ത്രികാലപ്രാര്‍ത്ഥന 20-06-2021

പാപ്പായുടെ ത്രികാലജപ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൂര്യതാപം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന റോമില്‍ഈ ഞായറാഴ്ച (20/06/21 മദ്ധ്യാഹ്നത്തിൽ, ഫ്രാൻസീസ് പാപ്പാ,  നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാർത്ഥനയിൽ സംബന്ധിക്കുന്നതിന് വത്തിക്കാനില്‍വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന അവര്‍, പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ കരഘോഷത്തോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം അറിയിച്ചു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (20/06/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 4,35-41 വരെയുള്ള  വാക്യങ്ങൾ, അതായത്, കൊടുങ്കാറ്റിനെയും അലറിയടുക്കുന്ന തിരമാലകളെയും യേശു, ശാസിച്ച് ശാന്തമാക്കുന്ന സംഭവം, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു!

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം  ഇന്നത്തെ ആരാധനക്രമത്തിൽ വിവരിക്കുന്നു (മർക്കോസ് 4:35-41). ശിഷ്യന്മാർ തടാകം കടക്കുന്നതിന് ഉപയോഗിച്ച വള്ളം കാറ്റിലും തിരമാലകളിലുംപെടുന്നു. അത് മുങ്ങിപ്പോകുമെന്ന ഭയം ഉയരുന്നു. യേശു അവരോടൊപ്പം വഞ്ചിയിലുണ്ട്, അവിടന്ന് അമരത്ത് തലയിണവച്ച്  ഉറങ്ങുകയായിരുന്നു. ഭയവിഹ്വലരായ ശിഷ്യന്മാർ അലറിവിളിക്കുന്നു: "ഗുരോ, ഞങ്ങൾ നശിക്കാന്‍പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?" (മർക്കോസ് 4:38).

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍!

നിരവധി തവണ നമ്മളും ജീവിതപരീക്ഷണങ്ങളാൽ ആക്രമിക്കപ്പെടുകയും കർത്താവിനോട് വിളിച്ചപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്: "അങ്ങ് എന്തുകൊണ്ട് മൗനം പാലിക്കുകയും എനിക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നു?". സര്‍വ്വോപരി നമ്മൾ മുങ്ങിപ്പോകുമ്പോൾ, കാരണം നമ്മള്‍വലിയ പ്രതീക്ഷകളര്‍പ്പിച്ചിരുന്ന സ്നേഹമോ പദ്ധതിയോ അപ്രത്യക്ഷമാകുന്നതായി തോന്നുമ്പോള്‍; അതല്ലെങ്കിൽ ഉത്കണ്ഠകളുടെ അതിശക്തമായ തരംഗങ്ങളുടെ പിടിയിലമരുമ്പോള്‍; അതുമല്ലെങ്കിൽ‌, പ്രശ്‌നങ്ങളില്‍മുങ്ങുമ്പോള്‍,‌ജീവിതസമുദ്രത്തിൽ‌, ദിശയറിയാതെയും തുറമുഖം കാണാതെയും വഴിതെറ്റിയലയുമ്പോള്‍. അതല്ലെങ്കിൽ, തൊഴില്‍നഷ്ടപ്പെടുകയൊ, നമ്മുടെയൊ നമ്മുടെ പ്രിയപ്പെട്ട ആളുടെയൊ ആരോഗ്യത്തെക്കുറിച്ച് നമ്മില്‍ആശങ്കയുളവാക്കുന്ന ഒരു രോഗം ഉണ്ടെന്ന് അപ്രതീക്ഷിതമായി കണ്ടെത്തുകയൊ ചെയ്യുമ്പോള്‍  വീണ്ടും മുന്നോട്ട് പോകാനുള്ള ശക്തിയില്ലാതെവരുന്ന നിമിഷങ്ങളിൽ. ഒരു കൊടുങ്കാറ്റ് നമുക്ക് അനുഭവപ്പെടുന്ന, എല്ലാം അവസാനിച്ചതായി നമുക്കു തോന്നുന്ന നിരവധി നിമിഷങ്ങളുണ്ട്.

ഭയം നമ്മെ ആക്രമിക്കുന്നു- രോദനമായിത്തീരുന്ന പ്രാ‍ര്‍ത്ഥന!

ഇത്തരം സാഹചര്യങ്ങളിലും അതുപോലുള്ള മറ്റു പലതിലും, ഭയം നമ്മെ ശ്വാസം മുട്ടിക്കുന്നു, ശിഷ്യന്മാരെപ്പോലെ, ഏറ്റവും സത്തപരമായത് കാണാന്‍കഴിയാതെവരുന്ന അപകടം നമുക്കുണ്ടാകാം. വാസ്തവത്തിൽ, വഞ്ചിയില്‍ യേശു ഉറങ്ങുകയാണെങ്കിലും, അവിടന്ന് അവിടെയുണ്ട്, സംഭവിക്കുന്നവയിലെല്ലാം  തന്‍റെ പ്രിയപ്പെട്ടവരുമൊത്ത് അവിടന്ന് പങ്കുചേരുകയും ചെയ്യുന്നു. യേശുവിന്‍റെ ഉറക്കം ഒരു വശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ, മറുവശത്ത് അത് നമ്മെ പരീക്ഷിക്കുകയാണ്. കർത്താവ് അവിടെയുണ്ട്; വാസ്തവത്തിൽ, നാം അവിടത്തെ അതിലുള്‍പ്പെടുത്താനും അവിടത്തെ വിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍പ്രതിഷ്ഠിക്കാനും അവിടന്ന് കാത്തിരിക്കുകയാണ് എന്നു വേണമെങ്കില്‍പറയാം. അവിടത്തെ ഉറക്കം നാം ഉണര്‍ന്നിരിക്കാന്‍ കാരണമാകുന്നു. കാരണം, യേശുവിന്‍റെ ശിഷ്യന്മാരാകാൻ, ദൈവം ഉണ്ടെന്ന്, ദൈവം സന്നിഹിതനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടന്നുമായി ഇടപഴകണം, അവിടത്തോടൊപ്പം സ്വരമുയർത്തണം. നിങ്ങള്‍ഇത് കേൾക്കുക: അവിടത്തോടു നിലവിളിക്കണം. പ്രാര്‍ത്ഥന പലപ്പോഴു ഒരു രോദനമാണ്: “കർത്താവേ, എന്നെ രക്ഷിക്കേണമേ”. “അവിടത്തെ പ്രതിച്ഛായയിൽ” എന്ന പരിപാടി, ഇന്ന്, അഭയാര്‍ത്ഥികള്‍ക്കായുള്ള ദിനത്തില്‍ ഞാന്‍കാണുകയായിരുന്നു. നിരവധിപ്പേര്‍ ബോട്ടുകളില്‍വരുന്നു, മുങ്ങാന്‍തുടങ്ങുമ്പോള്‍അവര്‍ “ഞങ്ങളെ രക്ഷിക്കൂ” എന്ന് നിലവിളിക്കുന്നു. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്: “കർത്താവേ, ഞങ്ങളെ രക്ഷിക്കേണമേ!”, പ്രാർത്ഥന ഒരു നിലവിളിയായിത്തീരുന്നു.

ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകള്‍?

ഇന്ന് നമുക്ക് സ്വയം ചോദിക്കാം: എന്‍റെ ജീവിത്തില്‍ആഞ്ഞടിക്കുന്ന കാറ്റുകൾ ഏവയാണ്, എന്‍റെ യാത്രയെ തടസ്സപ്പെടുത്തുന്നതും എന്‍റെ ആത്മീയ ജീവിതത്തെയും എന്‍റെ കുടുംബജീവിതത്തെയും മാത്രല്ല, എന്‍റെ മാനസിക ജീവിതത്തെയും അപകടപ്പെടുത്തുന്ന തിരമാലകള്‍ ഏതൊക്കെയാണ്? ഇതെല്ലാം നമുക്ക് യേശുവിനോട് പറയാം, നമുക്ക് അവിടത്തോട് എല്ലാം പറയാം. അവിടന്ന് അത് ആഗ്രഹിക്കുന്നു, ജീവിതത്തിന്‍റെ  പ്രതികൂല തിരമാലകളില്‍നിന്ന് രക്ഷ നേടാന്‍ നാം അവിടത്തെ മുറുകെ പിടിക്കണമെന്ന് അവിടന്ന് അഭിലഷിക്കുന്നു. ശിഷ്യന്മാർ യേശുവിനെ സമീപിക്കുകയും അവനെ ഉണർത്തുകയും അവനോട് സംസാരിക്കുകയും ചെയ്യുന്നുവെന്ന് സുവിശേഷം പറയുന്നു (വാക്യം 38). നമ്മുടെ വിശ്വാസത്തിന്‍റെ ആരംഭം ഇതാ: നമുക്ക് തനിച്ച് പൊങ്ങിക്കിടക്കാനാവില്ലെന്നും വഴി കണ്ടെത്തുന്നതിന് നക്ഷത്രങ്ങളെ ആശ്രയിച്ചിരുന്ന നാവികരെപ്പോലെ നമുക്ക് യേശുവിനെ ആവശ്യമാണെന്നും തിരിച്ചറിയുക. നമുക്ക് നാം പോരായെന്നും ദൈവത്തെ ആവശ്യമാണെന്നുമുള്ള അവബോധത്തില്‍നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. നമ്മെ നമ്മില്‍ത്തന്നെ അടച്ചുപൂട്ടാനുള്ള പ്രലോഭനത്തെ ജയിക്കുമ്പോൾ, ദൈവത്തെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യാജ‌ആദ്ധ്യാത്മികതയെ മറികടക്കുമ്പോൾ, നാം അവിടത്തോട് നിലവിളിക്കുമ്പോൾ, അവിടത്തേക്ക്  നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. പ്രാർത്ഥനയുടെ സൗമ്യവും അസാധാരണവുമായ ശക്തിയാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.

യേശു കാറ്റിനെയും തിരമാലകളെയും ശാന്തമാക്കുന്നു!

ശിഷ്യന്മാരുടെ പ്രാർത്ഥന കേട്ട യേശു കാറ്റിനെയും തിരമാലകളെയും ശാന്തമാക്കുന്നു. അവൻ അവരോട് ഒരു ചോദ്യം ചോദിക്കുന്നു, ഇത് നമ്മെയും സംബന്ധിച്ചതാണ്: “നിങ്ങൾ ഭയപ്പെടുന്നതെന്ത്? ഇനിയും നിങ്ങൾക്ക് വിശ്വാസമില്ലേ? (വാക്യം 40). ശിഷ്യന്മാരെ ഭയം പിടികൂടി, കാരണം അവര്‍ യേശുവിനെക്കാള്‍തിരമാലകളെയാണ് നോക്കിയത്. ഭയം നമ്മെ, പലപ്പോഴും ഉറങ്ങുന്ന യേശുവിനെയല്ല, ബുദ്ധിമുട്ടുകളെയും, മോശമായ പ്രശ്നങ്ങളയും നോക്കാനാണ് പ്രേരിപ്പിക്കുന്നത്. നമുക്കും സംഭവിക്കുന്നത് ഇതുപോലെയാണ്: കർത്താവിന്‍റെ അടുത്തു പോയി നമ്മുടെ വിഷമങ്ങൾ അവനെ ധരിപ്പിക്കുന്നതിനു പകരം നാം എത്ര തവണ പ്രശ്നങ്ങളില്‍തങ്ങി നില്ക്കുന്നു! 

ആവശ്യമുള്ള സമയത്ത് മാത്രം കര്‍ത്താവിനെ ഉണർത്താൻ നാം എത്ര തവണയാണ് അവിടത്തെ ഒരു മൂലയ്ക്ക്, ജീവിതത്തോണിയുടെ അടിയില്‍ഉപേക്ഷിക്കുന്നത്! കർത്താവിനെ അന്വേഷിക്കുന്നതിലും അവിടത്തെ ഹൃദയവാതിലില്‍മുട്ടുന്നതിലും ഒരിക്കലും മടുക്കാത്ത വിശ്വാസ കൃപയ്ക്കായി ഇന്നു നമുക്കു പ്രാര്‍ത്ഥിക്കാം. സ്വന്തം ജീവിതത്തിൽ ഒരിക്കലും ദൈവത്തിലുള്ള വിശ്വാസത്തിന് വിരാമമിടാത്ത കന്യാമറിയം, അനുദിനം നമ്മെ ദൈവത്തിനു ഭരമേല്പിക്കേണ്ടതിന്‍റെ അപരിത്യാജ്യമായ ആവശ്യകതയെക്കുറിച്ചുള്ള അവബേധം നമ്മില്‍വീണ്ടും ഉളവാക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ, മ്യന്മാറിലെ മെത്രാന്മാര്‍അന്നാടിനുവേണ്ടി കഴിഞ്ഞയാഴ്ച നടത്തിയ അഭ്യര്‍ത്ഥന അനുസ്മരിച്ചു.

മ്യന്മാറിനു വേണ്ടി പ്രാര്‍ത്ഥന

അന്നാട്ടില്‍ അഭയാര്‍ത്ഥികളായിത്തീരുകയും ജനങ്ങള്‍പട്ടിണിമൂലം മരിച്ചു വീഴുകയും ചെയ്യുന്ന ഹൃദയഭേദകമായ അവസ്ഥയെക്കുറിച്ച് വേദനയോടെ സൂചിപ്പിച്ച പാപ്പാ ജീവകാരുണ്യപ്രവര്‍ത്തന ഇടനാഴികള്‍ അനുവദിക്കാനും പള്ളികള്‍, ബുദ്ധക്ഷേത്രങ്ങള്‍, ഇസ്ലാം ആരാധാനായിടങ്ങള്‍, അമ്പലങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍എന്നിവയെ നിഷ്പക്ഷ അഭയസങ്കേതങ്ങളായി കാണാനും മെത്രാന്മാര്‍നടത്തിയ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു.

ക്രിസ്തുവിന്‍റെ ഹൃദയം എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കട്ടെയെന്നും മ്യന്മാറിന് സമാധനം പ്രദാനം ചെയ്യട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു. 

അഭയാര്‍ത്ഥി ദിനം

ജൂണ്‍-ന് ഐക്യരാഷ്ട്രസഭയുടെ  ആഭിമുഖ്യത്തില്‍ ലോക അഭയാർത്ഥി ദിനം ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.

"നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും" എന്ന വിചിന്തന പ്രമേയമാണ് ഈ ദിനാചരണത്തിനായി സ്വീകരിച്ചിരുന്നതെന്നും പാപ്പാ സൂചിപ്പിച്ചു.  അഭയാർത്ഥികൾക്കായി ഹൃദയം തുറക്കാനും അവരുടെ സന്തോഷസന്താപങ്ങള്‍ സ്വന്തമാക്കാനും അവരുടെ ധീരമായ ഉല്പതിഷ്ണുതയില്‍നിന്ന് പഠിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അങ്ങനെ മാനവികമായ ഏക മഹാ കുടുംബത്തെ വളര്‍ത്തിയെടുക്കാന്‍നമുക്കു ഒത്തൊരുമിച്ചു സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, റോം ഉള്‍പ്പടെ ഇറ്റലിയിലെ വിവിധ നഗരങ്ങളിലും മറ്റ് നാടുകളിലും നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്യുകയും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2021, 07:50

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >