ഫ്രാൻസീസ് പാപ്പായും (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയൊ ദ്റാഗിയും (Mario Draghi)  ജനനനിരക്കിൻറെ പൊതുവായ അവസ്ഥകളെ അധികരിച്ചുള്ള ഒരു യോഗത്തിൻറെ (Stati Generali della Natalità ) ഉദ്ഘാടനവേളയിൽ വെള്ളിയാഴ്ച (14/05/21) റോമിലെ ഒരു ഓഡിറ്റോറിയത്തിൽ .   ഫ്രാൻസീസ് പാപ്പായും (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയൊ ദ്റാഗിയും (Mario Draghi) ജനനനിരക്കിൻറെ പൊതുവായ അവസ്ഥകളെ അധികരിച്ചുള്ള ഒരു യോഗത്തിൻറെ (Stati Generali della Natalità ) ഉദ്ഘാടനവേളയിൽ വെള്ളിയാഴ്ച (14/05/21) റോമിലെ ഒരു ഓഡിറ്റോറിയത്തിൽ .  

പാപ്പാ:കുടുംബ പരിപാലനം സുപ്രധാനം!

കുടുംബങ്ങളെ വർത്തമാനകാലത്തിൻറെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാത്ത പക്ഷം ഭാവി ഉണ്ടാകില്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശോഭനമായൊരു ഭാവിയുണ്ടാകണമെങ്കിൽ ജീവിത പദ്ധതികളെ തളർത്തുന്ന അപകടസാധ്യതകളാൽ വലയുന്ന കുടുംബങ്ങളെ, പ്രത്യേകിച്ച് യുവകുടുംബങ്ങളെ പരിപാലിക്കേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പാ.

ജനനനിരക്കിൻറെ പൊതുവായ അവസ്ഥകളെ അധികരിച്ചുള്ള ഒരു യോഗം വെള്ളിയാഴ്ച (14/05/21) റോമിൽ, വത്തിക്കാനടുത്ത്, വിയ ദെല്ല കൊൺചിലിയാത്സിയൊനെയിലുള്ള (Via della Conciliazione) ഓഡിറ്റോറിയത്തിൽ  ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയൊ ദ്റാഗിക്കൊപ്പം (Mario Draghi) ഉദ്ഘാടനം ചെയ്ത ഫ്രാൻസീസ് പാപ്പാ തദ്ദവസരത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് കുടുംബസംരക്ഷണത്തിൻറെ അതീവ പ്രാധാന്യം എടുത്തു കാട്ടിയത്.

തൊഴിൽപരമായ അനിശ്ചിതത്വത്തിൻറെ ഫലമായ ആശങ്ക, കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള വർദ്ധിച്ചുവരുന്ന താങ്ങാനാവാത്ത ചെലവുകളുളവാക്കുന്ന ഉത്ക്കണ്ഠ എന്നിവ   ഭാവിയെ ഗ്രസിക്കാൻ പോന്ന ഭയങ്ങളാണെന്നും, അവ സമൂഹത്തെ മൂടിക്കളയാൻ കഴിയുന്ന സൈകതങ്ങൾ അഥവാ, മണൽക്കുഴികൾ ആണെന്നും പാപ്പാ പറഞ്ഞു.

സ്ത്രീകൾ ഗർഭം ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന പ്രവണത, അല്ലെങ്കിൽ, ഗർഭിണിയാണെന്നറിയാത്തവിധം ഉദരം മറച്ചുവയ്ക്കേണ്ട അവസ്ഥ തൊഴിൽ മേഖലയിൽ കണ്ടുവരുന്നത് പാപ്പാ ഖേദപൂർവ്വം അനുസ്മരിച്ചു. 

ജീവിതത്തിന് പ്രദാനം ചെയ്യാൻ കഴിയുന്ന ഏറ്റം മനോഹരമായ ദാനത്തെ പ്രതി ഒരു സ്ത്രീ ലജ്ജിക്കേണ്ട അവസ്ഥയുണ്ടാകുന്നതെങ്ങിനെ എന്ന് പാപ്പാ ചോദിച്ചു. 

സ്ത്രീയല്ല, സമൂഹമാണ് ലജ്ജിക്കേണ്ടത്, കാരണം ജീവനെ സ്വാഗതം ചെയ്യാത്ത ഒരു സമൂഹത്തിൻറെ ജീവിതത്തിന് വിരമാമാകുകയാണെന്ന് പാപ്പാ പറഞ്ഞു. ഒരു ജനതയെ പുനർജനിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യാശയാണ് കുട്ടികൾ എന്നു പ്രസ്താവിച്ച പാപ്പാ ജന്മം കൊള്ളുന്ന ഒരോ കുഞ്ഞിൻറെയും പേരിൽ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്ന നിയമപരമായ തീരുമാനം ഇറ്റലി കൈക്കൊണ്ടിരിക്കുന്നത് അനുസ്മരിക്കുകയും  ഈ സഹായം കുടുംബത്തിൻറെ സമൂർത്തമായ ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതായിരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

കുടുംബങ്ങളെ വർത്തമാനകാലത്തിൻറെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാത്ത പക്ഷം  ഭാവി ഉണ്ടാകില്ലെന്നും കുടുംബങ്ങൾക്ക് പുനരാരംഭിക്കാൻ സാധിച്ചാൽ സകലത്തിനും വീണ്ടും  തുടക്കമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"നിങ്ങളുടെ നിധി എവിടെയാണോ അവിടെയാണ് നിങ്ങളുടെ ഹൃദയവും " (മത്താ 6:21) എന്ന യേശുവചനം അനുസ്മരിച്ച പാപ്പാ നമ്മുടെ നിധി എവിടെയാണ്, അത് കുഞ്ഞുങ്ങളിലാണോ അതോ സമ്പത്തിലാണോ? നമ്മെ ആകർഷിക്കുന്നത് കുടുംബമാണൊ സാമ്പത്തിക ആയവ്യയക്കണക്കാണോ? എന്നീ ചോദ്യങ്ങൾ നിരത്തിയ പാപ്പാ മുൻഗണനാർഹമായത് തിരഞ്ഞടുക്കാനുള്ള ധൈര്യം ആവശ്യമാണെന്നും അതുമായിട്ടാണ് ഹൃദയം ബന്ധിക്കപ്പെടുകയെന്നും വിശദീകരിച്ചു. 

ജീവിതം തിരഞ്ഞെടുക്കാനുള്ള ധൈര്യം സർഗ്ഗാത്മകമാണെന്നും, കാരണം അത് നിലവിലുള്ളതിനെ ശേഖരിക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുകയല്ല, മറിച്ച് പുതുമയിലേക്ക് സ്വയം തുറക്കുകയാണ് ചെയ്യുന്നതെന്നും ഓരോ മനുഷ്യജീവിതവും യഥാർത്ഥ പുതുമയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ആത്മസാക്ഷക്കാരം എന്നത് പണവും വിജയവും ആണെന്നും അതിൽ നിന്ന് ഏതാണ്ട് വഴിതിരച്ചുവിടുന്നവരാണ് കുട്ടികൾ എന്നുമുള്ള തോന്നൽ, ഈ മാനസികാവസ്ഥ, സമൂഹത്തെ രോഗഗ്രസ്ഥമാക്കുകയും ഭാവിയെ അസ്ഥിരമാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ മുന്നറിയിപ്പു നല്കി.

ചില സമയങ്ങളിൽ മരുഭൂമിയിൽ അലറുന്നതു പോലെയും അധികാരത്തിനെതിരായ പോരാട്ടം പോലെയും തോന്നാം എന്നാൽ തളാരാതെ മുന്നോട്ട് പോകണമെന്നും പ്രചോദനം പകർന്ന പാപ്പാ നന്മ സ്വപ്നം കാണുകയും ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നത് ഗുണദായകമാണെന്നും ജനനനിരക്ക് കൂടാതെ ഭാവിയുണ്ടാകില്ലെന്നും പ്രസ്താവിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2021, 15:15