ഫ്രാൻസീസ് പാപ്പാ, തൻറെ നാമഹേതുക തിരുന്നാൾ ദിനത്തിൽ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പാവപ്പെട്ടവരുമൊത്ത് അല്പ നേരം, 23/04/2021 ഫ്രാൻസീസ് പാപ്പാ, തൻറെ നാമഹേതുക തിരുന്നാൾ ദിനത്തിൽ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പാവപ്പെട്ടവരുമൊത്ത് അല്പ നേരം, 23/04/2021 

നാമഹേതുക തിരുന്നാളിൽ പാപ്പാ പാവപ്പെട്ടവരുമൊത്ത്!

വത്തിക്കാൻ സൗജന്യമായി പാവപ്പെട്ടവർക്ക് നല്കുന്ന കോവിദ് 19 പ്രതിരോധ കുത്തിവയ്പിൻറെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വിശുദ്ധ ഗീവർഗ്ഗീസിൻറെ തിരുന്നാൾ ദിനത്തിൽ, അതായത്, വെള്ളിയാഴ്ച (23/04/21) വത്തിക്കാനിൽ എത്തിയ അറുനൂറോളം പേരിൽ ചിലരുമൊത്ത് മാർപ്പാപ്പാ അരമണിക്കൂറോളം ചിലവഴിച്ചു. അന്ന് പാപ്പായുടെ നാമഹേതുക തിരുന്നാൾ ആയിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ തൻറെ നാമഹേതുക തിരുന്നാൾ ദിനത്തിൽ പാവപ്പെട്ടവരും പാർപ്പിടരഹിതരുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ഹൊർഹെ  മാരിയൊ ബെർഗോളിയൊ (Jorge Mario Bergoglio) എന്ന പേരുള്ള ഫ്രാൻസീസ് പാപ്പായുടെ നാമഹേതുക തിരുന്നാൾ വിശുദ്ധ ഗീവർഗ്ഗീസിൻറെ (ജോർജ്) തിരുന്നാൾ ദിനമായ ഏപ്രിൽ 23 നാണ്.

വത്തിക്കാൻ സൗജന്യമായി പാവപ്പെട്ടവർക്ക് നല്കുന്ന കോവിദ് 19 പ്രതിരോധ കുത്തിവയ്പിൻറെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ഈ തിരുന്നാൾ ദിനത്തിൽ, അതായത്, വെള്ളിയാഴ്ച (23/04/21) എത്തിയ അറുനൂറോളം പേരിൽ ചിലരെയാണ്, പാപ്പാ അന്ന് രാവിലെ, വത്തിക്കാനിലെ പോൾ ആറാമൻ ശാലയുടെ ഇടനാഴിയിൽ കുത്തിവയ്പ്പിന് സൗകര്യമൊരുക്കിയിരിക്കുന്ന സ്ഥലത്തെത്തി സന്ദർശിക്കുകയും അവരുമൊത്ത് അരമണിക്കൂറോളം ചിലവഴിക്കുകയും ചെയ്തത്.

തങ്ങളുടെ ചാരെയെത്തിയ പാപ്പായെ കരഘോഷത്തോടെ സ്വീകരിച്ച  അവരിൽ ചിലർ ആനന്ദാശ്രുക്കൾ പൊഴിക്കുന്നുമുണ്ടായിരുന്നു. അവർ പാപ്പായ്ക്ക് ആശംസാഗാനം ആലപിക്കുകയും ചെയ്തു.

പാപ്പായുടെ നാമഹേതുക തിരുന്നാളിൻറെ ആനന്ദം പങ്കുവച്ചുകൊണ്ട് സന്നദ്ധ സേവകർ ചോക്കളേറ്റ്, ബിസ്ക്കറ്റ്, പഴച്ചാർ-ലഘുഭക്ഷണപ്പൊതികൾ തുടങ്ങിയവ കോവിദ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അവർക്ക് വിതരണം ചെയ്യുകയും ചെയ്തു.

തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ സന്നദ്ധസേവകർക്ക് പാപ്പാ തദ്ദവസരത്തിൽ പ്രോത്സാഹനം പകരുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേസ്ക്കിയും (Card. Konrad Krajewski) സന്നദ്ധ പ്രവർത്തകർക്കൊപ്പം അവിടെ സന്നിഹിതനായിരുന്നു.

ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല (Sergio Mattarella) ഉൾപ്പടെയുള്ള നിരവധി പ്രമുഖ വ്യക്തികളുടെ ആശംസാസന്ദേശങ്ങളും നാമഹേതുകത്തിരുന്നാൾ ദിനത്തിൽ പാപ്പായ്ക്ക് ലഭിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2021, 11:37