തിരയുക

റൊവാക്കോ (ROACO) അംഗങ്ങൾ പാപ്പയ്‌ക്കൊപ്പം റൊവാക്കോ (ROACO) അംഗങ്ങൾ പാപ്പയ്‌ക്കൊപ്പം 

റൊവാക്കോ സമിതിയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു ഫ്രാൻസിസ് പാപ്പാ

പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിന് കീഴിൽ പ്രവർത്തിച്ച്, പൗരസ്ത്യനാടുകളിൽ സഹായങ്ങൾ നൽകുന്ന റൊവാക്കോ (ROACO) എന്ന സമിതിയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലെബനോനിലും എരിത്രയയിലും റൊവാക്കോ നടത്തുന്ന സേവനങ്ങളെ എടുത്തു പറഞ്ഞ പാപ്പാ, ഈ സേവനങ്ങൾക്കായി തങ്ങളുടെ ചെറിയ സംഭാവനകളിലൂടെ സഹായിച്ച ആളുകൾക്കും നന്ദി പറയുകയും, വിശുദ്ധ പലോസ് തന്റെ ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സഭയ്ക്കായുള്ള തങ്ങളുടെ സംഭാവനകൾ തുടരണമെന്നും ഉദ്ബോധിപ്പിച്ചു.

വിശുദ്ധനാടുകൾക്കായുള്ള ധനസമാഹാരം മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു എന്നും, അതിന്റെ പ്രധാന കാരണങ്ങൾ ഏറെ നാളുകളായി ആളുകൾക്ക് ദേവാലയങ്ങളിൽ ഒത്തുചേരാൻ സാധിക്കാത്തതിനാലും, ഇപ്പോഴും തുടരുന്ന മഹാമാരി എല്ലാവരുടെയും സാമ്പത്തികഭദ്രതയെ തകരാറിലാക്കിയതാണെന്നും പറഞ്ഞ ഫ്രാൻസിസ് പാപ്പാ, നിലവിലുള്ള പ്രതിസന്ധി ജീവിതത്തിലെ അത്യാവശ്യകാര്യങ്ങളിലേക്ക് മാത്രമായി ഒതുങ്ങാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു എന്നും കൂട്ടിക്കിച്ചേർത്തു.

സിറിയയിലെയും, എത്യോപ്യയിലെയും, ജോർജിയയിലെയും, അർമേനിയയിലെയും ഇപ്പോഴും തുടരുന്ന പ്രശ്നങ്ങളെ ഉദ്ധരിച്ചുകൊണ്ട് തന്റെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തിയിലെ (Fratelli tutti) സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് സൂചിപ്പിച്ചു.

പരിശുദ്ധ സിംഹാസനത്തിന്റെ സഹായങ്ങൾക്കൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായ സംഘടനകളിൽനിന്നുള്ള സഹായങ്ങൾ ഒരുമിപ്പിച്ച്, ആരാധനാലയങ്ങൾ, സ്കോളർഷിപ്പുകൾ, വിദ്യാലയങ്ങൾ, സാമൂഹിക, ആരോഗ്യ പരിശീലന സൗകര്യങ്ങൾ, എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് റൊവാക്കോ.

24 June 2021, 17:36