വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള  ബോട്ടിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെ ശില്പത്തിന്റെ മുന്നിൽ പാപ്പാ (ഫയൽചിത്രം) വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെ ശില്പത്തിന്റെ മുന്നിൽ പാപ്പാ (ഫയൽചിത്രം) 

"ക്രിസ്തു ജീവിക്കുന്നു”:പ്രവാസം,നമ്മുടെ കാലത്തിന്റെ സാരസംഗ്രഹം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 91ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു. 

91. പ്രവാസം,നമ്മുടെ കാലത്തിന്റെ സാരസംഗ്രഹം

കുടിയേറ്റ യാത്രകളാൽ വലഞ്ഞവരായ ആ യുവജനങ്ങളെല്ലാവരെയും കുറിച്ച് നമുക്ക് എങ്ങനെ ചിന്തിക്കാതിരിക്കാനാകും? കുടിയേറ്റം, ആഗോളതതലത്തിൽ പരിഗണിക്കുമ്പോൾ കടന്നു പോകുന്ന ഒരു അടിയന്തരാവസ്ഥ എന്നതിനേക്കാളുപരി ഘടനാപരമായ ഒരു പ്രതിഭാസമാണത്. ഒരു രാജ്യത്തിനകത്തോ വ്യത്യസ്ത രാജ്യങ്ങൾക്കിടയിലോ അത് സംഭവിക്കാം. യുദ്ധങ്ങളിൽ നിന്നോ, അക്രമങ്ങളിൽ നിന്നോ , രാഷ്ട്രീയമോ മതപരമോ ആയ പീഡനങ്ങളിൽ നിന്നോ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നവയുൾപ്പെടെ പ്രകൃതി ദുരന്തങ്ങളിൽ നിന്നോ കൊടും പട്ടിണിയിൽ നിന്നോ പലായനം ചെയ്യുന്നവരിലാണ് സഭയുടെ ശ്രദ്ധ വിശേഷിപ്പിച്ചും കേന്ദ്രീകരിച്ചിരിക്കുന്നത്. അവരിൽ അനേകർ യുവാക്കളാണ്. പൊതുവിൽ,അവർ തങ്ങൾക്കു വേണ്ടിയും തങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടിയും അവസരങ്ങൾ തേടുകയാണ്. അവർ കൂടുതൽ നല്ല ഭാവിയെ സ്വപ്നം കാണുകയും അത് നേടാനുതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാർ നമ്മുടെ വിശ്വാസത്തിന്റെ മൗലികമായ ഒരു വശം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അതായതു നമ്മൾ ഭൂമിയിൽ പരദേശികളും വിപ്രവാസികളുമാണ് (ഹെബ്രായ 11 : 13 ) എന്ന്. (കടപ്പാട്. Carmel International Publishing House).

2019 ഫെബ്രുവരി മാസത്തിലെ  പാപ്പായുടെ പ്രാർത്ഥന നിയോഗത്തിൽ മനുഷ്യക്കടത്തിനും, നിർബന്ധിത വ്യഭിചാരത്തിനും, കലാപത്തിനും ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അവരെ ഹൃദയപൂർവ്വം സ്വീകരിക്കണമെന്ന് പാപ്പാ നിർദേശിച്ചത്  കുടിയേറ്റക്കാരുടെ  ജീവിതദുരന്തങ്ങളെ പാപ്പാ വ്യക്തമായി മനസിലാക്കിയതുകൊണ്ടതാണ്. കൂടാതെ അനുദിനമുള്ള നമ്മുടെ പ്രാർത്ഥനയിൽ അവരെ അനുസ്മരിക്കാനും  പാപ്പാ "കുടിയേറ്റക്കാരുടെ സമാശ്വാസമേ" എന്നൊരു പ്രാർത്ഥനകൂടി മാതാവിന്റെ ലുത്തീനിയായിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെ കുടിയേറ്റം എന്ന പ്രതിഭാസം ഒരു അടിയന്തര ശ്രദ്ധയർഹിക്കുന്ന വിഷയമാണ് എന്ന് നമ്മുടെ ചിന്തയിലും, പ്രാർത്ഥനയിലും പ്രവർത്തികളിലും നിലനിർത്താൻ പാപ്പാ ആഗ്രഹിക്കുന്നു എന്നത് നാം മറന്നുകൂടാ. കുടിയേറ്റത്തിൽ പ്രധാനമായും യുവജനങ്ങളാണ് ഇരകൾ എന്നത് ഈ വിഷയത്തിന്റെ ഗൗരവം കൂടുതൽ സങ്കീർണ്ണമാക്കുന്നു. അതിനാൽ ഇന്ന് നാം ചിന്താവിഷയമാക്കുന്ന ഭാഗം പ്രതിപാദിക്കുന്ന കുടിയേറ്റത്തെ കുറിച്ച് നമുക്ക് ഒന്ന് പരിശോധിക്കാം.

ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളുടെ സ്വദേശം വിട്ടു മറ്റൊരിടത്തേക്കുള്ള പലായനമാണ് കുടിയേറ്റം. പലപ്പോഴും രാഷ്ട്രീയമോ ഭരണപരമോ ആയ അതിർവരമ്പിലൂടെയാണ് ഇത്  സംഭവിക്കുന്നത്. കുടിയേറ്റം താൽക്കാലികമോ ശാശ്വതമോ , സ്വമേധയോ നിർബന്ധിതമോ ആകാം. മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ള കുടിയേറ്റം എന്ന പ്രതിഭാസം ഇന്ന് വളരെ ഭയാനകമായ രീതിയിൽ വളരുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നു എന്നതാണ് വാസ്തവം.

കുടിയേറ്റക്കാരുടെ വര്‍ദ്ധന

കണക്കുകൾ പറഞ്ഞാൽ കഴിഞ്ഞ 2000 ത്തിൽ നടന്ന കുടിയേറ്റത്തേക്കാൾ 2017 ആകുമ്പോഴേയ്ക്കും 50% ത്തോളം വർദ്ധന ഉണ്ടായതായി കാണാം. 258 ദശലക്ഷം ആളുകൾ 2000 ൽ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയെങ്കിൽ 2017ൽ അത് 685 ദശലക്ഷമായി ഉയർന്നു. അഭയാർത്ഥികളുടെ എണ്ണത്തിലും സാരമായ വർദ്ധനയുണ്ടായി. 15.4 ദശലക്ഷം പേർ 2010 ലും 25.4 ദശലക്ഷം 2017 ലും എന്നത് 60% ത്തിൽ അധികമാണ്. ഈ ഭയാനകമായ കണക്കുകൾക്കു മുന്നിൽ നിന്ന് എന്താണ് ഈ പാലായനങ്ങൾക്ക് കാരണം എന്ന് ഒന്ന് ചിന്തിക്കുക സ്വാഭാവികം. ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയും സ്ഥിരം നിരീക്ഷകനുമായ ആർച്ച്ബിഷപ്പ് ബെർണർദീത്തോ ഔസാ പറയുന്ന കാരണങ്ങൾ വളരെ ശ്രദ്ധേയമാണ്.

കുടിയേറ്റത്തിലേക്ക് തള്ളിവിടുന്നതും കുടിയേറ്റത്തിലേക്ക് ആകർഷിക്കപ്പെടുന്നതുമായ ഘടകങ്ങളെ Push Factors അഥവാ Pull Factors എന്നുമാണ് അദ്ദേഹം പറയുന്നത്. യുദ്ധം, കലാപം, അരക്ഷിതാവസ്ഥ, മനുഷ്യാവകാശ ലംഘനം, കാലാവസ്ഥാ വ്യതിയാനങ്ങൾ വരുത്തിവയ്ക്കുന്ന വിനകൾ, പ്രകൃതിക്ഷോഭം മുതലായവ കുടിയേറ്റത്തിലേക്ക് തള്ളിവിടുന്നവയും, പുത്തൻ അവസരങ്ങൾ, സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം, കുടുംബത്തിന്റെ ഒരുമിക്കൽ, ജോലി സാധ്യതകൾ തുടങ്ങിയവ കുടിയേറ്റത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളുമാണ്.

ഇക്കാലത്തെ ഏറ്റവും വലിയ ഒരു വെല്ലുവിളിയായി മാറുകയാണ് ജനങ്ങളുടെ കൂട്ടമായുള്ള ഈ പാലായനം. രാഷ്ട്രങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും പകച്ചു നിൽക്കുന്ന ഈ പ്രതിഭാസത്തെ ഒരു ജീവിത പ്രതിസന്ധിയോടുള്ള മനുഷ്യന്റെ പ്രകൃതിദത്തമായ ഉത്തരവും, സന്തോഷത്തിനും, സ്വാതന്ത്ര്യത്തിനും, നല്ല ജീവിത സാഹചര്യങ്ങൾക്കായുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹത്തിന്റെ പ്രത്യുത്തരവുമായാണ് പരിശുദ്ധ സിംഹാസനം വിലയിരുത്തുന്നത്. മനുഷ്യന്റെ കുടിയേറാനുള്ള അവകാശത്തേയും അതിനേക്കാൾ മുന്നേ കുടിയേറാതിരിക്കാനുള്ള അവകാശത്തെ വിശ്വസിക്കുകയും ചെയ്യുന്ന സഭ സ്വതന്ത്രമായ, സുരക്ഷതയുള്ള, നിയമപരമായി നടത്തപ്പെടുന്ന കുടിയേറ്റം വികസനത്തിനും, സംസ്കാര സമ്പന്നതയ്ക്കും വഴിതെളിക്കുമെന്ന് പ്രത്യാശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ വ്യക്തിതാത്പര്യം നോക്കാതെ അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം മാനിക്കപ്പെടണം അതിനായി ഈ ആഗോള വെല്ലുവിളിക്ക് ആഗോളതലത്തിലുള്ള ഒരു പ്രതികരണമാണ് പലപ്പോഴും വത്തിക്കാൻ ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പയും കുടിയേറ്റവും

ഇത്രയും സഭ നൽകുന്ന നിർദ്ദേശങ്ങളാണെങ്കിൽ ഫ്രാൻസിസ് പാപ്പായുടെ കുടിയേറ്റക്കാരോടുള്ള വ്യക്തിപരമായ സമീപനങ്ങൾ നമ്മെ അൽഭുതപ്പെടുത്തുന്നവയാണ്. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റോമിനു പുറത്തേക്ക് പാപ്പാ നടത്തിയ ആദ്യ യാത്ര തന്നെ അഭയാർത്ഥികളോടും കുടിയേറ്റക്കാരോടുള്ള പാപ്പായുടെ സമീപനം എന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. യൂറോപ്പിലേക്കള്ള അഭയാർത്ഥി പ്രവാഹത്തിന്റെ ഇടത്താവളമായി മാറിയിട്ടുള്ള ഇറ്റലിയിലെ ലാംപദൂസ എന്ന സ്ഥലത്ത്  മെഡിറ്ററേനിയൻ കടലിൽ  ബോട്ടപകടത്തിൽപ്പെട്ട് മരിച്ച കുടിയേറ്റക്കാർക്കായി ദിവ്യപൂജയർപ്പിക്കാനും  കടലിൽ പുഷ്പാഞ്ചലി അർപ്പിക്കാനും ഫ്രാൻസിസ് പാപ്പാ അവിടെ എത്തുകയായിരുന്നു. അവരുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും "എവിടെ നിന്റെ സഹോദരൻ" എന്ന ദൈവത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരുമെന്നും പാപ്പാ മുന്നറിയിപ്പു നൽകി. ഫ്രാൻസിസ് പാപ്പയുടെ പ്രധാന ഉൽകണ്ഠകളിൽ ഒന്നായ "നിസ്സംഗതയുടെ ആഗോളവൽക്കരണ"ത്തിന്റെ പരിണതഫലമണ് ഈ മരണങ്ങൾ എന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തി.

കുടിയേറ്റക്കാരും അഭയാർത്ഥികളും അവരുടെ ദുരിതങ്ങളും ആവർത്തിച്ചാവർത്തിച്ച് പാപ്പായുടെ പ്രസംഗങ്ങളിലും, പ്രവർത്തികളിലും ഇടം പിടിക്കുന്ന വിഷയങ്ങളാണ്. കുടിയേറ്റക്കാരും അഭയാർത്ഥികളും മനുഷ്യരാണെന്നും, അവർ ദൈവത്തിന്റെ മുന്നിൽ അമൂല്യരാണെന്നും, അവർ ബഹുമാനം അർഹിക്കുന്ന നമ്മുടെ സഹോദരരാണെന്നും, അവർക്കായി നമ്മൾ ചെയ്യുന്നതെല്ലാം ക്രിസ്തുവിനു തന്നെയാണ് ചെയ്യുന്നതെന്നുമുള്ള സന്ദേശമാണ് മനുഷ്യത്വം നിറഞ്ഞ പാപ്പായുടെ ഈ പ്രവർത്തികളില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്. മധ്യ കിഴക്കൻ രാജ്യങ്ങളിലെ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കാനും, മെക്സിക്കൻ അതിർത്തിയിൽ പ്രസംഗിക്കാനും അമേരിക്കൻ  കോൺഗ്രസ്സിന്റെ മുന്നിൽ ഇക്കാര്യങ്ങൾ ആവർത്തിക്കാനും പാപ്പാ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ പരീക്ഷയാണ് കുടിയേറ്റക്കാരും അഭയാർത്ഥികളും നമുക്ക് നേരെ വച്ചുനീട്ടുന്നതെന്നും പാപ്പാ പറയുന്നു. അമേരിക്കൻ പ്രസിഡണ്ട്  മെക്സിക്കൻ അതിർത്തിയിൽ പണിയാൻ ഉദ്ദേശിക്കുന്ന മതിലിനെക്കുറിച്ച് "അത് ക്രിസ്തീയമല്ല, സുവിശേഷമല്ല" എന്ന് തുറന്നു പറയാൻ ഫ്രാൻസിസ് പാപ്പാ ധൈര്യം കാണിച്ചിട്ടുണ്ട്. രാജ്യങ്ങൾ സ്വയം വികസനത്തിലെത്തിയതല്ലെന്നും ഇതിന്റെ പിന്നിലുള്ള കുടിയേറ്റക്കാരുടെ പങ്ക് മറക്കാനാവില്ലെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.

കുടിയേറ്റക്കാരുടെ പാദം കഴുകിയ പാപ്പാ

തന്റെ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളിൽ പോലും കുടിയേറ്റക്കാരേയും അഭയാർത്ഥികളേയും മറക്കാത്ത ഒരു മാർപ്പാപ്പയാണ് ഫ്രാൻസിസ്. 2016ലെ വിശുദ്ധവാരത്തിൽ മുസ്ലിം സഹോദരങ്ങളും, ഹിന്ദുക്കളും, കത്തോലിക്കരും, കോപ്റ്റിക് ഇവാഞ്ചലിസ്റ്റ് വിശ്വാസികളുമടങ്ങുന്ന 12 കുടിയേറ്റക്കാരുടെ പാദങ്ങൾ കഴുകി ചുംബിച്ച പാപ്പാ സാഹോദര്യ സ്നേഹത്തിന്റെ ക്രിസ്തീയ മുഖത്തിന് ഒരു പുത്തൻ തെളിച്ചം നല്കുക മാത്രമല്ല ചെയ്തത്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും മാന്യതയും അന്തസ്സും പരിഗണിക്കേണ്ട ക്രൈസ്തവീകതയെ കൂദാശവൽക്കരിക്കുകകൂടിയായിരുന്നു. ഏതു വിശ്വാസത്തിലും, സംസ്കാരത്തിലും ഉള്‍പ്പെട്ടവരാണെങ്കിലും സകലരും സഹോദരരാണെന്ന സന്ദേശമാണിവിടെ പാപ്പാ നൽകുക. കരുണ എല്ലാറ്റിനെയും പുനഃസ്ഥാപിക്കുന്നുവെന്നും അതു ഓരോ മനുഷ്യന്റെയും മാന്യത തിരിച്ചു നൽകുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഗ്രീസിലെ ലെസ്ബോസ് അഭയാർത്ഥി ക്യാമ്പു സന്ദർശിച്ച് അവിടെ നിന്നും 12 കുടുംബങ്ങളെ തന്റെ കൂടെ വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ട് വന്ന പാപ്പാ  "ഞാന്‍ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു." എന്ന ക്രിസ്തുവിന്റെ വചനത്തെ അക്ഷാര്‍ത്ഥത്തില്‍ ജീവിക്കുന്നു എന്ന് നമുക്ക് വ്യക്തമാണ്. തന്റെ  അപ്പസ്തോലിക പ്രബോധനങ്ങളായ  ലവ്ദാത്തൊസി, ഇവാഞ്ചലീ ഗൗദിയും തുടങ്ങിയവയിൽപ്പോലും കുടിയേറ്റത്തിന്റെ മൂലകാരണങ്ങളെയും, നിസ്സംഗതയുടെ ആഗോളവൽക്കരണം വരുത്തുന്ന നാശങ്ങളെ കുറിച്ചും പാപ്പാ വിശകലനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സഭ തന്റെ പഠനങ്ങളിലും പ്രവർത്തികളിലും അഭയാർത്ഥികളേയും കുടിയേറ്റക്കാരേയും സംരക്ഷിക്കാനും അവരെ സഹായിക്കാനും എന്നും ശ്രമിച്ചിട്ടുണ്ട്.

സാഹോദര്യമാണ് മുന്നോട്ടുള്ള വഴി

ചരിത്രം സൃഷ്ടിച്ച ഇറാക്ക് യാത്രയ്ക്ക് ശേഷം തിരിച്ചു റോമിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ മാധ്യമ പ്രവർത്തകരോടു യാത്രയിലെ പ്രധാന നിമിഷങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചവസരത്തിലും കുടിയേറ്റം പാപ്പാ വിഷയമാക്കി.

കുടിയേറ്റത്തെക്കുറിച്ച് കുറെകൂടി തെളിച്ചങ്ങൾ ഇറാക്കിലെ യാത്ര തനിക്ക് നൽകി എന്ന് പാപ്പാ വെളിപ്പെടുത്തി. ഇറാക്കിലെ ജനങ്ങൾ യുവാക്കളാണ്, അവരിൽ അനവധി യുവതീ യുവാക്കൾ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാണ്. കുടിയേറ്റത്തിൽ രണ്ടു തരം അവകാശങ്ങളുണ്ട് കുടിയേറാനും കുടിയേറാതിരിക്കാനും. ഇവ രണ്ടും നിഷേധിക്കപ്പെട്ടവരുമുണ്ട് എന്ന തിരിച്ചറിവിൽ പകച്ച പാപ്പയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കുടിയേറ്റത്തെ ഒരു കടന്നു കയറ്റമായി കാണുന്നത് മൂലവും കുടിയേറ്റം ഒരു മനുഷ്യാവകാശമാണെന്ന് ഇതുവരെ ലോകത്തിന്  ബോധ്യമാകാത്തതും കൊണ്ടാണതെന്നും പാപ്പാ പറഞ്ഞു. കുടിയേറ്റ ശ്രമത്തിനിടെ മരണപ്പെട്ട അലൻ കർദ്ദി എന്ന ബാലന്റെ പിതാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുകൊണ്ട് അലൻ കർദ്ദി, കുട്ടിയെന്നതിനപ്പുറത്തേക്ക് കടന്ന് മരിച്ചു കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ പ്രതീകമാണ് എന്ന് പാപ്പാ പ്രഖ്യാപിച്ചു.  സ്വന്തം നാട്ടിൽ തൊഴിലെടുത്ത് ജീവിക്കാനും കുടിയേറേണ്ടിവരാതിരിക്കാനുമുള്ള നടപടികളെടുക്കേണ്ട അടിയന്തരാവസ്ഥയും, അതേ സമയം കുടിയേറാനുള്ള അവകാശം നിലനിറുത്തി കുടിയേറ്റക്കാരെ സ്വീകരിക്കാനും സമൂഹത്തിൽ ഉൾപെടുത്താനും പാപ്പാ ആഹ്വാനം ചെയ്തു. കുടിയേറ്റക്കാരെ സ്വീകരിക്കാൻ അതിരുകൾ തുറന്ന  ജോർദ്ദാനെയും ലബനോനെയും പോലുള്ള രാജ്യങ്ങളെയും പാപ്പാ  പ്രശംസിക്കുകയും ചെയ്തു.

കുടിയേറ്റക്കാരെ കുറിച്ച് സഭയുടെ ശ്രദ്ധ

കുടിയേറ്റക്കാർക്കായി പല കേന്ദ്രങ്ങൾ നടത്തുകയും, അവർക്കു നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും, സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഒരുപാട് സംരംഭങ്ങളും സഭ ഏറ്റെടുക്കുന്നുണ്ട് എന്ന് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതുമുണ്ട്. ഇറ്റലിയിലെ സിസിലിയിൽ ഈശോസഭക്കാരുടെ അഭയാർത്ഥികൾക്കായുള്ള കേന്ദ്രങ്ങളും ലാറ്റിനമേരിക്കയിലെ ഈശോസഭാ പ്രൊവിൻഷ്യാൾമാരുടെ ആലോചനാസമിതിയുടെ മേൽനോട്ടത്തിലുള്ള സാമൂഹീക സങ്കേതങ്ങളുടെ ശ്രൃംഖലകളും മാത്രമല്ല വിവിധ രൂപതകളും, കാരിത്താസ്പോലുള്ള സംഘടനകളും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്.

ഫ്രാൻസിസ് പാപ്പായുടേത് മാത്രമല്ല മറ്റു പാപ്പാമാരുടെ ചാക്രികലേഖനങ്ങളും ഇക്കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുകയും അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടി മാത്രമായ ഒരു ഡിക്കാസ്റ്ററി തന്നെയും വത്തിക്കാന്റെ കീഴിലുണ്ട് എന്നതും കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും സൃഷ്ടിക്കുന്ന പ്രതിഭാസത്തെ സഭ എത്രമാത്രം പ്രാധാന്യത്തോടെയാണ് കരുതുന്നതെന്നതിനുള്ള തെളിവുകളാണ്. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു (മത്താ 25,36) എന്ന വചനവും കായേനോട്‌ ദൈവം "നിന്റെ സഹോദരനെവിടെ" എന്ന് ചോദിക്കുന്ന ചോദ്യവും നൽകുന്ന സന്ദേശം ക്രിസ്തീയതയുടെ ഒരു പരീക്ഷയായി കണക്കിലെടുത്ത് അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സഹായം നൽകുകയും അവരെ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങൾക്കും വ്യക്തികൾക്കും എതിരെ നിയമപരമായ നീക്കങ്ങളും, കുടിയേറ്റത്തിനു നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങൾക്ക് അറുതി വരുത്തുവാനുള്ള ശ്രമങ്ങൾക്ക് പിന്തുണയും നൽകാൻ സഭയോടൊപ്പം പ്രത്യേകിച്ച് സഭാമക്കളെ നയിക്കുന്ന ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാർത്ഥനയിലും പ്രവർത്തികളിലും നമുക്ക് ഒരുമിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2021, 08:11