സ്കോളാസിന്‍റെ റോമിലെ കേന്ദ്ര ഓഫിസിൽ... സ്കോളാസിന്‍റെ റോമിലെ കേന്ദ്ര ഓഫിസിൽ... 

യുദ്ധത്തിൽ ഏർപ്പെടുന്ന സദാചാരമില്ലാത്ത നാടുകളെക്കുറിച്ച്

തന്‍റെ "സ്കോളാസ്" യുവജന പ്രസ്ഥാനത്തിലെ 5 ഭൂഖണ്ഡങ്ങളിലെ പുതിയ കൂട്ടായ്മകളിലെ യുവജനങ്ങളോട്... പാപ്പാ ഫ്രാൻസിസ്.

- ഫാദർ വില്യം  നെല്ലിക്കൽ 

1. കേന്ദ്ര ഓഫീസ് സന്ദർശനം
മെയ് 20 വ്യാഴാഴ്ച വൈകുന്നേരം റോമിൽ ത്രസ്തേവരെയിലുള്ള “സ്കോളാസ് ഒക്കുരേന്തസ്” (Scholas Occurentes) പൊന്തിഫിക്കൽ സ്ഥാപനത്തിന്‍റെ കേന്ദ്ര ഓഫീസിൽ എത്തി യുവജനങ്ങളും സ്റ്റാഫും വിശിഷ്ടാതിഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. അമേരിക്കയിലെ വാഷിങ്ടൺ ടി.സി., സ്പെയിനിലെ വലേൻസിയ, അർജന്‍റീനയിലെ യാക്കോ, ഓസ്ട്രേലിയയിലെ സിഡ്നി എന്നീ അഞ്ചു ഭൂഖണ്ഡങ്ങളിലെ സ്കോളാസിന്‍റെ നവകൂട്ടായ്മയുമായി ഓൺലൈനിൽ സംഗമിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ യുവജനങ്ങൾക്ക് ഈ അവബോധം നല്കിയത്.

2. അന്തച്ഛിദ്രമായ സമൂഹം പരാജയപ്പെടും
രാഷ്ട്രത്തിന് എക്കാലത്തും പരീക്ഷണമാണ് യുദ്ധം. ഒരു രാജ്യത്തിന്‍റെ സമാദരണീയത്വം തെളിയിക്കുന്ന ചില ചോദ്യങ്ങൾ പാപ്പാ പിന്നെയും മുന്നോട്ടുവച്ചു. നിങ്ങളുടെ രാജ്യത്ത് ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടോ? യുദ്ധക്കൊതിയുള്ള രാജ്യാമാണോ അത്? മറ്റുള്ളവരെ കൊല്ലുന്ന ആയുധവിപണനത്തിൽ വ്യാപൃതമാണോ ആ നാട്...? ഇവിടെയാണ് ഒരു രാഷ്ട്രത്തിന്‍റെ ധാർമ്മികത നിർണ്ണയിക്കാനാകുന്നത്. ഒരു വൈദികൻ ആയുധങ്ങൾ ആശീർവ്വദിക്കുന്നത് വിരോധാഭാസമാണ്. കൊലയ്ക്കുള്ള ഉപകരണങ്ങൽ ആരും ആശീർവ്വദിച്ചു നല്‍കാറില്ല. സ്നേഹത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. ആഗോള പ്രസക്തിയുള്ള സ്നേഹത്തിന്‍റെ മൂല്യം ഇല്ലാത്ത സമൂഹങ്ങളും രാജ്യങ്ങളും പരാജയപ്പെടും. അതിനാൽ ഒരു രാഷ്ട്രത്തിന്‍റെ സത്യസന്ധമായ സാമൂഹിക ഘടനയ്ക്ക് സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ അനിവാര്യമാണെന്ന് പാപ്പാ യുവതലമുറയെ ഉദ്ബോധിപ്പിച്ചു.

3. നവീകരിക്കേണ്ട സാമൂഹികത
കിണർകുഴിക്കൽ മാറ്റത്തിന്‍റെ പ്രതീകമാണെന്ന് പാപ്പാ ഉദാഹരിച്ചു. കൂട്ടായ പരിശ്രമം നിരന്തരമായ സാമൂഹിക നവീകരണത്തിന്‍റെ അടയാളമാണെന്നും ഉദ്ബോധിപ്പിച്ചു. സത്യസന്ധമായ സാമൂഹിക ഘടനയ്ക്ക് നവീകരണത്തിന്‍റേയും കൂട്ടായ്മയുടേയും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് പാപ്പാ സ്ഥാപിച്ചു.  യുദ്ധവും കലാപങ്ങളും വെടിഞ്ഞ് സമാധാനത്തിന്‍റെ വഴികളിൽ ലോകം ഇന്നു നേരിടുന്ന മഹാവ്യാധിയെ നേരിടാനും ഇല്ലാതാക്കാനും മാനവകുലത്തെ ശാക്തീകരിക്കാൻ വിശ്വസാഹോദര്യത്തിന്‍റേയും എല്ലാവരെയും, വിശിഷ്യാ എളയവരെയും പാവങ്ങളെയും ആശ്ലേഷിക്കുന്ന ഒരു നവമാനവികതയ്ക്കായി പരിശ്രമിക്കണമെന്ന് യുവജനങ്ങളോട് പാപ്പാ ആഹ്വാനംചെയ്തു.

4. “സ്കോളാസി”നെക്കുറിച്ച്  (Scholas)
ആർച്ചുബിഷപ്പ് ഹോർഹെ ബർഗോളിയോ ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്തയായിരിക്കെ യുവജനങ്ങളെ വിദ്യാഭ്യാസ-കലാ-കായിക- സാംസ്ക്കാരിക മേഖലയിൽ തുണയ്ക്കാവാനും പരസ്പരാദരവിന്‍റേയും പരസഹായത്തിന്‍റേയും ഒരു സംസ്ക്കാരം സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സംഘടനയാണ് സ്കോളാസ് ഒക്കുരേന്തസ്സ് (Scholas Occurentes). പാപ്പാ ഫ്രാൻസിസ് 2013-ൽ റോമിൽ എത്തിയതോടെ സംഘടന ഇറ്റലിയിലും വ്യാപിക്കുകയും അതിന് പൊന്തിഫിക്കൽ പദവി ലഭിക്കുകയും ചെയ്തു. ഇപ്പോൾ അതിന്‍റെ കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത് റോമിൽ ത്രസ്തേവരെയിലുള്ള സാൻ കലീസ്തോ മന്ദിരത്തിലാണ്. ഇന്ന് സ്കോളാസിന് ഇറാഖ് ഉൽപ്പെടെ 190 രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ശാഖകളുണ്ട്. 10 ലക്ഷത്തിൽ അധികം യുവതീയുവാക്കളും പ്രസ്ഥാനത്തിൽ അംഗങ്ങളായുണ്ട്.

5. പുറത്തേയ്ക്കിറങ്ങാം...
സാൻ കലീസ്തോയിൽ സമ്മേളിച്ച ഇറ്റലിയിലെ യുവജന പ്രതികളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. ഇറ്റലിയുടെ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെ സംഘടിപ്പിച്ച സംഗമത്തിന്‍റെ പ്രമേയം കോവിഡ് കാലത്തെ എങ്ങനെ നേരിടാം എന്നായിരുന്നു. സ്കോളാസിന്‍റെ പ്രസിഡന്‍റ്, ഹൊസ്സെ മാരിയെ ദേൽ കൊറാൽ കഠിനാദ്ധ്വാനികളാണ് ഈ കുട്ടികളെന്ന് പരിചയപ്പെടുത്തിപ്പോൾ, പാപ്പാ കുട്ടികളോ‌ടായി ചോദിച്ചു,  നിങ്ങൾ എങ്ങനെയാണ് കോവിഡ് കാലത്ത് കഠിനാദ്ധ്വാനം ചെയ്യുന്നത്.  ഒരാൾ പറഞ്ഞു, ലോക് ഡൗൺ മൂലം പുറത്തിറങ്ങാൻ പറ്റാത്ത കാലമാകയാൽ, താൻ മാനസികമായി പുറത്തേയ്ക്കിറങ്ങിയാണ് എന്തെങ്കിലും ചെയ്യുന്നതെന്ന് മറുപടി പറഞ്ഞു.

6. സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന മനസ്സ്
പാപ്പാ തുടർന്നു. “പുറത്തേയ്ക്ക് ഇറങ്ങുക”യാണ്, സൂത്രവാക്യം. വെള്ളം കെട്ടിക്കിടന്നാൽ അത് മലിനജലമായി മാറും. പുറത്തേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോൾ അത് ശുദ്ധമാണ്. അതുപോലെ പുറത്തേയ്ക്ക് ഒഴുകി ശുദ്ധമാകുന്ന മനസ്സ്, മനുഷ്യരുമായി ഇടകലരുന്ന മനസ്സ് പ്രശാന്തമാവുകയും സ്നേഹത്തിന്‍റെ നന്മ വിരിയിക്കുകയും ചെയ്യുമെന്ന് പാപ്പാ പ്രസ്താവിച്ചു. അത് മനുഷ്യരുടെ സന്തോഷത്തിലെന്നപോലെ ക്ലേശങ്ങളിലും പ്രയാസങ്ങളിലും  പങ്കുചേരുന്നു. ക്രിയാത്മകതയും സാഹോദര്യത്തിന്‍റെ സ്പന്ദനമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

7. സ്കോളാസിന്‍റെ വിശിഷ്ടാതിഥികൾ ഇത്തവണ
സ്കോളാസിന്‍റെ പ്രവർത്തനത്തിൽ സഹകരിക്കുന്ന അർജന്‍റീനയുടെ പ്രഥമവനിത ഫാബിയോള യാനെറ്റ്, ഇറ്റലിയുടെ ആരോഗ്യമന്ത്രി റൊബേർത്തോ സ്പെരാൻസായും, വിദ്യാഭ്യാസമന്ത്രി പത്രീസിയോ ബിയാങ്കിയും പാപ്പായ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2021, 16:04