തിരയുക

ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ, വത്തിക്കാനിൽ വിശുദ്ധ ദാമസിൻറെ അങ്കണത്തിൽ 12/05/2021 ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ, വത്തിക്കാനിൽ വിശുദ്ധ ദാമസിൻറെ അങ്കണത്തിൽ 12/05/2021 

പാപ്പാ:പ്രാർത്ഥനയുടെ ഏറ്റവും വലിയ ശത്രുക്കൾ നമ്മുടെ ഉള്ളിൽത്തന്നെ!

വത്തിക്കാനിൽ മാസങ്ങൾക്കു ശേഷം മെയ് 12-ന് ബുധനാഴ്ച ഫ്രാൻസീസ് പാപ്പാ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ പൊതുദർശനം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നേരിട്ടുള്ള പൊതുജന പങ്കാളിത്തം ഒഴിവാക്കി, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമായി  നടത്തിപ്പോന്നിരുന്ന പ്രതിവാര പൊതുകൂടിക്കാഴ്ച  ഫ്രാൻസീസ് പാപ്പാ, ഈ ബുധനാഴ്ച (12/05/21) മുതൽ ജനസാന്നിധ്യത്തിലാണ് അനുവദിച്ചത്. വത്തിക്കാൻ നഗരത്തിനകത്തുള്ള വിശുദ്ധ ദാമസ് പാപ്പായുടെ (San Damaso) നാമത്തിലുള്ള ചെറിയ അങ്കണമായിരുന്നു പൊതുദർശന വേദി. തീർത്ഥാടകരും സന്ദർശകരുമായി നിരവധിപ്പേർ അവിടെ സന്നിഹിതരായിരുന്നു. അവരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗവേദിയിലെത്തിയ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നതിനെതുടർന്ന് പാപ്പാ തൻറെ സന്ദേശം നല്കി. പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തന പരമ്പര തുടർന്ന പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു : 

 സന്തോഷത്തോടെ ജനങ്ങളോടൊപ്പം 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

മുഖാമുഖമുള്ള ഈ കൂടിക്കാഴ്ച പുനരാംരംഭിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം, ഒരു കാര്യം ഞാൻ നിങ്ങളോടു പറയുകയാണ്: ശൂന്യതയിലേക്കു നോക്കി, ഒരു ക്യാമറയ്ക്കു മുന്നിൽ സംസാരിക്കുന്നത് ഒട്ടും നല്ലതായി എനിക്കനുഭവപ്പെടുന്നില്ല. ഇപ്പോൾ, അനേകം മാസങ്ങൾക്കു ശേഷം ഇതു സാധ്യമായിരിക്കുന്നു. മോൺസിഞ്ഞോർ സപിയേൻസയുടെ ധൈര്യത്തിന് ഞാൻ നന്ദി പറയുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ ഇല്ല, ഇനി കൂടിക്കാഴ്ച അവിടെ നടത്താം”. അങ്ങനെ നാം ഇവിടെ സമ്മേളിച്ചിരിക്കുന്നു. ..... എല്ലാവരുടെയും സാന്നിദ്ധ്യത്തിനും നിങ്ങളുടെ സന്ദർശനത്തിനും നന്ദി. പാപ്പായുടെ സന്ദേശം എല്ലാവരിലേക്കുമെത്തിക്കുക. പാപ്പാ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു, പ്രാർത്ഥനൈക്യത്തിൽ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇതാണ് പാപ്പായുടെ സന്ദേശം.

പ്രാർത്ഥനയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത    

പ്രാർത്ഥനയെക്കുറിച്ച് പരാമർശിക്കുമ്പോൾ, ക്രിസ്തീയ പ്രാർത്ഥന, ആകമാന ക്രൈസ്തവ ജീവിതത്തെ പോലെതന്നെ, ഒരു "ഉലാത്തൽ" അല്ല. ബൈബിളിലും സഭയുടെ ചരിത്രത്തിലും നാം കണ്ടുമുട്ടുന്ന പ്രാർത്ഥനയുടെ മഹാത്മാക്കൾക്കൊന്നും "സുഖപ്രദമായ" ഒരു പ്രാർത്ഥന ഉണ്ടായിട്ടില്ല. തത്തമ്മ പറയുന്നതു പോലെ പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കും.... യാന്ത്രികമായ വാക്കുകൾ.... അതു പ്രാർത്ഥനയല്ല. പ്രാർത്ഥന തീർച്ചയായും വലിയ സമാധാനം പ്രദാനം ചെയ്യുന്നു, പക്ഷേ അത് ലഭിക്കുക, ജീവിതത്തിൽ നീണ്ടകാലം ഉണ്ടായേക്കാവുന്നതും ചിലപ്പോൾ കഠിനവുമായ ഒരു ആന്തരിക പോരാട്ടത്തിലൂടെയാണ് . പ്രാർത്ഥിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ ‌പ്രാർത്ഥിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, പെട്ടെന്ന്, ആ സമയത്ത് സുപ്രധാനവും അടിയന്തിരവുമെന്ന് തോന്നിക്കുന്ന മറ്റ് പല കാര്യങ്ങളും മനസ്സിൽ ഓടിയെത്തുന്നു. ഇത് എനിക്കും സംഭവിക്കുന്നു..... നാം പ്രാർത്ഥനയിൽ നിന്ന് ഒളിച്ചോടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല. എന്നാൽ അങ്ങനെയാണ്. മിക്കവാറും എല്ലായ്പ്പോഴും, പ്രാർത്ഥന മാറ്റിവച്ചു കഴിയുമ്പോൾ, അക്കാര്യങ്ങളൊന്നുംതന്നെ അത്യന്താപേക്ഷിതങ്ങളായിരുന്നില്ല എന്നും നമ്മൾ സമയം പാഴാക്കിക്കളഞ്ഞുവെന്നും നാം മനസ്സിലാക്കുന്നു. അങ്ങനെ ശത്രു നമ്മെ വഞ്ചിക്കുന്നു.

പ്രാർത്ഥന പ്രദാനം ചെയ്യുന്ന സന്തോഷവും  അസ്വസ്ഥതയും

ദൈവത്തിൻറെ എല്ലാ സ്ത്രീപുരുഷന്മാരും പ്രാർത്ഥനയുടെ സന്തോഷം മാത്രമല്ല, അതുളവാക്കാവുന്ന അസ്വസ്ഥതകളും  കഷ്ടപ്പാടും അനാവരണം ചെയ്യുന്നുണ്ട്: ചില നിമിഷങ്ങളിൽ പ്രാർത്ഥനയുടെതായ സമയങ്ങൾക്കും രീതികൾക്കുമനുസൃതം വിശ്വാസം നിലനിർത്തുകയെന്നത് കഠിനമായ  ഒരു പോരാട്ടമാണ്. ചില വിശുദ്ധന്മാർ പ്രാർത്ഥനയുടെ ആസ്വാദ്യത ഒട്ടും അറിയാതെയും അതിൻറെ ഉപയോഗം മനസ്സിലാക്കാതെയും വർഷങ്ങൾ അത് തുടർന്നു. നിശബ്ദത, പ്രാർത്ഥന, ഏകാഗ്രത എന്നിവ ആയാസകരങ്ങളായ അഭ്യാസങ്ങളാണ്, ചിലപ്പോൾ മനുഷ്യപ്രകൃതി അതിനെതിരെ പ്രതികരിക്കുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും ആയിരിക്കാൻ നാം ആഗ്രഹിക്കും, എന്നാൽ അവിടെ ആയിരിക്കാൻ, അതായത്, പ്രാർത്ഥിക്കാൻ പള്ളിയിൽ ആയിരിക്കാൻ ഇഷ്ടമില്ല. വിശ്വാസം എളുപ്പമല്ലെന്നും ചിലപ്പോൾ അത് സമ്പൂർണ്ണ അന്ധകാരത്തിൽ ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുമെന്നും പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർ ഓർമ്മിക്കേണ്ടതാണ്. 

പ്രാർത്ഥനയുടെ വൈരികൾ

പ്രാർത്ഥനയുടെ ശത്രുക്കളുടെ ഒരു നീണ്ട പട്ടിക കത്തോലിക്കാസഭയുടെ മതബോധനം നിരത്തുന്നു (2726-2728). പ്രാർത്ഥന സർവ്വശക്തനിൽ എത്തിച്ചേരുമോ എന്ന് ചിലർ സംശയിക്കുന്നു: എന്തുകൊണ്ടാണ് ദൈവം മൗനം പാലിക്കുന്നത്? ദൈവത്തിൻറെ അപ്രമാദിത്വത്തിനു മുന്നിൽ പ്രാർത്ഥന കേവലം ഒരു മാനസിക പ്രവർത്തനമാണെന്ന് മറ്റുള്ളവർ സംശയിക്കുന്നു; ഒരുപക്ഷേ അത് ഉപയോഗപ്രദമായിരിക്കും, എന്നാൽ സത്യമോ ആവശ്യമോ അല്ലാത്ത ഒന്ന്: അതായത്, വിശ്വാസി ആകാതെതന്നെ ഒരാൾക്ക് ജീവിതം നയിക്കാനാകും എന്ന ചിന്ത.

എന്നാൽ, പ്രാർത്ഥനയുടെ ഏറ്റവും കടുത്ത ശത്രുക്കൾ നമ്മുടെ ഉള്ളിലാണ്. കത്തോലിക്കാസഭയുടെ മതബോധനം അവയെ വിളിക്കുന്നത് ഇങ്ങനെയാണ്: "നമ്മുടെ വിരസമായ അവസ്ഥയ്ക്കു മുന്നിലുള്ള ആശാഭംഗം, നമുക്ക് ധാരാളം വസ്തുക്കൾ ഉള്ളതിനാൽ  എല്ലാം കർത്താവിന് സമർപ്പിക്കാനുള്ള വൈമനസ്യം,  നമ്മുടെ ഹിതം ശ്രവിക്കപ്പെടാത്തിനാലുള്ള നിരാശ, പാപികളായ നമ്മുടെ അയോഗ്യതയാൽ മുറിപ്പെടുത്തപ്പെട്ട ഔദ്ധത്യം, പ്രാർത്ഥനയുടെ സൗജന്യസ്വഭാവത്തോടുള്ള വിരോധം "(n. 2728). ഇത് വിപുലീകരിക്കാവുന്ന ഒരു സംഗ്രഹ പട്ടികയാണ്.

പ്രാർത്ഥനയിൽ സ്ഥൈര്യം പുലർത്തുക

എല്ലാം ചഞ്ചലമായി തോന്നുന്ന വേളയിൽ പ്രലോഭന സമയത്ത് നാം  എന്തുചെയ്യണം? ആത്മീയതയുടെ ചരിത്രം നാം പരിശോധിക്കുകയാണെങ്കിൽ, നമ്മൾ വിശദീകരിച്ച സാഹചര്യത്തെക്കുറിച്ച് ആദ്ധ്യാത്മിക ഗുരുക്കന്മാർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് നമുക്ക് ഉടൻ ബോധ്യമാകും. പ്രലോഭനത്തെ മറികടക്കാൻ, ഓരോരുത്തരും ചില സംഭാവന നൽകി: ക്ലേശകാലങ്ങളെ നേരിടാൻ ജ്ഞാനത്തിൻറെ ഒരു വാക്ക്,  അല്ലെങ്കിൽ ഒരു നിർദ്ദേശം. ഇത് വിപുലീകൃത സിദ്ധാന്തങ്ങളുടെ പ്രശ്നമല്ല, മറിച്ച് അനുഭവാധിഷ്ഠിത ഉപദേശമാണ്, അത് പ്രാർത്ഥനവഴി ചെറുത്തു നില്ക്കേണ്ടതിൻറെയും പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവരായിരിക്കേണ്ടതിൻറെയും പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുവിൻറെ കൊടിക്കീഴിൽ അണിനിരക്കുക

ഈ ഉപദേശ ശകലങ്ങളിൽ ചിലത് ഒന്നു പുനരവലോകനം ചെയ്യുന്നത് ശ്രദ്ധേയമായിരിക്കും, കാരണം ഓരോന്നും കൂടുതലായ സമഗ്രപഠനത്തിന് അർഹമാണ്. ഉദാഹരണത്തിന്, ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിൻറെ ആത്മീയ ധ്യാനക്രമങ്ങൾ, നിങ്ങളുടെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാമെന്ന് പഠിപ്പിക്കുന്ന മികച്ച ജ്ഞാനം നിറഞ്ഞ ഒരു ചെറു ഗ്രന്ഥമാണ്. ക്രിസ്തീയ വിളി ഒരു സമരോത്സുകതയാണെന്ന് ഇത് വ്യക്തമാക്കുന്നു. സാത്താൻറെയല്ല, ക്ലേശകരമായ കാലത്തും നന്മ ചെയ്യാൻ പരിശ്രമിച്ചുകൊണ്ട് ക്രിസ്തുവിൻറെ കൊടിക്കീഴിൽ നിൽക്കാനുള്ള തീരുമാനമാണ് ഇത് എന്ന് നമുക്കു മനസ്സിലാക്കിത്തരുന്നു.

നാം തനിച്ചല്ല.... നമ്മോടൊപ്പം കർത്താവുണ്ട്

പരീക്ഷണ വേളകളിൽ, നമ്മൾ തനിച്ചല്ലെന്നും ആരോ നമ്മെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ഓർമ്മിക്കുന്നത് നല്ലതാണ്. ക്രിസ്തീയ താപസജീവിത്തിൻറെ ഉപജ്ഞാതാവായ വിശുദ്ധ അന്തോണി ആബട്ട് പോലും, പ്രാർത്ഥന ഒരു ബലപരീക്ഷയായി മാറിയപ്പോൾ,  ഈജീപ്തിൽ ഘോര നിമിഷങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. അദ്ദേഹത്തിൻറെ ജീവചരിത്രകാരൻ അലക്സാണ്ഡ്രിയായിലെ ബിഷപ്പ് വിശുദ്ധ അത്തനാസിയൂസ് വിവരിക്കുന്നത് എതാണ്ട് മുപ്പത്തിയഞ്ചാം വയസ്സിൽ വിശുദ്ധ അന്തോണി ആബട്ടിന് അദ്ദഹത്തിൻറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശമായ സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മദ്ധ്യവയസ്സ് കാലഘട്ടം പലർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. അന്തോണിസിന് അഗ്നിപരീക്ഷയുണ്ടായി എങ്കിലും അദ്ദേഹം ചെറുത്തു നിന്നു. ഒടുവിൽ ശാന്തത തിരിച്ചുകിട്ടിയപ്പോൾ ഒരു ശകാര സ്വരത്തോടുകൂടി എന്നു വേണമെങ്കിൽ പറയാം, അദ്ദേഹം കർത്താവിൻറെ നേർക്കു: "നീ എവിടെയായിരുന്നു? എൻറെ ക്ലേശത്തിനറുതിവരുത്താൻ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ നീ എന്തുകൊണ്ട് ഉടനെ വന്നില്ല? എന്നു ചോദിക്കുന്നു. യേശു പ്രത്യുത്തരിച്ചു: “ അന്തോണീ, ഞാൻ അവിടെ ഉണ്ടായിരുന്നു. എന്നാൽ നീ പോരാടുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു”(അന്തോണിയുടെ ജീവിതം, 10 Life of Anthony). പ്രാർത്ഥനയിൽ പോരാടുക. പലപ്പോഴും പ്രാർത്ഥന ഒരു പോരാട്ടമാണ്.

കർത്താവിൻറെ സാന്നിദ്ധ്യം തിരിച്ചറിയുക

യേശു എപ്പോഴും നമ്മോടൊപ്പമുണ്ട്: അന്ധതയുടെ ഒരു നിമിഷത്തിൽ നാം അവിടത്തെ സാന്നിദ്ധ്യം തിരിച്ചറിയുന്നില്ലെങ്കിൽ, ഭാവിയിൽ നമുക്ക് അതിനു സാധിക്കും. ഗോത്രപിതാവായ യാക്കോബ് ഒരിക്കൽ പറഞ്ഞ അതേ വാക്യം നമ്മളും ആവർത്തിക്കും: “തീർച്ചയായും, കർത്താവ് ഇവിടെയുണ്ട്, ഞാനത് അറിഞ്ഞില്ല” (ഉൽപത്തി 28:16). നമ്മുടെ ജീവിതാന്ത്യത്തിൽ, പിന്തിരിഞ്ഞ്  നോക്കുമ്പോൾ, നമുക്കും ഇങ്ങനെ പറയാൻ കഴിയും: "ഞാൻ ഒറ്റയ്ക്കാണെന്ന് ഞാൻ കരുതി, പക്ഷേ അങ്ങനെയല്ല, ഞാൻ ഒറ്റയ്ക്കായിരുന്നില്ല: യേശു എന്നോടൊപ്പമുണ്ടായിരുന്നു". ഇങ്ങനെ പറയാൻ നമുക്കെല്ലാവർക്കും സാധിക്കും. നന്ദി.

സമാപനാഭിവാദ്യം, ആശീർവ്വാദം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പരിശുദ്ധ കന്യകയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന ഈ മെയ് മാസത്തിൽ, എല്ലാവർക്കും, എല്ലാ കുടുംബങ്ങൾക്കും അവളുടെ സ്വർഗ്ഗീയ സംരക്ഷണം പാപ്പാ പ്രാർത്ഥിച്ചു.

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും സംബോധന ചെയ്ത പാപ്പാ, വിശ്വാസികളുടെ അമ്മയായ മറിയയോട് സഹായം തേടാൻ അവർക്ക് പ്രചോദനം പകർന്ന പാപ്പാ മരിയ ഭക്തിയുടെ വിവിധ രൂപങ്ങൾ, പ്രത്യേകിച്ച് കൊന്തനമസ്ക്കാരം, അവരുടെ വിശ്വാസയാത്രയ്ക്കുംമ ക്രിസ്തീയ സാക്ഷ്യത്തിനും സഹായകമാകുമെന്ന് ഓർമ്മിപ്പിച്ചു.

തുടർന്ന് കർത്തൃപ്രാർത്ഥനാനന്തരം, പാപ്പാ, പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2021, 13:17

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >