തിരയുക

ഫ്രാന്‍സീസ് പാപ്പാ സ്വര്‍ഗ്ഗാരോഹണത്തിരുന്നാള്‍ ദിനത്തില്‍ ഞായറാഴ്ച (16/05/21) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍. ഫ്രാന്‍സീസ് പാപ്പാ സ്വര്‍ഗ്ഗാരോഹണത്തിരുന്നാള്‍ ദിനത്തില്‍ ഞായറാഴ്ച (16/05/21) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍.  

സന്തോഷപ്രദായക സ്വ‍ര്‍ഗ്ഗാരോഹണം!

വിടവാങ്ങല്‍ എന്നും വിഷാദമുളവാക്കുന്ന വേളയാണെങ്കിലും യേശുവിന്‍റെ സ്വ‍‍ര്‍ഗ്ഗാരോഹണം ശിഷ്യന്മാരില്‍ ദുഃഖമല്ല ആനന്ദം ഉളവാക്കുന്നു- ഫ്രാന്‍സീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായറാഴ്ചയും (16/05/21) മദ്ധ്യാഹ്നത്തിൽ, ഫ്രാൻസീസ് പാപ്പാ, പതിവു പോലെ, പേപ്പൽ അരമനയിലെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടുകയും ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും”  എന്ന പ്രാർത്ഥന നയിക്കുകയും ചെയ്തു. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിരവധി വിശ്വാസികൾ കോവിദ് 19 രോഗ സംക്രമണം തടയുന്നതിനുള്ള കരുതൽ നടപടികൾ മാനിച്ചുകൊണ്ട് സന്നിഹിതരായിരുന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന ആരംഭിക്കുന്നതിനായി പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനാകുകയും പ്രാർത്ഥനയ്ക്ക് ഒരുക്കമായി , സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തുകയും ചെയ്തു.  ഈ ഞായറാഴ്ച (16/05/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മ‍ര്‍ക്കോസി‍ന്‍റെ സുവിശേഷം 16,15-20 വരെയുള്ള വാക്യങ്ങൾ, അതായത്, ലോകമെങ്ങും പോയി സകലസൃഷ്‌‌ടികളോ‌ടും സുവിശേഷം പ്രസംഗിക്കാന്‍ യേശു ശിഷ്യരോടു പറയുകയും സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്യുന്ന ഭാഗം    ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.  പാപ്പാ ഇറ്റാലിയൻ ഭാഷയില്‍  പങ്കുവച്ച ചിന്തകള്‍:

സ്വ‍ര്‍ഗ്ഗാരോഹണത്തിരുന്നാള്‍

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ഇന്ന്, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും, കർത്താവിന്‍റെ സ്വർഗ്ഗാരോഹണത്തിരുന്നാള്‍ആഘോഷിക്കുന്നു. സുവിശേഷത്താളില്‍ (മർക്കോ 16: 15-20) - മർക്കോസിന്‍റെ സുവിശേഷത്തിന്‍റെ ഉപസംഹാരഭാഗം – അവതരിപ്പിക്കുന്നത്, പിതാവിന്‍റെ വലതുഭാഗത്തേക്ക് ആരോഹണം ചെയ്യുന്നതിനു മുമ്പ് ഉത്ഥിതന്‍ ശിഷ്യന്മാരുമായി ന‌ടത്തുന്ന കൂടിക്കാഴ്ചയാണ്.

വിടവാങ്ങലിന്‍റെ സന്താപസന്തോഷവികാരങ്ങള്‍......

നമുക്കറിയാം, സാധാരണയായി,  വിടവാങ്ങൽ രംഗങ്ങൾ സങ്കടകരമാണ്, അവ അവിടെ ശേഷിക്കുന്നവ‍‍ര്‍ക്ക് ഒരു നഷ്ടബോധം, പരിത്യക്തതാബോധം ഉളവാക്കുന്നു; എന്നാല്‍ ഇതൊന്നും ശിഷ്യന്മാർക്ക് അനുഭവപ്പെടുന്നില്ല. കർത്താവിൽ നിന്ന് അകന്നെങ്കിലും, അവർ മ്ലാനവദനരല്ല, നേരെമറിച്ച്, അവർ സന്തോഷമുള്ളവരായി കാണപ്പെടുന്നു, ലോകത്തിലേക്കു പ്രേഷിതരായി പോകാൻ സന്നദ്ധരാണ്.

എന്തുകൊണ്ടാണ് ശിഷ്യന്മാർ ദുഃഖിതരല്ലാത്തത്? യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തിൽ നമ്മളും  സന്തോഷിക്കേണ്ടതെന്തുകൊണ്ട്?

നമുക്കുവേണ്ടി വിണ്ണില്‍ നിന്ന് മന്നിലേക്കിറങ്ങുകയും വിണ്ണേറുകയും ചെയ്തവന്‍

സ്വർഗ്ഗാരോഹണം, നമ്മുടെ മദ്ധ്യേ യേശുവിന്‍റെ ദൗത്യം പൂർത്തിയാക്കുന്നു. വാസ്തവത്തിൽ, യേശു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയത് നമുക്കുവേണ്ടിയാണെങ്കിൽ, അവി‌ടന്ന് അവിടേക്കു കയറുന്നതും എല്ലായ്പ്പോഴും നമുക്കുവേണ്ടിത്തന്നെയാണ്. ദൈവപുത്രന്‍ ഇറങ്ങിവന്ന് മനുഷ്യനായിത്തീരുന്നു, നമ്മുട‌െ മനുഷ്യപ്രകൃതി സ്വീകരിക്കുന്നു, അതിനെ വീണ്ടെടുക്കുന്നു. നമ്മുടെ മാനവികതയിലേക്കിറങ്ങി അതിനെ വീണ്ടെടുത്ത ശേഷം അവി‌ടന്ന് ഇപ്പോൾ നമ്മുടെ ശരീരം സ്വയം വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേക്ക് കയറുന്നു. അവിടന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മനുഷ്യനാണ്, കാരണം യേശു മനുഷ്യനാണ്, യഥാർത്ഥ മനുഷ്യനും സത്യദൈവവുമാണ്; നമ്മുടെ ശരീരം സ്വർഗ്ഗത്തിലാണ്, ഇത് നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നു. പിതാവിന്‍റെ വലതുവശത്ത് ഇപ്പോൾ, ആദ്യമായി, ഒരു മനുഷ്യഗാത്രം, യേശുവിന്‍റെ ശരീരം ഉപവിഷ്ടമായിരിക്കുകയും ഈ രഹസ്യത്തിൽ നാം ഓരോരുത്തരും അവനവന്‍റെ ഭാവി ഭാഗധേയത്തെക്കുറിച്ചു ചിന്തിക്കുകയും ചെയ്യന്നു. ഇത് ഒരു ഉപേക്ഷിച്ചുപോകലല്ല, കാരണം യേശു ശിഷ്യന്മാരോടൊപ്പം, നമ്മോടൊപ്പം എന്നും ഉണ്ട്. പ്രാ‍‍ത്ഥനയില്‍ അവിടുന്നുണ്ട്, എന്തെന്നാല്‍, അവിടുന്ന് മനുഷ്യനെന്ന നിലയില്‍പിതാവിനോടു പ്രാ‍ര്‍ത്ഥിക്കുന്നു, ദൈവം എന്ന നിലയില്‍, ദൈവവും മനുഷ്യനും എന്ന നിലയില്‍അവി‌ടന്ന് സ്വന്തം മുറിവുകള്‍, നമ്മെ വീണ്ടെടുക്കുന്നതിനേറ്റ മുറിവുകള്‍, പിതാവിനെ കാണിച്ചുകൊടുക്കുന്നു. അവി‌ടെ നമ്മുടെ ശരീരത്തോടൊപ്പം യേശുവിന്‍റെ പ്രാ‍ര്‍ത്ഥനയുണ്ട്: നമ്മിലൊരുവനായ ദൈവമനുഷ്യന്‍നമുക്കായി പ്രാ‍ര്‍ത്ഥിക്കുന്നു.

നമുക്കും സന്തോഷകാരണമാകേണ്ട സ്വ‍ര്‍ഗ്ഗാരോഹണം

 

ഇത് നമുക്കൊരു ഉറപ്പാകേണ്ടിയിരിക്കുന്നു, അതിലുപരി, സന്തോഷമാകണം, മഹാ സന്തോഷം! ആനന്ദത്തിന്‍റെ രണ്ടാമത്തെ കാരണം യേശുവിന്‍റെ വാഗ്ദാനമാണ്. അവിടുന്നു നമ്മോടു പറഞ്ഞു: "ഞാൻ നിങ്ങൾക്കായി പരിശുദ്ധാത്മാവിനെ അയയ്ക്കും". വിടവാങ്ങല്‍നേരത്ത് യേശു നല്കുന്ന, “നിങ്ങള്‍ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക” എന്ന കല്പന നിറവേറ്റുക ഈ പരിശുദ്ധാത്മാവിനാലാണ്. സുവിശേഷം എത്തിക്കാന്‍നമ്മെ ലോകത്തിലേക്കു കൊണ്ടുപോകുന്നത് പരിശുദ്ധാരൂപിയുടെ ശക്തിയായിരിക്കും. യേശു വാഗ്ദാനം ചെയ്യുകയും പിന്നീട് ഒമ്പതു ദിവസത്തിനു ശേഷം പന്തക്കുസ്താദിനത്തില്‍ ഇറങ്ങിവരുകയും ‌ചെയ്യുന്നത് ആ പരിശുദ്ധാരൂപിയാണ്. ഇന്ന് നാം ഇവിടെ ആയിരിക്കുന്നതിന് കാരണം ഈ പരിശുദ്ധാത്മാവാണ്. ഇത് വലിയ ആനന്ദമാണ്! യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു:പിതാവിന്‍റെ മുന്നില്‍നില്ക്കുന്ന ആദ്യ മനുഷ്യന്‍. നമ്മുടെ രക്ഷയ്ക്കായി വിലയായി നല്കിയ മുറിവുകളുമായി പോയ അവിടന്ന് നമുക്കായി പ്രാ‍ര്‍ത്ഥിക്കുന്നു. തദ്ദനന്തരം അവിടന്ന് പരിശുദ്ധാത്മാവിനെ അയക്കുന്നു, സുവിശേഷവത്ക്കരിക്കരണത്തിനായി പോകുന്നതിനുവേണ്ടി നമുക്ക് പരിശുദ്ധാരൂപിയെ വാഗ്ദാനം ചെയ്യുന്നു. ഇതാണ് നമ്മുടെ ആനന്ദ കാരണം ഇന്ന്, അതുകൊണ്ടാണ് സ്വര്‍ഗ്ഗാരോഹണദിനത്തിലെ ഈ സന്തോഷം. 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം 

സഹോദരീസഹോദരന്മാരേ, ക്രിസ്തു കയറി പിതാവിന്‍റെ  വലത്തുഭാഗത്തിരിക്കുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചു നാം ധ്യാനിക്കുന്ന ഈ  സ്വര്‍ഗ്ഗാരോഹണോത്സവത്തിൽ നമുക്ക്, ലോകത്തില്‍, സമൂര്‍‍ത്തമായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ഉത്ഥിതന്‍റെ ധീരസാക്ഷികള്‍ആയിത്തീരുന്നതിന് സഹായിക്കാന്‍ സ്വർഗ്ഗീയ രാജ്ഞിയായ മറിയത്തോട് അപേക്ഷിക്കാം. 

ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദനാന്തരം പാപ്പാ, വിശുദ്ധനാട്ടില്‍അരങ്ങേറുന്ന സായുധപോരാട്ട‌ത്തില്‍ഒരിക്കല്‍ക്കൂടി തന്‍റെ ആശങ്ക അറിയിച്ചു.

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം- പാപ്പായുടെ ആശങ്ക

വിശുദ്ധ നാട്ടിൽ സംഭവിക്കുന്ന കാര്യങ്ങള്‍താന്‍ അതീവ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നു പറ‍‍‍ഞ്ഞ പാപ്പാ    ഗാസ മുനമ്പും ഇസ്രായേലും തമ്മില്‍ഈ ദിനങ്ങളില്‍നടക്കുന്ന അക്രമാസക്തമായ സായുധ പോരാട്ടം മരണത്തിന്‍റെയും നാശത്തിന്‍റെയും ചുഴിയായി മാറുന്ന അപകടാവസ്ഥയിലാണെന്നും നിരവധി ആളുകൾക്ക് പരിക്കേല്ക്കുകയും, നിരപരാധികളായ നിരവധി പേർ മരിച്ചുവീഴുകയും ചെയ്തുവെന്നും വേദനയോടും ഉത്ക്കണ്ഠയോടും കൂടി അനുസ്മരിച്ചു.

കുട്ടികളും ഇരകളാക്കപ്പെടുന്ന പോരാ‌ട്ടം

ഈ പോരട്ടത്തിന് ഇരകളയാരിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ഇത് ഭീകരവും അസ്വീകാര്യവുമാണെന്നും, ഭാവി കെട്ടിപ്പടുക്കാനല്ല മറിച്ച് നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതിന്‍റെ അടയാളമാണ് അവരുടെ മരണം എന്നും  പാപ്പാ പറഞ്ഞു.

സഭാഷണ പാത എത്രയും വേഗം തുറക്കുക

കൂടാതെ, ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന വിദ്വേഷവും അക്രമവും പൗരന്മാർക്കിടയിൽ സാഹോദര്യത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും  ഗുരുതരമായ മുറിവാണെന്നും, സത്വരമായി സംഭാഷണത്തിന്‍റെ സരണി തുറന്നില്ലെങ്കിൽ അത് സൗഖ്യമാക്കുക ആയാസകരമായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേ‍ര്‍ത്തു.

വിദ്വേഷവും പ്രതികാരവും നമ്മെ എവിടേക്കാനയിക്കും?

വിദ്വേഷവും പ്രതികാരവും നമ്മെ എവിടേക്കാനയിക്കും? അപരനെ നശിപ്പിച്ചുകൊണ്ട് സമാധാനം കെട്ടിപ്പടുക്കാമെന്ന് നാം കരുതുന്നുണ്ടോ? ഇത്യാദി ചോദ്യങ്ങള്‍ഉന്നയിച്ച പാപ്പാ, ശാന്തത പാലിക്കാനും, ആയുധങ്ങളുടെ ഗര്‍ജ്ജനം അവസാനിപ്പിക്കാനും സമാധാനസരണിയില്‍ചരിക്കാനും അന്താരാഷ്ട്ര സമൂഹങ്ങളുടെ സഹകരണത്തോടെ ശ്രമിക്കാന്‍ഉത്തരവാദിത്വമുള്ളവരോട്,   "സകല മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിക്കുകയും പരസ്പരം സഹോദരന്മാരായി ജീവിക്കാൻ അവരെ വിളിക്കുകയും ചെയ്ത ദൈവത്തിന്‍റെ നാമത്തിൽ" (മാനവസാഹോദര്യം, HUMAN FRATERNITY)  അഭ്യർത്ഥിച്ചു.

സമാധാന ശില്പികളാകുക

ഇസ്രായേലികളും ഫലസ്തീനികളും സംഭാഷണത്തിന്‍റെയും പൊറുക്കലിന്‍റെയും പാത കണ്ടെത്തെണമെന്നും, പൊതുവായൊരു പ്രതീക്ഷയിലേക്കും, സഹോദരങ്ങൾക്കിടയിൽ സഹവർത്തിത്വത്തിലേക്കും പടിപടിയായി പ്രവേശിച്ചുകൊണ്ട് സമാധാനത്തിന്‍റെയും നീതിയുടെയും ക്ഷമാശീലരായ ശില്പികളാകണമെന്നും പാപ്പാ ഓ‍മ്മിപ്പിച്ചു.  സായുധസംഘ‍ര്‍ഷങ്ങള്‍ക്കിരകളായവര്‍ക്കായും, പ്രത്യേകിച്ച് കുട്ടികൾക്കായും സമാധാനത്തിനായും സമാധാന രാജ്ഞിയോട് പ്രാർത്ഥിക്കാന്‍പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

“ലൗദാത്തൊ സീ വാരം”

ഭൂമിയുടെയും ദരിദ്രരുടെയും രോദനം കേൾക്കാൻ നമ്മെ കൂടുതൽ കൂടുതൽ ബോധവത്കരിക്കുന്നതിനായുള്ള “ലൗദാത്തൊ സീ വാരം” ഈ ഞായറാഴ്ച (16/05/21) ആരംഭിച്ചത് പാപ്പാ അനുസ്മരിച്ചു.

ഈ വാരാചരണത്തിന് ചുക്കാന്‍പിടിക്കുന്ന സമഗ്ര മനുഷ്യവികസനത്തിനായുള്ള വത്തിക്കന്‍വിഭാഗം, ലോക കത്തോലിക്കാ കാലാവസ്ഥാ പ്രസ്ഥാനം, കാരിത്താസ് ഇന്‍റർനാസിയൊണാലിസ്, ഇതില്‍പങ്കുചേരുന്ന മറ്റു നിരവധി സംഘടനകൾ എന്നിവയ്ക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ഇതില്‍പങ്കുകൊള്ളാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

നവവാഴ്ത്തപ്പെട്ട വൈദികന്‍കുരിശിന്‍റെ ഫ്രാന്‍സീസ് മരിയ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ,, സാല്‍വത്തോറിയന്‍സന്ന്യാസി-സന്ന്യാസിനി സമൂഹങ്ങളുടെ സ്ഥാപകന്‍ വൈദികന്‍കുരിശിന്‍റെ ഫ്രാന്‍സീസ് മരിയ, ശനിയാഴ്ച (15/05/21) റോമിൽ വിശുദ്ധ ജോണ്‍ലാറ്ററന്‍ബസിലിക്കയില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

ക്രിസ്തുവിന്‍റെ ഉപവി പ്രചോദനം പക‍ര്‍ന്ന എല്ലാ മാ‍ര്‍ഗ്ഗങ്ങളും ഉപയോഗിച്ച അക്ഷീണ സുവിശേഷ പ്രഘോഷകനായിരുന്നു അദ്ദേഹമെന്ന് പാപ്പാ പറഞ്ഞു. എല്ലാ ചുറ്റുപാടുകളിലും യേശുവിന്‍റെ വചനവും സ്നേഹവും എത്തിക്കാന്‍വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും നവവാഴ്ത്തപ്പെട്ട കുരിശിന്‍റെ ഫ്രാന്‍സീസ് മരിയയുടെ പ്രേഷിത തീക്ഷ്ണത മാതൃകയും വഴികാട്ടിയും ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.    

സമാപനാഭിവാദ്യം

ഇറ്റലി, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവരേയും അഭിവാദ്യം ചെയ്ത പാപ്പാ, എല്ലാവർക്കും ത്രികാല പ്രാർത്ഥനാപരിപാടിയുടെ അവസാനം  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2021, 12:03

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >