തിരയുക

ഫ്രാന്‍സീസ് പാപ്പാ  പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍, 02/06/2021 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍, 02/06/2021 

നമുക്ക് അനിവാര്യമായ യേശുവിന്‍റെ പ്രാ‍ര്‍ത്ഥന!

യേശു നമുക്കായി പ്രാ‍ര്‍ത്ഥിക്കുന്നു- ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ച (02/06/2021) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദി വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ ഭാഷാക്കാരായിരുന്ന നിരവധിപ്പേ‍‍ര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അവിടെ എത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു.ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.15 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രാര്‍ത്ഥനയെ അധികരിച്ചുള്ള തന്‍റെ വിചിന്തനം തുടര്‍ന്നു.

പ്രഭാഷണം

ക്രിസ്തു-ശിഷ്യ ബന്ധത്തില്‍ മൗലികമായ പ്രാ‍ര്‍ത്ഥന

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

യേശുവിന് അവിടത്തെ ശിഷ്യന്മാരുമായുള്ള ബന്ധത്തിൽ പ്രാ‍ര്‍ത്ഥന എത്രത്തോളം മൗലികമായിരുന്നു എന്ന് സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നു. പിന്നീട് അപ്പസ്തോലന്മാരായിത്തീരുന്നവരുടെ തിരഞ്ഞെടുപ്പിൽത്തന്നെ ഇത് പ്രസ്പഷ്ടമാകുന്നുണ്ട്. ലൂക്കാ ഈ തിരഞ്ഞെടുപ്പിനെ പ്രാ‍ര്‍ത്ഥനയുടെ കൃത്യമായ ഒരു പശ്ചാത്തലവുമായി ബന്ധപ്പെടുത്തുന്നു: "ആ ദിവസങ്ങളിൽ അവിടന്ന് പ്രാർത്ഥിക്കാനായി മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാ‍ര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍, അവിടന്ന് ശിഷ്യന്മാരെ അടുത്തുവിളിച്ച് അവരില്‍ നിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്മാര്‍ എന്ന പേരു നല്കി" (ലൂക്കാ6:12-13). ഈ തിരഞ്ഞെടുപ്പിൽ പ്രാർത്ഥന, പിതാവുമായുള്ള സംഭാഷണം അല്ലാതെ മറ്റൊരു മാനദണ്ഡവുമില്ലെന്ന് തോന്നുന്നു. ഈ തിരഞ്ഞെടുപ്പ് മികച്ചതല്ലെന്നാണ് അവരുടെ പിന്നീടുള്ള പെരുമാറ്റത്തില്‍ നിന്ന് തോന്നുക; എന്നാൽ ഇത് കൃത്യമായി, പ്രത്യേകിച്ച്, ഭാവി ഒറ്റുകാരനായ യൂദായുടെ സാന്നിധ്യം കാട്ടിത്തരുന്നത്, ആ പേരുകൾ ദൈവത്തിന്‍റെ പദ്ധതിയിൽ ഉല്ലേഖിതമായിരുന്നു എന്നാണ്.

സ്നേഹിതര്‍ക്കായി പ്രാ‍ര്‍ത്ഥിക്കുന്ന യേശു

തന്‍റെ സ്നേഹിതര്‍ക്കായുള്ള പ്രാർത്ഥന യേശുവിന്‍റെ ജീവിതത്തിൽ നിരന്തരം ഉയരുന്നുണ്ട്. അപ്പസ്തോലന്മാർ ചിലപ്പോഴൊക്കെ യേശുവിന് ആകുലതയ്ക്ക് കാരണമാകുന്നു, എന്നാൽ അവിടന്ന് അവരെ പിതാവിൽ നിന്ന് സ്വീകരിച്ചതുപോലെ തന്നെ, അവരുടെ തെറ്റുകളിലും വീഴ്ചകളിലും പോലും, സ്വന്തം ഹൃദയത്തിൽ പേറുന്നു. ഇവയിലെല്ലാം നാം കാണുന്നത്, ശിഷ്യന്‍റെ പരിവർത്തനത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ എപ്പോഴും സന്നദ്ധനായ ഗുരുവും സ്നേഹിതനുമായ യേശുവിനെയാണ്. ഈ ക്ഷമയുടെ ഉച്ചകോടി യേശു പത്രോസിനു ചുറ്റുമായി ഇഴ ചേര്‍ത്ത “സ്നേഹ ശീലയാണ്”. അന്ത്യ അത്താഴവേളയില്‍  അവിടന്ന് അവനോടു പറഞ്ഞു: ശിമയോൻ, ശിമയോന്‍, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പ്പോലെ പാറ്റാന്‍ ഉദ്യമിച്ചു; എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്‍റെ സഹോദരരെ ശക്തിപ്പെടുത്തുക”(ലൂക്കാ 22:31-32). വീഴ്ചയുടെ സമയത്ത്, ആ നിമിഷത്തിൽ യേശുവിന്‍റെ സ്നേഹം അവസാനിക്കുന്നില്ല, മറിച്ച് അത് കൂടുതൽ തീവ്രമാവുകയും നാം അവിടത്തെ പ്രാർത്ഥനയുടെ കേന്ദ്രസ്ഥാനത്താണെന്ന് അറിയുകയും ചെയ്യുന്നത് ഹൃദയ്സ്പ‍ര്‍ശിയാണ്!

യേശുവിന്‍റെ ദൗത്യങ്ങളില്‍ മുന്നോടിയായ പ്രാര്‍ത്ഥന

യേശുവിന്‍റെ പ്രയാണത്തിന്‍റെ നി‍ര്‍ണ്ണായകമായ ഒരു നമിഷത്തില്‍, ശിഷ്യന്മാരുടെ വിശ്വാസ സ്ഥിരീകരണ വേളയില്‍ കൃത്യമായി  അവിടത്തെ  പ്രാർത്ഥന, വീണ്ടും ഉയരുന്നു. സുവിശേഷകനായ ലൂക്കായെ നമുക്ക് ഒരിക്കല്‍കൂടി ശ്രവിക്കാം: “ഒരിക്കല്‍ യേശു ഏകാന്തമായ സ്ഥലത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാർ അവനോടൊപ്പമുണ്ടായിരുന്നു, അവൻ അവരോട് ചോദിച്ചു: "ഞാൻ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?" അവർ മറുപടി പറഞ്ഞു: “ചിലര്‍ സ്നാപകയോഹന്നാൻ എന്നും  മറ്റുചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂ‍ര്‍വ്വപ്രവാചകന്മാരിൽ ഒരാൾ ഉയിര്‍ത്തിരിക്കുന്നുവെന്നും പറയുന്നു”. അപ്പോള്‍ അവൻ അവരോട് ചോദിച്ചു: "എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?". പത്രോസ് പറഞ്ഞു: "നീ ദൈവത്തിന്‍റെ ക്രിസ്തു ആണ്." ഇത് ആരോടും പറയരുതെന്ന് അവിടന്ന് കര്‍ശനമായി കല്പിച്ചു"(9,18-21). യേശുവിന്‍റെ മഹാ ദൗത്യനിര്‍വ്വഹണത്തിന് മുന്നോടിയായി എല്ലായ്പ്പോഴും തീവ്രവും നീണ്ടുനിൽക്കുന്നതുമായ പ്രാർത്ഥനയുണ്ട്. ഈ വിശ്വാസ പരിശോധന ഒരു ലക്ഷ്യമായി തോന്നുന്നു, എന്നാല്‍ അത് ശിഷ്യന്മാർക്ക് ഒരു പുതിയ തുടക്കമാണ്, കാരണം, അന്നു മുതൽ, യേശു തന്‍റെ  പീഡാസഹനമരണോത്ഥാനങ്ങളെക്കുറിച്ച് അവരോട് തുറന്നു പറഞ്ഞുകൊണ്ട്  അവിടത്തെ ദൗത്യത്തിൽ ഒരു പടികൂടി കയറിയതു പോലെയാണ്. 

പ്രാ‍ര്‍ത്ഥന ഏക ഉറവിടം

ശിഷ്യന്മാരിലും സുവിശേഷം വായിക്കുന്ന നമ്മിലും, സ്വാഭാവികമായും ഒരു നിരാകരണം  ഉളവാക്കുന്ന ഈ ഒരു വീക്ഷണത്തില്‍ പ്രാ‍ര്‍ത്ഥന മാത്രമാണ് പ്രകാശത്തിന്‍റെയും ശക്തിയുടെയും ഏക ഉറവിടം. പാത കയറ്റമുള്ളതാകുമ്പോള്‍ ഉപരിതീവ്രതയോടെ പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ്.

രൂപാന്തരീകരണം

വാസ്തവത്തിൽ, ജറുശലേമിൽ തന്നെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാരെ മുന്‍കൂട്ടി അറിയിച്ചതിനുശേഷം, രൂപാന്തരീകരണസംഭവം അരങ്ങേറുന്നു. «യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടി പ്രാർത്ഥിക്കാനായി മലയിലേക്കു പോയി. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവന്‍റെ മുഖഭാവം മാറി;  വസ്ത്രം വെണ്മയോടെ ശോഭിച്ചു. അപ്പോൾ, രണ്ടു പേർ, മോശയും  ഏലിയായും- അവനോ‌ടു സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജെറുസലേമിൽ പൂ‍ര്‍ത്തിയാകേണ്ട അവന്‍റെ  കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്" (ലൂക്കാ 9: 28-31). യേശുവിന്‍റെ  മഹത്വീകരണത്തിന്‍റെ ഈ മുന്നാസ്വാദനം ആവിഷ്കൃതമാകുന്നത് പ്രാ‍ര്‍ത്ഥനയിലാണ്. അപ്പോള്‍ പുത്രന്‍ പിതാവുമായുള്ള കൂട്ടായ്മയില്‍ ആമഗ്നനായിരുന്നു, പിതാവിന്‍റെ സ്നേഹഹിതത്തിനും അവിടത്തെ പരിത്രാണപദ്ധതിയ്ക്കും പൂര്‍ണ്ണ സമ്മതം നല്‍കുകയുമായിരുന്നു. രൂപാന്തരീകരണസംഭവത്തിലുള്‍പ്പെട്ട മൂന്നു ശിഷ്യന്മാര്‍ക്ക്  സുവ്യക്തമായ ഒരു വാക്ക് ആ പ്രാ‍ര്‍ത്ഥനയില്‍ നിന്ന് ലഭിക്കുന്നു: “ ഇവന്‍ എന്‍റെ പുത്രൻ, എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവനെ ശ്രവിക്കുവിന്‍” (ലൂക്കാ 9:35). യേശുവിനെ ശ്രവിക്കാനുള്ള ക്ഷണം പ്രാ‍ര്‍ത്ഥനയില്‍ നിന്ന് നി‍ര്‍ഗ്ഗമിക്കുന്നു, സദാ, പ്രാ‍ര്‍ത്ഥനയില്‍ നിന്ന്.

യേശുവിനെപ്പോലെ പ്രാ‍ര്‍ത്ഥിക്കുക

സുവിശേഷത്തിലൂടെയുള്ള ഈ ദ്രുത യാത്രയിൽ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, യേശു പ്രാർത്ഥിക്കുന്നതുപോലെ നാം പ്രാർത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, പ്രാർത്ഥിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ പൂർണ്ണമായും വിഫലങ്ങളും നിരര്‍ത്ഥകങ്ങളുമായിപ്പോയാലും, അവിടത്തെ പ്രാർത്ഥനയിൽ നമുക്ക് എപ്പോഴും ആശ്രയിക്കാമെന്ന ഉറപ്പ് അവിടന്ന് നമുക്കേകുന്നു എന്നാണ്. നാം ഈ അവബോധം പുല‍ര്‍ത്തണം:  യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഒരിക്കൽ, മിടുക്കനായ ഒരു മെത്രാന്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വളരെ മോശം സമയത്ത്, വലിയ പരീക്ഷണ വേളയില്‍, എല്ലാം ഇരുളടഞ്ഞതായി തോന്നിയ സമയത്ത്, ബസിലിക്കയുടെ മുകളിലേക്കു നോക്കിയപ്പോള്‍, ഈ വാചകം കണ്ടു: "പത്രോസായ ഞാൻ നിനക്കായി പ്രാർത്ഥിക്കും". ഇത് അദ്ദേഹത്തിന് ശക്തിയും ആശ്വാസവും നൽകി. യേശു തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് നാം ഓരോരുത്തരും അറിയുമ്പോഴെല്ലാം ഇത് സംഭവിക്കുന്നു. യേശു നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ നിമിഷത്തിൽ, ഈ വേളയില്‍. ഇത് ആവർത്തിച്ചുകൊണ്ട് ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുക. എന്തെങ്കിലും പ്രയാസമുണ്ടാകുമ്പോൾ, നിങ്ങൾ അശ്രദ്ധയുടെ "ഭ്രമണപഥത്തിൽ" ആയിരിക്കുമ്പോൾ: യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ പിതാവേ ഇത് സത്യമാണോ? ഇത് സത്യമാണ്! അവിടുന്നു തന്നെ അതു പറഞ്ഞിരിക്കുന്നു. നമ്മുടെ പേരോടും വീട്ടുപേരോടും കൂടി പിതാവിന്‍റെ സമക്ഷം യേശു നടത്തുന്ന നമുക്കുവേണ്ടിയുള്ള  പ്രാ‍ര്‍ത്ഥനയാണ് നമ്മെ താങ്ങിനിറുത്തുന്നതെന്നത് നാം മറക്കരുത്. നമ്മുടെ രക്ഷയുടെ വിലയായ മുറിവുകള്‍ യേശു പിതാവിന് കാണിച്ചുകൊടുക്കുന്നു. 

യേശുവില്‍ എന്നും ആശ്രയിക്കുക

നമ്മുടെ പ്രാർഥനകൾ ഇടറുകയാണെങ്കിലും, ചഞ്ചലമായ വിശ്വാസത്താല്‍ സന്ധിചെയ്യപ്പെടുകയാണെങ്കിലും, അവിടുന്നിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുത്, പ്രാർത്ഥിക്കാൻ എനിക്കറിയില്ല, പക്ഷേ അവിടന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. യേശുവിന്‍റെ പ്രാർത്ഥനയാല്‍ താങ്ങിനിറുത്തപ്പെട്ട്  നമ്മുടെ കാതരമായ പ്രാർത്ഥനകൾ ഗരുഡച്ചിറകുകളിലേറി സ്വർഗ്ഗത്തിലേക്ക് ഉയരും. മറക്കരുത്: യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു - ഇപ്പോൾ – ഈ നിമിഷത്തില്‍. പരീക്ഷണവേളയില്‍, പാപനിമിഷത്തില്‍, ആ പാപത്തിൽ പോലും, യേശു എനിക്കുവേണ്ടി വളരെയധികം സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു. നന്ദി

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

സമാപനാഭിവാദ്യങ്ങള്‍ -യേശുവിന്‍റെ തിരുശരീരത്തിന്‍റെയും തിരുരക്തത്തിന്‍റെയും തിരുന്നാള്‍

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് ഇറ്റലിക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ  വ്യാഴാഴ്ച (03/06/21) ക്രിസ്തുവിന്‍റെ മാംസനിണങ്ങളുടെ തിരുന്നാള്‍,  ദിവ്യകാരുണ്യത്തിരുന്നാള്‍ ആചരിക്കുന്നത് അനുസ്മരിച്ചു.

ഇറ്റലിയിലും മറ്റു നാടുകളിലും ഈ തിരുന്നാള്‍ ഈ വരുന്ന ഞായറാഴ്ചയാണ് (06/06/21) എന്നതും പാപ്പാ സൂചിപ്പിച്ചു.

കൃപയുടെ സ്രോതസ്സും നമ്മുടെ ജീവിതസരണികളെ പ്രകാശിപ്പിക്കുന്ന വെളിച്ചവും ദിവ്യകാരുണ്യത്തില്‍,  സ്നേഹത്തിന്‍റെയും മഹത്വത്തിന്‍റെയുമായ ആ രഹസ്യത്തില്‍ കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ക്രിസ്തുവിന്‍റെ മാംസവും രക്തവും അവ‍ര്‍ക്കോരോരുത്തര്‍ക്കും, ബുദ്ധിമുട്ടുകൾക്കിടയില്‍ അവി‌ടത്തെ സാന്നിധ്യവും പിന്തുണയും, അനുദിനം അനുഭവിക്കുന്ന ദുരിതങ്ങളിൽ അത്യുദാത്തമായ ആശ്വാസവും നിത്യമായ പുനരുത്ഥാനത്തിന്‍റെ അച്ചാരവും ആയിരിക്കട്ടെയെന്ന് ആശംസിച്ചു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനു ശേഷം  പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2021, 12:47

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >