പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു പൂർണ്ണ വിധേയത്വത്തോടെ.... പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു പൂർണ്ണ വിധേയത്വത്തോടെ.... 

സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ

"അമ്മ ത്രേസ്യ... അനിതരസാധാരണയായ സ്ത്രീ..." എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് ആവിലായിലേയ്ക്ക് അയച്ച സന്ദേശത്തിലെ ചിന്തകൾ.

- ഫാദർ വില്യം  നെല്ലിക്കൽ 

1. സഭാപണ്ഡിതയായ ആവിലായിലെ അമ്മത്രേസ്യ
ആവിലായിലെ അമ്മത്രേസ്യായെ സഭ വേദപാരംഗതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ആവിലാ യൂണിവേഴ്സിറ്റി (University of Avila) സംഘടിപ്പിച്ച “അനിതരസാധാരണയായ സ്ത്രീ… അമ്മത്രേസ്യ” എന്ന സമ്മേളനത്തിനാണ് ഏപ്രിൽ 15, വ്യാഴാഴ്ച പാപ്പാ വീഡിയോ സന്ദേശം അയച്ചത്. സാമൂഹിക നവീകരണത്തിൽ അമ്മത്രേസ്യ അന്നു തന്‍റെ കാലഘട്ടത്തിനു ചെയ്തതുപോലെ ഇന്നും ആവശ്യമായിരിക്കുന്ന സാമൂഹിക നവോത്ഥാന പദ്ധതികളിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് സ്പാനിഷിൽ അയച്ച  സന്ദേശത്തിലൂടെ  പാപ്പാ ഉദ്ബോധിപ്പിച്ചു.

2. നവോത്ഥാനത്തിന്‍റെ  “അനിതരസാധാരണയായ സ്ത്രീ”
16-ാം നൂറ്റാണ്ടിൽ സഭാനവീകരണത്തിനായി തന്‍റെ സമർപ്പണജീവിതം ഉഴിഞ്ഞുവച്ച ഈശോയുടെ ത്രേസ്യാ (1515-1582) എന്ന ആവിലായിലെ വിശുദ്ധയായ കർമ്മലീത്ത സന്ന്യാസിനിയെ പോൾ 6-ാമൻ പാപ്പാ വേദപാരംഗതയായി ഉയർത്തിയപ്പോളാണ് “അനിതരസാധാരണയായ സ്ത്രീ”യെന്നു വിശേഷിപ്പിച്ചത്. ജീവിതത്തിന്‍റെ വൈവിധ്യമാർന്ന തലങ്ങളിലാണ് അമ്മത്രേസ്യ വ്യക്തിഗത വിശുദ്ധിയുടെ മേന്മ പ്രകടമാക്കിയത്. യേശുവുമായുള്ള ആത്മീയ ഐക്യത്തിൽ പ്രാർത്ഥനയിലൂടെ എന്നും എപ്പോഴും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുവാനുള്ള ഉറച്ച തീരുമാനം, കർമ്മലസഭയുടെ നവീകരണത്തിനായുള്ള തന്‍റെ ദൗത്യം ഏറ്റെടുക്കുന്നത് താൻ കർത്താവിന്‍റേതാണ്, അങ്ങേയ്ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാറ്റിലും തന്നെ ഉപകരണമാക്കിക്കൊൾക എന്നൊരു അത്യപൂർവ്വമായ തുറവുമാണ് അമ്മത്രേസ്യയെ കാലഘട്ടത്തിന്‍റെ അനിതരസാധാരണയായ സ്ത്രീയാക്കി മാറ്റിയതെന്ന് പാപ്പാ പ്രസ്താവിച്ചു.

3. ക്രിസ്തുവുമായി ഐക്യപ്പെട്ട പ്രേഷിത
പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു കാണിച്ച വിധേയത്വംവഴി ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുവാനും, അങ്ങനെ സദാ ദൈവസ്നേഹത്താൽ പ്രകാശിതയായി ജീവിക്കുവാനും വിശുദ്ധയും സഭാപണ്ഡിതയുമായ അമ്മ ത്രേസ്യായ്ക്കു സാധിച്ചുവെന്ന് പാപ്പാ വ്യക്തിമാക്കി.ദൈവപുത്രനായ യേശുവിനായി പൂർണ്ണമായി തന്നെത്തന്നെ നല്കിയിരിക്കുന്നതിനാൽ, താൻ ദൈവസ്നേഹത്താൽ രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും അമ്മ മനസ്സിലാക്കി. അങ്ങനെ ഹൃദയത്തിൽനിന്നും വിതുമ്പിവരുന്നതാണ് അധരങ്ങളിൽ തെളിഞ്ഞുവരുന്നതെന്നും വിശുദ്ധയ്ക്കു ബോധ്യമായി (ലൂക്കാ 6, 45). അങ്ങനെ അമ്മ ത്രേസ്യാ തന്‍റെ സഭാനവീകരണ ജീവിതത്തിൽ പ്രകടമാക്കിയ ക്രിയാത്മകത, നിശ്ചയദാർഢ്യമുള്ള സാഹസികത എന്നിവ യേശുവിന്‍റെ ആന്തരിക സാന്നിദ്ധ്യത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

4. അനിവാര്യമായ മാറ്റം
മാറ്റത്തിന്‍റെ ഒരു നിമിഷത്തിലല്ല, മാറ്റത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ലോക ഗതിവിഗതികളും കാലികമായ പ്രതിസന്ധികളും മനുഷ്യർ ഇന്ന് വിവിധ തലങ്ങളിൽ അനുഭവിക്കുന്ന ക്ലേശങ്ങളും നമ്മുടെ അനുദിന ജീവിത ചുറ്റുപാടുകളിലും ശൈലിയിലും മാറ്റങ്ങൾ ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പ്രാർത്ഥനയിലൂടെയും തന്‍റെ രചനകളിലൂടെയും അമ്മത്രേസ്യാ ആർജ്ജിച്ചെടുത്ത പുനരുത്ഥാരണം നമ്മുടെ കാലഘട്ടത്തിന്‍റെയും സ്വാഭാവികമായ ആവശ്യമാണെന്ന് പാപ്പാ വിശദമാക്കി. അതിനാൽ ഇന്നിന്‍റെ നവീകരണ പ്രക്രിയയിൽ പങ്കുചേരുവാൻ ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അതിനായി പരിശുദ്ധാരൂപിയോടു തുറവുള്ളൊരു ജീവിതത്തിന് ക്രൈസ്തവമക്കൾ ഒരുങ്ങണമെന്നും ഉദ്ബോധിപ്പിച്ചു. എല്ലാവരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്നു രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ബോധിപ്പിക്കുന്നതും പാപ്പാ സന്ദേശത്തിൽ ഉദ്ധരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2021, 08:37