻ പ്രാർത്ഥിക്കാനും, മനസ്സാക്ഷിയുടെ ഉണർവ്വിനായി ഉപവസിക്കാനും ഈ ദിവസം ചെലവഴിക്കാൻ സഭ ആവശ്യപ്പെടുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നടത്തിയിട്ടുള്ള ലൈംഗീകവും മറ്റുതരത്തിലുള്ളതുമായ ചൂഷണങ്ങൾക്കായുള്ള പ്രായശ്ചിത്തമായി 2017ൽ അയര്‍ലന്‍റിലെ മെത്രാന്‍ സമിതി കത്തീഡ്രലുകളിലും രാജ്യത്തെ എല്ലാ ഇടവകകളിലും മെഴുകുതിരികൾ കത്തിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. 2018ലെ ഡബ്ലിനില്‍ വച്ച് കുടുംബങ്ങളുടെ ആഗോള സമ്മേളനത്തില്‍, ഫ്രാൻസിസ് പാപ്പാ ക്ഷമ ചോദിക്കുകയും ഈ കുറ്റകൃത്യങ്ങളെ പ്രതി ദൈവത്തിന്റെ കരുണ അപേക്ഷിക്കുകയും ചെയ്തു.

സഹിക്കുന്നവരോടൊപ്പം സഭ

ഇവിടെ ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. ചൂഷണങ്ങളുടെ കഥകൾ വ്യാപകമായി പുറത്തു വന്ന ശേഷം 2008 മുതൽ നടത്തിയിട്ടുള്ള തന്റെ അപ്പോസ്തോലീക യാത്രകളിൽ ബനഡിക്ട് പാപ്പാ ലൈംഗീക പീഡനത്തിന്റെ ഇരകളുമായി കൂടിക്കാഴ്ചകൾ പതിവാക്കി. ബനഡിക്ട് പാപ്പാ മാത്രമല്ല ഫ്രാൻസിസ് പാപ്പയും ചൂഷണം ചെയ്യപ്പെട്ടവരുമായി നേരിട്ട് സംസാരിച്ചിട്ടുള്ളതാണ്. അതു മാത്രമല്ല ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വിളിച്ചു കൂട്ടിയ 2019 ഫെബ്രുവരി ഇരുപത്തൊന്നു മുതൽ ഇരുപത്തി നാലു വരെ  നടന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള  സഭാ മേലദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിൽ ലൈംഗീക പീഡനങ്ങൾക്കു ഇരയായവരുടെ പങ്കാളിത്തവും അനുഭവസാക്ഷ്യങ്ങളും ലോക ശ്രദ്ധയെ ആകർഷിച്ചിരുന്നു. ലൈംഗീക പീഡനത്തിനിരകളായവരുടെ സാക്ഷ്യം ഹൃദയ ഭേദകമായിരുന്നുവെന്നും, അവരുടെ വേദനകളെ കേൾക്കുവാനും, മനസ്സിലാക്കുവാനും, പീഡനത്തിന്റെ ഭീകരതയില്‍ നിന്നും സൗഖ്യം നേടുന്ന പ്രക്രിയകളിൽ അവരോടൊപ്പമിരിക്കാനും പാപ്പാ നിർദ്ദേശിച്ചതായി മെക്സിക്കൻ മെത്രാൻ സമിതി മേലദ്ധ്യക്ഷന്‍ അഭിവന്ദ്യ റോഗേലിയോ കബ്റേരാ ലോപ്പസ് വ്യക്തമാക്കുകയും ചെയ്തു.  ഇതെല്ലാം ഉള്ളിൽ വച്ചു കൊണ്ടാവും പരിശുദ്ധ പിതാവ് ഇങ്ങനെ എഴുതിയത് “ചൂഷണത്തിന് ഇരയായവരുടെ സഹനങ്ങൾക്കു ഒരു ജന്മം മുഴുവൻ നീളുന്ന ദുരിതങ്ങളുണ്ട്. ഈ ദുരിതങ്ങൾക്ക് ഒരു പശ്ചാത്താപവും പരിഹാരമാകുന്നില്ല” എന്ന്.

ഈ ഖണ്ഡികയിലൂടെ കടന്നുപോകുമ്പോൾ പാപ്പാ സഭയുടെ ചെയ്തികളെ ന്യായീകരിക്കുകയല്ല. എന്തു ചെയ്താലും തീരാത്ത ഒരു കടം പേറുന്ന വേദന തിരിച്ചറിയുകയാണ് എന്ന് നമുക്ക് വേദനയോടെ മനസ്സിലാക്കാം. മുറിയപ്പെട്ടവരുടെ നേർക്ക്, ചൂഷണത്തിനിരയായവരുടെ നേർക്ക്, അവരുടെ കുടുംബങ്ങളുടെ നേർക്ക്. ഒരിക്കൽ പാപ്പാ എഴുതിയിരുന്നു, എപ്പോഴും സ്വയം പ്രതിരോധം തീർക്കുന്ന സഭയ്ക്ക് അവളുടെ എളിമ നഷ്ടപ്പെടുന്നു, മറ്റുള്ളവരെ ശ്രവിക്കുന്നത് നിറുത്തുന്നു, ചോദ്യങ്ങൾക്ക് ഇടം കൊടുക്കുന്നില്ല, യൗവ്വനം നഷ്ടപ്പെട്ട് വെറും മ്യൂസിയമായി മാറുന്നു എന്ന്.

ഒരു പുരാവസ്തുവായി മ്യൂസിയത്തിലാക്കേണ്ട ഒന്നല്ല ജീവിക്കുന്ന ക്രിസ്തുവിന്റെ സഭ. അത് ക്രിസ്തുവിനെപ്പോലെ യുവത്വത്തിന്റെ തേജസ്സോടെ തിളങ്ങി നിൽക്കേണ്ടതാണ്. എളിമയോടെ ശ്രവിക്കാനും, ചോദ്യം ചെയ്യപ്പെടാനും തെറ്റുകൾ തിരുത്താനും സന്നദ്ധമായ ഒരു സഭാ സംവിധാനം തീർച്ചയായും യുവജനങ്ങൾക്ക് ആവേശം പകരും. സഭയ്ക്ക് യൗവനം കൈവരും. ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ സഭാ നേതൃത്വം യുവജനങ്ങളെ ശ്രവിക്കുക മാത്രമായിരുന്നില്ല ചെയ്തത്.  അവരുടെ വാക്കുകളെ ഉദ്ധരിച്ച് തന്റെ പ്രബോധനത്തിന്റെ ഭാഗമാക്കുമ്പോൾ  പാപ്പാ യുവജനങ്ങളെ സഭാ പ്രബോധനത്തിന്റെ ഭാഗമാക്കുകയല്ലേ ചെയ്യുന്നത് ?

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2021, 12:07