മ്യാന്മറിലെ കത്തോലിക്കർക്കായി  ദിവ്യബലിയർപ്പിച്ച സന്ദർഭത്തിൽ പകർത്തപ്പെട്ട ചിത്രം. മ്യാന്മറിലെ കത്തോലിക്കർക്കായി ദിവ്യബലിയർപ്പിച്ച സന്ദർഭത്തിൽ പകർത്തപ്പെട്ട ചിത്രം. 

മ്യാന്മറിലെ കത്തോലിക്കർക്കായി പ്രത്യേക ദിവ്യബലിയർപ്പിച്ച് പാപ്പാ

മ്യാൻമറിൽ ക്ലേശമനുഭവിക്കുന്ന കത്തോലിക്കരോടു സഭയുടെ സാന്നിധ്യമറിയിച്ചു കൊണ്ട് റോമിൽ താമസിക്കുന്ന മ്യാൻമറുകാരോടൊപ്പം ഫ്രാൻസിസ് പാപ്പാ ഇന്നലെ (16.05.21,ഞായറാഴ്ച) ദിവ്യബലിയർപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെതിരെ നടന്ന പട്ടാള അട്ടിമറിയെ തുടർന്ന് മൂന്നരമാസമായി അവിടെ നടക്കുന്ന അക്രമണങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പെസഹാ കാലത്തെ ഏഴാം ഞായറാഴ്ചയായിരുന്ന ഇന്നലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് പരിശുദ്ധ പിതാവ് ദിവ്യബലിയർപ്പിച്ചത്.

തന്റെ ശിഷ്യരെയും ലോകത്തേയും വിട്ടു പോകാനൊരുങ്ങുന്ന യേശു ശിഷ്യർക്കായി നടത്തുന്ന പ്രാർത്ഥനയെ അനുസ്മരിച്ച സുവിശേഷ പ്രസംഗത്തിൽ, ഈ സുവിശേഷ ഭാഗം നമ്മുടെ ജീവിതത്തിന്റെ നാടകീയവും വേദനാജനകവുമായ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് നമ്മെ പഠിപ്പിക്കുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. പിതാവിനോടുള്ള യേശുവിന്റെ പ്രാർത്ഥനയിൽ "കാത്തു സൂക്ഷിക്കുക" എന്ന പദമാണ് യേശു ഉപയോഗിക്കുന്നതെന്ന് അടിവരയിട്ട പാപ്പാ മ്യാൻമറിൽ അക്രമങ്ങളും സംഘർഷങ്ങളും അടിച്ചമർത്തലുകളുനുഭവിക്കുമ്പോൾ എന്തു കാത്തു സൂക്ഷിക്കാനാണ് നമ്മളോടു ആവശ്യപ്പെടുന്നതെന്ന് ചിന്തിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. മൂന്ന് വെല്ലുവിളികളാണ് പാപ്പാ ഉത്തരമായി മുന്നിൽ വച്ചത്: വിശ്വാസം കാത്തു സൂക്ഷിക്കുക, ഐക്യം കാത്തു സൂക്ഷിക്കുക, സത്യം കാത്തു സൂക്ഷിക്കുക.

വിശ്വാസം കാത്തു സൂക്ഷിക്കുക

തീവ്രമായ മനോവ്യഥ അനുഭവിക്കുമ്പോഴും യേശു ദൈവത്തിലേക്ക് കണ്ണുകളുയർത്തുന്നു എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്. ദു:ഖത്താൽ പരവശനായി തിന്മയിലേക്ക് സ്വയം വിട്ടു കൊടുക്കാതിരുന്ന യേശു ഈ മനോഭാവം കൈവരിക്കാൻ തന്റെ  ശിഷ്യരെ പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിശ്വാസം കാക്കുക എന്നാൽ സ്വർഗ്ഗത്തിലേക്ക് കണ്ണുയർത്തുകയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും യുക്തിക്ക് വിട്ടുകൊടുക്കാതെ പരസ്പരം സഹോദരീസഹോദരരെന്ന് നമ്മെ വിളിക്കുന്ന ദൈവസ്നേഹത്തിൽ നമ്മുടെ നോട്ടമുറപ്പിക്കുകയെന്നാണ്. പാപ്പാ തുടർന്നു. പ്രാർത്ഥനയാണ് ഇതിന്റെ താക്കോൽ. അത് പ്രശ്നങ്ങളിൽ നിന്നുള്ള ഒരു പിൻവാങ്ങലല്ല മറിച്ച് സ്നേഹവും പ്രത്യാശയും നിലനിർത്താൻ അത്യാവശ്യമായ ഘടകമാണ്, പാപ്പാ കൂട്ടിച്ചേർത്തു.

ഐക്യം കാത്തുസൂക്ഷിക്കുക

സ്നേഹവും സാഹോദര്യവും വാഴുന്ന ഒരു കുടുംബമായി ശിഷ്യർ പരിപൂർണ്ണ ഐക്യമുള്ളവരായിരിക്കാൻ യേശു പിതാവിനോടു പ്രാർത്ഥിച്ചു എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ ഭിന്നത എന്ന രോഗം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ ഹൃദയത്തിൽ നാം അനുഭവിക്കുന്ന ഭിന്നത നമ്മുടെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും സഭയിലേക്കു പോലും പടർന്നു പിടിക്കുമെന്നും അസൂയ, സ്പർദ്ധ, സ്വാർത്ഥത, വിധിക്കാനുള്ള പ്രവണത മുതലായവ നിറയുമെന്നും ഭിന്നിപ്പിക്കുന്നത് വിഘടനത്തിന്റെ വലിയ ആളായ സാത്താനാണ് എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. എന്നാൽ നമുക്ക് എല്ലാവർക്കും സൗഹൃദത്തിലും, സ്നേഹത്തിലും, സാഹോദര്യത്തിലും ജീവിക്കാൻ സധൈര്യം തീരുമാനിക്കാൻ കഴിയും. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള പ്രതിബദ്ധത എപ്പോഴും താഴെ തട്ടിൽ നിന്ന് വരുന്നതിനാൽ ഓരോ വ്യക്തിയും, ചെറിയ കാര്യങ്ങൾപോലും ഇക്കാര്യത്തിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. സഭയെന്ന നിലയിൽ പങ്കുവയ്ക്കലിലൂടെ മറ്റുള്ളവരോടു സംവാദിക്കാനും അവരെ ബഹുമാനിക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.

സത്യം കാത്തുസൂക്ഷിക്കാൻ

സത്യം കാത്തുസൂക്ഷിക്കുന്നത് ആശയങ്ങളെ സംരക്ഷിക്കുകയോ സിദ്ധാന്ത വ്യവസ്ഥിതിയുടെ സംരക്ഷകരാകുക എന്നതോ മാത്രമല്ല മറിച്ച് ക്രിസ്തുവിനോടു ചേർന്നിരിക്കുകയും അവന്റെ സുവിശേഷത്തോടു അർപ്പിതരാവുകയുമെന്നതാണ്. മാത്രമല്ല അത് സുവിശേഷത്തെ മനുഷ്യ ലൗകീക രീതിയിലുള്ള ചിന്തകളിലൂടെ വളച്ചൊടിക്കാതെ അതിന്റെ സന്ദേശത്തിന്റെ സമഗ്രത പരിരക്ഷിക്കുകയും ജീവിതത്തിലെ എല്ലാ  സാഹചര്യങ്ങളിലും ഒരു പ്രവാചകനാവുകയുമാണ് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. യുദ്ധങ്ങളുടേയും വെറുപ്പിന്റെയും മദ്ധ്യേ സുവിശേഷത്തോടുള്ള സത്യസന്ധതയോടെയും സമാധാന ശില്പികളാവുകയും ചെയ്യുക എന്നത് നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ തിരഞ്ഞെടുപ്പുകളിൽ പോലും പ്രതിബദ്ധത ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിൽ ഒരുപാട് അപകടങ്ങൾ ഉൾപ്പെടുന്നു എന്നാൽ ഇങ്ങനെയേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും ഇതിന് ധൈര്യമാവശ്യമാണെന്നും കർത്താവിന് തണുപ്പൻമാരെ കൊണ്ട് ഒരു പ്രയോജനവുമില്ല എന്നും പാപ്പാ അറിയിച്ചു.

ദൈവം എല്ലാ ഹൃദയങ്ങളേയും സമാധാനത്തിലേക്ക് മാനസാന്തരപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവരോടും പ്രതീക്ഷാനിർഭരരായിരിക്കാനും കർത്താവ് ഇന്നും നമുക്കായി പിതാവിന്റെ മുമ്പിൽ തിന്മയിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കാനും പ്രാർത്ഥിക്കുന്നു എന്നു ഓർമ്മിപ്പിച്ചുകൊണ്ടുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2021, 14:44