തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച  (13/06/21) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്ന വിശ്വാസികള്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍! ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (13/06/21) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്ന വിശ്വാസികള്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍!  (AFP or licensors)

ദൈനംദിന കാര്യങ്ങളില്‍ ആവിഷ്കൃതമാകുന്ന ദൈവിക സാന്നിദ്ധ്യം!

ഫ്രാന്‍സീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥനാ വിചിന്തനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വസന്ത ഋതുവിലാണെങ്കിലും വേനല്‍ക്കാലപ്രതീതിയനുഭവപ്പെടുമാറ് സൂര്യതാപം ശക്തമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (13/06/21). അന്ന് മദ്ധ്യാഹ്നത്തിൽ, ഫ്രാൻസീസ് പാപ്പാ, വത്തിക്കാനില്‍  നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാർത്ഥനയിൽ സംബന്ധിക്കുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികള്‍, പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ കരഘോഷത്തോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം പ്രകടിപ്പിച്ചു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (13/06/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 14,26-34  വാക്യങ്ങൾ, അതായത്, യേശു, ദൈവരാജ്യത്തെ, വിത്തു വിതയ്ക്കുന്നതിനോടും കടുകുമണിയോടും താരതമ്യപ്പെടുത്തുന്ന രണ്ട് ഉപമകള്‍ ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നടത്തിയ വിചിന്തനത്തിന്‍റെ മലയാള വിവര്‍ത്തനം :

വിത്തുവിതയ്ക്കലിന്‍റെയും കടുകുമണിയുടെയും ഉപമകള്‍

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമം ഇന്ന് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന ഉപമകൾ - രണ്ട് ഉപമകൾ - സാധാരണ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. യാഥാർത്ഥ്യത്തെ നിരീക്ഷിക്കുകയും ചെറിയ ദൈനംദിന കാര്യങ്ങളിലൂടെ ദൈവത്തിന്‍റെ രഹസ്യത്തിലേക്കും മാനവകാര്യങ്ങളിലേക്കും ജാലകങ്ങൾ തുറക്കുകയും ചെയ്യുന്ന യേശുവിന്‍റെ ശ്രദ്ധാപൂര്‍വ്വമായ നോട്ടത്തെ അവ വെളിപ്പെടുത്തുന്നു. മനസ്സിലാക്കാൻ എളുപ്പമുള്ള രീതിയിലാണ് യേശു സംസാരിച്ചത്, ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങള്‍ പ്രതീകങ്ങളാക്കി അവിടന്ന് സംസാരിച്ചു. അങ്ങനെ, ദൈനംദിന കാര്യങ്ങൾ പോലും, ചിലപ്പോഴൊക്കെ ഒരുപോലെയാണെന്ന് തോന്നുന്നവയും നാം അശ്രദ്ധയോടെയൊ ആയാസകരമായൊ ചെയ്യുന്നവയും ദൈവത്തിന്‍റെ നിഗൂഢ സാന്നിധ്യമുള്ളവയാണെന്ന്, അതായത്, അവയ്ക്ക് ഒരു അർത്ഥമുണ്ടെന്ന് അവിടന്ന് നമ്മെ പഠിപ്പിക്കുന്നു. അതിനാൽ, "എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും" കഴിയുന്നതിന് നമുക്കും ശ്രദ്ധയുള്ള കണ്ണുകൾ ആവശ്യമാണ്.

ചെറിയ കാര്യങ്ങളില്‍ സദാ പ്രവര്‍ത്തന നിരതനായ ദൈവം

ഇന്ന് യേശു ദൈവരാജ്യത്തെ, അതായത് വസ്തുക്കളുടെയും ലോകത്തിൻറെയും ഹൃദയത്തിൽ വസിക്കുന്ന തന്‍റെ  സാന്നിദ്ധ്യത്തെ കടുകുമ‌ണിയോട്, അതായത് ഉള്ളതില്‍ ഏറ്റവും ചെറുതെന്നു കരുതപ്പെടുന്ന വിത്തിനോട് താരതമ്യപ്പെടുത്തുന്നു: അത് വളരെ ചെറുതാണ്. എന്നിട്ടും, നിലത്തു പാകിക്കഴിഞ്ഞാല്‍ അത് വലിയ ചെടിയായി വളരുന്നു (മർക്കോസ് 4: 31-32). ദൈവം ചെയ്യുന്നത് അങ്ങനെയാണ്. ചില സമയങ്ങളിൽ, ഒന്നു നില്ക്കുന്നതിലും കര്‍ത്താവ് ചരിത്രത്തെ നയിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലും നിന്ന്, ലോകത്തിന്‍റെ  കോലാഹലങ്ങള്‍, നമ്മുടെ ദിനങ്ങളെ മുഖരിതമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾക്കൊപ്പം, നമ്മെ തടയുന്നു. എന്നിരുന്നാലും, ദൈവമാക‌ട്ടെ, നിശബ്ദമായി സാവധാനം മുളപൊട്ടുന്ന  നല്ലൊരു ചെറു വിത്തെന്ന പോലെ പ്രവര്‍ത്തനനിരതനാണെന്ന് സുവിശേഷം ഉറപ്പു നല്‍കുന്നു.

വലിയ വൃക്ഷമായിത്തീരുന്ന ചെറിയ വിത്തിന്‍റെ നിഗൂഢമായ വളര്‍ച്ച

സാവധാനം അത് ജീവനും തണലുമേകുന്ന വലിയ വൃക്ഷമായിത്തീരുന്നു. നമ്മുടെ സൽപ്രവൃത്തികളുടെ വിത്തും നിസ്സാരമായി തോന്നാം; എങ്കിലും, നന്മയായി‌ട്ടുള്ള സകലവും ദൈവത്തിന്‍റേതാണ്, ആകയാല്‍ അത് താഴ്മയോടെ സാവധാനം ഫലം പുറപ്പെടുവിക്കുന്നു. നന്മ എളിയ രീതിയിലും നഗൂഢമായ വിധത്തിലും, പലപ്പോഴും, അദൃശ്യമായ രീതിയില്‍ വളരുന്നു എന്നത് നമുക്ക് ഓർമ്മിക്കാം.

ആത്മവിശ്വാസം പകരുന്ന യേശു

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ ഉപമയിലൂടെ യേശു നമുക്ക് വിശ്വാസം പകരാന്‍ അഭിലഷിക്കുന്നു. ജീവിതത്തിലെ പല സാഹചര്യങ്ങളിലും, വാസ്തവത്തിൽ, നമുക്ക് നിരാശയുണ്ടാകാം, കാരണം തിന്മയുടെ പ്രത്യക്ഷ ശക്തിയുമായി തുലനം ചെയ്യുമ്പോൾ നാം നന്മയുടെ ബലഹീനതയാണ് കാണുന്നത്. നാം അദ്ധ്വാനിച്ചിട്ടും ഫലമില്ലെന്നും കാര്യങ്ങള്‍ക്ക്  മാറ്റമുണ്ടാകുന്നില്ലെന്നും  കാണുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് നാം തളര്‍ന്നുപോകാം. നമ്മെയും യാഥാർത്ഥ്യത്തെയും കുറിച്ച് ഒരു പുതിയ വീക്ഷണം പുലര്‍ത്താന്‍ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നു; നമ്മുടെ ജീവിത മണ്ഡലത്തിലും ചരിത്രത്തിലും എളിയ സ്നേഹം എന്ന നിലയിൽ സദാ പ്രവര്‍ത്തനനിരതമായ ദൈവസാന്നിദ്ധ്യം സകലത്തിനുമപ്പുറം, പ്രത്യേകിച്ച് ഗോചരമായവയ്ക്കപ്പുറം കാണാന്‍ കഴിയുന്ന  വിശാല നേത്രങ്ങള്‍ വേണമെന്ന് അത് പറയുന്നു. ഇതാണ് നമ്മുടെ വിശ്വാസം, ഇതാണ് ഫലദായകമായ നന്മ വിതച്ചുകൊണ്ട് അനുദിനം ക്ഷമയോടെ മുന്നോട്ട് പോകാൻ നമുക്ക് ശക്തി പ്രദാനം ചെയ്യുന്നത്. ഇന്ന് മഹാമാരിയില്‍ നിന്ന്  പുറത്തുകടക്കുന്നതിനും ഈ മനോഭവം എത്രമാത്രം പ്രധാനമാണ്! നാം ദൈവത്തിന്‍റെ കരങ്ങളിലാണ് എന്ന ആത്മവിശ്വാസം വളർത്തിയെടുക്കുക, അതേ സമയം തന്നെ,  ക്ഷമയോടും സ്ഥിരതയോടും കൂടി പുനർനിർമിക്കാനും പുനരാരംഭിക്കാനും പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുക.

അവിശ്വാസത്തിന്‍റെ കളകള്‍

അവിശ്വാസത്തിന്‍റെ കളകൾ സഭയിലും വേരുപിടിച്ചേക്കാം, പ്രത്യേകിച്ചും വിശ്വാസ പ്രതിസന്ധിക്കും വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും പരാജയത്തിനും നാം സാക്ഷ്യം വഹിക്കുമ്പോൾ. എന്നാൽ വിതച്ചതിന്‍റെ ഫലങ്ങൾ നമ്മുടെ കഴിവുകളെ ആശ്രയിച്ചല്ല എന്നത് നാം ഒരിക്കലും മറക്കരുത്: അവ ദൈവത്തിന്‍റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. വിതയ്ക്കുക നമ്മുടെ കടമയാണ്, സ്നേഹത്തോടും പ്രതിജ്ഞാബദ്ധതയോടും ക്ഷമയോടും കൂടി വിതയ്ക്കുക. എന്നാൽ വിത്തിന്‍റെ ശക്തി ദൈവികമാണ്. അത് യേശു ഇന്നത്തെ ഇതര ഉപമയിൽ വിശദീകരിക്കുന്നു: കൃഷിക്കാരൻ വിത്തെറിയുന്നു, അത് എങ്ങനെ ഫലം പുറപ്പെ‌ടുവിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. കാരണം അവനറിയാതെയാണ് വിത്ത് രാത്രിയും പകലും സ്വമേധയാ വളരുന്നത് (മര്‍ക്കോസ് 4,26-29). ദൈവസാന്നിധ്യം വരണ്ട മണ്ണിൽ പോലും എപ്പോഴും പുതിയ ചെടി തളിരിടുന്നത് സാധ്യമാക്കുമെന്ന പ്രതീക്ഷയു‌ണ്ട്.

കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം

കർത്താവിന്റെ എളിയ ദാസിയായ ഏറ്റം പരിശുദ്ധയായ മറിയം, ചെറിയ കാര്യങ്ങളില്‍ പ്രവർത്തിക്കുന്ന ദൈവത്തിന്‍റെ മഹത്വം കാണാനും നിരാശയാകുന്ന പ്രലോഭനത്തെ ജയിക്കാനും നമ്മെ പഠിപ്പിക്കട്ടെ. അനുദിനം നമുക്ക് അവിടന്നില്‍ വിശ്വാസമര്‍പ്പിക്കാം!

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

എത്യോപ്യയില്‍ തിഗ്രെ പ്രദേശത്തെ ക്ഷാമാവസ്ഥ

ഏറ്റവും പാവപ്പെട്ടവരെ ക്ഷാമത്തിലേക്കു തള്ളിയിടുന്ന ഗുരുതരമായ മാനവിക പ്രതിസന്ധയിലുഴലുന്ന എത്യോപ്യയിലെ തീഗ്രെ പ്രദേശത്തെ ജനങ്ങളെ പാപ്പാ ആശീര്‍വ്വാദാനന്തരം അനുസ്മരിച്ചു.

താന്‍ അവരുടെ ചാരെയുണ്ടെന്ന് പാപ്പാ തദ്ദവസരത്തില്‍ ഉറപ്പുനല്കി.

ഇന്ന് അവിടെ ക്ഷാമവും പട്ടിണിയുമുണ്ടെന്നത് വേദനയോടെ അനുസ്മരിച്ച പാപ്പാ അവിടെ അരങ്ങേറുന്ന അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കേണ്ടതിന്‍റെയും എല്ലാവർക്കും ഭക്ഷണവും ആരോഗ്യ സഹായവും ഉറപ്പുനൽകേണ്ടതിന്‍റെയും സാമൂഹിക ഐക്യം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്‍റെയും ആവശ്യകത ചൂണ്ടിക്കാട്ടിക്കാട്ടി.

ജനങ്ങളുടെ കഷ്ടപ്പാടുകളില്‍ ആശ്വാസം പകരാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും  നന്ദി പ്രകാശിപ്പിച്ച പാപ്പാ പരിശുദ്ധ കന്യാകമറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

ബാലവേലവിരുദ്ധ ദിനം

ബാലവേലവിരുദ്ധ ലോകദിനം ശനിയാഴ്ച (12/06/21) ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.

കളിക്കാനും പഠിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം നഷ്ടപ്പെട്ട കുട്ടികളെ ചൂഷണം ചെയ്യുന്നതിനു നേര്‍ക്ക് കണ്ണുകൾ അടയ്ക്കാൻ കഴിയില്ല എന്ന് പാപ്പാ പറഞ്ഞു.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) കണക്കനുസരിച്ച്, ലോകത്തില്‍ 15കോടിയിലധികം കുട്ടികള്‍ തൊഴില്‍ മേഖലയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. അത് ഒരു ദുരന്തമാണെന്ന് പാപ്പാ പറഞ്ഞു.

ഈ സംഖ്യ ഏതാണ്ട് ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ നാടുകളിലെ മൊത്ത ജനസംഖ്യയോടടുത്തുവരും എന്നും പാപ്പാ സൂചിപ്പിച്ചു.

ബാലവേല വഴി നിരവധി കുട്ടികളാണ് ഇന്ന് ചൂഷണത്തിനിരകളാകുന്നതെന്നു പറഞ്ഞ പാപ്പാ, നമ്മുടെ ഈ കാലഘട്ടത്തിലെ ഈ അടിമത്തം ഇല്ലായ്മ ചെയ്യുന്നതിനുള്ള സംഘാതയത്നം നവീകരിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

മദ്ധ്യധരണ്യാഴി ഒരു ശവപ്പറമ്പായി മാറുന്നു

2015 ഏപ്രില്‍ 8-ന് തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച (13/06/21) ഉച്ചതിരിഞ്ഞ് സിസിലിയിലെ ഔഗുസ്തായിലേക്കു കൊണ്ടുവരുന്ന ചടങ്ങിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഇത് മദ്ധ്യധരണ്യാഴിയിലെ നിരവധിയായ ദുരന്തങ്ങളുടെ പ്രതീകമാണെന്നും അത് നിസ്സംഗതയുടെ മതിലുകളെ തകര്‍ക്കുന്ന സുദൃഢമായ ഒരു മാനവികതയുടെ വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യം ഒരുക്കാന്‍ സകലരുടെയും മനസ്സാക്ഷിയെ ആഹ്വാനം ചെയ്യുന്നുവെന്നും പറഞ്ഞു.

മദ്ധ്യധരണ്യാഴി യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരിയായി മാറിയതിനെക്കുറിച്ചു ചിന്തിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

വര്‍ഷംതോറും ജൂണ്‍ 14-ന് രക്തദാതാക്കളുടെ ലോകദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. 

ഈ രംഗത്തുള്ള സന്നദ്ധപ്രവര്‍ത്തര്‍ക്ക് നന്ദി പ്രകാശിപ്പിച്ച പാപ്പാ  ഉദാരതയുടെയും സൗജന്യത്തിന്‍റെയും മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുന്നേറാന്‍ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. 

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, റോം ഉള്‍പ്പടെ ഇറ്റലിയിലെ വിവിധ നഗരങ്ങളിലും മറ്റ് നാടുകളിലും നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്യുകയും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

14 June 2021, 12:49

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >