വി. പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനത്തിൽ അർപ്പിക്കപ്പെട്ട ബലി മദ്ധ്യേ പാപ്പാ വി. പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനത്തിൽ അർപ്പിക്കപ്പെട്ട ബലി മദ്ധ്യേ പാപ്പാ 

പാപ്പാ: വിശ്വാസത്തിന്റെ സാക്ഷികളായവരെ അടുത്തു നിന്ന് വീക്ഷിക്കാം

സഭയുടെ നെടുംതൂണുകളും സുവിശേഷത്തിലെ രണ്ടു വലിയ അപ്പോസ്തലന്മാരുമായ വി. പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനത്തിൽ വിശ്വാസത്തിന്റെ സാക്ഷികളായ അവരെ അടുത്തു നിന്ന് വീക്ഷിക്കാനാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചനപ്രഘോഷണത്തിൽ ആഹ്വാനം ചെയ്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വി. പത്രോസിന്റെയും പൗലോസിന്റെയും ചരിത്രത്തിന്റെ കാതൽ സ്വന്തം വൈദഗ്ദ്ധ്യമല്ല അവരുടെ ജീവിതം മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണെന്നും തങ്ങളെ സൗഖ്യമാക്കുകയും മോചിപ്പിക്കുകയും ചെയ്ത ഒരു സ്നേഹാനുഭവമാണ് അവരെ മറ്റുള്ളവരുടെ വിമോചനത്തിന്റെ അപ്പോസ്തലരും സേവകരുമാക്കിയതെന്നും പാപ്പാ വിശദീകരിച്ചു.  

സഹോദരരെ വിശ്വാസത്തിൽ ഉറപ്പിക്കാനുള്ള താക്കോലുകൾ പത്രോസിനെ ഭരമേൽപ്പിച്ച ക്രിസ്തു

യേശുവിന്റെ നിരുപാധികമായ സ്നേഹം ഗലീലിയിലെ മീൻപിടുത്തക്കാരൻ പത്രോസിനെ തന്റെ പോരായ്മകളുടേയും വീഴ്ചകളുടേയും തോൽവികളുടേയും കയ്പനുഭവത്തിൽ നിന്നും സ്വതന്ത്രമാക്കിയത് ഓരോന്നായി ഫ്രാൻസിസ് പാപ്പാ വിശകലനം ചെയ്തു. കർത്താവിന്റെ തീക്ഷ്ണമതിയായ ശിഷ്യനായിരുന്നിട്ടും ലോകത്തിന്റെ ന്യായവാദമാർഗ്ഗങ്ങളിലൂടെ തുടർന്നതിനാൽ ക്രിസ്തുവിന്റെ കുരിശിനെ മനസ്സിലാക്കാനോ അംഗീകരിക്കാനോ പത്രോസിനു കഴിയാതിരുന്നതും, ജീവൻ കൊടുക്കാൻ തയ്യാറെന്ന് പറഞ്ഞിട്ടും യേശുവിന്റെയാളെന്ന് സംശയിക്കപ്പെട്ടപ്പോൾ പേടിച്ച് ഗുരുവിനെ നിഷേധിച്ചതും എന്നിട്ടും  യേശു പത്രോസിനെ വെറുതെ സ്നേഹിക്കുകയും അവന്റെ ബലഹീനതകളെ ധൈര്യപൂർവ്വം നോക്കികാണാനും തിരമാലകളിലൂടെ നടക്കാനും പത്രോസിനെ പ്രാപ്തനാക്കുകയും ചെയ്തു. അങ്ങനെ ഭയങ്ങളിൽ നിന്നും മാനുഷീക ഉറപ്പുകളിൽ അടിസ്ഥാനമാക്കിയ കണക്കുകൂട്ടലുകളിൽ നിന്നും സ്വതന്ത്രനാക്കി തന്റെ സഹോദരരെ വിശ്വാസത്തിൽ ഉറപ്പിക്കാനുള്ള താക്കോലുകൾ ഭരമേല്പിച്ചു. സഹോദരരെ ക്രിസ്തുവുമായി ബന്ധിപ്പിക്കാനും അവരുടെ ജീവിതത്തിന്റെ കെട്ടുകളും ചങ്ങലകളുമഴിക്കാനും അധികാരം നൽകി. ആദ്യം പത്രോസിനെ തടവിലാക്കിയിരുന്ന ചങ്ങലകളിൽ നിന്ന് അവനെ മോചിപ്പിച്ചതുകൊണ്ടായിരുന്നു ഇതെല്ലാം സാധ്യമായത് എന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. ഇതായിരുന്നു പത്രോസിന്റെ പെസഹാനുഭവം: കർത്താവ് അവനെ സ്വതന്ത്രനാക്കി.

"അഹ"ത്തിൽ നിന്നും സാവൂളിനെ മോചിപ്പിച്ചു പൗലോസാക്കിയ ക്രിസ്തു

ക്രിസ്തുവിന്റെ മോചനാനുഭവത്തിലൂടെ പൗലോസ് അപ്പോസ്തലൻ കടന്നുപോയതും പരിശുദ്ധ പിതാവ് വിവരിച്ചു. ഇസ്രായേലിലെ ആദ്യരാജാവിന്റെ നാമധാരിയായ സാവൂളിനെ അടിച്ചമർത്തിയിരുന്ന "അഹ"ത്തിൽ നിന്നും മോചിപ്പിച്ചു എളിയവൻ എന്നർത്ഥം വരുന്ന പൗലോസിലേക്ക് എത്തിച്ച ചരിത്രം പാപ്പാ വിശദീകരിച്ചു. പാരമ്പര്യത്തിന്റെ സംരക്ഷണത്തിനായി ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞ അക്രമാസക്തമായ മതതീക്ഷണതയിൽ നിന്ന് ദൈവസ്നേഹത്തിലേക്കും സഹോദര സ്നേഹത്തിലേക്കും പൗലോസിനെ മോചിപ്പിച്ചതും ഫ്രാൻസിസ് പാപ്പാ തന്റെ വിചിന്തനത്തിൽ വിഷയമാക്കി. എന്നാൽ പൗലോസിന്റെ ബലഹീനതകളും ബുദ്ധിമുട്ടുകളും എടുത്തുകളയാതെ തന്നെയാണ് കർത്താവ് അവന്റെ സുവിശേഷ പ്രേഷിതവേല ഫലവത്താക്കിയത് എന്ന് ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു. (ഗലാ 4, 13-14; 2 Cor 12, 7-10). ശക്തരായവരെ നാണിപ്പിക്കാൻ ദൈവം ബലഹീനരെ തിരഞ്ഞെടുക്കുന്നു എന്നും (1 കൊറീ 1, 27) നമുക്ക് ശക്തി പകരുന്ന അവനിൽ എല്ലാം സാധ്യമാകുമെന്നും പൗലോസിനെ മനസ്സിലാക്കി കൊടുത്തു. പൗലോസ് പെസഹാ അനുഭവിച്ചു; കർത്താവ് അവനെ മോചിപ്പിച്ചു.

സുവിശേഷത്തിന്റെ ശക്തി പകർന്ന അപ്പോസ്തലന്മാർ

ലോകത്തിൽ സുവിശേഷത്തിന്റെ ശക്തി തുറന്നു വിട്ട വിശ്വാസത്തിന്റെ ഈ രണ്ട് ഭീമൻമാരേയും സഭ ഇന്ന് കാണുന്നത് അവർ യേശുവുമായുള്ള കൂടിക്കാഴ്ചയിൽ ആദ്യം സ്വതന്ത്രരാക്കപ്പെട്ടതുകൊണ്ടാണ്. അവരെ വിധിക്കുകയോ എളിമപ്പെടുത്തുകയോ യേശു ചെയ്തില്ല മറിച്ച് അവരുടെ ജീവിതത്തെ സ്നേഹം കൊണ്ടും സാന്നിധ്യം കൊണ്ടും തന്റെ പ്രാർത്ഥനകൊണ്ടും പിൻതാങ്ങി. ചിലപ്പോൾ തിരുത്താൻ ആവശ്യപ്പെട്ടു, പരിശുദ്ധ പിതാവ് പങ്കുവച്ചു.

വിശ്വാസ യോഗ്യമാകാ൯ സഭ സ്വതന്ത്രമാകണം

നമ്മളും യേശുവിന്റെ സ്പർശനത്താൽ സ്വതന്ത്രരാക്കപ്പെടും. നമുക്കും മോചിതരാകേണ്ട ആവശ്യമെപ്പോഴുമുണ്ടെന്നും സ്വതന്ത്രമായ ഒരു സഭയ്ക്കേ വിശ്വാസ യോഗ്യതയുണ്ടാവൂ എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ തെറ്റായ രീതികളിലൂടെയുള്ള ‘മത്സ്യബന്ധനത്തിൽ’ നിന്നും, നമ്മുടെ സുരക്ഷകളിൽ അടച്ചുപൂട്ടിയിരുന്ന് പ്രവചനത്തിന്റെ ധൈര്യം നഷ്ടമാക്കുന്നതിൽ നിന്നും പത്രോസിനെപ്പോലെ നമുക്ക് മോചിതരാവണം. ബാഹ്യകാപട്യങ്ങളിൽ നിന്നും, നമ്മുടെ ബലഹീനതകൾക്കപ്പുറം  ലോകത്തിന്റെ ശക്തിയാൽ നമ്മെതന്നെ അടിച്ചേൽപ്പിക്കാനുള്ള പ്രലോഭനങ്ങളിൽ നിന്നും, നമ്മെ കർക്കശക്കാരും അയവില്ലാത്തവരുമാക്കുന്ന മതാചരണങ്ങളിൽ നിന്നും നമുക്ക് പൗലോസിനെപ്പോലെ  മോചനം വേണ്ടിയിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

വി. പത്രോസും, പൗലോസും നമ്മുടെ കൈകളിൽ വിശ്വസിച്ചേൽപ്പിക്കുന്ന സഭയുടെ ചിത്രം വിശ്വസ്ഥതയോടും ആദ്രതയോടും കൂടെ കർത്താവ് നയിക്കുന്ന സഭയുടേതാണ്. അത് ബലഹീനമായ ഒരു സഭയാണ് എന്നാൽ  ദൈവസാന്നിധ്യത്താൽ ശക്തമായതാണ്. സ്വയം മോചിതരാകാൻ കഴിയാത്ത ലോകത്തെ മോചിപ്പിക്കാൻ കർത്താവിനാൽ സ്വതന്ത്രമാക്കപ്പെട്ട സഭ. നമ്മുടെ പട്ടണത്തോടും സമൂഹത്തോടും  ലോകത്തോടും എത്ര വിമോചനം ആവശ്യമുണ്ടെന്ന് നമുക്ക്  ചോദിക്കാമെന്ന് ആഹ്വാനം  ചെയ്ത പാപ്പാ, ഈ വിമോചനത്തിന്റെ സഹകാരികളാകാൻ നമ്മൾ സ്വയം ക്രിസ്തുവിനാൽ മോചിതരാകാൻ വിട്ടു കൊടുത്താൽ മാത്രമേ കഴിയൂ എന്നും പരിശുദ്ധാത്മാവിന്റെ സ്വാതന്ത്ര്യത്തിൽ മുന്നോട്ടു പോകാനും വിശ്വാസികളെ ക്ഷണിച്ചു.

പാലിയം -പത്രോസുമായുള്ള ഐക്യത്തിന്റെ അടയാളവും, ജീവൻ നൽകാനുള്ള ഇടയന്റെ ദൗത്യവും  

ഈ ദിനം മെത്രാപ്പോലീത്തമാർ പാലിയം സ്വീകരിക്കുന്ന ദിവസമാണ് എന്നതിനാൽ പാലിയം അർത്ഥമാക്കുന്നതെന്തെന്നു പാപ്പാ വിവരിച്ചു. പാലിയം പത്രോസുമായുള്ള ഐക്യത്തിന്റെ അടയാളവും തന്റെ അജഗണത്തിനായി ജീവൻ നൽകാനുള്ള ഇടയന്റെ ദൗത്യത്തെയും  ഓർമ്മിപ്പിക്കുന്നു. കൂടാതെ ജീവൻ നൽകിക്കൊണ്ടു തന്നിൽ നിന്ന് തന്നെ വിമോചിതനാകുന്ന ഇടയൻ സഹോദരർക്ക് വിമോചനത്തിന്റെ ഉപകരണമാകുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ക്രിസ്തു വിശ്വാസികളെ ഭിന്നിപ്പിക്കുന്നവയിൽ നിന്ന് സ്വതന്ത്രരാക്കുന്ന യാത്രയിൽ ഐക്യത്തിന്റെ വിലയേറിയ അടയാളമാണ് ദിവ്യബലിയിൽ സംബന്ധിച്ച എക്യുമെനിക്കൽ പാത്രീയാർക്കിന്റെ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യമെന്നും കോൺസ്റ്റാന്റിനോപ്പിളിലെ സഹോദരസഭാ തലവനായ  പരിശുദ്ധ ബർത്തലോമിയോ അയച്ച സംഘത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

ക്രിസ്തുവിനാൽ വിമോചിതരായി മുഴുവൻ ലോകത്തിനും വിമോചനത്തിന്റെ അപ്പോസ്തലരാകാൻ അവർക്കും, ഇടയന്മാർക്കും, സഭയ്ക്കും നമുക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാമെന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2021, 14:52