ഫ്രാൻസീസ് പാപ്പാ പൊതുദർശന വേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന്  05/052021 ഫ്രാൻസീസ് പാപ്പാ പൊതുദർശന വേളയിൽ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് 05/052021 

പാപ്പാ: "ധ്യാനം, വിശ്വാസ നയനങ്ങൾ യേശുവിൽ ഉറപ്പിച്ചുകൊണ്ടുള്ള നോട്ടം"

ഞാൻ അവിടത്തെ നോക്കുന്നു, അവിടന്ന് എന്നെ നോക്കുന്നു! ഇതാണ് ധ്യാനാത്മകപ്രാർത്ഥനയുടെ സരണി. പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് വിപത്തിൻറെ കാലമാകയാൽ ഫ്രാൻസീസ് പാപ്പാ, ഈ ബുധനാഴ്ചയും (05/05/21) പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത്. വത്തിക്കാനിൽ, പതിവുപോലെ,  പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ച പാപ്പാ വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നതിനെതുടർന്ന് തൻറെ സന്ദേശം നല്കി. പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തന പരമ്പരയിൽ, കഴിഞ്ഞ വാരത്തിൽ, ധ്യാനരൂപത്തിലുള്ള പ്രാർത്ഥനയെക്കുറിച്ചു നടത്തിയ വിശകലനം പാപ്പാ തുടർന്നു.  

ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ : 

ധ്യാനം ജീവിതത്തിന് സ്വാദേകുന്ന ലവണം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തനം നമ്മൾ തുടരുകയാണ്. ഈ പ്രബോധനത്തിൽ ഞാൻ ധ്യാനപ്രാർത്ഥനയെക്കുറിച്ചുള്ള വിചിന്തനം തുടരാൻ ആഗ്രഹിക്കുന്നു.

മനുഷ്യൻറെ, ഇനിയും, ധ്യാനപ്രാർത്ഥനായി പരിണമിച്ചിട്ടില്ലാത്ത, ധ്യാനാത്മക മാനം ഏതാണ്ട്, ജീവിതത്തിൻറെ "ഉപ്പ്" പോലെയാണ്: അത് സ്വാദ് പകരുന്നു, നമ്മുടെ നാളുകൾക്ക് രുചിയേകുന്നു. രാവിലെ ഉദിക്കുന്ന സൂര്യനെയോ വസന്തകാലത്ത് പച്ചയായി മാറുന്ന മരങ്ങളെയോ നോക്കി ധ്യാനിക്കാനാകും. സംഗീതമോ പക്ഷികളുടെ സംഗീതാത്മകമായ കൂജനങ്ങളൊ ശ്രവിച്ചുകൊണ്ടോ, ഒരു പുസ്തകം വായിച്ചുകൊണ്ടോ, ഒരു കലാസൃഷ്ടിയുടെ, മാനവവദനമാകുന്ന ആ അത്യുത്തമ കലാരൂപത്തിന് മുന്നിൽ നിന്നോ ധ്യാനിക്കാം.... മിലാൻറെ മെത്രാനായി നിയോഗിക്കപ്പെട്ട കാർലോ മരിയ മാർത്തീനി, അദ്ദേഹത്തിൻറെ ആദ്യ ഇടയലേഖനത്തിന് നല്കിയ ശീർഷകം "ജീവിതത്തിൻറെ ധ്യാനാത്മക മാനം" എന്നായിരുന്നു: വാസ്തവത്തിൽ, എല്ലാം കൃത്രിമവും പ്രവർത്തനപരവുമാണ് എന്ന് നമുക്കു പറയാൻ കഴിയുന്ന, ഒരു വലിയ നഗരത്തിൽ താമസിക്കുന്നവർക്ക് ധ്യാനിക്കാനുള്ള കഴിവ് കൈമോശം വരുന്ന അപകടമുണ്ട്. ധ്യാനിക്കുക എന്നത് പ്രഥമതഃ ഒരു പ്രവർത്തന രീതിയല്ല, മറിച്ച് അസ്തിത്വം സ്വീകരിക്കലിൻറെ, ധ്യാനാത്മകനായിരിക്കലിൻറെ ഒരു മാർഗ്ഗമാണ്. 

ധ്യാനാത്മകത, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൻറെ "ശ്വാസം" 

ധ്യാനാത്മകരായിരിക്കുക എന്നത് കണ്ണുകളെയല്ല, പ്രത്യുത, ഹൃദയത്തെ ആശ്രയിച്ചിരിക്കുന്നു. ഇവിടെ, വിശ്വാസത്തിൻറെയും സ്നേഹത്തിൻറെയും കർമ്മം എന്ന നിലയിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൻറെ "ശ്വാസം" എന്ന നിലയിൽ പ്രാർത്ഥന കടന്നുവരുന്നു. പ്രാർത്ഥന ഹൃദയത്തെ ശുദ്ധീകരിക്കുകയും, അതോടൊപ്പം, യാഥാർത്ഥ്യത്തെ മറ്റൊരു വീക്ഷണത്തിൽ ദർശിക്കാൻ പ്രാപ്തമാക്കിക്കൊണ്ട് കാഴ്ചയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.  പ്രാർത്ഥനയാൽ ഹൃദയത്തിനു സംഭവിക്കുന്ന ഈ രൂപാന്തരത്തെ കത്തോലിക്കാസഭയുടെ മതബോധനം ആർസിലെ വിശുദ്ധനായ ജോൺ മരിയ വിയാന്നിയുടെ വിഖ്യാതമായ ഒരു സാക്ഷ്യം ഉദ്ധരിച്ചുകൊണ്ട്  വിശദീകരിക്കുന്നുണ്ട്: "ധ്യാനം വിശ്വാസ നയനങ്ങൾ യേശുവിൽ ഉറപ്പിച്ചുകൊണ്ടുള്ള നോട്ടമാണ്." “ഞാൻ അവിടത്തെ നോക്കുന്നു, അവിടന്ന് എന്നെയും", എന്ന്  സക്രാരിക്കു മുന്നിൽ പ്രാർത്ഥനാ നിരതനാകുന്ന ആഴ്സിലെ ആ ഗ്രാമീണൻ പറയുമായിരുന്നു. യേശുവിൻറെ നോട്ടത്തിൻറെ വെളിച്ചം നമ്മുടെ ഹൃദയത്തിൻറെ നയനങ്ങളെ പ്രകാശിപ്പിക്കുന്നു; അവിടത്തെ സത്യത്തിൻറെയും സകല മനുഷ്യരോടും ഉള്ള അവിടത്തെ അനുകമ്പയുടെയും വെളിച്ചത്തിൽ എല്ലാം കാണാൻ അവിടന്ന് നമ്മെ പഠിപ്പിക്കുന്നു ”(കത്തോലിക്കാസഭയുടെ മതബോധനം 2715). എല്ലാം അവിടെ നിന്നാണ് ജന്മംകൊള്ളുന്നത്: സ്നേഹത്തോടെ കാണപ്പെടുന്നുവെന്ന് വിചാരിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന്. അപ്പോൾ യാഥാർത്ഥ്യം വ്യത്യസ്ത വീക്ഷണങ്ങളാൽ മനനംചെയ്യപ്പെടുന്നു.

വാക്കുകളുടെ ധാരളിത്തം ആവശ്യമില്ലാത്ത ധ്യാനം

“ഞാൻ അവിടത്തെ നോക്കുന്നു, അവിടന്ന് എന്നെ നോക്കുന്നു!”. ഇത് അങ്ങനെയാണ്: അഗാധ പ്രാർത്ഥനയുടെ സവിശേഷതയായ, സ്നേഹപൂർവ്വമായ ധ്യാനത്തിൽ,  നിരവധിയായ വാക്കുകൾ ആവശ്യമില്ല: ഒരു നോട്ടം മതി, യാതൊന്നിനും നമ്മെ വേർപെടുത്താൻ കഴിയാത്തതായ മഹത്തായതും വിശ്വസ്തവുമായ ഒരു സ്നേഹത്താൽ നമ്മുടെ ജീവിതം വലയിതമാണെന്ന ബോധ്യം മതി. 

ഈ നോട്ടത്തിൻറെ ഗുരുവാണ് യേശു. അവിടത്തെ ജീവിതത്തിൽ, സ്ഥലകാലങ്ങൾക്കും മൗനങ്ങൾക്കും, അനിവാര്യമായ പരീക്ഷണങ്ങളാൽ അസ്തിത്വം നശിപ്പിക്കപ്പെടാതെ, സൗന്ദര്യത്തെ അതേപടി നിലനിർത്താൻ അനുവദിക്കുന്ന സ്നേഹപൂർവ്വമായ കൂട്ടായ്മയ്ക്കും ഒരിക്കലും കുറവുണ്ടായിട്ടില്ല. സ്വർഗ്ഗീയപിതാവുമായുള്ള ബന്ധമായിരുന്നു അവിടത്തെ രഹസ്യം.

യേശുവിൻറെ രൂപാന്തരീകരണത്തിൻറെ പ്രതീകാത്മകത

രൂപാന്തരീകരണ സംഭവത്തെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം. സുവിശേഷങ്ങൾ ഈ സംഭവത്തെ,  എതിർപ്പും തിരസ്ക്കരണവും യേശുവിനു ചുറ്റും വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന, അവിടത്തെ ദൗത്യത്തിൻറെ നിർണ്ണായക നിമിഷത്തോടു ചേർത്തുവയ്ക്കുന്നു. അവിടത്തെ ശിഷ്യന്മാരിൽ പലർക്കു പോലും അവിടത്തെ മനസ്സിലാക്കാൻ കഴിയുന്നില്ല; അവർ അവിടത്തെ വിട്ടു പോകുന്നു. പന്ത്രണ്ടുപേരിൽ ഒരുവൻ  അവിടത്തെ ഒറ്റുകൊടുക്കാൻ പദ്ധതിയിടുന്നു. തന്നെ ജറുസലേമിൽ കാത്തിരിക്കുന്ന കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ച് തുറന്നു പറയാൻ യേശു തുടങ്ങുന്നു. ഈ അവസരത്തിലാണ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടൊപ്പം ഒരു ഉയർന്ന മലയിലേക്കു പോകുന്നത്. മർക്കോസിൻറെ സുവിശേഷം പറയുന്നു: "അവൻ അവരുടെ മുമ്പിൽ വച്ച് രൂപാന്തരപ്പെട്ടു, അവൻറെ വസ്ത്രങ്ങൾ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയുന്നതിനെക്കാൾ വെണ്മയും തിളക്കവും ഉള്ളതായി”. (9,2-3). യേശുവിനെ തെറ്റിദ്ധരിച്ച നിമിഷം, അവിടത്തെ മനസ്സിലാക്കാൻ കഴിയാതെ വന്ന സമയത്ത്, അവർ അവിടത്തെ തനിച്ചാക്കി പോയി. തെറ്റിദ്ധാരണകളുടെ ചുഴലിക്കാറ്റിൽ എല്ലാം മങ്ങുമെന്ന പ്രതീതിയുളവാകുന്ന സമയത്ത്, അവിടെയാണ് ഒരു ദിവ്യപ്രകാശം പരക്കുന്നത്. ഇത് പിതാവിൻറെ സ്നേഹത്തിൻറെ വെളിച്ചമാണ്, അത് പുത്രൻറെ ഹൃദയത്തെ നിറയ്ക്കുകയും അവിടത്തെ മുഴുവനായും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ധ്യാനവും പ്രവർത്തിയും

ചില ഗതകാല ആദ്ധ്യാത്മിക നിയന്താക്കൾ ധ്യാനം, പ്രവർത്തനത്തിന് വിപരീതമാണെന്ന് ചിന്തിച്ചു; ലോകത്തിൽ നിന്നും അതിൻറെ പ്രശ്നങ്ങളിൽ നിന്നും പലായനം ചെയ്തുകൊണ്ട് പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുന്നതായ വിളിയെ അവർ ഉയർത്തിപ്പിടിച്ചു. വാസ്തവത്തിൽ, യേശുക്രിസ്തുവിലും അവിടത്തെ സുവിശേഷത്തിലും ധ്യാനവും പ്രവൃത്തിയും തമ്മിൽ വൈരുദ്ധ്യം ഇല്ല. ഇതിൻറെ ഉറവിടം ഒരു പക്ഷേ പ്ലേറ്റൊയുടെ ചിന്തകളെ പിൻചെല്ലുന്ന ഏതെങ്കിലും തത്ത്വചിന്തകൻറെ സ്വാധീനത്തിൽ നിന്നായിരിക്കാം, പക്ഷേ ഇത് തീർച്ചയായും ക്രിസ്തീയ സന്ദേശത്തിന് അന്യമായ ഒരു ദ്വൈതവാദമാണ്.

യേശുവിനെ സ്നേഹപാതയിൽ പിൻചെല്ലുകയെന്ന വിളി

സുവിശേഷത്തിൽ ഏകവും മഹത്തായതുമായ ഒരു വിളി ഉണ്ട്, അത്, യേശുവിനെ സ്നേഹത്തിൻറെ സരണിയിൽ പിൻചെല്ലുകയാണ്. ഇതാണ് പാരമ്യം, സകലത്തിൻറെയും  കേന്ദ്രം. ഈ അർത്ഥത്തിൽ, ഉപവിയും ധ്യാനവും പര്യായങ്ങളാണ്, അവ പറയുന്നത് ഒരേ കാര്യംതന്നെയാണ്. മറ്റെല്ലാ കർമ്മങ്ങളും ചേർന്ന ഒരു സഞ്ചയത്തെക്കാൾ സഭയ്ക്ക് കൂടുതൽ പ്രയോജനകരം നിർമ്മല സ്നേഹത്തിൻറെ ഒരു ചെറിയ പ്രവർത്തിയാണെന്ന് കുരിശിൻറെ വിശുദ്ധ യോഹന്നാൻ പറയുന്നു. നമ്മുടെ അഹത്തിൻറെ ഔദ്ധത്യത്തിൽ നിന്നല്ല, പ്രത്യുത, പ്രാർത്ഥനയിൽ നിന്ന് പിറവിയെടുക്കുന്നത്, താഴ്മയാൽ ശുദ്ധീകരിക്കപ്പെടുന്നത്, അത് ഒറ്റപ്പെട്ടതും നിശബ്ദവുമായ സ്നേഹത്തിൻറെ പ്രവൃത്തിയാണെങ്കിൽക്കൂടി, ഒരു ക്രിസ്ത്യാനിക്ക് സാക്ഷാത്ക്കരിക്കാനുകുന്ന ഏറ്റവും വലിയ അത്ഭുതമാണ്. ഇതാണ് ധ്യാനാത്മകപ്രാർത്ഥനയുടെ സരണി: ഞാൻ അവിടത്തെ നോക്കുന്നു, അവിടന്ന് എന്നെ നോക്കുന്നു! യേശുവുമായുള്ള മൗന സംഭാഷണത്തിലുള്ള ഈ സ്നേഹ പ്രകരണം സഭയ്ക്ക് ഏറെ ഗുണപ്രദമാണ്. നന്ദി

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

മെയ് മാസത്തിലെ പ്രാർത്ഥനാ മാരത്തോൺ

കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ-തൊഴിൽപരങ്ങളായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ഈ മാസത്തിൽ ജപമാല പ്രാർത്ഥന ചൊല്ലുന്നത് പാപ്പാ അനുസ്മരിച്ചു. ഈ ബുധനാഴ്‌ച (05/05/21) ഈ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കുന്നത് ദക്ഷിണ കൊറിയയിലെ നമ്യാംഗിലുള്ള ജപമാലനാഥയുടെ ദേവാലയമാണെന്ന് പാപ്പാ വെളിപ്പെടുത്തി. ആ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്നവരോടൊന്നു ചേരാനും, പ്രത്യേകിച്ച്, കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  

സമാപനാഭിവാദ്യവും ആശീർവ്വാദവും

മെയ്മാസം പരിശുദ്ധ കന്യകാമറിയത്തിന് പാരമ്പര്യമായി പ്രതിഷ്ഠിതമാണെന്ന വസ്തുത ഇറ്റലിക്കാരെ സംബോധന ചെയ്യവെ അനുസ്മരിച്ച പാപ്പാ ഈ മാസം 8-ɔ൦ തീയതി ശനിയാഴ്‌ച ഉച്ചയ്ക്ക് ഇറ്റലിയിലെ പൊമ്പെയിലെ മാതാവിൻറെ സന്നിധിയിൽ നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ ആദ്ധ്യാത്മികമായി പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. 

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും സംബോധന ചെയ്ത പാപ്പാ, ജീവിത തിരഞ്ഞെടുപ്പുകളിലും ബുദ്ധിമുട്ടുകളിലും ക്രിസ്തീയവീര്യം ആർജ്ജിക്കുന്നതിന് വിശ്വാസത്തിൻറെ മാതൃകയും ക്രിസ്തുവചനത്തോടുള്ള സകർമ്മസാക്ഷിയുമായ പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കാൻ  അവർക്ക് പ്രചോദനം പകർന്നു.

തുടർന്ന് കർത്തൃപ്രാർത്ഥനാനന്തരം, പാപ്പാ, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2021, 14:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >