തിരയുക

ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ 09/05/2021 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ, ഞായർ 09/05/2021 

യേശുവിൻറെ സൗജന്യ സ്നേഹത്തിൽ എങ്ങനെ നിലനില്ക്കും?

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ നല്കിയ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ച (09/05/21) മദ്ധ്യാഹ്നത്തിൽ,   പതിവു പോലെ, പേപ്പൽ അരമനയിലെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടുകയും ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും”  എന്ന പ്രാർത്ഥന നയിക്കുകയും ചെയ്തു. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിരവധി വിശ്വാസികൾ കോവിദ് 19 രോഗ സംക്രമണം തടയുന്നതിനുള്ള കരുതൽ നടപടികൾ പാലിച്ചുകൊണ്ട് സന്നിഹിതരായിരുന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന ആരംഭിക്കുന്നതിനായി പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (09/05/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 15,9-17 വരെയുള്ള വാക്യങ്ങൾ, അതായത്, താൻ മുന്തിരിച്ചെടിയും തൻറെ പിതാവ്, മുന്തിരിച്ചെടിയുടെ ശാഖകളിൽ ഫലം തരാത്തതിനെ വെട്ടിക്കളയുകയും ഫലമേകുന്നവയെ വെട്ടി ഒരുക്കുകയും ചെയ്യുന്ന കൃഷിക്കാരനുമാണെന്ന് യേശു വിശദീകരിക്കുന്ന ഉപമയുടെ തുടർച്ചയായി അവിടന്ന് സ്വർഗ്ഗീയ പിതാവ് തന്നെ സ്നേഹിച്ചതുപോലെ താനും ശിഷ്യന്മാരെ സ്നേഹിക്കുന്നവെന്നും തൻറെ സ്നേഹത്തിൽ നിലനില്ക്കണമെന്നും അവരോടു പറയുന്നു ഭാഗം    ആയിരുന്നു പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പരിചിന്തനത്തിന് അവലംബം. 

പ്രഭാഷണംയേശുവിനോടുള്ള ഐക്യത്തിൻറെ ഫലം

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

തന്നെത്തന്നെ മുന്തിരിച്ചെടിയോടും നമ്മെ അതിൻറെ ശാഖകളോടും ഉപമിച്ചതിനു ശേഷം യേശു, തന്നോടു ചേർന്നു നില്ക്കുന്നവർ എന്തു ഫലമായിരിക്കും പുറപ്പെടുവിക്കുക എന്ന് ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ (യോഹന്നാൻ 15,9-17) വിശദീകരിക്കുന്നു: പ്രസ്തുത ഫലം സ്നേഹമാണ്. നിലനില്ക്കുക എന്ന ക്രിയാപദം യേശു വീണ്ടും ഉപയോഗിക്കുന്നു. തൻറെ സന്തോഷം നമ്മിൽ കുടികൊള്ളുന്നതിനും ആ സന്തോഷം പൂർണ്ണമായിരിക്കുന്നതിനും വേണ്ടി (യോഹന്നാൻ 15,9-11)  തൻറെ സ്നേഹത്തിൽ നിലനില്ക്കാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു. യേശുവിൻറെ സ്നേഹത്തിൽ നിലനില്ക്കുക.

വിലയ്ക്കു വാങ്ങാനാകത്ത നിരുപാധിക സൗജന്യ സ്നേഹം

നമുക്കു നമ്മോടുതന്നെ ചോദിക്കാം: യേശുവിൻറെ സന്തോഷം നമുക്കുണ്ടാകുന്നതിന് ഏതു സ്നേഹത്തിൽ നിലനില്ക്കാനാണ് അവിടന്ന് നമ്മോടാവശ്യപ്പെടുന്നത്? അത് പിതാവിൽ നിന്നുള്ള സ്നേഹമാണ്, എന്തെന്നാൽ “ദൈവം സ്നേഹമാണ്” (1യോഹന്നാൻ 4,8). പിതാവായ ദൈവത്തിൻറെ ഈ സ്നേഹം, പുത്രനായ യേശുവിൽ ഒഴുകുന്നതും അവിടത്തെ സൃഷ്ടികളായ നമ്മിൽ അവിടന്നിലൂടെ എത്തിച്ചേരുന്നതുമായ ഒരു നദി പോലെയാണ്. വാസ്തവത്തിൽ യേശു പറയുന്നു: “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു” (യോഹന്നാൻ 15,9). പിതാവിന് യേശുവിനോടുള്ള അതേ സ്നേഹമാണ് യേശു നമുക്കു പ്രദാനം ചെയ്യുന്നത്: നിർമ്മലവും നിരുപാധികവും സൗജന്യവുമായ സ്നേഹം. അത് വിലയ്ക്കു വാങ്ങാനാകില്ല, സൗജന്യമാണ്. ആ സ്നേഹം നമുക്കേകിക്കൊണ്ട് യേശു നമ്മെ സ്നേഹിതരായി കാണുകയും ഈ സ്നേഹത്താൽ അവിടന്ന് നമുക്കു പിതാവിനെ വെളിപ്പെടുത്തുകയും ലോകത്തിൻറെ ജീവനുവേണ്ടി അവിടത്തെ അതേ ദൗത്യത്തിൽ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു.

യേശുവിൻറെ സ്നേഹത്തിൽ എങ്ങനെ നിലനില്ക്കാനാകും?

ഇനി നമുക്ക് ഈ ഒരു ചോദ്യം ഉന്നയിക്കാം, ഈ സ്നേഹത്തിൽ എങ്ങനെ നിലനില്ക്കും? യേശു അരുളിച്ചെയ്യുന്നു: “എൻറെ കല്പനകൾ പാലിച്ചാൽ നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്കും” (യോഹന്നാൻ 15,10). തൻറെ കല്പനകൾ അവിടന്ന് ഈ ഒരു വാക്യത്തിൽ സംഗ്രഹിച്ചു: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹന്നാൻ 15,12). യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്നതിൻറെ വിവക്ഷ, അവിടന്ന് സ്വശിഷ്യരുടെ പാദങ്ങൾ കഴുകിയതു പോലെ, ശുശ്രൂഷ ചെയ്യലാണ്, സഹോദരങ്ങളെ സേവിക്കുകയാണ്. അപരർക്കായി, വിശിഷ്യ ആവശ്യത്തിലിരിക്കുന്നവർക്കായി, സ്വയം തുറന്നിടുന്നതിന്, അവനവനിൽ നിന്നു പുറത്തുകടക്കുക, മാനുഷികങ്ങളായ സ്വന്തം സുരക്ഷിതത്വങ്ങൾ, ലോകസുഖങ്ങൾ പരിത്യജിക്കുകകൂടിയാണ്. നാം എന്തായിരിക്കുന്നുവോ, നമുക്കെന്തുണ്ടോ അതോടുകൂടി സേവനസന്നദ്ധതയുള്ളവരായിരിക്കുകയാണ് എന്നതാണ് ഇതിൻറെ പൊരുൾ. അതിനർത്ഥം വാക്കുകൾ കൊണ്ടല്ല പ്രവർത്തികൾ കൊണ്ട് സ്നേഹിക്കുക എന്നാണ്.

ലോകത്തിൻറെ സ്നേഹങ്ങളെ തിരസ്ക്കരിക്കുക

ലോകം നമ്മുടെ മുന്നിൽ വയ്ക്കുന്ന “ഇതര” സ്നേഹങ്ങളോട്, വേണ്ട എന്നു പറയുകയാണ് ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുക എന്നതിനർത്ഥം. ധനത്തോടുള്ള സ്നേഹം- സമ്പത്തിനെ സ്നേഹിക്കുന്നവന് യേശു സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാനാകില്ല. അതു പോലെ തന്നെയാണ് നേട്ടം, പൊങ്ങച്ചം, അധികാരം തുടങ്ങിയവയോടുള്ള സ്നേഹവും. ഇവ കർത്താവിൻറെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുകയും നമ്മെ കൂടുതൽ സ്വാർത്ഥരും ആത്മാരാധകരും, ആധിപത്യഭാവമുള്ളവരുമാക്കിത്തീർക്കുന്ന  കപട സ്നേഹ വഴികളാണ്. ആധിപത്യഭാവം സ്നേഹത്തെ അധഃപതിപ്പിക്കുകയും മറ്റുള്ളവരെ ദുരുപയോഗിക്കുന്നതിലേക്കും സ്നേഹിക്കുന്ന വ്യക്തിയെ വേദിപ്പിക്കുതിലേക്കും നയിക്കുകയും ചെയ്യും. അക്രമത്തിലേക്കു നയിക്കുന്ന ആതുരമായ സ്നേഹത്തെക്കുറിച്ചു ചിന്തിച്ചുപോകുകയാണ്, അനുദിനം എത്രമാത്രം സ്ത്രീകളാണ് ആക്രമണത്തിനിരകളാകുന്നത്. ഇത് സ്നേഹമല്ല. കർത്താവ് നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുകയെന്നാൽ, നമ്മുടെ ചാരത്തുള്ള വ്യക്തിയെ വിലമതിക്കലാണ്, അയാളുടെ സ്വാതന്ത്ര്യത്തെ മാനിക്കലാണ്, ആ വ്യക്തിയെ, നാം ഇഷ്ടപ്പെടുന്ന രീതിയിലല്ല, മറിച്ച്, ആയാളായിരിക്കുന്ന രീതിയിൽ, സൗജന്യമായി സ്നേഹിക്കലാണ്. ആത്യന്തികമായി യേശു നമ്മോടാവാശ്യപ്പെടുന്നത് അവിടത്തെ സ്നേഹത്തിൽ നിലനില്ക്കാനാണ്, നമ്മുടെ ആശയങ്ങളിലല്ല, ആത്മ പൂജയിലല്ല, മറിച്ച്, അവിടത്തെ സ്നേഹത്തിൽ വസിക്കാനാണ്. ആത്മാരധനയിൽ കുടിയിരിക്കുന്നവൻ ദർപ്പണത്തിലാണ് വസിക്കുന്നത്. അവൻ സ്വയം നോക്കിയിരിക്കുന്നു. മറ്റുള്ളവരെ പരിശോധിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാനുമുള്ള ഭാവത്തിൽ നിന്ന് പുറത്തകടക്കാൻ സ്നേഹം നമ്മോട് ആവശ്യപ്പെടുന്നു. നിരീക്ഷിക്കയല്ല, അവരെ സേവിക്കുകയാണ് ചെയ്യേണ്ടത്. മറ്റുള്ളവർക്കായി ഹൃദയം തുറക്കുക, ഇതാണ് സ്നേഹം, മറ്റുള്ളവർക്കായി ആത്മദാനമാകുക. 

പൂർണ്ണ സന്തോഷത്തിലേക്കു നയിക്കുന്ന യേശുവിൻറെ സ്നേഹം

പ്രിയ സഹോദരീസഹോദരന്മാരേ, കർത്താവിൻറെ സ്നേഹത്തിൽ നിലനില്ക്കുക എന്നത് എവിടേയ്ക്കാണ് നയിക്കുന്നത്? അത് നമ്മെ എവിടേക്കു നയിക്കുന്നു? യേശു നമ്മോടു പറയുന്നു: "എന്തെന്നാൽ എൻറെ സന്തോഷം നിങ്ങളിൽ ഉണ്ടാകുകയും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യുന്നതിനാണ്" (യോഹന്നാൻ 15,11). അത് കർത്താവിലുള്ള സ്നേഹമാണ്, എന്തെന്നാൽ അവിടന്ന് പിതാവുമായുള്ള പൂർണ്ണ കൂട്ടായ്മയിലാണ്. നമ്മളും അവിടത്തോട് ഐക്യത്തിലാകയാൽ നമ്മിലും ആയിരിക്കാൻ അവിടന്നാഗ്രഹിക്കുന്നു. നമ്മൾ അവിശ്വസ്തരായിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന അറിവ് ജീവിത പരീക്ഷണങ്ങളെ വിശ്വാസത്തോടുകൂടി നേരിടുന്നതിന് നമ്മെ പ്രാപ്തരാക്കുന്നു. പ്രതിസന്ധികളിൽ നിന്ന് മികച്ച രീതിയിൽ പുറത്തുകടക്കാൻ നമ്മെ കഴിവുറ്റവരാക്കുന്നു. ഈ സന്തോഷം ജീവിക്കുന്നതിലാണ് നാം യഥാർത്ഥ സാക്ഷികളാണ് എന്നത് അടങ്ങയിരിക്കുന്നത്, കാരണം സന്തോഷമാണ് യഥാർത്ഥ ക്രിസ്ത്യാനിയുടെ മുഖമുദ്ര. യഥാർത്ഥ ക്രൈസ്തവൻ ദുഃഖിതനല്ല, ക്ലേശകരമായ സമയങ്ങളിൽ പോലും ആന്തരിക സന്തോഷം അവനനുഭവിക്കും.

പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടുക

ഉയിർത്തെഴുന്നേറ്റ കർത്താവിൻറെ സന്തോഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് യേശുവിൻറെ സ്നേഹത്തിൽ നിലനില്ക്കാനും എല്ലാവരോടുമുള്ള സ്നേഹത്തിൽ വളരാനും കന്യാമറിയം നമ്മെ സഹായിക്കട്ടെ.      

ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദനാന്തരം പാപ്പാ, ജറുസലേമിലെ അൽ-അഖ്സ മുസ്ലീം പള്ളിയുടെ സമീപത്ത് ഇസ്രായൽ പോലീസും പലസ്തീനികളും തമ്മിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് പരാമർശിച്ചു. 

ജെറുസലേം പ്രാർത്ഥനയുടെയും സമാധാനത്തിൻറെയും ഇടമായിരിക്കട്ടെ

ജെറുസലേമിൽ നടക്കുന്ന സംഭവങ്ങളെ താൻ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

ജറുസലേം, അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല, പ്രാർത്ഥനയുടെയും സമാധാനത്തിൻറെയും ഒരിടമായിരിക്കട്ടെയെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശുദ്ധ നഗരത്തിൻറെ  മതസാംസ്ക്കാരികങ്ങളായ ബഹുസ്വരത മാനിക്കപ്പെടുന്നതിനും സാഹോദര്യം പ്രബലപ്പെടുന്നതിനും വേണ്ടി എല്ലാവർക്കും സ്വീകാര്യമായ പരിഹാരങ്ങൾ തേടാൻ പാപ്പാ എല്ലാവരേയും ക്ഷണിച്ചു. അക്രമം അക്രമത്തെ മാത്രമെ ഊട്ടി വളർത്തുകയുള്ളുവെന്നും  സംഘർഷങ്ങൾ ഇനി അരുതെന്നും പാപ്പാ പറഞ്ഞു.

അഫ്ഖാനിസ്ഥാനിൽ സമാധാനം സംജാതമാകട്ടെ

അഫ്ഖാനിസ്ഥാനിൽ, കാബൂളിൽ, ശനിയാഴ്ച (08/05/21) പെൺകുട്ടിക്കളുടെ ഒരു വിദ്യാലയത്തിൽ നടന്ന ഭീകരാക്രമണത്തിന് ഇരകളായവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥന ക്ഷണിച്ചു.

പെൺകുട്ടികൾ വിദ്യാലയം വിട്ടുപോകവെ ഉണ്ടായ മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിന് അനേകം കുട്ടികൾ ഇരയാത് അനുസ്മരിച്ച പാപ്പാ അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ദൈവം അഫ്ഖാനിസ്ഥാന് സമാധാനം പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഈ ഭീകരാക്രമണത്തിൽ അമ്പതിലേറെപ്പേർ മരിക്കുകയും നൂറിലേറേപ്പേർക്ക് പരിക്കേല്കുകയും ചെയ്തിട്ടുണ്ട്.

കൊളൊംബിയായ്ക്കു വേണ്ടി പ്രാർത്ഥന

അതുപോലെ തന്നെ തെക്കെ അമേരിക്കൻ നാടായ കൊളൊംബിയായിൽ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥയിലും അക്രങ്ങളിലും പാപ്പാ ആശങ്ക രേഖപ്പെടുത്തുകയും അന്നാടിനുവേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ

ഞായറാഴ്ച (09/05/21) ഇറ്റലിയിലെ അഗ്രിജെന്തൊയിൽ രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ (Rosario Angelo Livatino) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

നീതിയ്ക്കും വിശ്വാസത്തിനും വേണി ജീവൻ ബലിയായി നല്കിയ രക്തസാക്ഷിയായ റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നുവെന്നും അഴിമതിയിൽ നിപതിക്കാതിരിക്കാൻ സദാ ജാഗ്രത പാലിച്ച അദ്ദേഹം ശിക്ഷിക്കാനല്ല മറിച്ച് വീണ്ടെടുക്കാനാണ് തൻറെ  വിധി പ്രസ്താവനകളിലൂടെ ശ്രമിച്ചിരുന്നതെന്നും പാപ്പാ പറഞ്ഞു

തൻറെ ജോലിയെ എന്നും "ദൈവത്തിന് ഭരമേല്പിച്ചിരുന്ന”തിനാൽ അദ്ദേഹം വീരോചിതമായ മരണം വരിച്ച് സുവിശേഷത്തിന് സാക്ഷ്യമേകിയെന്ന് പാപ്പാ പ്രസ്താവിച്ചു. അദ്ദേഹത്തിൻറെ മാതൃക എല്ലാവർക്കും, പ്രത്യേകിച്ച് ന്യായാധിപന്മാർക്ക്, നൈമികതയുടെയും സ്വാതന്ത്ര്യത്തിൻറെയും വിശ്വസ്തരായ സംരക്ഷകരാകാൻ പ്രചോദനമായി ഭവിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

സമാപനാഭിവാദ്യങ്ങൾ

മാംസപേശികളിലും അസ്ഥികളിലും വിട്ടുമാറാത്ത വേദന ഉളവാക്കുന്ന ഫൈബ്രൊമ്യൽജീയ (Fibromyalgia) എന്ന രോഗം പിടിപെട്ടവരും ത്രികാലപ്രാർത്ഥനയ്ക്കെത്തിയിരുന്നതിനാൽ അവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും അവരോടുള്ള തൻറെ സവിശേഷ സാമീപ്യം അറിയിക്കുകയും ചെയ്തു. ചിലപ്പൊഴൊക്കെ അവഗണിക്കപ്പെടുന്ന ഈ രോഗത്തിൻറെ കാര്യത്തിലുള്ള ശ്രദ്ധ വർദ്ധമാനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അമ്മമാരുടെ ദിനം, ആശംസകൾ

ഈ ഞായറാഴ്ച (09/05/21) അനേകം നാടുകളിൽ മാതൃദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിക്കുകയും ലോകത്തിലുള്ള എല്ലാ അമ്മമാർക്കും ആശംസകൾ നേരുകയും ചെയ്തു.

 

ത്രികാല പ്രാർത്ഥനാപരിപാടിയുടെ അവസാനം  എല്ലാവർക്കും, നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്ത പാപ്പാ, നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2021, 13:57

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >