കോവിദ് രോഗപ്രതിരോധ കുത്തിവയ്പ്പ് പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ "വാക്സ് ലൈവ്" (VAX LIVE) സംഗീത-നൃത്ത പരിപാടിക്ക് ആശംസയുമായി ഫ്രാൻസീസ് പാപ്പാ കോവിദ് രോഗപ്രതിരോധ കുത്തിവയ്പ്പ് പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ "വാക്സ് ലൈവ്" (VAX LIVE) സംഗീത-നൃത്ത പരിപാടിക്ക് ആശംസയുമായി ഫ്രാൻസീസ് പാപ്പാ 

പ്രതിസന്ധിയുടെ വേളയിൽ പ്രത്യാശയും പ്രകാശവും നമുക്കാവശ്യം!

ഫ്രാൻസീസ് പാപ്പാ “വാക്സ് ലൈവ്” (Vax Live) സംഗീത-നൃത്ത പരിപാടിയ്ക്ക് വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അന്ധകാരത്തിൻറെയും അനിശ്ചിതത്വത്തിൻറെയും അതിപ്രസരത്തിൻറെ ഈ വേളയിൽ നമുക്ക് വെളിച്ചവും പ്രത്യാശയും ആവശ്യമായിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

കോവിദ് 19 രോഗ പ്രതിരോധ കുത്തിവയ്പ്പ് ആഗോളതലത്തിൽ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദൃശ്യശ്രാവ്യസാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മെയ് 8-ന് ശനിയാഴ്ച (08/05/21) രാത്രി അവതരിപ്പിക്കുന്ന “വാക്സ് ലൈവ്” (Vax Live) എന്ന സംഗീത-നൃത്ത പരിപാടിയോടനുബന്ധിച്ച് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പ്രായത്തിലും അരൂപിയിലുമുള്ള യുവതയേ, നിങ്ങളെപ്പോലെ നൃത്തം ചവിട്ടുകയൊ പാടുകയൊ ചെയ്യാത്ത, എന്നാൽ, അനീതിയും തിന്മയും അജയ്യങ്ങളല്ല എന്ന് നിങ്ങളെപ്പോലെ വിശ്വസിക്കുന്ന ഈ വൃദ്ധൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ സ്വീകരിച്ചാലും എന്ന ആമുഖ വാക്യത്തോടെയാണ് പാപ്പാ തൻറെ വീഡിയൊ സന്ദേശം ആരംഭിച്ചിരിക്കുന്നത്.

കൊറോണ വൈറസ് മരണങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണമാകുകയും ഇത് എല്ലാവരുടെയും ജീവിതത്തെ, പ്രത്യേകിച്ച് ഏറ്റവും ദുർബ്ബലരായവരുടെ ജീവിതത്തെ ബാധിക്കുകയും അതുപോലെതന്നെ, നിലവിലുള്ള സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ ഈ മഹാമാരി വഷളാക്കുകയും ചെയ്തിരിക്കുന്നത് പാപ്പാ അനുസ്മരിക്കുന്നു.

രോഗശാന്തിയുടെയും രക്ഷയുടെയും വഴികൾ നമുക്ക് ആവശ്യമാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ, രോഗലക്ഷണത്തെയല്ല രോഗകാരണത്തെ ഇല്ലാതാക്കുന്ന ചികിത്സയാണ് ആവശ്യമെന്ന് വ്യക്തമാക്കുന്നു. 

നമ്മുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്നതും സമത്വവും സാഹോദര്യവും  ഇല്ലാതാക്കുന്നതും അപരൻറെ കഷ്ടടപ്പാടുകളെക്കുറിച്ച് നിസ്സംഗത പുലർത്തുന്നവരാക്കി നമ്മെ മാറ്റുന്നതുമായ  വ്യക്തിമാഹാത്മ്യവാദത്തിൻറെ രോഗാണു, വൈറസ്, രോഗബാധിത വേരുകളിൽ കാണാമെന്നും പാപ്പാ പറയുന്നു.

ഈ രോഗാണുവിൻറെ വകഭേദമാണ് അടച്ചുപൂട്ടുന്ന ദേശീയതയെന്നും അത് ഉദാഹരണമായി പ്രതിരോധ കുത്തിവയ്പ്പ് രാജ്യാന്തര തലത്തിൽ ലഭ്യമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.

സ്നേഹത്തിൻറെയും നരകുലത്തിൻറെ ആരോഗ്യത്തിൻറെയും നിയമത്തിൻറെ മേൽ ബൗദ്ധികാവകാശത്തിൻറെയൊ കമ്പോളത്തിൻറെയൊ നിയമം പ്രതിഷ്ഠിക്കപ്പെടുന്നതും ഈ വൈറസിൻറെ മറ്റൊരു വകഭേദമാണെന്നു പാപ്പാ കുറ്റപ്പെടുത്തുന്നു.

കുറച്ചുപേരെ സമ്പന്നരാക്കുന്ന, മനുഷ്യരാശിക്കുള്ളവയുടെ ഭൂരിഭാഗവും സ്വന്തമാക്കി വയ്ക്കുന്ന കുറച്ചുപേരെ സൃഷ്ടിക്കുന്ന, അനാരോഗ്യകരമായ സമ്പദ്ഘടനയാണ് മറ്റൊരു വകഭേദം എന്നും  അതിൻറെ ഉത്പാദന ഉപഭോഗ രീതികൾ ഭൂമിയെ, നമ്മുടെ പൊതുഭവനത്തെ നശിപ്പിക്കുമെന്നും പാപ്പാ പറയുന്നു.

എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ സാമൂഹിക അനീതികളും ദാരിദ്ര്യത്തിലോ ദുരിതത്തിലോ ഉള്ള ഒരാളുടെ പാർശ്വവൽക്കരണവും പരിസ്ഥിതിയെ ബാധിക്കുന്നുവെന്നും പ്രകൃതിയും വ്യക്തിയും ഐക്യപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സകലരുടെയും വൈദ്യനും രക്ഷകനും ദൈവമാണെന്നും അവിടന്ന് വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും ഈ ലോകം വിട്ടു പോയവരെ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2021, 13:54