സംഘർഷ ഭൂമിയായ ഗാസാ... സംഘർഷ ഭൂമിയായ ഗാസാ... 

പാപ്പാ: മധ്യകിഴക്കൻ നാടുകളുടെ സമാധാനത്തിനായി പ്രാർത്ഥിക്കാം

കത്തോലിക്കരോടു ഫ്രാൻസിസ് പാപ്പായുടെ അടിയന്തിരാഭ്യർത്ഥന

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂൺ ഇരുപത്തേഴാം തിയതി  മധ്യകിഴക്കൻ മേഖലയിലെ  സമാധാനത്തിനായി നടത്തിയ ദിവ്യാരാധനാഘോഷങ്ങളിൽ പങ്കെടുത്ത കത്തോലിക്കാ പാത്രിയാർക്കീസ്മാർക്ക് ഫ്രാൻസീസ് പാപ്പാ  കത്തയച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കാൻ കത്തോലിക്കർ ഞായറാഴ്ച ഒത്തുചേർന്നതിലും ഈ സംരംഭത്തിന് മുൻകൈ എടുത്തതിനും അവരുടെ ഇടയന്മാർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത്. മധ്യ കിഴക്കൻ നാടുകളിലെ കത്തോലിക്കാ പാത്രിയാർക്കീസുമാർ തങ്ങളുടെ മേഖലയെ തിരുക്കുടുംബത്തിന് സമർപ്പണം ചെയ്യുകയും ചെയ്തു.

ലോകം മുഴുവനുമുള്ള കത്തോലിക്കരോടും ഈ പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു. കഷ്ടപ്പാടുകളുടെ നടുവിലും ഇപ്പോഴും സജീവമായതും ക്രിസ്തീയ വിശ്വാസം ജനിച്ചതുമായ നാട്ടിൽ സംവാദത്തിനായും സഹോദര്യ സഹവാസത്തിനായും നടത്തുന്ന പരിശ്രമങ്ങളെ കർത്താവ് താങ്ങിനിറുത്തട്ടെ എന്നും ആ പ്രിയ ജനത്തിന് ദൈവം എന്നും ശക്തിയും, സ്ഥിരതയും ധൈര്യവും നൽകട്ടെ എന്നും പാപ്പാ പ്രാർത്ഥിച്ചു. തന്റെ കത്തിൽ ഈ മേഖലയിലേക്ക് നടത്തിയ അപ്പോസ്തലീക സന്ദർശനങ്ങളും പാപ്പാ അനുസ്മരിച്ചു. വിശുദ്ധനാട്ടിലേക്ക് നടത്തിയ തീർത്ഥാടനം മുതൽ ഈജിപ്ത്, എമിറൈറ്റ്സ്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലൂടെ തന്റെ പദവി ഏറ്റനാൾ മുതൽ അവരുടെ സഹനങ്ങളിൽ സമീപസ്ഥനായിരിക്കാൻ താൻ പരിശ്രമിച്ചിരുന്നെന്നും സിറിയയെയും ലബനോനേയും പ്രാർത്ഥനയിലൂടെയും സഹായങ്ങളിലൂടെയും പിൻതുണയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതും പാപ്പാ ഓർത്തു.

തിരുക്കുടുംബം: സവിശേഷതയും പ്രേഷിതത്വവും

ഞായറാഴ്ച മധ്യകിഴക്കൻ മേഖലയെ സമർപ്പണം ചെയ്ത യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും തിരുകുടുംബത്തെക്കുറിച്ച് ധ്യാനിച്ച പരിശുദ്ധ പിതാവ് മധ്യകിഴക്കൻ കത്തോലിക്കരുടെ അനന്യതയും പ്രേഷിതത്വവുമാണ് തിരുക്കുടുംബം പ്രതിനിധാനം ചെയ്യുന്നത് എന്ന് ഓർമ്മിപ്പിച്ചു. ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ രഹസ്യം കാത്തു സൂക്ഷിച്ചതും  യേശുവിന് ചുറ്റും കെട്ടിപ്പടുത്തതും അവനു വേണ്ടി ജീവിക്കുകയും ചെയ്ത കുടുംബവുമായിരുന്നു അത്. എളിമയുടേയും വിധേയത്വത്തിന്റെയും രഹസ്യമായിരുന്നു ആ കുടുംബം എന്ന് വലിയവരും എളിയവരും ഒരുപോലെ തിരിച്ചറിഞ്ഞതും  ലോകത്തിലെ അധികാരം തിരഞ്ഞവർ പീഡിപ്പിച്ചതുമായ ഒന്നായിരുന്നു തിരുക്കുടുംബം. പാപ്പാ എഴുതി.

പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ ദൈവവിളി

തിരുക്കുടുംബത്തോടുള്ള സമർപ്പണം വഴി എത്രമാത്രം തങ്ങളുടെ വിളി പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് തിരിച്ചറിയാൻ അവിടത്തെ ഓരോ സമൂഹത്തിലേയും കത്തോലിക്കരോടു പാപ്പാ ആവശ്യപ്പെട്ടു. ഈ വിളി ഈ നാട്ടിലെ പൗരനെന്ന നിലയിലുള്ള അവകാശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടാൻ മാത്രമല്ല അവരുടെ അപ്പോസ്തലീക ഉൽഭവം പരിപാലിക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള ദൗത്യം ജീവിക്കാനുംകൂടിയാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ മേഖലയെ ബാധിക്കുന്ന അക്രമങ്ങളെ അപലപിച്ച പാപ്പാ സമാധാനത്തിനായുള്ള മനുഷ്യ പദ്ധതികൾ ദൈവത്തിന്റെ സൗഖ്യശക്തിയിൽ ആശ്രയിച്ചു വേണമെന്നും അനുസ്മരിപ്പിച്ചു.  വെറുപ്പിന്റെ വിഷം കലർന്ന കിണറ്റിൽ നിന്ന് ദാഹം ശമിപ്പിക്കാതെ അവിടത്തെ കോപിറ്റിക്, മറൊണൈറ്റ്, മെൽക്കൈറ്റ്, സിറിയൻ, അർമേനിയൻ, കൽദേയ, ലത്തീൻ പാരമ്പര്യങ്ങളിലെ വലിയ വിശുദ്ധർ ചെയ്തതുപോലെ ഹൃദയ വയലുകൾ പരിശുദ്ധാത്മാവിന്റെ കിരണങ്ങളാൽ നനക്കാനും പാപ്പാ ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ വെളിച്ചം

മധ്യകിഴക്കൻ മേഖലയിൽ ജനിക്കുയും മരിക്കുയും ചെയ്ത ധാരാളം സംസ്കാരങ്ങളെ ഓർമ്മിച്ചുകൊണ്ട് നമ്മുടെ പിതാവായ അബ്രഹാമിന്റെ കാലം മുതൽ ദൈവവചനം നമ്മുടെ ചുവടുകളെ  തെളിച്ചതും തെളിക്കുന്നതുമായ വിളക്കായി നിലനിൽക്കുന്നു എന്നും കത്തോലിക്കരോടു "മനുഷ്യ സാഹോദര്യത്തിന്റെ പ്രവചനം" എന്ന കൊടിക്കീഴിൽ വിശ്വാസത്തിലും, സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലും നിലനിൽക്കാനും ആഹ്വാനം ചെയ്ത പാപ്പാ അവരുടെ നാടിന് യഥാർത്ഥ ഉപ്പായി നമ്മുടെ സമൂഹജീവിതത്തിന് രുചി പകരാനും, സഭയുടെ സാമൂഹിക പ്രബോധനങ്ങൾക്കനുസരിച്ച് പൊതുനന്മയ്ക്കായി സംഭാവനകൾ നൽകാൻ പരിശ്രമിക്കാനും കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2021, 15:55