വി. നോർബർട്ട് വി. നോർബർട്ട് 

നോർബർട്ടൈൻ സഭയുടെ മേലധ്യക്ഷന് ഫ്രാൻസിസ് പാപ്പാ കത്തയച്ചു

സഭാ സ്ഥാപനത്തിന്റെ 900 വർഷം തികയുന്ന ജൂബിലി പ്രഖ്യാപനം പ്രമാണിച്ചായിരുന്നു പാപ്പായുടെ കത്ത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന  നോർബർട്ടൈൻ സമൂഹങ്ങളോടു  ദൈവത്തെയും അവരുടെ സഹോദരീ സഹോദരന്മാരെയും ശ്രവിച്ച്  എപ്പോഴും സുവിശേഷത്താൽ നയിക്കപ്പെടാൻ ആഹ്വാനം ചെയ്തു.

സമാധാനത്തിന്റെയും പരിശുദ്ധ കുർബാനയുടേയും അപ്പോസ്തലനെന്നും,  സഹായം ചോദിച്ചവർക്കും ഒരു കുഞ്ഞു പ്രാർത്ഥന തേടിയവർക്കുമായി ഹൃദയം തുറന്നിരുന്ന അക്ഷീണനായ പ്രഭാഷകനുമായിരുന്നു വി. നോർബർട്ടെന്നാണ് സഭയുടെ തലവനായ ഫാ. യോസെഫ്  വൌട്ടറിനെഴുതിയ കത്തിൽ പാപ്പാ വിശേഷിപ്പിച്ചത്.

സഭയിൽ ഒരു പുതിയ വീക്ഷണം വളർന്നു വന്ന കാലഘട്ടത്തിൽ ജർമ്മനിയിലെ ക്സാൻടനിൽ 1075 ൽ ജനിച്ച വിശുദ്ധ നോർബർട്ട്, ഗ്രിഗോറിയൻ പരിഷ്കാരത്തിന്റെ   ശില്പികളിൽ ഒരാളായിരുന്നു. കേവലം ലൗകീക താല്പര്യങ്ങളിലേക്കുള്ള സഭാശുശ്രൂഷകരുടെ ബന്ധത്തെ  ചോദ്യം  ചെയ്യാൻ ദൈവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അനേകം സ്ത്രീപുരുഷന്മാരുടെ കൂട്ടത്തിൽപെട്ട നോർബർട്ട് അപ്പോസ്തലന്മാരുടെ പാത പിൻതുടരാൻ വി. അഗസ്റ്റിന്റെ  നിയമങ്ങൾക്കനുസൃതമായ ജീവിതം തിരഞ്ഞെടുത്തു. അവരുടെ സമൂഹങ്ങൾ ഈ പാരമ്പര്യം പുണർന്ന് വിശുദ്ധ അഗസ്റ്റിന്റെ  നിയമങ്ങളുടെ പ്രചോദനം പിൻതുടർന്ന്, സഭാ ജീവിതത്തിന്റെ  ഉറവിടവും ഊന്നത്യവുമായ ദിവ്യകാരുണ്യരഹസ്യത്തിൽ നിന്ന് ശക്തിയാർജിച്ച് 9 നൂറ്റാണ്ടുകളായി ധ്യാനത്തിലും സുവിശേഷ പ്രഘോഷണത്തിലും വിശ്വസ്ഥരായിരുന്നു എന്നും പാപ്പാ എഴുതി.

സുവിശേഷത്തിന് സാക്ഷി

അന്ന് പാപ്പായായിരുന്ന ഗലേഷ്യസ് രണ്ടാമനുമായുള്ള കൂടിക്കാഴ്ചയാണ്  വി. നോർബർട്ടിനെ അപ്പോസ്തലിക സുവിശേഷ പ്രഘോഷകനായി മാറ്റിയതെന്നതനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ  എന്നെത്തെയുംകാൾ ഇന്ന് സുവിശേഷ പ്രഘോഷണം അത്യാവശ്യമാണെന്ന് എഴുതുന്നു. എല്ലാവരിൽ നിന്നും, പ്രത്യേകിച്ച് വൈദീകരിൽ നിന്ന് ഔദാര്യ പൂർണ്ണമായ ഒരു സമർപ്പണം മാത്രമല്ല  പ്രഘോഷിക്കുന്ന സന്ദേശവും വ്യക്തിപരവും  സമൂഹപരവുമായ ജീവിതവും തമ്മിലുള്ള ശക്തമായ പൊരുത്തവും ആവശ്യപ്പെടുന്നെന്ന കാര്യവും പാപ്പാ ഊന്നിപ്പറഞ്ഞു.  സുവിശേഷത്തിന്റെ  വിശ്വസ്ഥ സേവകനും, സഭയുടെ സ്നേഹനിധിയായ പുത്രനും, പരിശുദ്ധ പിതാവിനോടു അനുസരണയുള്ളവനായിരുന്ന നോർബർട്ട് വഴിയരുകിലെ രോഗികളെ സൗഖ്യമാക്കയും, അശുദ്ധാത്മാക്കളെ പുറത്താക്കുകയും പ്രഭു കുടുംബങ്ങൾ തമ്മിലുള്ള പ്രാചീന കലഹങ്ങൾ തീർക്കുകയും ചെയ്തതിനാൽ സമാധാനത്തിന്റെ  അപ്പോസ്തലൻ എന്നറിയപ്പെടുകയും ചെയ്തു.

തുറന്ന വാതിലുകൾ

1121 ൽ ഫ്രാൻസിലെ  പ്രിമോംത്രെ താഴ്‌വര തന്റെ  അനുയായികളെ ഒന്നിച്ചു കൂട്ടാൻ തിരഞ്ഞെടുത്തുകൊണ്ടാണ് തന്റെ  ആദ്യ സമൂഹം രൂപീകരിച്ചത്. സഭയ്ക്കു വേണ്ടിയും സഭയോടൊപ്പം പ്രാർത്ഥിക്കുക എന്നതായിരുന്നു അതിന്റെ  ദൗത്യം. ദരിദ്രർക്കും തീർത്ഥാടകർക്കും അഭയവും ശുശ്രൂഷയുമേകിയ അവിടത്തെ കർക്കശമായ സന്യാസജീവിതം അനേകരെ ആകർഷിച്ചു.

വിശ്വാസത്തിനു മാതൃക

ദിവ്യകാരുണുമായിരുന്നു വി. നോർബർട്ടിന് ശക്തി പകർന്ന സ്രോതസ്സ് എന്നും അങ്ങനെ ഇന്നും സകലർക്കും, പ്രത്യേകിച്ച് വൈദീകർക്ക് വിശ്വാസത്തിന്റെ  മാതൃകയാണ് അദ്ദേഹമെന്നും എഴുതിയ പാപ്പാ  നോർബർട്ടൈൻ ആദർശം പിൻതുടർന്ന് ധ്യാനാത്മക ജീവിതം പുണർന്ന ധാരാളം സ്ത്രീകളും,  അദ്ദേഹത്തിന്റെ  ആത്മീയതയും അത്യാവശ്യകാർക്കുള്ള സേവനവും  പങ്കു വയ്ക്കുന്ന വിവിധ സന്യാസസഭകളും മൂലം നോർബർട്ടൈൻ ആശ്രമങ്ങളും ഇടവകകളും തമ്മിലുള്ള ബന്ധം ദൃഢമാവുകയും നോർബർട്ടിന്റെ  പ്രബോധനങ്ങൾ സജീവമായി നിലനിലക്കുകയും ചെയ്യുന്നുവെന്നും പാപ്പാ  കത്തിൽ അനുസ്മരിച്ചു.

അപ്പോസ്തലന്മാരുടെ മാതൃക പിൻതുടരുവാനും അവർ തിരഞ്ഞെടുത്ത ജീവിതത്തോടു വിശ്വസ്തരായിരിക്കാനും ആവശ്യപ്പെട്ട പാപ്പാ അവർക്ക് തന്റെ  ആശീർവ്വാദവും നൽകിയാണ് കത്തു ചുരുക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2021, 15:40