തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (02/05/21) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായറാഴ്ച (02/05/21) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ!  (Vatican Media)

ക്രിസ്തുവിൽ വസിക്കുക,നല്ല ക്രൈസ്തവനാകുന്നതിനുള്ള മുൻ വ്യവസ്ഥ!

മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെയും ആവശ്യമുണ്ട്., പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊതുവെ നല്ല കാലാവസ്ഥയായിരുന്നു റോമിൽ ഈ ഞായറാഴ്ച (02/05/21). അന്ന് മദ്ധ്യാഹ്നത്തിൽ, പതിവു പോലെ, ഫ്രാൻസീസ് പാപ്പാ പേപ്പൽ അരമനയിലെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടുകയും ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും”  എന്ന പ്രാർത്ഥന നയിക്കുകയും ചെയ്തു. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിരവധി വിശ്വാസികൾ കോവിദ് 19 രോഗ സംക്രമണം തടയുന്നതിനുള്ള കരുതൽ നടപടികൾ മാനിച്ചുകൊണ്ട് സന്നിഹിതരായിരുന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന ആരംഭിക്കുന്നതിനായി പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (02/05/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 15,1-8 വരെയുള്ള വാക്യങ്ങൾ, അതായത്, താൻ മുന്തിരിച്ചെടിയും തൻറെ പിതാവ്, മുന്തിരിച്ചെടിയുടെ ശാഖകളിൽ ഫലം തരാത്തതിനെ വെട്ടിക്കളയുകയും ഫലമേകുന്നവയെ വെട്ടി ഒരുക്കുകയും ചെയ്യുന്ന കൃഷിക്കാരനുമാണെന്ന് യേശു വിശദീകരിക്കുന്ന ഉപമ   ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

മുന്തിരിച്ചെടിയും ശാഖകളും

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

ഉയിർപ്പുകാലത്തിലെ അഞ്ചാമത്തെതായ ഈ ഞായറാഴ്ചത്തെ (02/05/21)  സുവിശേഷത്തിൽ (യോഹന്നാൻ 15:1-8), കർത്താവ് യഥാർത്ഥ മുന്തിരിച്ചെടിയായി സ്വയം അവതരിപ്പിക്കുകയും നമ്മൾ, അവിടുന്നുമായി ഐക്യപ്പെടാതെ ജീവിക്കാൻ കഴിയാത്ത ശാഖകളാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അവിടന്ന് ഇങ്ങനെ പറയുന്നു: "ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ് "(യോഹന്നാൻ 15:5). ശാഖകളില്ലാത്ത മുന്തിരിച്ചെടിയില്ല, മറിച്ചും. ശാഖകൾ സ്വയംപര്യാപ്തങ്ങളല്ല, പ്രത്യുത, അവ, അവയുടെ നിലനിൽപ്പിൻറെ ഉറവിടമായ മുന്തിരിച്ചെടിയെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു.

ഫലദായകമാകുന്നതിന് തായ്ത്തണ്ടിനോടു ചേർന്നു നില്ക്കുന്ന ശാഖ

"നിലനിൽക്കുക" എന്ന ക്രിയയ്ക്ക് യേശു ഊന്നൽ നല്കുന്നു. ഇന്നത്തെ സുവിശേഷ ഭാഗത്തിൽ അവിടന്ന് അത് ഏഴു തവണ ആവർത്തിക്കുന്നു. തന്നോടുള്ള ഐക്യം തുടരാനാകുമെന്ന്, ഈ ലോകം വിട്ട് പിതാവിൻറെ പക്കലേക്ക് പോകുന്നതിനു മുമ്പ്, തൻറെ ശിഷ്യന്മാർക്ക് ഉറപ്പുനൽകാൻ യേശു ആഗ്രഹിക്കുന്നു. അവിടന്നു പറയുന്നു: "നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും" (യോഹന്നാൻ 15:4). ഈ “വസിക്കൽ” നിഷ്ക്രിയമല്ല, തൊട്ടിലിലാടി, കർത്താവിൽ "നിദ്രയിലാഴുകയല്ല". അല്ല, അതങ്ങനെയല്ല. അവിടന്ന് നമ്മുടെ മുന്നിൽ വയ്ക്കുന്ന ഈ “അവിടുന്നിൽ വസിക്കൽ, യേശുവിൽ നിലനില്ക്കൽ” ക്രിയാത്മകവും പാരസ്പര്യമുള്ളതുമാണ്. അത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, മുന്തിരിച്ചെടിയോടു ചേർന്നു നില്ക്കാത്ത ശാഖകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, വളരാനും ഫലം പുറപ്പെടുവിക്കാനും അവയക്ക് ജീവരസം ആവശ്യമാണ്; അതുപോലെ തന്നെ മുന്തിരിച്ചെടിക്ക് ശാഖകളും ആവശ്യമാണ്, കാരണം മരത്തിൻറെ തായ്ത്തണ്ടിലല്ല ഫലങ്ങൾ ഉണ്ടാകുന്നത്. ഇത് പരസ്പര ആവശ്യമാണ്, ഈ പാരസ്പര്യം ഫലം കായ്ക്കുന്നതിന് ആവശ്യമാണ്. നാം യേശുവിൽ വസിക്കുന്നു, യേശു നമ്മിൽ വസിക്കുന്നു.

യേശുവിൽ വസിക്കുക, ക്രൈസ്തവന് അനിവാര്യം

സർവ്വോപരി, നമുക്ക് യേശുവിനെ ആവശ്യമുണ്ട്. കൽപ്പനകൾ പാലിക്കുന്നതിനും സുവിശേഷസൗഭാഗ്യങ്ങൾക്കും കാരുണ്യ പ്രവൃത്തികൾക്കും മുമ്പ് ആവശ്യമായിരിക്കുന്നത് താനുമായി ഐക്യത്തിലായിരിക്കുകയും തന്നിൽ വസിക്കുകയുമാണെന്ന് നമ്മോട് പറയാൻ കർത്താവ് ആഗ്രഹിക്കുന്നു. നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ല. മറിച്ച്, അവിടുന്നുമായുള്ള ഐക്യത്തിൽ നമുക്ക് എല്ലാം സാധ്യമാണ് (ഫിലിപ്പിയർ 4:13). അവനോടൊപ്പം നമുക്ക് എല്ലാം ചെയ്യാൻ കഴിയും.

ക്രിസ്തുവിൻറെ സ്നേഹത്തിൻറെ സാക്ഷികളാകുക

മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന്  നമ്മെയും ആവശ്യമുണ്ട്. ഒരു പക്ഷേ ഇങ്ങനെ പറയുന്നത് നമ്മുടെ ഒരു ധാർഷ്ട്യമായി തോന്നാം, അതിനാൽ നമുക്ക് സ്വയം ചോദിക്കാം: യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അർത്ഥത്തിലാണ്? നമ്മുടെ സാക്ഷ്യം അവിടത്തേക്ക് ആവശ്യമുണ്ട്. ശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. സുവിശേഷം വചനപ്രവർത്തികളിലൂടെ പ്രഘോഷിക്കുന്നത് തുടരുകയെന്നത്, യേശു പിതാവിൻറെ പക്കലേക്ക് ആരോഹണം ചെയ്തതിനു ശേഷം, ശിഷ്യന്മാരുടെ കടമയാണ് - നമ്മുടെ കടമയാണ്. ശിഷ്യന്മാർ - യേശുവിൻറെ ശിഷ്യന്മാരായ നാം അവിടത്തെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അത് ചെയ്യുക: പുറപ്പെടുവിക്കേണ്ട ഫലം സ്നേഹമാണ്. ക്രിസ്തുവിനോട് ചേർന്നുനിന്ന് നാം പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുന്നു, അങ്ങനെ നമുക്ക് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുന്നു, സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യാനും സാധിക്കുന്നു. ഫലങ്ങളിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാൻ കഴിയും. ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു.

പ്രാർത്ഥനയുടെ അനിവാര്യത

അത് ചെയ്യൻ നമുക്ക് എങ്ങനെ കഴിയും? യേശു നമ്മോടു പറയുന്നു: "നിങ്ങൾ എന്നിൽ വസിക്കുകയും എൻറെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കാവശ്യമുള്ളത് ചോദിക്കുക, അത് നിങ്ങൾക്ക് ലഭിക്കും" (യോഹന്നാൻ 15:7). ഇതും ഒരു ധൈര്യമാണ്: നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കും എന്ന ഉറപ്പ്. നമ്മുടെ ജീവിതത്തിൻറെ ഫലപ്രാപ്തി പ്രാർത്ഥനയെ ആശ്രയിച്ചിരിക്കുന്നു. അവിടത്തെപ്പോലെ ചിന്തിക്കാനും, അവിടത്തെപ്പോലെ പ്രവർത്തിക്കാനും, ലോകത്തെയും വസ്തുക്കളെയും യേശുവിൻറെ കണ്ണുകളാൽ കാണാനും കഴിയുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ, അവിടന്നു ചെയ്തതുപോലെ, ഏറ്റം പാവപ്പെട്ടവരും ക്ലേശിതരുമായർ തൊട്ടിങ്ങോട്ടുള്ള നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരെ അവിടത്തെ ഹൃദയംകൊണ്ടു സ്നേഹിക്കാനും ലോകത്തിലേക്ക് നന്മയുടെ ഫലങ്ങൾ, ഉപവിയുടെ ഫലങ്ങൾ, സമാധാനത്തിൻറെ ഫലങ്ങൾ കൊണ്ടുവരാനും നമുക്കു സാധിക്കും.

പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം

നമുക്ക് നമ്മെത്തന്നെ കന്യാമറിയത്തിൻറെ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കാം. അവൾ സദാ യേശുവുമായി പൂർണ്ണ ഐക്യത്തിലായിരിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്തു. ഉയിർത്തെഴുന്നേറ്റ കർത്താവിനു ലോകത്തിൽ സാക്ഷ്യം വഹിക്കാൻ ക്രിസ്തുവിൽ, അവിടത്തെ സ്നേഹത്തിൽ, അവിടത്തെ വചനത്തിൽ നിലനില്ക്കാൻ അവൾ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്നെരോസ്

ആശീർവ്വാദനാന്തരം പാപ്പാ, വെനെസ്വേലയിലെ കരാക്കാസിൽ അല്മായനായ ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്നെരോസ് (José Gregorio Hernández Cisneros) വെള്ളിയാഴ്ച (30/05/21)വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

ശാസ്ത്രീയ അറിവിനാലും വിശ്വാസത്താലും സമ്പന്നനായ ഒരു ഡോക്ടർ ആയിരുന്ന അദ്ദേഹത്തിന് രോഗികളിൽ ക്രിസ്തുവിൻറെ മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്ന് പാപ്പാ പറഞ്ഞു.  നവവാഴ്ത്തപ്പെട്ട ഹൊസേ സിസ്നെരോസ് നല്ല സമറായക്കാരനെപ്പോലെ സുവിശേഷ ഉപവിയാൽ രോഗികളെ ചികത്സിച്ചിരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആത്മാവിലും ശരീരത്തിലും കഷ്ടപ്പെടുന്നവരെ പരിപാലിക്കാൻ അദ്ദേഹത്തിൻറെ മാതൃക നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ഓർത്തഡോക്സ് സഭകൾക്കും പൗരസ്ത്യ സഭകൾക്കും ഉത്ഥാനത്തിരുന്നാളാശംസകൾ

ജൂലിയൻ പഞ്ചാംഗം അനുസരിച്ച് ഈ ഞായറാഴ്‌ച (02/05/21) ഉയിർപ്പുതിരുന്നാൾ ആചരിച്ച ഓർത്തഡോക്സ് സഭകളിലെയും പൗരസ്ത്യകത്തോലിക്കാ സഭകളിലെയും, ലത്തീൻ സഭകളിലെയും സഹോദരീസഹോദരന്മാർക്ക് പാപ്പാ ആശംസകൾ അർപ്പിച്ചു.

ഉത്ഥിതനായ കർത്താവ് അവരെ വെളിച്ചവും സമാധാനവും കൊണ്ട് നിറയ്ക്കുകയും കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന സമൂഹങ്ങൾക്ക് സന്ത്വനം പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ഉയിർപ്പുതിരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.

മഹാവ്യാധിക്കെതിരെ "പ്രാർത്ഥനാ മാരത്തോൺ"

പരിശുദ്ധ കന്യകാമറിയത്തോടുള്ള സാമാന്യജനഭക്തി പലതരത്തിൽ ആവിഷ്കൃതമാകുന്ന മെയ് മാസത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ, പകർച്ചവ്യാധിയുടെ അന്ത്യത്തിനായി സുപ്രധാന മരിയൻ ദേവാലയങ്ങളിലൂടെയുള്ള “പ്രാർത്ഥനാ മാരത്തോൺ" ഈ വർഷം ഇതിൻറെ സവിശേഷതയായിരിക്കുമെന്നും മെയ് ഒന്നിന് വൈകുന്നേരം ഇതിൻറെ പ്രഥമ ഘട്ടം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ആയിരുന്നുവെന്നും പറഞ്ഞു.

മ്യന്മാറിൽ സമധാനം സംജാതമാകുന്നതിന്

 മ്യന്മാറിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ വിശ്വാസികളെ പ്രത്യേകം ക്ഷണിച്ചു.

അനുദിന കൊന്തനമസ്ക്കാരത്തിൽ ഒരു നന്മനിറഞ്ഞ മറിയം മ്യന്മാറിൻറെ സമാധാനത്തിനായി ചൊല്ലാൻ പ്രാദേശിക സഭ ക്ഷണിക്കുന്നത് പാപ്പാ അനുസ്മരിച്ചു. ആവശ്യത്തിലിരിക്കുമ്പോഴോ ക്ലേശമനുഭവിക്കുമ്പോഴോ നാം ഓരോരുത്തരും പരിശുദ്ധ അമ്മയിലേക്ക് തിരിയുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ. മ്യാൻമറിൻറെ ഉത്തരവാദിത്വമുള്ള സകലർക്കും കൂടിക്കാഴ്ചയുടെയും അനുരഞ്ജനത്തിൻറെയും ശാന്തിയുടെയും പാതയിൽ ചരിക്കാനുള്ള ധൈര്യം ഉണ്ടാകുന്നതിനായി സ്വർഗ്ഗീയാംബ അവരെല്ലാവരുടെയും ഹൃദയങ്ങളോട് സംസാരിക്കുന്നതിനു വേണ്ടി ഈ മാസം ആ അമ്മയോടു പ്രാർത്ഥിക്കാൻ ക്ഷണിച്ചു.

ഇസ്രായേലിലുണ്ടായ ദുരന്തത്തിൽ പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും

കഴിഞ്ഞ വെള്ളിയാഴ്ച (30/04/21) ഇസ്രായേലിൽ, മെറോൺ മലയിൽ ലാഗ്ബി ഒമർ യഹൂദ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട്  നാൽപത്തിയഞ്ച് പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേല്ക്കുകയുടെ ചെയ്ത ദുരന്തത്തിൽ മാർപ്പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തുകയും ആ ജനതയുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു. ഈ ദുരന്തത്തിനിരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ  അറിയിച്ചു.

“മേത്തെർ സംഘടന“

അക്രമത്തിനും ചൂഷണത്തിനും ഇരകളായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന “മേത്തെർ” (Meter) എന്ന സംഘടനയുടെ പ്രതിനിധികളും ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ അവരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ അവരുടെ പ്രവർത്തനങ്ങൾ തുടരാൻ പ്രോത്സാഹനം പകർന്നു.

സമാപനാഭിവാദ്യം

ത്രികാല പ്രാർത്ഥനയിൽ പങ്കുകൊണ്ട എല്ലാവർക്കും, ക്യാര ലുബിക് 25 വർഷം മുമ്പ് രൂപം കൊടുത്ത ഐക്യത്തിനായുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

 

03 May 2021, 12:47