തിരയുക

ഫ്രാൻസിസ് പാപ്പായുടെ"ഭൂമിയിൽ സമാധാനം. സാധ്യം സാഹോദര്യം." ഫ്രാൻസിസ് പാപ്പായുടെ"ഭൂമിയിൽ സമാധാനം. സാധ്യം സാഹോദര്യം."  

പാപ്പാ: യുദ്ധരഹിതമായ ഒരു ലോകസ്വപ്നം കൈവെടിയരുത്

ഇന്ന് തിങ്കളാഴ്ച ജൂൺ 28 ന് പ്രസിദ്ധീകരിച്ച "ഭൂമിയിൽ സമാധാനം. സാധ്യം സാഹോദര്യം." (Peace on Earth. Fraternity is Possible) എന്ന പുസ്തകത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ ലേഖനത്തെക്കുറിച്ച് ഇറ്റാലിയൻ പത്രമായ La Repubblica വിപുലമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാൻ ലൈബ്രറി പ്രസിദ്ധീകരണത്തിന്റെ " ദാനങ്ങളുടെ കൈമാറ്റം" എന്ന ഈ വാല്യം സമാധാനത്തേയും സാഹോദര്യത്തേയും കുറിച്ചുള്ള പാപ്പായുടെ വാക്കുകളുടേയും പ്രസംഗങ്ങളുടേയും ഒരു സമാഹാരമാണ്. കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കായ തവദ്രോസ് രണ്ടാമനാണ് ഇതിന്റെ ആമുഖം എഴുതിയിരിക്കുന്നത്.

ഇന്നത്തെ ലോകത്തിൽ സമാധാനം ചവിട്ടിമെതിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും കാണുമ്പോൾ 19ആം നൂറ്റാണ്ടിലെ ഭീകരതകൾ, രണ്ട് ലോകമഹായുദ്ധങ്ങൾ, ഹെബ്രായർക്കാർക്കെതിരെ നാസികൾ നടത്തിയ വംശവിച്ഛേദം (ഷോവാ) ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു പതിറ്റാണ്ടുകളിൽ നടന്ന മറ്റ് വംശഹത്യകൾ, തീവ്രവാദം, വിദ്വേഷ പ്രചാരണങ്ങൾ തുടങ്ങിയവ ഒന്നും ഒരു ഗുണവും ചെയ്തിട്ടില്ല എന്ന് തോന്നുന്നുവെന്നും ഇപ്പോഴും യുദ്ധത്തെ അപകടകരമാംവിധം പുനർവിചിന്തനം ചെയ്യുന്നതിന്റെ ഉത്തരവാദികളായ രാഷ്ട്രനേതാക്കൾ ദൈവത്തിന്റെയും ജനതതിയുടെയും മുന്നിൽ ഉത്തരം നൽകേണ്ടി വരുമെന്നും തന്റെ മുൻഗാമി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ചരിത്ര പ്രാധാന്യമർഹിക്കുന്ന "ഭൂമിയിൽ സമാധാനം" എന്ന ചാക്രികലേഖനത്തെ അനുസ്മരിപ്പിക്കുന്ന " ഭൂമിയിൽ സമാധാനം. സാഹോദര്യം സാധ്യം " എന്ന വാല്യത്തിൽ ഫ്രാൻസിസ് പാപ്പാ അങ്ങേയറ്റം ഖേദം പ്രകടിപ്പിച്ചു.

ക്രിസ്ത്യാനികളും വിവിധ വിശ്വാസസമൂഹങ്ങളും തമ്മിലുള്ള ബന്ധം അടിവരയിട്ടു കാണിക്കാൻ വത്തിക്കാൻ ലൈബ്രറി പ്രസിദ്ധീകരണം പുറത്തിറക്കുന്ന എക്യുമെനിക്കൽ പരമ്പരയുടെ "ദാനങ്ങളുടെ കൈമാറ്റം" എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. ഐക്യം പുനസ്ഥാപിക്കാനുള്ള ശ്രമത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന വിവിധ സഭകളുടെയും സമൂഹങ്ങളുടേയും പ്രതിനിധികളിലൂടെയാണ് ഈ വാല്യങ്ങൾ അവതരിപ്പിക്കപ്പെടുന്നത്.

ഇന്നത്തെ യാഥാർത്ഥ്യങ്ങളിൽ നിന്നാണ് ഫ്രാൻസിസ് പാപ്പാ തന്റെ ലേഖനം ആരംഭിക്കുന്നത്. യുദ്ധഭീഷണിയാലും, അക്രമണങ്ങളാലും സ്വന്തം നാടും വീടും വിടാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് സമാധാനം കാംക്ഷിക്കുന്ന മനുഷ്യരിൽ നിന്ന് തുടങ്ങിയ പാപ്പാ അവരുടെ ന്യായമായ ആഗ്രഹം പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ചൂണ്ടികാണിച്ചു കൊണ്ട് രണ്ടാം ലോകമഹായുദ്ധം അനുഭവിച്ച തലമുറ ഇല്ലാതാകുന്നതോടെ ചരിത്രത്തിൽ നിന്നു പഠിച്ച പാഠങ്ങൾ നാം മറന്നു പോകുന്നു എന്ന് ചൂണ്ടിക്കാണിച്ചു. യുദ്ധത്തിന്റെ വേദനകളുടെ മറവി വിദ്വേഷ യുക്തിയോടു പ്രതിരോധിക്കാൻ നമ്മെ അപ്രാപ്യരാക്കുകയും യുദ്ധവ്യാപ്തിയെ സുഗമമാക്കുകയും, സമാധാനത്തിനായുള്ള സത്യാഭിലാഷത്തെ ഞെരുക്കി മുൻ തെറ്റുകൾ ആവർത്തിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നും കുറിച്ചു.  മാനുഷീകം, പ്രതിരോധം, മുൻകരുതൽ എന്നൊക്കെ പറഞ്ഞും വാർത്തകൾ വളച്ചൊടിച്ചും പലതരം കാരണങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് ഇന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന അപകടകരമായ പ്രവണതയെ മറനീക്കി കാട്ടുന്ന ഫ്രാൻസിസ് പാപ്പാ ഒരു ചോദ്യപരമ്പരതന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. യുദ്ധം കാരണം അനേകരുടെ സഹനത്തിന് നാം കുറ്റക്കാരല്ലേ, മാനവകുലത്തിന്റെ നില അപകടകരമാക്കുന്നതിനെ കുറിച്ച്ബോധവാൻമാരാണോ അശ്രദ്ധരും, സ്വന്തം താല്പര്യത്തിൽ മുഴുകുന്നവരുമല്ലേ എന്നു തുടങ്ങുന്ന ചോദ്യങ്ങൾ ഉത്തരവാദികളായ രാഷ്ട്ര നേതാക്കളെ ദൈവത്തിന്റെയും   മുന്നിൽ അശാന്തരാക്കേണ്ടതും വിഷമിപ്പിക്കേണ്ടതുമാണ് എന്ന് പാപ്പാ ലേഖനത്തിൽ സൂചിപ്പിച്ചു.

അഭയാർത്ഥികൾ സമാധാനചോദ്യത്തിന്റെ വേദനാജനക പ്രതിപുരുഷർ

കുറ്റകൃത്യങ്ങളും, കൂട്ടക്കൊലകളും, നാശം വിതയ്ക്കലുമായി "ശകലം ശകലമായി പോരാടുന്ന ഒരു മൂന്നാം യുദ്ധ " മെന്ന തന്റെ ആശയത്തിലേക്ക് തിരിച്ചെത്തുന്ന പാപ്പാ, യുദ്ധങ്ങളുമായി സമാധാനപൂർവ്വകമായ സഹവർത്തിത്വം സാധ്യമല്ല എന്നും അല്ലെങ്കിൽ അത് മന:സാക്ഷിയുടെ ബുദ്ധിമാന്ദ്യമാണെന്നും പലപ്പോഴും ഈ ബുദ്ധിമാന്ദ്യം യുദ്ധങ്ങളില്ലാത്ത രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും അവരെ സ്പർശിക്കുന്നത് കുറച്ചഭയാർത്ഥികളുടെ വരവ് മാത്രമാണെന്നും എഴുതിക്കൊണ്ട് എല്ലാവരുടേയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നു. എന്നാൽ ഈ അഭയാർത്ഥികൾ യുദ്ധത്തിന്റെ ദൃക്സാക്ഷികളും സമാധാനത്തിന്റെ വിളികേൾക്കാതെ പോയതിന്റെ വേദനിക്കുന്ന പ്രതിപുരുഷന്മാരുമാണ്. എത്രമാത്രം മനുഷ്യത്വരഹിതമാണ് യുദ്ധമെന്ന് നമുക്ക് തൊട്ടനുഭവിക്കാൻ അവർ ഇടയേകുന്നു. അവരുടെ കഠിനജീവിതകഥ കേൾക്കാനും യുദ്ധത്തിന്റെ വേദന കുറയ്ക്കാനും സമാധാനത്തിനായി പ്രവർത്തിക്കാനും അഭയാർത്ഥികളെ സ്വീകരിക്കുക എന്നത് ഒരു മാർഗ്ഗമാണെന്നും പാപ്പാ വ്യക്തമാക്കി.

നിസ്സംഗതയും ആയുധവിപണനവും വേണ്ട

നിസ്സംഗതയിലേക്ക് കൂപ്പുകുത്താതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. നേരിട്ട് സംഘർഷങ്ങളിൽ ഇടപെടാൻ കഴിഞ്ഞില്ലെങ്കിലും ജാഗരൂകമായ പൊതുജനാഭിപ്രായത്തിന് ധാരാളം ചെയ്യാൻ കഴിയുമെന്നും സ്വന്തം രാജ്യത്ത് ഇടപെട്ടു കൊണ്ടു അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തി സമാധാനത്തിനു വേണ്ടി തളരാതെ അദ്ധ്വാനിക്കാനും പാപ്പാ ക്ഷണിച്ചു. നിസ്സംഗത യുദ്ധത്തിന്റെ കൂട്ടാളിയാണ് എന്ന് അടിവരയിട്ട പാപ്പാ സ്വന്തം താല്പര്യങ്ങൾക്കായി സമാധാനം നശിപ്പിച്ചു കൊണ്ട് ശരിയായ യുദ്ധം നടത്തുന്ന മാഫിയയെയും കുറ്റകൃത്യങ്ങളെയും അപലപിക്കുകയും അക്രമങ്ങളെ അക്രമങ്ങൾകൊണ്ട് പ്രത്യുത്തരിക്കരുതെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ജോലി ഉറപ്പാക്കാനെന്ന വ്യാജേന നടത്തുന്ന ആയുധവ്യാപാരം നീതീകരിക്കാനാവില്ല എന്നും അത് നിർത്തിവയ്ക്കണമെന്നും ഫ്രാൻസീസ് പാപ്പാ തറപ്പിച്ചു പറഞ്ഞു.

അസ്സീസിയുടെ ചൈതന്യം

1986ൽ വി. ജോൺ പോൾ രണ്ടാമൻ വിളിച്ചുകൂട്ടിയ സമ്മേളനം സാക്ഷ്യപ്പെടുത്തിയതുപോലെ  എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടിട്ടുണ്ടെന്ന സത്യം തന്നെ ആശ്വസിപ്പിക്കുന്നത് എടുത്തു പറഞ്ഞ പാപ്പാ എന്നാൽ 1986ന് ശേഷം ലോകം ഒത്തിരി മാറി എന്നും അന്നത്തേതുപോലെ ഒരു പക്ഷേ അതിനെക്കാളേറെ മതങ്ങളുടെ സഹകരണവും പ്രാർത്ഥനയും ദൈവത്തിന്റെ നാമത്തിലുള്ള അക്രമണങ്ങൾ തെറ്റാണെന്ന് പറയാ൯ അവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ എഴുതി.

യുദ്ധമില്ലാത്ത ഒരു ലോകത്തിന്റെ സ്വപ്നം

അവസാനമായി ഫ്രാൻസിസ് പാപ്പാ മുന്നോട്ട് വച്ച അഭ്യർത്ഥന മനുഷ്യരാശിയുടെ അനുദിന കൂട്ടാളിയായി, ധാരാളം കുട്ടികൾ യുദ്ധത്തിന്റെ നിഴലിൽ വളരേണ്ടി വരുന്ന രീതിയിൽ യുദ്ധത്തിന് നാം സ്വയം അടിയറവയ്ക്കരുത് എന്നാണ്. അടിമത്വത്തിന്റെ കാര്യത്തിലെന്നതുപോലെ യുദ്ധവും ഇല്ലാതാക്കാൻ കഴിയുമെന്നും യുദ്ധങ്ങൾ ഇല്ലാത്ത ഒരു ലോകമെന്ന സ്വപ്നം ഉപേക്ഷിക്കരുതെന്നും പാപ്പാ അഭ്യർത്ഥിച്ചു. ഭൂമിയിലെ സകല ജനങ്ങളും സമാധാനത്തിന്റെ സന്തോഷം ആസ്വദിക്കട്ടെ എന്ന ആശംസകളോടെയാണ് ഫ്രാൻസിസ് പാപ്പാ  തന്റെ ലേഖനം അവസാനിപ്പിച്ചത്.

28 June 2021, 15:38