തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞായറാഴ്ച (25/04/2021) മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ. ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞായറാഴ്ച (25/04/2021) മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ. 

നല്ല ഇടയൻ: സംരക്ഷിക്കുന്നു, അറിയുന്നു, സർവ്വോപരി സ്നേഹിക്കുന്നു!

നല്ല ഇടയനായ യേശുവിൻറെ ദൗത്യം തുടരാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു, ഫ്രാൻസീസ് പാപ്പായുടെ ത്രികാല ജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

25/04/21 ഞായറാഴ്ചയും  ഫ്രാൻസീസ് പാപ്പാ പേപ്പൽ അരമനയിലെ ജാലകത്തിങ്കൽ നിന്നാണ്  മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എത്തിയിരുന്നു വിശ്വാസികളുടെ എണ്ണം, കോവിദ് 19 രോഗ സംക്രമണം തടയുന്നതിനുള്ള കരുതൽ നടപടികൾ നിലവിലുള്ളതിനാൽ, താരതമ്യേന കുറവായിരുന്നു.  പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ഫ്രാൻസീസ് പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. നല്ലിടയൻറെ തിരുന്നാൾ ദിനമായിരുന്ന  ഈ ഞായറാഴ്ച (25/04/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 10,11-18 വരെയുള്ള വാക്യങ്ങൾ, അതായത്, ആടുകൾക്കായി സ്വജീവൻ നല്കുന്ന  നല്ല ഇടയനാണ് താൻ എന്ന് യേശു ശിഷ്യന്മാരോട് വിശദീകരിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന  പരിചിന്തനത്തിന് അവലംബം. 

പാപ്പായുടെ പ്രഭാശഷണം:

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

നല്ല ഇടയൻറെ ഞായർ എന്ന് വിളിക്കപ്പെടുന്ന ഉയിർപ്പുകാലത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ച, സുവിശേഷം (യോഹ 10: 11-18) യേശുവിനെ, സ്വന്തം ആടുകളെ സംരക്ഷിക്കുകയും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന യഥാർത്ഥ ഇടയനായി അവതരിപ്പിക്കുന്നു.

ആടുകളെ കാത്തു പരിപാലിക്കുന്ന ഇടയൻ

ആടുകൾ തൻറെ സ്വന്തമല്ലത്തതിനാൽ അവയെക്കുറിച്ച് കരുതലില്ലാത്ത “കൂലിക്കാരനായ” ഒരുവന് നേർ വിപരീതമാണ് നല്ല ഇടയൻ. കൂലിക്കാരനായ ഇടയൻ ആ ജോലി ചെയ്യുന്നത് വേതനത്തിനു വേണ്ടിയാണ്, ആടുകളെ സംരക്ഷിക്കാൻ അവൻ മെനക്കെടുന്നില്ല: ചെന്നായ വരുമ്പോൾ അവൻ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു (cf. യോഹന്നാൻ 10,12-13). മറിച്ച്, യഥാർത്ഥ ഇടയനായ യേശു, എല്ലാ ദിവസവും നാം ശ്രവിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ നാം സദാ അനുഭവിച്ചറിയുന്ന അവിടത്തെ വചനത്തിൻറെ വെളിച്ചവും അവിടത്തെ  ശക്തിയും വഴി, നമ്മെ കാത്തുപരിപാലിക്കുകയും, ദുഷ്‌കരമായ നിരവധി സാഹചര്യങ്ങളിലും, വിപത്തുകളിലും നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.

അജഗണത്തിലെ ഒരോ ആടിനെയും അറിയുന്ന ഇടയൻ

നല്ല ഇടയനായ യേശു അറിയുന്നു എന്നാതാണ് രണ്ടാമത്തെ മാനം. ആദ്യത്തേത്: അവിടന്നു സംരക്ഷണമേകുന്നു, രണ്ടാമത്തേത്: അവിടന്ന് സ്വന്തം ആടുകളെ അറിയുന്നു – ആടുകൾ അവനെയും അറിയുന്നു (വാക്യം 14). യേശു നമ്മെ ഓരോരുത്തരെയും അറിയുന്നുവെന്നും നാം അവന് അജ്ഞാതരല്ലെന്നും നമ്മുടെ പേര് അവനറിയാമെന്നും അറിയുന്നത് എത്ര മനോഹരവും ആശ്വാസപ്രദവുമാണ്! അവിത്തെ സംബന്ധിച്ചിടത്തോളം നമ്മൾ ഒരു "കൂട്ടം", "ജനസഞ്ചയം", അല്ല. അങ്ങനെയല്ല. നാം വ്യക്തികളാണ്, ഓരോരുത്തർക്കും സ്വന്തമായ ചരിത്രമുണ്ട്, നാം ഒരോരുത്തരെയും അവരവരുടെ ചരിത്രത്തോടും മൂല്യത്തോടും കൂടി, സൃഷ്ടിയെന്ന നിലയിലും ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടവൻ എന്ന നിലിയിലും അവിടന്നറിയുന്നു. നമുക്ക് ഓരോരുത്തർക്കും പറയാൻ കഴിയും: യേശു എന്നെ അറിയുന്നു! അത് ശരിയാണ്, അതങ്ങനെയാണ്: മറ്റാരെക്കാളും അവിടുന്ന് നമ്മെ അറിയുന്നു. നമ്മുടെ ഹൃദയത്തിലുള്ളത്, ഉദ്ദേശ്യങ്ങൾ, നിഗൂഢങ്ങളായ വികാരങ്ങൾ അവിടത്തേക്കറിയാം. യേശു നമ്മുടെ യോഗ്യതകളും വൈകല്യങ്ങളും അറിയുന്നു, നമ്മുടെ തെറ്റുകളാലുള്ള മുറിവുകൾ സുഖപ്പെടുത്തുന്നതിന്, നമ്മെ പരിപാലിക്കുന്നതിന് അവിന്ന് തൻറെ കരുണയുടെ സമൃദ്ധിയാൽ സദാ സന്നദ്ധനാണ്. പ്രവാകന്മാർ അവതരിപ്പിച്ച, ദൈവജനത്തിൻറെ ഇടയൻറെ രൂപം അവനിൽ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു: യേശു സ്വന്തം ആടുകളെക്കുറിച്ച് ഔത്സുക്യം പുലർത്തുന്നു, അവയെ ഒന്നിച്ചുകൂട്ടുകയും, മുറിവ് വച്ചുകെട്ടുകയും, രോഗമുള്ളതിനെ സൗഖ്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം നമുക്കു വായിക്കാൻ സാധിക്കും എസെക്കിയേൽ പ്രവാചകൻറെ പുസ്തകത്തിൽ (34:11-16). 

സ്നേഹിക്കുന്ന ഇടയൻ

ആകയാൽ, നല്ല ഇടയനായ യേശു തൻറെ ആടുകളെ സംരക്ഷിക്കുകയും അറിയുകയും എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവിടന്ന് അവയ്ക്കായി സ്വന്തം ജീവൻ നല്കുന്നു (യോഹന്നാൻ 10:15). ആടുകളോടുള്ള, അതായത്, നാം ഓരോരുത്തരോടുമുള്ള സ്നേഹം  അവിടത്തെ കുരിശു മരണത്തിലേക്കു നയിക്കുന്നു. കാരണം ഇത് ആരും നഷ്ടപ്പെടാതിരിക്കാനുള്ള പിതാവിൻറെ ഇഷ്ടമാണ്. ക്രിസ്തുവിൻറെ സ്നേഹം വരണാത്മകമല്ല, അത് എല്ലാവരെയും ആശ്ലേഷിക്കുന്നതാണ്. ഇന്നത്തെ സുവിശേഷത്തിൽ അവിടന്നു തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് അത് നമ്മെ ഓർമ്മിപ്പിക്കുന്നു: “ഈ തൊഴുത്തിൽപ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്: അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എൻറെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും” (യോഹന്നാൻ 10:16). ഈ വാക്കുകൾ അവിടത്തെ സാർവത്രിക ഉത്കണ്ഠയ്ക്ക് സാക്ഷ്യമേകുന്നു: അവിടന്ന് എല്ലാവരുടെയും ഇടയനാണ്. പിതാവിൻറെ സ്നേഹം സ്വീകരിക്കാനും ദൈവത്തെ കണ്ടുമുട്ടാനും എല്ലാവർക്കും സാധിക്കണമെന് യേശു ആഗ്രഹിക്കുന്നു.

നല്ലയിടൻറെ ദൗത്യം തുടരാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭ

ക്രിസ്തുവിൻറെ ഈ ദൗത്യം തുടരാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിലുള്ളവർക്കു പുറമേ, ഇതു ചില പ്രത്യേക സാഹചര്യങ്ങളിൽ ചെയ്യുകയൊ അല്ലെങ്കിൽ ‌ഒരിക്കലും ചെയ്യാതിരിക്കുകയൊ ചെയ്യുന്നവരാണ് മറ്റനേകർ, ഭൂരിഭാഗവും. എന്നാൽ അവർ ദൈവമക്കളല്ല എന്നല്ല ഇതിനർത്ഥം: പിതാവ് സകലരെയും, എല്ലാവർക്കുമായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ യേശുവിനെ ഏൽപ്പിക്കുന്നു. 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

സഹോദരീ സഹോദരന്മാരേ, യേശു നമ്മെയെല്ലാം സംരക്ഷിക്കുകയും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. നല്ല ഇടയൻറെ ദൗത്യത്തിൻറെ സന്തോഷത്തിൽ പങ്കുചേരുന്നതിന് അവിടത്തെ സ്വാഗതം ചെയ്യുകയും പിന്തുടരുകയും ചെയ്യുന്ന ആദ്യവ്യക്തികളായി നാം മാറുന്നതിന് പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഗോട്ടിമാലയിലെ നവവാഴ്ത്തപ്പെട്ട നിണസാക്ഷികൾ

ആശീർവ്വാദനാന്തരം പാപ്പാ, മദ്ധ്യ അമേരിക്കൻ നാടായ ഗോട്ടിമാലയിലെ സാന്താക്രൂസ് ദെ കിക്കെയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (23/04/21) ഹോസെ മരിയ ഗ്രാൻ സിറേറയുൾപ്പെടെ പത്തു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

യേശുവിൻറെ തിരുഹൃദയ പ്രേഷിത സമൂഹാംഗങ്ങളായ ഇവരിൽ 3 പേർ വൈദികരും മറ്റുള്ള 7 പേർ അല്മായ വിശ്വാസികളും ആണെന്നും പാപ്പാ പറഞ്ഞു. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഇവർ, സഭയ്ക്കെതിരായ പീഢനകാലത്ത്, 1980-നും 1991-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് വധിക്കപ്പെട്ടതെന്ന് പാപ്പാ അനുസ്മരിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നയിക്കപ്പെട്ട ഇവർ നീതിയുടെയും സ്നേഹത്തിൻറെയും ധീര സാക്ഷികളാണെന്ന് പാപ്പാ പ്രസ്താവിച്ചു. സുവിശേഷം ഉദാരതയോടും ധീരതയോടും കൂടി ജീവിക്കാൻ നവവാഴ്ത്തപ്പെട്ടവരുടെ മാതൃക നമ്മെ പ്രാപ്തരാക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

കരീബിയൻ ദ്വീപിലുണ്ടായ അഗ്നിപർവ്വത സ്ഫോടന ദുരന്തം, പാപ്പായുടെ പ്രാർത്ഥന

സെയിൻറ് വിൻസെൻറ് – ഗ്രെനഡയിൻ ദ്വീപുകളിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനം മൂലം യാതനകളനനുഭവിക്കുന്ന ജനവിഭാഗങ്ങളോടുള്ള തൻറെ സാമീപ്യം പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ അറിയിച്ചു.

ഈ അഗ്നിപർവ്വത സ്ഫോടനം വലിയ നാശനഷ്ടങ്ങളും ക്ലേശങ്ങളും വിതച്ചിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ എല്ലാവർക്കും തൻറെ പ്രാർത്ഥന ഉറപ്പു നല്കി.

ഇറാഖിൽ കോവിദ് ആശുപത്രിയിൽ അഗ്നിബാധ

അതു പോലെ തന്നെ പാപ്പാ, ഇറാഖിൻറെ തലസ്ഥാനമായ ബാഗ്ദാദിലെ ഒരു കോവിദ് ആശുപത്രിയിൽ എൺപതോളം പേരുടെ ജീവനപഹരിച്ച അഗ്നിബാധ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും തൻറെ സാമീപ്യം ഉറപ്പു നല്കുകയും ചെയ്തു. 

അഭയാർത്ഥികളുടെ കപ്പലപകട മരണ പരമ്പര 

മദ്ധ്യധരണ്യാഴിയിൽ അഭയാർത്ഥികളുടെ കപ്പൽമുങ്ങുകയും അനേകർ മരണമയുകയും ചെയ്ത ആവർത്തിത ദുരന്തത്തിൽ പാപ്പാ അഗാധമായ ഖേദം പ്രകടിപ്പിച്ചു.

130 കുടിയേറ്റക്കാരാണ് മരണമടഞ്ഞതെന്നും രണ്ടുദിവസം മുഴുവനും സഹായഭ്യർത്ഥന നടത്തിയെങ്കിലും അവർക്ക് യാതൊരു സഹായവും ലഭിച്ചില്ലെയെന്നും പാപ്പാ വേദനയോടെ അനുസ്മരിച്ചു. കുടിയേറ്റക്കാർ മുങ്ങിമരിക്കുന്ന ദുരന്ത പരമ്പരയിൽ ഇപ്പോൾ സംഭവിച്ച ഈ അപകടം ചിന്തോദ്ദീപകമാണെന്നും ഇത് ലജ്ജാകരമായ ഒരു നിമിഷമാണെന്നും പാപ്പാ പറഞ്ഞു.

നാടകീയമായി ഇത്തരം യാത്രയ്ക്കിടയിൽ അപമൃത്യുവിനിരകളാകുന്ന അനേകം സഹോദരീസഹോദരങ്ങൾക്കായും സഹായിക്കാൻ കഴിയുമായിരുന്നിട്ടും അതു ചെയ്യാതെ മുഖംതിരിക്കാൻ ശ്രമിക്കുന്നവരുടെ മനസ്സു തെളിയുന്നതിനു വേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.  

ലോക ദൈവവിളി പ്രാർത്ഥനാദിനം

ഈ ഞായറാഴ്ച (25/04/21) ലോക ദൈവവിളി പ്രാർത്ഥനാദിനം ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

“വിശുദ്ധ യൗസേപ്പ്:ദൈവവിളി സ്വപ്നം” എന്നതായിരുന്നു ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം എന്നു സൂചിപ്പിച്ച പാപ്പാ, കർത്താവിനോടുള്ള സ്നേഹത്തെ പ്രതി സുവിശേഷപ്രഘോഷണത്തിനും സോദരസേവനത്തിനുമായി സ്വയം സമർപ്പിക്കുന്ന വ്യക്തികളെ സഭയിൽ ഉളവാക്കുന്നത് തുടരുന്ന കർത്താവിനോടു നന്ദി പ്രകാശിപ്പിക്കാൻ എല്ലാവരെയും ക്ഷണിച്ചു. 

ഈ ഞായറാഴ്‌ച (25/04/21) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് താൻ 9 ശെമ്മാശന്മാർക്ക് പൗരോഹിത്യം നല്കിയതും അനുസ്മരിച്ച പാപ്പാ പ്രത്യേകം നന്ദി പറയുകയും തൻറെ വയലിലേക്ക് വേലക്കാരെ അയയ്ക്കാനും സമർപ്പിതജീവിത വിളികൾ വർദ്ധമാനമാക്കാനും കർത്താവിനോടു പ്രാർത്ഥിക്കുകയും ചെയ്തു.  

സമാപനാഭിവാദ്യം

ത്രികാല പ്രാർത്ഥനയിൽ പങ്കുകൊണ്ട എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2021, 12:40

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >