തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥാനാ വേളയില്‍,, വത്തിക്കാന്‍, 06/06/2021 ഞായര്‍ ഫ്രാന്‍സീസ് പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥാനാ വേളയില്‍,, വത്തിക്കാന്‍, 06/06/2021 ഞായര്‍  (Vatican Media)

ദിവ്യകാരുണ്യത്തിന്‍റെ ഭംഗുരതയില്‍ തെളിയുന്ന കരുത്ത്!

പാപ്പായുടെ ത്രികാലജപ സന്ദേശം- ക്രിസ്തുവിന്‍റെ തിരുമാംസ രക്തങ്ങളുടെ തിരുന്നാള്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായറാഴ്ചയും (06/06/21) മദ്ധ്യാഹ്നത്തിൽ, ഫ്രാൻസീസ് പാപ്പാ, വത്തിക്കാനില്‍ത്രികാലപ്രാര്‍ത്ഥന നയിച്ചു. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന ആരംഭിക്കുന്നതിനായി പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (06/06/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 14,12-16 ഉം 22-26 ഉം വരെയുള്ള വാക്യങ്ങൾ, അതായത്, അന്ത്യഅത്താഴവിരുന്നൊരുക്കാന്‍യേശു ശിഷ്യരോടു പറയുന്നതും അവസാന അത്താഴത്തിനു ശേഷം അവര്‍ഒലിവുമലയിലേക്കു പോകുന്നതുമായ ഭാഗം    ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ :

ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന്, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെയും രക്തത്തിന്‍റെയും തിരുന്നാള്‍ആഘോഷിക്കുന്നു. അന്ത്യ അത്താഴത്തെക്കുറിച്ചുള്ള വിവരണമാണ് സുവിശേഷം അവതരിപ്പിക്കുന്നത്. (മർക്കോസ് 14:12-16.22-26). കർത്താവിന്‍റെ വചനപ്രവര്‍ത്തികള്‍ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നവയാണ്: അവിടന്ന് അപ്പം കൈയ്യിൽ എടുത്ത്, വാഴ്ത്തി, മുറിച്ച്, ഇപ്രകാരം അരുളിച്ചെയ്തുകൊണ്ട് ശിഷ്യന്മാർക്ക് നല്കുന്നു: "ഇത് സ്വീകരിക്കുവിന്‍, ഇത് എന്‍റെ ശരീരമാണ്" (വാക്യം 22).

സ്വയം മുറിച്ചു നല്കുന്ന യേശു

അപ്രകാരം, ലാളിത്യത്തോടെയാണ്, യേശു നമുക്ക് ഏറ്റവും മഹത്തായ കൂദാശ പ്രദാനം ചെയ്യുന്നത്. ദാനം ചെയ്യലിന്‍റെ എളിയ പ്രവൃത്തിയാണ്, പങ്കുവയ്ക്കലിന്‍റെ ചെയ്തിയാണ് അവിടത്തേത്. സ്വന്തം ജീവിതത്തിന്‍റെ ഉച്ചസ്ഥായിയില്‍, അവിടന്ന് ജനക്കൂട്ടത്തെ പോറ്റാൻ അപ്പം സമൃദ്ധമായി വിതരണം ചെയ്യുകയല്ല, മറിച്ച് ശിഷ്യന്മാരോടൊപ്പമുള്ള പെസഹാ അത്താഴ വേളയില്‍ തന്നെത്തന്നെ മുറിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം യേശു നമുക്കു കാണിച്ചുതരുന്നത്, ജീവിതത്തിന്‍റെ ലക്ഷ്യം സ്വയം നൽകലാണ്, ഏറ്റവും മഹത്തായ കാര്യം ശുശ്രൂഷയേകലാണ് എന്നാണ്. ഇന്ന്‌നാം ദൈവത്തിന്‍റെ മഹത്വം ഒരു അപ്പക്കഷണത്തില്‍, സ്നേഹത്തിലും പങ്കുവയ്ക്കുന്നതിലും കവിഞ്ഞൊഴുകുന്ന ഒരു ദുർബ്ബലതയിൽ ദര്‍ശിക്കുന്നു. ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്ന വാക്കാണ് ദുർബ്ബലത. മുറിക്കപ്പെടുന്നതും ശകലങ്ങളായിത്തീരുന്നതുമായ അപ്പം പോലെ ബലഹീനനായിത്തീരുന്നു യേശു. എന്നാൽ ആ ബലഹീനതയിലാണ്, അവിടത്തെ ദുർബ്ബലതയിൽ, ആണ് അവിടത്തെ ശക്തി കുടികൊള്ളുന്നത്. ദിവ്യകാരുണ്യത്തില്‍ആ ദുർബ്ബലത ശക്തിയാണ്: സ്വീകരിക്കപ്പെടാനും ഭയപ്പെടാതിരിക്കാനും വേണ്ടി ചെറുതായിത്തീരുന്ന സ്നേഹത്തിന്‍റെ ശക്തിയാണത്; ജീവന് പോഷണമാകാനും ജീവനേകാനും മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന സ്നേഹത്തിന്‍റെ ശക്തിയാണത്; നമ്മെ എല്ലാവരെയും ഐക്യത്തില്‍ ഒന്നാക്കിത്തീര്‍ക്കുന്നതിനായി വിഘടിക്കുന്ന സ്നേഹത്തിന്‍റെ ശക്തി.

തെറ്റിപ്പോകുന്നവരെയും സ്നേഹിക്കാനുള്ള കരുത്ത്

ദിവ്യകാരുണ്യത്തിന്‍റെ ഭംഗുരതയിൽ തെളിഞ്ഞുവരുന്ന മറ്റൊരു ശക്തിയുണ്ട്: തെറ്റിപ്പോകുന്നവരെ സ്നേഹിക്കാനുള്ള കരുത്താണ് അത്. താന്‍ഒറ്റിക്കൊടുക്കപ്പെടുന്ന രാത്രിയിലാണ് യേശു നമുക്ക് ജീവന്‍റെ അപ്പം നൽകുന്നത്. സ്വന്തം ഹൃത്തില്‍അഗാധതമമായ ഒരു ഗര്‍ത്തത്തിന്‍റെ അനുഭവം ഉണ്ടാകുന്നതിനിടയിലാണ് അവിടന്ന് നമുക്ക് ഏറ്റവും മഹത്തായ സമ്മാനം നൽകുന്നത്: തന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന, ഒരേ തളികയില്‍ അപ്പക്കഷണം മുക്കുന്ന ശിഷ്യന്‍, അവിടത്തെ ഒറ്റിക്കൊടുക്കുന്നു. സ്നേഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിശ്വാസവഞ്ചന ഏറ്റവും വലിയ വേദനയാണ്. യേശു എന്താണ് ചെയ്യുന്നത്? തിന്മയോട് വലിയ നന്മകൊണ്ട് പ്രതികരിക്കുന്നു. യൂദാസിന്‍റെ "തിരസ്കരണത്തോട്" അവിടന്ന് കാരുണ്യത്തിന്‍റെ “അനുകൂലഭാവത്തോടെ” ഉത്തരം നൽകുന്നു. അവിടന്ന് പാപിയെ ശിക്ഷിക്കുകയല്ല, മറിച്ച്, അവനുവേണ്ടി ജീവൻ നൽകുകയും അവനുവേണ്ടി വില നൽകുകയും ചെയ്യുന്നു. നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ, യേശു നമ്മോടും അതുതന്നെ ചെയ്യുന്നു: അവിടന്ന് നമ്മെ അറിയുന്നു, നാം പാപികളാണെന്ന് അവിടത്തേക്കറിയാം, നമുക്ക് ഏറെ തെറ്റുകള്‍പറ്റുന്നുണ്ടെന്ന് അവിടന്നറിയുന്നു, എന്നാല്‍, തന്‍റെ ജീവതത്തെ നമ്മുടെ ജീവിതത്തോട് ഐക്യപ്പെടുത്തുകയെന്നത് അവിടന്ന് ഉപേക്ഷിക്കുന്നില്ല. നമുക്കത് ആവശ്യമാണെന്ന് അവിടത്തേക്കറിയാം, കാരണം ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള സമ്മാനമല്ല, അല്ല, അത് പാപികളുടെ അപ്പമാണ്. അതുകൊണ്ടാണ് അവിടന്ന് നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്: “ഭയപ്പെടേണ്ട! എടുത്ത് ഭക്ഷിക്കുക”.

 നമ്മുടെ ബലഹീനതകൾക്ക് പുതിയ പൊരുളേകുന്ന ദിവ്യകാരുണ്യ സ്വീകരണം

ജീവന്‍റെ അപ്പം സ്വീകരിക്കുമ്പോഴെല്ലാം, യേശു, നമ്മുടെ ബലഹീനതകൾക്ക് പുതിയൊരു അർത്ഥം നൽകാൻ വരുകയാണ്. അവിടത്തെ നയനങ്ങള്‍ക്കു  മുന്നില്‍ നമ്മള്‍, നാം ചിന്തിക്കുന്നതിനേക്കാൾ വിലപ്പെട്ടവരാണെന്ന് അവിടന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ബലഹീനതകൾ അവിടന്നുമായി പങ്കുവയ്ക്കുന്നതില്‍ അവിടന്ന് സന്തുഷ്ടനാണെന്ന് അവിടന്ന് നമ്മോട് പറയുന്നു. തന്‍റെ കാരുണ്യം നമ്മുടെ ദുരിതങ്ങളെ ഭയപ്പെടുന്നില്ലെന്ന് അവിടന്ന് നമ്മോട് ആവർത്തിക്കുന്നു. യേശുവിന്‍റെ കരുണ നമ്മുടെ ദുരവസ്ഥകളെ ഭയപ്പെടുന്നില്ല. സര്‍വ്വോപരി, നമുക്ക് സ്വയം സുഖപ്പെടുത്താൻ കഴിയാത്ത ആ ബലഹീനതകളിൽ നിന്നു് അവിടന്ന് നമ്മെ സ്നേഹത്താൽ സൗഖ്യമാക്കുന്നു. ഏവയാണ് ഈ ദുർബ്ബലതകൾ? നാം ചിന്തിച്ചേക്കാം. നമ്മെ ദ്രോഹിച്ചവരോടുള്ള നീരസം - ഇത് നമുക്ക് സ്വയം സുഖപ്പെടുത്താൻ കഴിയില്ല-; മറ്റുള്ളവരിൽ നിന്ന് അകന്നു നില്ക്കുകയും സ്വയം ഒറ്റപ്പെടുത്തുകയും ചെയ്യല്‍ - ഇതും നമുക്ക് തനിച്ച് ഭേദമാക്കാനാകില്ല-; സ്വയം സഹതപിക്കുകയും സമാധാനം കണ്ടെത്താതെ കേഴുകയും ചെയ്യല്‍ - ഇതും നമുക്ക് സ്വയം സുഖപ്പെടുത്താൻ കഴിയില്ല. സ്വന്തം സാന്നിധ്യത്താല്‍ തന്‍റെ അപ്പത്താല്‍, ദിവ്യകാരുണ്യത്താല്‍ നമ്മെ സുഖപ്പെടുത്തുന്നത് അവിടന്നാണ്. 

നമ്മുടെ സ്വയം അടച്ചിടലിനെതിരായ മരുന്ന് - ദിവ്യകാരുണ്യം

അടച്ചുപൂട്ടലുകൾക്കെതിരായ ഫലപ്രദമായ മരുന്നാണ് ദിവ്യകാരുണ്യം. തീർച്ചയായും, ജീവന്‍റെ അപ്പം കാഠിന്യമേറിയതിനെ സൗഖ്യമാക്കുകയും മയപ്പെടുത്തുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സഖ്യം നല്‍കുന്നു, കാരണം അത് യേശുവുമായി ഐക്യപ്പെടുത്തുന്നു: അവിടത്തെ ജീവിതശൈലിയും സ്വയം വിഭജിക്കാനും സഹോദരങ്ങള്‍ക്ക് ദാനമായിത്തീരാനുമുള്ള അവിടത്തെ കഴിവും സ്വായത്തമാക്കാനും തിന്‍മയോടു നന്മകൊണ്ട് പ്രതികരിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. നമ്മില്‍നിന്ന് പുറത്തുകടക്കാനും, ദൈവം നമ്മോടു ചെയ്യുന്നതു പോലെ, മറ്റുള്ളവരുടെ ബലഹീനതകള്‍ക്കു മുന്നില്‍ സ്നേഹത്തോടെ കുമ്പിടാനുമുള്ള ധൈര്യം ഇത് പ്രദാനം ചെയ്യുന്നു. ഇതാണ് ദിവ്യകാരുണ്യത്തിന്‍റെ യുക്തി: മറ്റുള്ളവരെ സ്നേഹിക്കുന്നതിനും അവരുടെ ബലഹീനതകളിൽ സഹായിക്കുന്നതിനുമായി നമ്മെ സ്നേഹിക്കുകയും നമ്മുടെ ബലഹീനതകളെ സുഖപ്പെടുത്തുകയും ചെയ്യുന്ന യേശുവിനെ നാം സ്വീകരിക്കുന്നു. ഇത്, ജീവിതത്തിലുടനീളം സംഭവിക്കുന്നു. ഇന്ന്, യാമപ്രാര്‍ത്ഥനയില്‍, നമ്മള്‍ ഒരു പ്രാർത്ഥന ചൊല്ലി: യേശുവിന്‍റെ ജീവിതത്തെ മുഴുവൻ സംഗ്രഹിക്കുന്ന നാല് വാക്യങ്ങൾ. അവ നമ്മോട് പറയുന്നത് ഇതാണ്: ജനനം വഴി യേശു ജീവിതത്തിൽ സഹയാത്രികനായി; അത്താഴ വേളയില്‍ അവിടന്ന് സ്വയം ഭോജ്യമായി നല്കി; കുരിശില്‍, മരണം വഴി, അവിടന്ന് സ്വയം "മോചനദ്രവ്യം" ആയി, നമുക്കായി സ്വയം വിലയായ് നല്കി, നമുക്കുവേണ്ടി പ്രാ‍ര്‍ത്ഥിച്ചു; ഇപ്പോൾ, സ്വർഗ്ഗത്തിൽ വാഴുന്ന അവിടന്ന്, നാം അന്വേഷിക്കുന്നതും നമ്മെ കാത്തിരിക്കുന്നതുമായ സമ്മാനമാണ്. 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

ദൈവം ആരില്‍ മാംസം ധരിച്ചുവോ ആ പരിശുദ്ധ കന്യക നമ്മെ ദിവ്യകാരുണ്യമെന്ന സമ്മാനം നന്ദിയുള്ള ഹൃദയത്തോടെ സ്വീകരിക്കുന്നതിനും നമ്മുടെ ജീവിതം ഒരു ദാനമായി മാറ്റുന്നതിനും സഹായിക്കട്ടെ. ദിവ്യകാരുണ്യെ നമ്മെ സകലര്‍ക്കുമുള്ള ഒരു ദാനമായി മാറ്റട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

കാനഡയിലെ കാംലൂപ്സ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഗതകാല ദുരന്തം

ആശീർവ്വാദനാന്തരം പാപ്പാ, കാനഡയിലെ ബ്രിട്ടീഷ് കൊളുംബിയായില്‍, കാംലൂപ്സ് ഇന്ത്യന്‍ റസിഡെന്‍ഷ്യല്‍സ്കൂളിലെ (Kamloops Indian Residential School) 215 കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍തന്‍റെ വേദന അറിയിച്ചു.

ക്ഷോഭജനകമായ ഈ വാര്‍ത്ത ആഘാതമേല്പിച്ചിരിക്കുന്ന കാനഡയിലെ ജനങ്ങളുടെ ചാരെ അന്നാട്ടിലെ കത്തോലിക്കാമെത്രന്മാരോടും പ്രാദേശിക കത്തോലിക്കാസഭയോടുമൊപ്പം താനും ഉണ്ടെന്ന് പാപ്പാ അറിയിച്ചു. ദുഃഖകരമായ ഈ കണ്ടത്തല്‍ഗതകാല വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമാക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഖേദകരമായ ഈ സംഭവത്തിലേക്ക് വെളിച്ചം വീശുന്നതിന് നിശ്ചയദാര്‍ഡ്യത്തോടെ പരിശ്രമിക്കുന്നതിനും അനുരഞ്ജനത്തിന്‍റെയും സൗഖ്യത്തിന്‍റെയും പ്രയാണം ആരംഭിക്കുന്നതിന്  താഴ്മയോടെ പരിശ്രമിക്കുന്നതിനും കാനഡയിലെ രാഷ്ട്രീയ, മത അധികാരികളുടെ സഹകരണം തുടർന്നും ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കോളണിവത്കൃത മാതൃകവിട്ട് തോളോടുതോള്‍ചേര്‍ന്ന് സംഭാഷണത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും  കാനഡയുടെ എല്ലാ മക്കളുടെയും അവകാശങ്ങളോടും സാംസ്കാരിക മൂല്യങ്ങളോടുമുള്ള അംഗീകാരത്തിന്‍റെയും 

പാതയില്‍ചരിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ഇത്തരം ക്ലേശകരങ്ങളായ വേളകളെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

കാനഡയിലെ റെസിഡൻഷ്യൽ സ്കൂളിൽ മരിച്ച എല്ലാ കുട്ടികളുടെയും ആത്മാക്കളെ  കർത്താവിന് സമര്‍പ്പിക്കാനും കുഞ്ഞുങ്ങളുടെ മരണത്തില്‍ വേദനയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും തദ്ദേശിയ സമൂഹത്തിനും വേണ്ടി പ്രാ‍ര്‍ത്ഥിക്കാനും പാപ്പാ എല്ലാവരെയും  ക്ഷണിക്കുകയും ചെയ്തു. 

ബുര്‍ക്കിനൊ ഫോസൊയിലെ ഭീകരാക്രമണത്തില്‍ പാപ്പായുടെ വേദന

ആഫ്രിക്കന്‍നാടായ ബുർക്കിന ഫാസോയിലെ ഒരു ചെറിയ പട്ടണത്തിൽ വെള്ളിയാഴ്ച (04/06/21) രാത്രിയില്‍ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിച്ചു.

ആവർത്തിക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങളാല്‍ ഏറെ യാതനകളനുഭവിക്കുന്ന കുടുംബാംഗങ്ങളുടെയും മൊത്തം ബുർക്കിനാബേ (Burkinabé) ജനതയുടെയും ചാരെ താനുണ്ടെന്ന് പാപ്പാ പറഞ്ഞു.

ആഫ്രിക്കയ്ക്ക് അക്രമമല്ല സമാധാനമാണ് ആവശ്യമെന്നും പാപ്പാ  പ്രസ്താവിച്ചു.

നവവാഴ്ത്തപ്പെട്ട  മരിയ ലൗറ മയിനേത്തി

ഞായറാഴ്ച (06/06/21) ഉത്തര ഇറ്റലിയിലെ കോമൊ രൂപതയില്‍പെട്ട ക്യവേന്നയില്‍കുരിശിന്‍റെ പുത്രികളുടെ സന്ന്യാസിനിസമൂഹാംഗമായ കന്യാസ്ത്രി മരിയ ലൗറ മയിനേത്തി (Maria Laura Mainetti) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

സാത്താന്‍സേവികകളായ മൂന്നു പെണ്‍കുട്ടികള്‍21 വര്‍ഷം മുമ്പ് വധിച്ച നവവാഴ്ത്തപ്പെട്ട മരിയ ലൗറ മയിനേത്തി എല്ലാറ്റിലുമുപരിയായി യുവതയെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെന്ന് പറഞ്ഞ പാപ്പാ  മരിയയെ വധിച്ച, തിന്‍മയുടെ തടവുകാരായിരുന്ന ഈ മൂന്നു പെണ്‍കുട്ടികളോടു അവള്‍ക്ഷമിച്ചത് പ്രത്യേകം അനുസ്മരിച്ചു.

“ഒരോ ചെറിയ കാര്യവും വിശ്വാസത്തോടും സ്നേഹത്തോടും ഉത്സാഹത്തോടും കുടി ചെയ്യുക” എന്നതാണ് നവവാഴ്ത്തപ്പെട്ട മരിയ നമുക്കു നല്കിയിരിക്കുന്ന ജീവിത പരിപാടിയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

"സമാധാനത്തിനായി ഒരു മിനിറ്റ്"  -വിശുദ്ധനാടിനും മ്യന്മാറിനും വേണ്ടി പ്രാര്‍ത്ഥിക്കുക

ജൂണ്‍8-ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഒരു മിനിറ്റ് സമാധാനത്തിനായി സമര്‍പ്പിക്കാന്‍അന്താരാഷ്ട്ര കത്തോലിക്കാ പ്രവര്‍ത്തനം ആഹ്വാനം ചെയ്യുന്നത് അനുസ്മരിച്ച പാപ്പാ അവനവന്‍റെ മതപാരമ്പര്യമനുസരിച്ച് അതാചരിക്കാന്‍എല്ലാവരെയും ക്ഷണിച്ചു. വിശുദ്ധനാടിനും മ്യന്മാറിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

സമാപനാഭിവാദ്യം

ഇറ്റലി, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്ത പാപ്പാ, എല്ലാവർക്കും ത്രികാല പ്രാർത്ഥനാപരിപാടിയുടെ അവസാനം  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

07 June 2021, 12:10

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >