സാമൂഹ്യ മാധ്യമങ്ങൾ.... സാമൂഹ്യ മാധ്യമങ്ങൾ.... 

"ക്രിസ്തു ജീവിക്കുന്നു”:സാങ്കേതിക പരിസരത്തിന്റെ സ്വാധീനം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 85-87 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.  

85. സിനഡ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന മൂന്ന് പ്രത്യേക മണ്ഡലങ്ങളെ കൈകാര്യം ചെയ്തു. ഇവിടെ അതിന്റെ നിഗമനങ്ങളെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവ കൂടുതൽ അപഗ്രഥനവും പ്രത്യുത്തരിക്കാ൯ കൂടുതൽ പര്യാപ്തവും ഫലപ്രദവുമായ കഴിവും ആവശ്യപ്പെടുന്നുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ അങ്ങനെ ചെയ്യുന്നു.

86. ഡിജിറ്റൽ പരിസരം

ഡിജിറ്റൽ പരിസരം സമകാലീന ലോകത്തിന്റെ സവിശേഷമായ സ്വഭാവമാണ്. മനുഷ്യവംശത്തിന്റെ വലിയ ഒരു വിഭാഗം അതിൽ സാധാരണവും നിരന്തരവുമായ രീതിയിൽ മുങ്ങി കിടക്കുകയാണ്. സമ്പർക്കത്തിനു വേണ്ടിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഒരു വിഷയമല്ല ഇന്ന് അത്. പിന്നെയോ ഉയർന്ന തോതിലുള്ള ഡിജിറ്റൽ സംസ്കാരത്തിൽ ജീവിക്കുകയെന്ന വിഷയമാണ്. സ്ഥലകാലങ്ങൾ, നമ്മുടെ സ്വായാവബോധം, മറ്റുള്ളവരെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ധാരണ സംവേദിക്കാനും പഠിക്കാനും വിവരം ശേഖരിക്കാനും അവരുമായി ബന്ധത്തിലേർപ്പെടാനുള്ള കഴിവ് എന്നിവയെ സംബന്ധിച്ച് ആശയങ്ങളുടെ മേൽ അഗാധമായ സ്വാധീനം ചെലുത്തുന്ന സംസ്കാരമാണത്. കേൾക്കുകയും വായിക്കുകയും ചെയ്യുന്നതിനേക്കാൾ കൂടുതലായി പ്രതിഛായകളെ കാണിക്കുന്ന യാഥാർഥ്യത്തോടുള്ള സമീപനം ആളുകൾ പഠിക്കുന്ന രീതിയെയും വിമർശനബുദ്ധിയുടെ വികാസത്തെയും ബാധിച്ചു.

87. വെബ്ബും സമൂഹമാധ്യമങ്ങളും ആശയവിനിമയത്തിനും ബന്ധപ്പെടലിനുമുള്ള പുതിയ മാർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്. അവ ഒരു പൊതുസമ്മേളന സ്ഥലമാണ്. അവിടെ യുവജനം അവരുടെ സമയത്തിന്റെ ഏറെ ഭാഗവും ചെലവഴിച്ചിട്ടുണ്ട്; എളുപ്പത്തിൽ പരസ്പരം കണ്ടുമുട്ടുന്നു. എല്ലാവർക്കും സൗകര്യം ഒന്നുപോലെ കിട്ടുന്നില്ലെന്ന് മാത്രം, പ്രത്യേകിച്ച്, ലോകത്തിന്റെ ചില പ്രദേശങ്ങളിൽ. അവ സംവാദത്തിനും വ്യക്തികൾ പരസ്പരം കണ്ടുമുട്ടുന്നതിനും വിവരങ്ങളും അറിവുകളും ശേഖരിക്കാനും അസാധാരണമായ സന്ദർഭം നൽകുന്നു. കൂടാതെ ഡിജിറ്റൽ ലോകം സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലിന്റെയും സജീവമായ പൗരത്വത്തിന്റെയും ലോകമാണ്. ഏറ്റവും ദുർബ്ബലർക്ക് ഫലപ്രദമായ സംരക്ഷണം നൽകി കൊണ്ടും അവരുടെ അവകാശങ്ങളുടെ ലംഘനം തുറന്നുകാണിച്ചു കൊണ്ടും അവ സ്വതന്ത്രമായ  വിവര വിവരണം എളുപ്പമുള്ളതാക്കുന്നു. പല രാഷ്ട്രങ്ങളിലും ഇന്റർനെറ്റും സാമൂഹിക നെറ്റുവർക്കുകളും യുവജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ ഉൾപ്പെടുത്താനുള്ള സുസ്ഥാപിത ഫോറമായിട്ടുണ്ട്; അജപാലന സംരംഭങ്ങളിലും പ്രവർത്തനങ്ങളിലും ഇത് ഒട്ടും കുറവല്ല. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

2018 ഒക്ടോബർ 3 മുതൽ 28 വരെ വത്തിക്കാനിൽ നടന്ന യുവജന സിനഡിൽ സാങ്കേതികത, കുടിയേറ്റം, പ്രായപൂർത്തിയാകാത്തവരുടെ ദുരുപയോഗം എന്നീ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരുന്നു എന്ന് പാപ്പാ ഈ പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികകളിൽ  സാങ്കേതികതയുടെ സാമൂഹ്യ അന്തരീക്ഷത്തെ  കുറിച്ചാണ് പാപ്പാ പങ്കുവയ്ക്കുന്നത്.

സാങ്കേതികതയുടെ പ്രാധാന്യത്തെക്കുറിച്ചും ആധുനികലോകത്തിൽ സാങ്കേതികതയുടെ അതിവേഗ വളർച്ചയും അവയുടെ ഉപയോഗവും എത്രമാത്രം വിപുലമാണെന്ന് പാപ്പാ നിരീക്ഷിക്കുന്നു. സ്വയാവബോധവും  മറ്റുള്ളവരെ കുറിച്ചും ഈ ലോകത്തെ കുറിച്ചും അറിയുന്നതിനും അപരരോടു ആശയവിനിമയം  ചെയ്യാനുള്ള നമ്മുടെ കഴിവിനെ വെളിപ്പെടുത്തുന്നതിനും സാങ്കേതിക സംവിധാനങ്ങൾ മറ്റുള്ളവരുമായി അതിവേഗത്തിൽ ബന്ധപ്പെടാ൯ സാധിക്കുന്ന വലിയ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. വായനയിലൂടെയും കേൾവിയിലൂടെയും എന്നതിനേക്കാൾ കൂടുതൽ ദൃശ്യമാധ്യമങ്ങളിലൂടെ പഠിക്കാനും പഠിപ്പിക്കാനും വിമർശിക്കാനും കഴിയുമെന്ന യാഥാർത്ഥ്യത്തെ പാപ്പാ കൃത്യമായി വ്യക്തമാക്കുന്നു. നാം എന്ത് പറയാൻ ആഗ്രഹിക്കുന്നുവോ, എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ, ആരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവോ അവർ നമ്മുടെ കൈവിരൽത്തുമ്പിൽ എത്തിനിൽക്കുന്ന രീതിയിൽ  സാങ്കേതിക സംവിധാനങ്ങൾക്ക് വികാസം സംഭവിച്ചു കഴിഞ്ഞു എന്നതും  വെളിപ്പെടുത്തുന്നു. സാങ്കേതികവിദ്യയുടെ ഈ സംസ്കാരം വ്യക്തികളിലും, വീടുകളിലും, സമൂഹത്തിലും,  ലോകത്തിലും, സഭയിലും വരുത്തുന്ന മാറ്റങ്ങൾ നിരവധിയാണ്.

സാങ്കേതിക വാക്ചാതുര്യം (Digital Fluency), സാങ്കേതിക സാക്ഷരത (literacy) എന്നിവയെക്കുറിച്ച് നിർവ്വചിക്കുമ്പോഴാണ് നാം സാധാരണയായി Digital world അല്ലെങ്കിൽ സാങ്കേതിക ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇന്റർനെറ്റ്, ഡിജിറ്റൽ ഉപകരണങ്ങൾ, സ്മാർട്ട് ഉപകരണങ്ങൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ആശയവിനിമയം നടത്തുന്ന ഉപകരണങ്ങളുടെ ലഭ്യതയും ഉപയോഗവുമാണ് ഡിജിറ്റൽ ലോകം എന്ന് വിക്കിപീഡിയ സാങ്കേതികതയെ കുറിച്ച് നിർവ്വചിക്കുന്നത്.

ഇന്ന് ലോകത്തിൽ 90 ശതമാനത്തിലധികം വ്യക്തികൾ സാങ്കേതികതയുടെ  ലോകത്തിലാണ് ജീവിക്കുന്നത്. ഇന്ന് അതിവേഗത്തിൽ ആശയവിനിമയം നടത്തുന്നതിനും വിപണിയും വ്യവസായവും  നടത്തുന്നതിനും നാം അന്വേഷിക്കുന്ന കാര്യങ്ങൾ വസ്തുക്കൾ എന്നിവയെല്ലാം ഉടനടി ലഭ്യമാക്കുന്നതിനും നമ്മുടെ ക്രിയാത്മകവും ഭൗതീകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. പല ഭാവങ്ങളുള്ള സാങ്കേതികവിദ്യ ആഗോള സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെയുള്ള വിപുലമായ മറ്റ് വ്യവസ്ഥകളുടെ വളർച്ചയ്ക്കും വികാസത്തിനും കാരണമായിട്ടുണ്ട്. മനുഷ്യന്റെ അറിവിന്റെ വളർച്ചയും വികാസവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് സാങ്കേതികത എന്ന് വേണമെങ്കിൽ നമുക്ക് മനസ്സിലാക്കാം. അങ്ങനെ സാങ്കേതിക രൂപം മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും അവന്റെ  ജീവിതത്തെ തന്നെയും നിയന്ത്രിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.

ഈ സാഹചര്യത്തിൽ പാപ്പാ പറയുന്നു സമകാലിന ലോകത്തിന്റെ സവിശേഷതയാണ് സാങ്കേതിക പരിസരം (Digital Environment). മാനവകുലത്തിന്റെ  വിശാലമായ വരമ്പുകൾ അതിൽ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. സ്ഥല കാലങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ മേലുള്ള ആഴമായ സ്വാധീനത്തിനും നമ്മുടെ സ്വയാവബോധത്തെയും, മറ്റുള്ളവരെയും ലോകത്തെയും കുറിച്ചുള്ള ഗ്രഹിക്കലിനും, മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാനും അവരെ പഠിപ്പിക്കാനും വിശദാംശങ്ങൾ അറിയാനും അവരുമായി ബന്ധപ്പെടാനുള്ള കഴിവിനും ഊന്നൽ കൊടുക്കുന്ന ഡിജിറ്റലൈസ്ഡ് സംസ്കാരത്തിലാണ് ഇന്ന് ഭൂരിഭാഗം ജനങ്ങളും എന്ന് പാപ്പാ മനസ്സിലാക്കുന്നു.

പാപ്പായുടെ ഈ വരികൾ ഇന്നത്തെ കാലഘട്ടത്തെ മനോഹരമായി ചിത്രീകരിക്കുന്നു. പ്രത്യേകിച്ചും കൊറോണോ മഹാമാരിയുടെ ഈ കാലഘട്ടത്തിൽ. മനുഷ്യൻ മനുഷ്യൻ തമ്മിൽ മുഖം നോക്കി ആശയവിനിമയം നടത്താ൯ കഴിയാത്ത ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തിൽ എത്രമാത്രം ഉപകാരപ്രദമായി എന്നതും നമുക്ക് അനുഭവമാണ്.

മനുഷ്യരും സാങ്കേതികവിദ്യകളും തമ്മിലുള്ള ബന്ധം കഴിഞ്ഞ  ദിവസങ്ങളിലായി വിപുലമായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ അടുത്തിടെ നടന്ന അവലോകനത്തിൽ 2020 മെയ് അവസാനത്തോടെ ലോകത്തിൽ ഇരുന്നൂറിലധികം രാജ്യങ്ങളെയും പ്രദേശങ്ങളെയും കൊറോണാ മഹാമാരി ബാധിച്ചു. ഇതിൽ നഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെട്ടു. പകർച്ചവ്യാധിയുടെ പിടിയിൽനിന്നും രക്ഷപ്പെടുന്നതിനും രോഗ വ്യാപനത്തെ തടയുന്നതിനും പലരാജ്യങ്ങളും ലോക്ക് ടൗണുകൾ നടപ്പാക്കി. വിദ്യാലയങ്ങൾ,  കലാലയങ്ങൾ, സർവ്വകലാശാലകൾ, ദേവാലയങ്ങൾ, ഓഫീസുകൾ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ മനുഷ്യരുടെ ഒത്തുചേരലും ഇടപെടലുകളും തടയപ്പെട്ടു. വീട്ടിലിരുന്ന് പഠനം തുടരുന്നതിനും, ജോലി ചെയ്യുന്നതിനും, അവരവരുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിനും വിദ്യാർത്ഥികളും, മുതിർന്നവരും കൂടുതൽ ആശ്രയിച്ചത് ഇന്റർനെറ്റിനെയാണ്.

ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് സേവനങ്ങളുടെ ഉപയോഗം 40 ശതമാനം മുതൽ 100 ശതമാനം വരെ ഉയർന്നു. സൂം പോലുള്ള വീഡിയോ കോൺഫറൻസിങ്ങ് സേവനങ്ങൾ ഉപയോഗത്തിൽ പത്തിരട്ടി വർദ്ധനവ് രേഖപ്പെടുത്തി. ഇതുപോലുള്ള  ഡെലിവറി സേവനങ്ങളിൽ 30 ശതമാനത്തിൽ ഉപയോഗ വർധനയുണ്ടായി. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ഇന്റർനെറ്റ് ഗതാഗതം 100% വർദ്ധിച്ചു.

മതപരമായ ആചാരങ്ങൾക്കും അജപാലന മേഖലകളിലും ഇന്റർനെറ്റിന്റെയും, സാമൂഹ്യ മാധ്യമങ്ങളുടെയും ഉപയോഗത്തിലും വർദ്ധന രേഖപ്പെടുത്തി. ഇങ്ങനെ ഈ ആധുനികലോകത്തിൽ സാങ്കേതികവിദ്യ മനുഷ്യ ജീവിതത്തിൽ നിന്നും മാറ്റാനാവാത്ത ഒരു ഘടകമായി മാറി കഴിഞ്ഞു. സാങ്കേതിക സംവിധാനങ്ങൾ അനവധി നന്മകൾ മനുഷ്യർക്ക് ലഭ്യമാക്കി കൊണ്ടിരിക്കുന്നുവെങ്കിലും എൺപത്തി ഏഴാം ഖണ്ഡികയിൽ പാപ്പാ പറയുന്നതുപോലെ യുവജനങ്ങൾ അവരുടെ സമയം കൂടുതൽ ചെലവഴിക്കുന്നതും പരസ്പരം കണ്ടുമുട്ടുന്നതുമായ പൊതുസ്ഥലം വെബ്ബും സാമൂഹിക നെറ്റ്വർക്കുകളുമാണെന്ന കാര്യം നാം മനസ്സിലാക്കണം.

Pew Research Centre പ്രോജക്ടിന്റെ  ദേശീയ സർവ്വേയിൽ  കൗമാരക്കാരും ചെറുപ്പക്കാരും സാങ്കേതിക പരിസ്ഥിതിയിൽ എങ്ങനെ മുമ്പിലുണ്ടെന്നും അവർ മൊബൈൽ, സാമൂഹിക മാധ്യമങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നും കാണിക്കുന്നു. 12 മുതൽ 17 വയസ്സ് പ്രായമുള്ള കൗമാരക്കാരിൽ 95 ശതമാനം പേരും ഓൺലൈനിലാണ്. 76 ശതമാനം പേർ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ ഉപയോഗിക്കുന്നു. 77 ശതമാനം പേർക്ക് സെൽഫോണുകൾ ഉണ്ട്. മാത്രമല്ല 18 മുതൽ 29 വയസ്സ് പ്രായമുള്ളവരിൽ 96 ശതമാനം പേർ ഇന്റർനെറ്റ് ഉപയോക്താക്കളാണ്. 84 ശതമാനം പേർ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ ഉപയോഗിക്കുന്നു, 97 ശതമാനം പേർക്ക് സെൽഫോണുകൾ ഉണ്ട്.

ആ പ്രായത്തിൽ ഉള്ളവരിൽ പകുതിയിലധികം പേർക്കും സ്മാർട്ട്ഫോണുകളും 23% ഐപാഡുകൾ പോലുള്ള ടാബ്ലറ്റ് കമ്പ്യൂട്ടറുകളുണ്ട്. ആശയവിനിമയ വിദ്യകളിലേക്ക് മനുഷ്യർ എപ്പോഴും തിരിഞ്ഞു കൊണ്ടിരിക്കുന്നു. സമീപകാലത്തെ ചില സൂചകങ്ങൾ വ്യക്തമാക്കുന്നതും  ഇതാണ്. 275 ദശലക്ഷം ഉപയോക്താക്കളും, 20 ലക്ഷം പേർ 60 അല്ലെങ്കിൽ കൂടുതൽ ട്വിറ്റർ അക്കൗണ്ടുകളും, രണ്ട് ദശലക്ഷം പേർ 500ലധികം അക്കൗണ്ടുകളും പിന്തുടരുന്നു എന്നാണ്. സോഷ്യൽ നെറ്റ്‌വർക്ക് ഫേസ്ബുക്കിൽ ഇപ്പോൾ 800 ദശലക്ഷത്തിലധികം ആളുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവർ ഓരോ മാസവും 70000 കോടി  മിനിറ്റ് ഫേസ്ബുക്ക് ഉപയോഗിക്കുന്നു. കൂടാതെ അവർ ദിവസവും 20 ദശലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നു. 2013 പകുതിയോടെ ഫേസ്ബുക്ക് ഉപയോക്താക്കൾ 10000 കോടി ഫോട്ടോകൾ അയയ്ക്കുകയും  ചെയ്തു. യൂട്യൂബിൽ മിനിറ്റിൽ 60 മണിക്കൂർ വീഡിയോ  അയയ്ക്കുന്നു. ഭൂമിയിലെ ഒരാൾ ഏകദേശം 140 വീഡിയോ കാഴ്ചകൾ കാണുന്നു.

ഡിജിറ്റൽ പരിസരത്തിന്റെ അതിപ്രസരം മനുഷ്യന്റെ സർവ്വതലങ്ങളിലും കടന്നു വന്നിട്ടുണ്ട് എന്ന യാഥാത്ഥ്യത്തെ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന രണ്ടു ഖണ്ഡികകളാണ് നാം ഇന്ന് കണ്ടത്. ഇവ വ്യക്തിപരം മാത്രമല്ല, മനുഷ്യന്റെ കുടുംബ, മത, സാമൂഹീക തലങ്ങൾ കടന്നു രാജ്യത്തെയും ലോകം മുഴുവനെയും ബന്ധിപ്പിക്കുന്ന ഒരു ചങ്ങല തന്നെയാണ്. ഏതൊരു കണ്ടുപിടിത്തവും അതോടൊപ്പം കൊണ്ടുവരുന്നതു നന്മകൾ മാത്രമല്ലല്ലോ അതിനാൽ ഇവയുടെ അതിപ്രസരത്തെ സസൂക്ഷ്മം വിശകലനം ചെയ്യേണ്ടതും ആവശ്യന്മാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2021, 11:36