തിരയുക

Vatican News

ആരെ പ്രീതിപ്പെടുത്തണം ? മനുഷ്യരെയോ ദൈവത്തെയോ? പാപ്പായുടെ പൊതുദർശന പ്രഭാഷണം!

പൗലോസപ്പസ്തോലൻ ഗലാത്തിയക്കാർക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ ആധാരമാക്കിയുള്ള പ്രബോധന പരമ്പര.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (30/06/2021) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പതിവുപോലെ പൊതുദര്‍ശനം അനുവദിച്ചു. ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി കഴിഞ്ഞ ആഴ്ചയിലെപ്പോലെ തന്നെ വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അങ്കണത്തിലെത്തിയ പാപ്പായെ ജനങ്ങൾ കരഘോഷത്തോടെ വരവേറ്റു. പതിവുപോലെ കുഞ്ഞുങ്ങളോടു പിതൃവാത്സാല്യം പ്രകടിപ്പിച്ചും അവരെ ആശീര്‍വ്വദിച്ചും, പലരോടും കുശലം പറഞ്ഞും, ഹസ്തദാനമേകിയും ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ പാപ്പാ, സന്ദർശകരിൽ ഒരാൾ സ്വിസ് കാൽഭടൻ വശം കൊടുത്തുവിട്ട പാനീയം രുചിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരാൾ പാപ്പായെ ഒരു മേലാട അണിയിച്ചു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധന പരമ്പര തുടർന്നു.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍  നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം :

ഗലാത്തിയക്കാർക്കുള്ളളലേഖനത്തിൽ ആവിഷ്കൃതമായ പൗലോസപ്പസ്തോലൻറെ ഉത്ക്കണ്ഠ 

നമ്മൾ ഗലാത്തിയക്കാർക്കുള്ള ലേഖനത്തിൻറെ ഉള്ളറയിലേക്ക് പടിപടിയായി പ്രവേശിക്കുകയാണ്. വിശ്വാസം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായവിത്യാസം ഈ ക്രൈസ്തവർക്കിടയിൽ ഉണ്ടായിരുന്നതായി നാം കണ്ടു. അവരുമായുണ്ടായിരുന്ന ബന്ധങ്ങളെയും അകൽച്ചമൂലം അനുഭവപ്പെട്ട അസ്വസ്ഥതയെയും അവരോരോരുത്തരോടും തനിക്കുള്ള മാറ്റമില്ലാത്ത സ്നേഹത്തെയുംക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പൗലോസപ്പസ്തോലൻ തൻറെ കത്ത് എഴുതാൻ തുടങ്ങുന്നു. ഗലാത്തിയക്കാർ ശരിയായ പാത പിന്തുടരേണ്ടതിനെക്കുറിച്ചുള്ള തൻറെ ആശങ്ക അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്: വിശ്വാസത്തിലുള്ള ഒരു സമൂഹത്തിന് ജന്മമേകിയ ഒരു പിതാവിൻറെതായ ആശങ്കയാണ് അത്.  അദ്ദേഹത്തിൻറെ ഉദ്ദേശ്യം സുവ്യക്തമാണ്: സ്വന്തം അസ്തിത്വത്തിൻറെ അടിത്തറയായ യഥാർത്ഥ സ്വത്വം കെട്ടിപ്പടുക്കുന്നതിന് ഗലാത്യക്കാർക്ക് തൻറെ പ്രഭാഷണത്തിൽ നിന്ന് ലഭിച്ച സുവിശേഷത്തിൻറെ പുതുമ ഊന്നിപ്പറയേണ്ടത് ആവശ്യമാണ്.

പൗലോസിൻറെ ജ്ഞാനം, വിവാദങ്ങളോടുള്ള പ്രതികരണം 

ക്രിസ്തുരഹസ്യത്തെക്കുറിച്ച് അഗാധ ജ്ഞാനമുള്ളയാളാണ് പൗലോസ് എന്ന് നമുക്ക് ഉടൻ മനസ്സിലാക്കാൻ സാധിക്കും. കത്തിൻറെ തുടക്കം മുതൽ അദ്ദേഹം തൻറെ വിമർശകർ  ഉന്നയിക്കുന്ന താഴ്ന്നതരം വാദങ്ങൾ ശ്രദ്ധിക്കുന്നില്ല. അപ്പസ്തോലൻ "ഉയരത്തിൽ പറക്കുകയാണ്", കൂടാതെ സമൂഹത്തിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പെരുമാറണം എന്നും കാണിച്ചു തരുന്നു. കത്തിൻറെ അവസാനത്തിൽ മാത്രമാണ്, വാസ്തവത്തിൽ, ഉന്നയിക്കപ്പെട്ട വാദമുഖങ്ങളുടെ കാതൽ, യഹൂദപാരമ്പര്യത്തിൽ സുപ്രധാനമായ, പരിച്ഛേദനമാണെന്ന് വ്യക്തമാക്കുന്നത്. കൂടുതൽ ആഴത്തിലേക്കുള്ള വഴി പൗലോസ് തിരഞ്ഞെടുക്കുന്നു, കാരണം അപകടത്തിലാകുന്നത് സുവിശേഷ സത്യവും അതിൻറെ അവിഭാജ്യ ഘടകമായ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യവുമാണ്. ഒരു ഒത്തുതീർപ്പു വഴി എല്ലാം ശരിയാകും എന്ന മിഥ്യാധാരണ നല്കുന്ന താൽക്കാലിക പരിഹൃതി കാണാൻ  പലപ്പോഴും നാം പ്രലോഭിതരാകുന്നതു പോലെ പ്രശ്‌നങ്ങളുടെ ഉപരിതലത്തിലല്ല അദ്ദേഹം വ്യാപരിക്കുന്നത്. സുവിശേഷത്തിൻറെ പ്രവർത്തനം ഇപ്രകാരമല്ല. ശ്രമകരമായ പാതയാണ് അപ്പസ്തോലൻ തിരഞ്ഞെടുക്കുന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ ഒരുപക്ഷേ ഞാൻ അന്വേഷിക്കുന്നത് മനുഷ്യരുടെ പ്രീതിയാണോ അതോ ദൈവത്തിൻറേതാണോ? അഥവാ, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കാൻ യത്നിക്കുകയാണോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെങ്കിൽ, ക്രിസ്തുവിൻറെ ദാസനാവുകയില്ലായിരുന്നു” (ഗാലാത്തി 1,10).

അയോഗ്യതയെക്കുറിച്ചുള്ള സ്വായാവബോധം 

താൻ ഒരു യഥാർത്ഥ അപ്പോസ്തലനായിരിക്കുന്നത് തൻറെ യോഗ്യതയാലല്ല, പ്രത്യുത, ദൈവത്തിൻറെ  വിളിയാലാണെന്ന്, ആദ്യം തന്നെ, ഗലാത്യക്കാരെ, ഓർമ്മിപ്പിക്കാൻ താൻ ബാധ്യസ്ഥനാണെന്ന അവബോധം പൗലോസ് പുലർത്തുന്നു. ദമാസ്ക്കസിലേക്കുള്ള യാത്രാമദ്ധ്യേ തനിക്ക് ഉത്ഥിതനായ ക്രസ്തുവിൻറെ ദർശനം ഉണ്ടായതോടെ സംഭവിച്ച തൻറെ വിളിയുടെയും മാനസാന്തരത്തിൻറെയും കഥ പൗലോസ് തന്നെ വിവരിക്കുന്നു (അപ്പസ്തോലപ്രവർത്തനം  9,1-9). ആ സംഭവത്തിനു മുമ്പ് അദ്ദേഹത്തിൻറെ ജീവിതം എങ്ങനെയായിരുന്നുവെന്നു നിരീക്ഷിക്കുന്നത് രസകരമാണ്. അദ്ദേഹം തന്നെ പറയുന്നു: “ഞാൻ ദൈവത്തിൻറെ സഭയെ കഠിനമായി പീഢിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. എൻറെ വംശത്തിൽപ്പെട്ട സമപ്രായക്കാരായ അനേകരെക്കാൾ യഹൂദമതകാര്യങ്ങളിൽ ഞാൻ മുൻപന്തിയിലായിരുന്നു; എൻറെ പിതാക്കന്മാരുടെ കാര്യങ്ങളിൽ അത്യധികം തീക്ഷ്ണമതിയുമായിരുന്നു (ഗലാത്തിയർ 1.13-14). യഹൂദമതത്തിൽ താൻ എല്ലാവരെയും മറികടന്നുവെന്ന് പറയാൻ പൗലോസ് ധൈര്യപ്പെടുന്നു, അദ്ദഹം ഒരു തീക്ഷ്ണമതിയായ പരീശനായിരുന്നു, “നീതിയുടെ കാര്യത്തിൽ നിയമത്തിനു മുന്നിൽ കുറ്റമറ്റവനാണ്” (ഫിലിപ്പിയർ 3: 6). "പിതാക്കന്മാരുടെ പാരമ്പര്യങ്ങളുടെ" സംരക്ഷകനും "നിയമത്തിൻറെ കടുത്ത പാലകനുമായിരുന്നു" എന്ന് രണ്ടുതവണ അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഒരു വശത്ത്, താൻ സഭയെ കഠിനമായി ഉപദ്രവിച്ചുവെന്നും താൻ ഒരു ദൈവദൂഷകനും പീഢകനും അക്രമാസക്തനുമായിരുന്നുവെന്നും അദ്ദഹം അടിവരയിട്ടു പറയുന്നു. (1 തിമോ 1:13); മറുവശത്ത്, തന്നോടുള്ള ദൈവത്തിൻറെ കാരുണ്യം  അപ്പസ്തോലൻ ഉയർത്തിക്കാട്ടുന്നു, ഈ കാരുണ്യം, സകലർക്കും അറിയാവുന്ന, സമൂലമായ പരിവർത്തനത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നു.

ബലഹീനതയിൽ വിളങ്ങുന്ന ദൈവത്തിൻറെ ബലം 

കർത്താവിൻറെ മഹത്തായ പ്രവൃത്തികൾക്കുമുന്നിൽ എത്രതവണ സ്വയമേവ ഈ ചോദ്യം ഉയർന്നുവരുന്നു: പാപിയും, ദുർബ്ബലനും, വേധ്യനും ആയ ഒരുവനെ തൻറെ ഹിതം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്നതെങ്ങിനെ? എന്നിരുന്നാലും, ഒന്നും ആകസ്മികമല്ല, കാരണം, എല്ലാം ദൈവത്തിൻറെ പദ്ധതിയിൽ തയ്യാറാക്കിയിട്ടുണ്ട്. അവിടന്ന് നമ്മുടെ ചരിത്രം നെയ്തെടുക്കുന്നു, അവിടത്തെ പരിത്രാണപദ്ധതിയോട് നാം വിശ്വസ്തത പുലർത്തുന്നുവെങ്കിൽ, അത് നമുക്ക് മനസ്സിലാകും. വിളിയിൽ സദാ നമ്മുടെ ഭാഗധേയോന്മുഖമായ ഒരു ദൗത്യം അന്തർലീനമാണ്; അതുകൊണ്ടുതന്നെ, ദൈവം തന്നെയാണ് നമ്മെ അയക്കുകയും അവിടത്തെ കൃപയാൽ നമ്മെ താങ്ങി നിറുത്തുകയും ചെയ്യുന്നതെന്ന ബോധ്യത്തോടുകൂടി ഗൗരവബുദ്ധിയോടെ ഒരുക്കമുള്ളവരായിരിക്കാൻ നാം നിർബന്ധിതരാകുന്നു. സഹോദരീസഹോദരന്മാരേ, ഈ അവബോധം നമ്മെ നയിക്കട്ടെ: കൃപയുടെ പ്രാഥമ്യം അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും സുവിശേഷത്തിൻറെ ശുശ്രൂഷയ്ക്കായി സമർപ്പിക്കാൻ അതിനെ യോഗ്യമാക്കുകയും ചെയ്യുന്നു. കൃപയുടെ സമുന്നതത്വം സകല പാപങ്ങളെയും ആവരണം ചെയ്യുന്നു, ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നു, ജീവിതത്തെ മാറ്റുന്നു, നൂതന സരണികൾ കാട്ടിത്തിരുന്നു. ഇതു നാം മറക്കരുത്. നന്ദി

സമാപനാഭിവാദ്യം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യൂറോപ്പ് വേനലവധിക്കാലത്തിലേക്കു പാദമൂന്നിയിരിക്കുന്നതിനെക്കുറിച്ച് സൂചിച്ച പാപ്പാ ഈ കാലഘട്ടം ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുന്നതിനും  അവിടത്തെ കല്പനകളുടെ പാത ഉപരിസ്വതന്ത്രമായി പിന്തുടരുന്നതിനുമുള്ള അവസരമായി ഭവിക്കട്ടെയെന്ന് ആശംസിച്ചു.

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ജൂൺ 29-ന് പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ തിരുസഭ ആചരിച്ചത് അനുസ്മരിക്കുകയും സഭയുടെ തൂണുകളായ ഇവരുടെ മാതൃകയും നിരന്തര സംരക്ഷണവും ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള ശക്തി പ്രദാനം ചെയ്യുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

30 June 2021, 11:23

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >