ഇരുമ്പുകമ്പികള്‍ക്കിടയില്‍ - ബാലവേലയുടെ ഒരു ദൃശ്യം, യെമനില്‍ നിന്ന്. ഇരുമ്പുകമ്പികള്‍ക്കിടയില്‍ - ബാലവേലയുടെ ഒരു ദൃശ്യം, യെമനില്‍ നിന്ന്. 

കിശോരത്തൊഴില്‍ ഉന്മൂലനോന്മുഖ സംഘാത യത്നം നവീകരിക്കുക, പാപ്പാ!

ലോകത്തില്‍ തൊഴിലിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളുടെ സംഖ്യ 15 കോടിയിലധികം. ബാലവേല എന്ന അടിമത്തം അവസാനിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബാലവേല ഒരു ദുരന്തമാണെന്ന് മാര്‍പ്പാപ്പാ.

ജൂണ്‍ 12-ന് ശനിയാഴ്ച (12/06/21) ബാലവേലവിരുദ്ധ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചത് ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (13/06/21) മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ അനുസ്മരിക്കുകയായിരുന്നു.

കളിക്കാനും പഠിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം നഷ്ടപ്പെട്ട കുട്ടികളെ ചൂഷണം ചെയ്യുന്നതിനു നേര്‍ക്ക് കണ്ണുകൾ അടയ്ക്കാൻ ആവില്ല എന്ന് പാപ്പാ പറഞ്ഞു.

അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ILO) കണക്കനുസരിച്ച്, ലോകത്തില്‍ 15 കോടിയിലധികം കുട്ടികള്‍ തൊഴില്‍ മേഖലയില്‍ ചൂഷിതരാകുന്നുണ്ടെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. അത് ഒരു ദുരന്തമാണെന്ന് പാപ്പാ പറഞ്ഞ പാപ്പാ ഈ സംഖ്യ ഏതാണ്ട് ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ നാടുകളിലെ മൊത്ത ജനസംഖ്യയോടടുത്തുവരും എന്നും സൂചിപ്പിച്ചു.

ബാലവേല വഴി നിരവധി കുട്ടികളാണ് ഇന്ന് ചൂഷണത്തിനിരകളാകുന്നതെന്നു പറഞ്ഞ പാപ്പാ നമ്മുടെ ഈ കാലഘട്ടത്തിലെ ഈ അടിമത്തം ഇല്ലായ്മ ചെയ്യുന്നതിനുള്ള സംഘാതയത്നം നവീകരിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

കിശോര തൊഴില്‍ ഉന്മൂലനം ചെയ്യുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്കുന്നതായിരുന്നു ഇക്കൊല്ലത്തെ ബാലവേലവിരുദ്ധ ദിനാചരണം. ഈ ആചരണത്തിന്‍റെ ഭാഗമായി ഒരു “ക‍ര്‍മ്മവാര”ത്തിന് ശനിയാഴ്ച, (12/06/21) ബാലവേലവിരുദ്ധ ദിനത്തില്‍, തുടക്കമായി. 2021 കിശോരത്തൊഴില്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ടവര്‍ഷമാണെന്നതും ഇവിടെ സ്മരണീയമാണ്.

ലോകത്തില്‍ പത്തുകുട്ടികളില്‍ ഒരാള്‍ വീതം ബാലവേല ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ലോകത്തിലെ കിശോരത്തൊഴിലാളികളില്‍ 70 ശതമാനവും കാര്‍ഷിക മേഖലയിലാണ്. 20 ശതമാനം കുട്ടികള്‍ സേവന മേഖലയിലും ശേഷിച്ച 10 ശതമാനം വ്യവസായ ശാലകളിലും ജോലിചെയ്യുന്നു. തൊഴിലിലേര്‍പ്പെടുന്ന കുട്ടികളില്‍ കൂടുതലും ആണ്‍കുട്ടികളാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കിശോരത്തൊഴളിലാളികളുടെ സംഖ്യയില്‍ 38 ശതമാനം കുറവുണ്ടായിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2021, 10:17