തിരയുക

സഭയിലെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം സംബന്ധിച്ച യോഗത്തിൽ പാപ്പാ.... സഭയിലെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം സംബന്ധിച്ച യോഗത്തിൽ പാപ്പാ.... 

"ക്രിസ്തു ജീവിക്കുന്നു”: ദുരുപയോഗത്തിന് എതിരായ പോരാട്ടത്തിൽ സഭ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 96ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

96. എന്നാൽ സംസ്കാരങ്ങളിലും സമൂഹങ്ങളിലുള്ളതും ചരിത്രപരമായി ഉണ്ടായിട്ടുള്ളതുമാണ് പ്രായപൂർത്തിയാകാത്തവരുടെ ദുരുപയോഗമെന്ന ഈ തീരാശാപം. പ്രത്യേകിച്ച് കുടുംബത്തിലും വിവിധ സ്ഥാപനങ്ങളിലും പൊതുജനാഭിപ്രായപ്രകടനങ്ങളിൽ വന്ന മാറ്റങ്ങൾ ഈ തീരാ ശാപത്തിന്റെ വ്യാപ്തി അറിയുന്നതിനു സഹായിച്ചു എന്നത് ചാരിതാർഥ്യ ജനകമാണ്. അങ്ങനെയെങ്കിൽ ഈ പ്രശ്നം സാർവ്വത്രികമായിട്ടുണ്ടെങ്കിലും സമൂഹത്തെ സാരമായി ബാധിക്കുന്നതാണെങ്കിലും അത് സഭയ്ക്കുള്ളിൽ സംഭവിക്കുമ്പോൾ അതിന്റെ ഭീകരത ഒരുവിധത്തിലും കുറയുന്നില്ല. (കടപ്പാട്. Carmel International Publishing House).

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പ്രായപൂർത്തിയാകാത്തവരുടെ നേരെ നടക്കുന്ന ദുരുപയോഗത്തെ കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നു. നൂറ്റാണ്ടുകളായി സമൂഹത്തിലും സംസ്കാരങ്ങളിലും നിലനിൽക്കുന്ന ഈ തിന്മ ഒരു തീരാശാപമാണെന്ന് അപലപിക്കുന്ന പാപ്പാ ഈ തിന്മ സഭയ്ക്കുള്ളിലും സംഭവിക്കുമ്പോൾ അതിന്റെ ഭീകരത സഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന ആശങ്കയും പ്രകടിപ്പിക്കുന്നു.

ഇന്ന് ലോകത്തിൽ ദശലക്ഷകണക്കിനു കുട്ടികളും പ്രായപൂർത്തിയാകാത്തവരും ദുരുപയോഗത്തിന് വിധേയരാകുന്നു. സ്വന്തം ഭവനങ്ങളിലും, ബന്ധുമിത്രാതികൾ, അയൽക്കാർ എന്ന് തുടങ്ങി ഈ ലോകത്തിൽ സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലും സംരക്ഷിക്കപ്പെടേണ്ട വ്യക്തികളാലും ഇവർ പീഡിപ്പിക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്താവരുടെ നേരെ നടക്കുന്ന ദുരുപയോഗത്തിന്റെയും ഇരകളുടെയും കണക്കെടുക്കുമ്പോൾ മനുഷ്യരുടെ ഭീകരമുഖവും ഇരകളുടെ ദയനീയാവസ്ഥയും വ്യക്തമായി നമുക്ക് കാണാൻ കഴിയും.

കുട്ടികളെ ലൈംഗീകമായി ദുരൂപയോഗം ചെയ്യുന്നതിന്റെ യഥാർത്ഥ വ്യാപ്തി എന്തെന്ന് വ്യക്തമല്ല. കാരണം സമൂഹം വച്ച് പുലർത്തുന്ന ചില നിയമങ്ങൾ, ആചാരങ്ങൾ, അകറ്റി നിറുത്തൽ എന്നിവയെ ഭയന്ന് നിരവധി ഇരകൾ അവർക്ക് സംഭവിച്ച വിപത്തിനെ കുറിച്ച് സംസാരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നില്ല. 1% മുതൽ 35% വരെ റിപ്പോർട്ടു ചെയ്യപ്പെടുന്നതിൽ വ്യത്യാസങ്ങളുണ്ടാവാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ദുരുപയോഗത്തിന് എതിരായ പോരാട്ടത്തിൽ സഭ

ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാനിൽ  പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം സഭയിൽ എന്ന പ്രമേയത്തെ ആസ്പദമാക്കി ആഗോള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാൻസമിതികളുടെയും അധ്യക്ഷന്മാരുമായി ഒരു സമ്മേളനം പാപ്പായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. സഭയിലെ അജപാലക മേലധ്യക്ഷന്മാർ ഒരുമിച്ചുകൂടിയ ഈ സമ്മേളനത്തിന് സിനഡിന്റെ സ്വഭാവസവിശേഷതകൾ ഉണ്ടായിരുന്നു. സുവിശേഷത്തിന്റെ വീക്ഷണത്തിൽ നിന്നു കൊണ്ട്  ദുരുപയോഗ പ്രശ്നം പരിഹരിക്കുന്ന ആദ്യത്തെ സംഭവമായിരുന്നത്. ഇന്നത്തെ ചരിത്രപശ്ചാത്തലത്തിൽ വൈദികരും സന്യസ്തരും നടത്തുന്ന ദുരുപയോഗത്തിന് എതിരായ പോരാട്ടത്തിന് ഫ്രാൻസിസ് പാപ്പാ മുൻഗണന നൽകി. കൂടാതെ ദുരുപയോഗത്തിന് വിധേയരായ ഇരകളെ ശ്രവിക്കുക, ബോധവൽക്കരണം നൽകുക, ദുരുപയോഗത്തെ കുറിച്ചുള്ള അറിവു നൽകുക, ഇത് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങളും  ശിക്ഷാനടപടിക്രമങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം വത്തിക്കാനിൽ പാപ്പാ വിളിച്ചുകൂട്ടിയത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  കർദ്ദിനാളാവുകയും പിന്നീട് പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബനഡിക്ട് പതിനാറാമൻ പാപ്പയുടെ പരിശ്രമത്താൽ പരിശുദ്ധ സിംഹാസനം ദുരുപയോഗ കേസുകളിൽ ഇടപെടുന്നതിനായി കാനോനിക്കൽ മാനദണ്ഡങ്ങളുടെ നവീകരണത്തിന് തുടക്കമിട്ടു. അതിന്റെ ഫലമായി  ദുരുപയോഗം ചെയ്യുന്നവർക്കുള്ള  ശിക്ഷകളെയും നടപടിക്രമങ്ങളെയും ഈ നവീകരണത്തിൽ ഉൾപ്പെടുത്തി.

പ്രായപൂർത്തിയാകാത്തവരെ വൈദികർ  ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റങ്ങൾ ഏറ്റവും ഗുരുതരമായ കുറ്റങ്ങൾ എന്ന് വിളിക്കപ്പെടുമെന്ന് 2001ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ  "Sacramentorum Sanctitatis tutela" എന്ന മോത്തു പ്രോപ്രിയോയിൽ പ്രഖ്യാപനം ചെയ്തു. വിശ്വാസത്തിന്റെ തിരുസംഘമാണ്  ഈ കുറ്റകൃത്യങ്ങളുടെ വിധി നടപ്പാക്കുന്നതെന്നും  അതിൽ രേഖപ്പെടുത്തി.

2010 ബെനഡിക് പതിനാറാമൻ പാപ്പായുടെ ഭരണകാലത്തിൽ അതേ വിശ്വാസ തിരുസംഘം ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ഒരുപുതിയ പൊന്തിഫിക്കൽ കമ്മീഷൻ 2019 ഡിസംബറിൽ സ്ഥാപിക്കപ്പെട്ടു. ഫ്രാൻസിസ് പാപ്പയുടെ അനുവാദത്തോടെ ദുരുപയോഗങ്ങൾ തടയുന്നതിനും നേരിടുന്നതിനുള്ള ആദ്യഘട്ടമായിരുന്നത്. ഈ കമ്മീഷനിൽ നിർദ്ദേശങ്ങൾക്കായി ഒരു മാതൃക സ്ഥാപിക്കുക, പുതിയ മെത്രാന്മാർക്ക് കോഴ്സുകൾ സംഘടിപ്പിക്കുക, ദുരുപയോഗത്തിന് ഇരയായവർക്ക് വേണ്ടി ഒരു പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുക എന്നിവ കമ്മീഷന്റെ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി. ദുരുപയോഗ രംഗത്ത് കാനോനിക്കൽ നവീകരണങ്ങളും, നിയന്ത്രണങ്ങളും, നടപടിക്രമങ്ങളും ഫ്രാൻസിസ് പാപ്പാ അവതരിപ്പിച്ചു. അതിന്റെ ആദ്യഘട്ടമായിരുന്നു 2016 ജൂണിൽ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച “സ്നേഹമുള്ള അമ്മ എന്ന നിലയിൽ” എന്ന മോത്തു പ്രോപ്രിയോ. അതിൽ സഭാധികാരികളുടെ ഉത്തരവാദിത്വം കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

നടപടിക്രമങ്ങൾ അനുസരിച്ച് പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റകൃത്യത്തോടു അശ്രദ്ധ  കാണിക്കുന്ന മെത്രാന്മാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അതിൽ ആവശ്യപ്പെട്ടു. കൂടാതെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ വിധി ന്യായങ്ങൾക്കായുള്ള അപ്പീലുകൾ പരിശോധിക്കുന്നതിനായി 2014 നവംബറിൽ പാപ്പാ സഭയ്ക്കുള്ളിൽ തന്നെ ഒരു സംവിധാനം (കോളേജ്) രൂപീകരിച്ചു. പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്ന കേസുകൾ കൂടുതൽ വേഗത്തിൽ പരിശോധിക്കുന്നത് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തോടുള്ള സഭയുടെ പ്രതിബദ്ധത സഭയ്ക്കുള്ളിൽ മാത്രമായിരുന്നില്ല. മുഴുവൻ ലോകത്തെയും സ്വീകരിക്കുന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുന്നതിനായി ഫ്രാൻസിസ് പാപ്പാ അന്താരാഷ്ട്ര കോൺഗ്രസിനെ പിന്തുണയ്ക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2017 ഒക്ടോബറിൽ സാങ്കേതിക ലോകത്തിലെ ശിശുവിന്റെ അന്തസ്സ് എന്ന പ്രമേയത്തിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ ഒരു സമ്മേളനവും സംഘടിപ്പിച്ചു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോന്തിഫിക്കൽ കമ്മീഷന്റെ പതിന്നാലാം പ്ലീനറി സമ്മേളനം

സെപ്റ്റംബർ പതിനാറ് മുതൽ പതിനെട്ട് വരെയുള്ള തിയതികളിൽ നടന്ന സമ്മേളനം കോവിഡ് മഹാമാരിയുടെ കാരണത്താൽ ഓൺലൈനിലേക്ക് മാറ്റേണ്ടി വന്നു. വിദ്യാഭ്യാസ പരിപാടികൾ, വികസിച്ചു കൊണ്ടിരിക്കുന്ന ഈ വിർച്ച്വൽ, സാങ്കേതിക യാഥാർത്ഥ്യങ്ങൾ ഉയർത്തുന്ന അവസരങ്ങൾ, വെല്ലുവിളികൾ, ലോക്ക് ടൗൺ, ക്വറൈൻറ്റീൻ മുതലായ പ്രത്യേകിച്ച്  പ്രായപൂർത്തിയാകാത്തവരുടെയും,  ദുരുപയോഗം ചെയ്യപ്പെടുന്നവരുടെയും മേൽ ഉളവാക്കുന്ന  സ്വാധീനം എന്നിവ  പ്രധാന വിഷയങ്ങളായിരുന്നു

ദുരുപയോഗത്തിൽ നിന്ന് അതിജീവിച്ചവരുടെ കൂട്ടായ്മ ദുരുപയോഗത്തിന് വിധേയരായവർ, അവരുടെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുമായി വിർച്ച്വൽ സമ്മേളനങ്ങൾ വഴി കൂടിക്കാഴ്ച്ച നടത്തിയെന്നും,   വിവിധ സാംസ്കാരിക പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് ഈ അറിവുകൾ എത്തിക്കുന്നതിനായി വെബ്ബ് സമ്മേളനങ്ങളിലൂടെയും, പല സെമിനാറുകളിലൂടെയും ഇപ്പോൾ പ്രവർത്തിക്കുന്നതായും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോന്തിഫിക്കൽ  കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ പ്ലീനറി സമ്മേളനത്തിന് ശേഷം, കമ്മീഷന്റെ ആഭിമുഖ്യത്തിൽ " കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് വിധേയരായവരുടെയും, ദുർബ്ബലരായ മുതിർന്ന വ്യക്തികളുടെയും അന്തസ്സ് പരിരക്ഷിക്കുകയും ചെയ്യുക : വിശ്വസ്ഥത, സുതാര്യത, ഉത്തരവാദിത്തം എന്നിവ തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുക " എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറും നടത്തപ്പെട്ടു.

ജൂലൈ പതിനാറിന് വിശ്വാസ തിരുസംഘം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ വാദേ മെ കും വഴി,  നീതിപൂർവ്വകമായ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ എങ്ങനെ സംഭാവന നൽകണമെന്നും ദുരുപയോഗത്തിന് ഇരയായവരുടെ സാക്ഷ്യം എങ്ങനെ ശ്രവിക്കാമെന്നും പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോന്തിഫിക്കൽ കമ്മീഷൻ വ്യക്തമാകുന്നു.

അങ്ങനെ സമൂഹത്തിൽ നിലനിൽക്കുന്ന തിന്മ സഭയിലും പ്രവേശിച്ചതിന്റെ പാടുകൾ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രവാചകനായ പാപ്പാ മറച്ച് പിടിക്കുന്നില്ല. മറിച്ച് ഈ തിന്മയെ സഭയിൽ നിന്നും സമൂഹത്തിൽ നിന്നുതന്നെയും അകറ്റാൻ വേണ്ട നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും, കുറ്റക്കാർക്ക് ഏതു ഉന്നത നിലയിൽ പെട്ടവരായിരുന്നാലും ശിക്ഷ ഉറപ്പാക്കാനും ഇരകളായവരെ സഭ ആശ്ലേഷിക്കുകയും അവരുടെ മുറിവുകൾക്കൊപ്പം നിൽക്കുന്നുവെന്ന ഉറപ്പ് നൽകുകയും ചെയ്യുകയുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2021, 16:11