ആഫ്രിക്കൻ കുടിയേറ്റക്കാരോടും അഭയാർഥികളോടുമൊപ്പം ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ കുടിയേറ്റക്കാരോടും അഭയാർഥികളോടുമൊപ്പം ഫ്രാൻസിസ് പാപ്പാ 

"ക്രിസ്തു ജീവിക്കുന്നു”: യുവ കുടിയേറ്റക്കാരുടെ വെല്ലുവിളികൾ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 93ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു. 

93. യുവ കുടിയേറ്റക്കാർ

യുവ കുടിയേറ്റക്കാർ തങ്ങളുടെ ഉത്ഭവ സ്ഥലങ്ങളിൽ നിന്നുള്ള വേർപെടലും അതോടൊപ്പം പലപ്പോഴും സാംസ്കാരികവും മതപരവുമായ പിഴുതുമാറ്റപെടലും അനുഭവിക്കുന്നു. അവർ വിട്ടിട്ടു പോകുന്ന സമൂഹങ്ങളിൽ ശിഥിലീകരണം പോലും അനുഭവപ്പെടുന്നുണ്ട്. കാരണം അവയുടെ ഏറ്റവും ഊർജ്ജസ്വലവും സാഹസികവുമായ ഘടകങ്ങൾ നഷ്ടപ്പെട്ടു പോകുന്നു. കുടുംബങ്ങളിലും ഇത് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ കുട്ടികളെ സ്വന്തം രാജ്യത്തിൽ വിട്ടിട്ടു പോകുന്നതുകൊണ്ട്. വിഭജിതമായ ഈ കുടുംബത്തിലെ യുവ അംഗങ്ങളെ സംബന്ധിച്ചിടത്തോളം സഭയ്ക്ക് ആശ്രയിക്കാൻ ഒരു ഇടം എന്ന നിലയ്ക്ക് വളരെ പ്രധാനപ്പെട്ട കടമയുണ്ട്. എന്നാൽ കുടിയേറ്റക്കാരുടെ കഥകൾ, വ്യക്തികൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലുള്ള ഒരു സമ്മേളനത്തിന്റെ കഥകൾ കൂടിയാണ്. അവർ വന്നെത്തുന്ന സംഭവങ്ങളെയും, സംഘങ്ങളെയും സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാർ സമ്പന്നമാക്കുകയും എല്ലാവരുടെയും പൂർണ്ണമായ മാനുഷിക വികാസത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്നു. സഭയെയും സഹകരിപ്പിച്ച് കൊണ്ട് അവരെ സ്വീകരിക്കുന്നതിനുള്ള ഉദ്യമങ്ങൾ ഈ കാഴ്ചപ്പാടിൽ വളരെ പ്രധാനപ്പെട്ടതാണ്. അവരെ ഏറ്റെടുക്കാൻ സന്നദ്ധതയുള്ള സംഭവങ്ങൾക്ക് പുത്തൻ ജീവൻ കൊണ്ടുവരുന്നതിന് സാധിക്കും. " (കടപ്പാട്. Carmel International Publishing House).

നല്ല ഒരു ജീവിത സാഹചര്യം സ്വപ്നം കണ്ട് ദുരിതങ്ങൾ നിറഞ്ഞ സ്വന്തം നാടിനെ ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്ന യുവജനങ്ങൾ അവരുടെ കുടിയേറ്റ പലായനത്തിൽ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ച് എഴുതിയവ നാം കഴിഞ്ഞ ഖണ്ഡികയിൽ ചിന്തിച്ചിരുന്നു. അവയെല്ലാം ബാഹ്യമായി ഒരു കുടിയേറ്റക്കാരനെ തകർക്കുന്ന അവസ്ഥകളായിരുന്നു. എന്നാൽ ഇന്ന് നാം ചിന്തിക്കുന്ന ഖണ്ഡിക ഒരു കുടിയേറ്റക്കാരനിൽ സംഭവിക്കുന്ന ആന്തരീക അപജയങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ജന്മനാട്ടിൽ നിന്നുള്ള വേർപാട് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ഒരു വേദന തന്നെയാണ്. സ്വന്തം നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ പങ്കു വയ്ക്കുന്നത് എത്രയെത്ര നാം കേട്ടിരിക്കുന്നു. "നാളികേരത്തിന്റെ നാട്ടി"ലുള്ള "നാഴിയിടങ്ങഴി മണ്ണി"നെക്കുറിച്ചും മറ്റുമുള്ള ഓർമ്മകൾ മനസ്സിൽ നിധിയായി സൂക്ഷിക്കുന്ന മലയാളികളും അതുപോലുള്ള സ്വപ്നങ്ങൾ അയവിറക്കുന്ന ഓരോ പ്രവാസിയും സഹൃദയ നേല്പിക്കുന്ന നൊമ്പരം ചെറുതല്ല. പലപ്പോഴും ഈ വേർപാട് സ്വന്തം മണ്ണിൽ നിന്നും, നാട്ടിൽ നിന്നും,  മത, സംസ്കാര നിലങ്ങളിൽ നിന്നു പോലുമുള്ള ഒരു പറിച്ചു നീക്കലാണ്. ആ പറിച്ചു നീക്കൽ ഒരു തരത്തിൽ പരസ്പരമുള്ള ഒരു നഷ്ടപ്പെടലാണെന്ന് ഫ്രാൻസിസ് പാപ്പാ നമ്മോടു ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ. കുടിയേറാൻ നിർബന്ധിതരാകുന്നവർ വിട്ടിട്ടു പോകുന്ന സമൂഹത്തിന് നഷ്ടമാകുന്നത് യുവത്വം നിറഞ്ഞ ഒരു തലമുറയെയാണ്. അതോടൊപ്പം കുടിയേറേണ്ടി വരുന്നവർക്ക് കുടുംബത്തോടൊപ്പം അവരുടെ എല്ലാ പരിചിത സാഹചര്യങ്ങളും അന്യമാകുന്നു. കുട്ടികളെ പോലും നാട്ടിൽ ഉപേക്ഷിച്ച് അവരുടെ നല്ല ഭാവി ഉറപ്പാക്കാൻ പുറപ്പെടേണ്ടി വരുന്ന മാതാപിതാക്കൾക്കും മക്കളുടെ അസാന്നിധ്യം ഉളവാക്കുന്ന മാനസീകവ്യഥകൾ ചെറുതല്ല. മാതാപിതാക്കളുടെ അസാന്നിധ്യം കുട്ടികളിലുണ്ടാക്കുന്ന മാനസീക സംഘർഷങ്ങളും അവരുടെ വളർച്ചയുടെ കാലഘട്ടത്തിൽ അനാഥമാക്കപ്പെടുന്ന കുട്ടികളും വിദൂരവിനാശ ഫലമുളവാക്കാൻ പോന്നവയാണ്. ഇത്തരം ഒരു ആന്തരീക സംഘർഷം ഉണ്ടാക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിയാൻ ഫ്രാൻസിസ് പാപ്പയ്ക്കു കഴിയും. കാരണം ഒരു കുടിയേറ്റ കുടുംബത്തിൽ വളർന്നു വന്ന പശ്ചാത്തലം പരിശുദ്ധ പിതാവിനുണ്ടല്ലോ.

ഈ അവസ്ഥയിൽ ഫ്രാൻസിസ് പാപ്പാ സഭയുടെ കർത്തവ്യത്തെ നമ്മെ ഓർമ്മിപ്പിക്കാൻ മറക്കുന്നില്ല. വേർപാടിന്റെയും  വേർപിരിയലിന്റെയും ഇല്ലായ്മകളുടേയും അസാന്നിധ്യങ്ങളുടേയും നടുവിൽ വലയുന്ന പരദേശികൾക്കും അവരുടെ ബന്ധുമിത്രാദികൾക്കും തന്റെ സാന്നിധ്യവും സ്വാഗതവുമേകി സമാശ്വാസം പകരേണ്ട കടമ സഭയ്ക്കുണ്ടെന്നു പാപ്പാ കരുതുന്നു. കുടിയേറി എത്തുന്ന നാട്ടിലും കുടിയേറ്റക്കാർക്ക് അവരുടെ അനാഥത്വത്തിന് തുണയാകാൻ സഭയ്ക്ക് കഴിയണം. അതാണ് സഭയുടെ സാർവത്രീകതയും കാതോലികതയും അർത്ഥമാക്കുന്നത്. ഒരേ ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ മാനവകുലത്തിലെ ഓരോ വ്യക്തിയും ഒരു സാർവ്വലൗകീക സാഹോദര്യത്തിന്റെ DNA പേറുന്നവരാണ് എന്ന സത്യം വിശ്വാസത്തിന്റെ തന്നെ അടിത്തറയാണ്. തൊലി പുറത്തെ നിറവ്യത്യാസങ്ങൾക്കും മത മൗലീക വാദങ്ങൾക്കും അപ്പുറം മാനവീകതയുടെ മധുരം വിളമ്പുന്ന ഒരു സമത്വസുന്ദരലോക സ്വപ്നം പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളിലും പ്രവർത്തികളിലും കൂടുതൽ പ്രദീപ്തമാകുന്നത് പകൽ പോലെ തന്നെ സത്യമാണ്. മലർക്കെ തുറന്നിട്ട  ദേവാലയകവാടങ്ങളും ആടിന്റെ മണമറിയുന്ന ഇടയരും ആദിമ ക്രൈസ്തവ സമൂഹം പോലെ പങ്കുവയ്ക്കലിൽ സുവിശേഷവും സ്വയംമുറിഞ്ഞു ജീവൻ പകരുന്ന ബലിയർപ്പണവുമുള്ള ഒരു സഭയിലേക്കുള്ള ആത്മശോധനയ്ക്കും തിരിച്ചു പോക്കിനുമുള്ള പാപ്പായുടെ ആഹ്വാനം ഇവിടെ നമുക്ക് മണക്കുന്നത് യാദൃച്ഛീകമല്ല. സ്വന്തം നാട്ടിൽ യുദ്ധവും, കാലാവസ്ഥാ വ്യതിയാനങ്ങളും, രാഷ്ട്രീയ വൈര്യങ്ങളും സംഘർഷങ്ങളും മൂലം ജീവനും ജീവിക്കാനുള്ള അവകാശവും സുസ്ഥിരമായ ഭാവിയും ഭീഷണിയാകുമ്പോൾ കുടിയേറ്റത്തിന്റെ ദുരിത മാർഗ്ഗം തേടുന്നവർ ഏറ്റം ദുർബലർതന്നെ. സഭ ഇവരുടെ പക്ഷം ചേരേണ്ടതും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തേണ്ടതും സുവിശേഷവൽക്കരണം തന്നെയെന്നുമാത്രല്ല അത് ക്രൈസ്തവരിൽ നിക്ഷിപ്തമായ കടമ കൂടിയാണ് എന്നത്  ദൈവവചനം തന്നെയാണ് എന്ന് ലൂക്കാ 4 : 18 - 19 വെളിവാക്കുന്നു. മുറിക്കപ്പെട്ടവർക്കും വിഭജിക്കപ്പെട്ട കുടുംബങ്ങൾക്കും യേശുവിന്റെ സഭ ഒരു റഫറൻസ് പോയിന്റ് ആയിരിക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

കുടിയേറ്റത്തെ കുറിച്ച് പറയുമ്പോൾ പാപ്പാ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം വ്യക്തികളും സംസ്കാരങ്ങളും തമ്മിലുള്ള ഒരു സമാഗമമാണ്. പരസ്പരം സമ്പന്നമാകാനും പരസ്പര പൂരകങ്ങളാകാനും ഉള്ള ഒരു അവസരമാണ് ഈ സമാഗമം സാധ്യമാക്കുന്നത്. ഇത് സമഗ്രമായ മനുഷ്യവികാസത്തിന് സഹായകമായി തീരാൻ ഉപകരിക്കുന്ന ഒന്നാണ്. കടന്നു ചെല്ലുന്ന നാട്ടിലെ സംസ്കാരവും രീതികളും കടന്നു വരുന്നവരുടെ സംസ്കാരങ്ങളും രീതികളും പരസ്പരം അറിയാനും മനസ്സിലാക്കാനും അവയിലെ നന്മകൾ ഇടകലരാനും തുടങ്ങുമ്പോൾ രണ്ടു കൂട്ടരും സമ്പുഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങും. ഈ സമ്പന്നതയെ തെളിച്ചെടുക്കാനും സമൂഹങ്ങളിൽ സംഘർഷങ്ങളില്ലാതെ പുതു ജീവൻ സാധ്യമാക്കാനും സഭയ്ക്കുള്ള പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുകയാണിവിടെ.

സഭയെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തോടനുബന്ധിച്ചു വരുന്ന സമന്വയനം ഒരു വലിയ പ്രതിസന്ധിയാകേണ്ട കാര്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം സംസ്കാരങ്ങളിൽ സഭ കടന്നു ചെല്ലുകയും വളർന്നു വരുകയും  ചെയ്ത് സമ്പാദിച്ച അനുഭവ പാഠങ്ങൾ നല്ലരീതിയിൽ വിനിയോഗിച്ചാൽ ഏവർക്കും താങ്ങാകേണ്ട ഒരു അമ്മയായി സകലരേയും സ്വാഗതം ചെയ്യുന്ന സഭ അതിന്റെ  കാതോലീകാ വിളി ജീവിക്കുക തന്നെയാവും ചെയ്യുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2021, 12:18