Vatican News
ഫ്രാൻസീസ് പാപ്പാ,  വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് മാദ്ധ്യമങ്ങളിലുടെ അനുവദിച്ച പ്രതിവാര പൊതുദർശന വേളയിൽ ആശീർവ്വാദം നല്കുന്നു. 07/04/2021 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് മാദ്ധ്യമങ്ങളിലുടെ അനുവദിച്ച പ്രതിവാര പൊതുദർശന വേളയിൽ ആശീർവ്വാദം നല്കുന്നു. 07/04/2021  (Vatican Media)

പ്രാർത്ഥന വിശുദ്ധരുമായുള്ള കൂട്ടായ്മയിൽ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ നിലവിലുള്ളതിനാൽ   ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത് ഈ ബുധനാഴ്ചയും (07/04/21). പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നതിനെതുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തൻറെ സന്ദേശം നല്കി. 

പ്രാർത്ഥന വിശുദ്ധരോടു ചേർന്ന്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് ഞാൻ പ്രാർത്ഥനയും വിശുദ്ധരുടെ കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിക്കാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, നാം പ്രാർത്ഥിക്കുമ്പോൾ, നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല അതു ചെയ്യുന്നത്: അങ്ങനെ നാം ചിന്തിക്കുന്നില്ലെങ്കിൽത്തന്നെയും, നമുക്ക് മുമ്പും പിമ്പും നിർബ്ബാധം ഒഴുകിക്കൊണ്ടിരിക്കുന്ന പ്രാർത്ഥനകളുടെതായ ഒരു മഹാ നദിയിൽ നാം ആമഗ്നരാണ്.

സംവേദനം ചെയ്യപ്പെട്ട പ്രാർത്ഥന

ബൈബിളിൽ നാം കാണുന്നതും, ആരാധനാക്രമത്തിൽ പലപ്പോഴും പ്രതിധ്വനിക്കുന്നതുമായ പ്രാർഥനകളിൽ, പുരാതന കഥകൾ, വിസ്മയകരമായ വിമോചനം, നാടുകടത്തലുകൾ, ദുഃഖകരമായ പ്രവാസങ്ങൾ, വൈകാരിക മടക്കയാത്രകൾ, സൃഷ്ടിവിസ്മയത്തിനു മുന്നിൽ പൊട്ടിപ്പുറപ്പെടുന്ന സ്തുതിപ്പുകൾ എന്നിവയുടെ അടയാളങ്ങൾ കാണാം ... അങ്ങനെ ഈ സ്വനങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക്, വൈക്തികാനുഭവും ജനതകളുടെയും നാം ഉൾപ്പെടുന്ന നരകുലത്തിൻറെയും അനുഭവവും തമ്മിലുള്ള നിരന്തരമായ ഇഴചേരലിൽ, സംവേദനം ചെയ്യപ്പെടുന്നു. സ്വന്തം ചരിത്രത്തിൽ നിന്ന്, സ്വന്തം ജനത്തിൻറെ ചരിത്രത്തിൽ നിന്ന് ആർക്കും വിട്ടുനില്ക്കാനാകില്ല. നമ്മുടെ ശീലങ്ങളിലും നമ്മുടെ പ്രാർത്ഥനകളിലും നാം ഈ പാരമ്പര്യം പേറുന്നു. സ്തുതിപ്പിൻറെ പ്രാർത്ഥനയിൽ, പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെയും എളിയവരുടെയും ഹൃദയത്തിൽനിന്നുയരുന്നവയിൽ, മറിയം അവളുടെ ചാർച്ചക്കാരിയായ എലിസബത്തിനു മുന്നിൽ ദൈവത്തിനേകിയ സ്തോത്രഗീതത്തിലെയൊ അല്ലെങ്കിൽ ഉണ്ണിയേശുവിനെ കൈയ്യിൽ എടുത്തുകൊണ്ട് വൃദ്ധനായ ശിമയോൻ നടത്തിയ ആശ്ചര്യപ്രകടനത്തിലെയൊ എന്തൊക്കെയൊ പ്രതിധ്വനിക്കുന്നുണ്ട്; ശിമയോൻ  ഇങ്ങനെ പറഞ്ഞു: “കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കേണമേ” (ലൂക്കാ 2:29).

പ്രാർത്ഥനയുടെ പ്രസരണ ശേഷി

നല്ല പ്രാർത്ഥനകൾ പ്രസരണ സ്വഭാവമുള്ളവയാണ്, അവ "സാമൂഹ്യമാദ്ധ്യമസന്ദേശങ്ങളിലൂടെയൊ അല്ലാതെയൊ നിരന്തരം പരക്കുന്നു.: ആശുപത്രികളുടെ ഇടനാഴികളിൽ നിന്ന്, ഉത്സവ സമ്മേളനങ്ങളിൽ നിന്ന്, അതുപോലെതന്നെ നിശബ്ദമായി വേദനകൾ അനുഭവിക്കുന്നവരിൽ നിന്ന് വരെ ഇത് പടരുന്നു. ഓരോരുത്തരുടെയും വേദന എല്ലാവരുടെയും വേദനയാണ്, ഒരുവൻറെ സന്തോഷം മറ്റുള്ളവരുടെ ആത്മാവിലേക്ക് പകരുന്നു. സന്തോഷസന്താപങ്ങൾ ഏക ചരിത്രത്തിൻറെ ഭാഗമാണ്. സ്വന്തം ജീവിതത്തിൽ ചരിത്രം രചിക്കുന്ന കഥകളാണ്. 

വിശുദ്ധർ നമ്മോടൊപ്പമുണ്ട്

പ്രാർഥനകൾ സദാ പുനർജനിക്കുന്നു: ഓരോ തവണയും നാം കൈകൾ കൂപ്പുമ്പോഴും ദൈവത്തിനു ഹൃദയം തുറന്നുകൊടുക്കുമ്പോഴും നമ്മൾ നമ്മോടൊപ്പം പ്രാർത്ഥിക്കുന്ന അജ്ഞാതരും നാം അറിയുന്നവരുമായ വിശുദ്ധരുടെ കൂട്ടായ്മയിലാണ്. അവർ നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. നമ്മുടെ മൂത്ത സഹോദരീസഹോദരന്മാരെപ്പോലെ നമ്മുടെ അതേ മാനുഷികാനുഭവങ്ങളിലൂടെ കടന്നുപോയവരാണവർ. സഭയിൽ ഏകാന്തമായ വിലാപമില്ല, വിസ്മൃതിയിൽ ഒഴുക്കപ്പെടുന്ന കണ്ണീരില്ല, കാരണം എല്ലാവരും പൊതുവായൊരു കൃപയാണ് ശ്വസിക്കുകയും പങ്കിടുകയും ചെയ്യുന്നത്. പുരാതന സഭയിൽ വിശുദ്ധ മന്ദിരങ്ങളോടു ചേർന്ന ഉദ്യാനങ്ങളിൽ ആളുകളെ അടക്കം ചെയ്തിരുന്നത് യാദൃശ്ചികമല്ല. അത്, നമുക്കു മുമ്പേ പോയവരുടെ ആത്മാവുകൾ ഓരോ വിശുദ്ധകുർബ്ബാനയിലും പങ്കുചേരുന്നു എന്നു പറയുന്നതു പോലെയാണ്. നമ്മുടെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും അവിടെയുണ്ട്, നമ്മുടെ തലതൊട്ടപ്പന്മാരും തലതൊട്ടമ്മമാരും അവിടെയുണ്ട്, നമ്മുടെ മതബോധകരും നമ്മുടെ ഗുരുഭൂതരും അവിടെയുണ്ട്...... കൈമാറിക്കിട്ടിയതാണ്, സംവേദനം ചെയ്യപ്പെട്ടതാണ് നമുക്ക്  ലഭിച്ചിരിക്കുന്ന വിശാസം. ആ വിശ്വാസത്തോടൊപ്പം പ്രാർത്ഥനാരീതിയും പ്രാർത്ഥനയും നമുക്കു പകർന്നു കിട്ടിയിരിക്കുന്നു.

വിശുദ്ധർ വിദൂരത്തല്ല ചാരത്തുണ്ട്

വിശുദ്ധന്മാർ ഇപ്പോഴും ഇവിടെയുണ്ട്, അവർ നമ്മിൽ നിന്ന് വളരെ അകലെയല്ല; ദേവാലയങ്ങളിലെ അവരുടെ രൂപങ്ങൾ  എല്ലായ്പ്പോഴും നമുക്കു ചുറ്റുമുള്ള "സാക്ഷികളുടെ സമൂഹത്തെ" ഓർമ്മിപ്പിക്കുന്നു (എബ്രായർ. 12: 1). അവർ, നാം ആരാധിക്കാത്ത സാക്ഷികളാണ് എന്നത് വ്യക്തമാണല്ലൊ, എന്നാൽ നമ്മൾ അവരെ വണങ്ങുന്നു. അവർ നമ്മെ, ഏക കർത്താവും ദൈവത്തിനും മനുഷ്യനുമിടയിലുള്ള ഏക മദ്ധ്യസ്ഥനുമായ യേശുക്രിസ്തുവിങ്കലേക്ക്, ആയിരക്കണക്കിന് വ്യത്യസ്ത രീതികളിൽ എത്തിക്കുന്നു. നിന്നെ യേശുവിൻറെ പക്കലേക്കാനയിക്കാത്ത വിശുദ്ധൻ വിശുദ്ധനല്ല, അവൻ ക്രൈസ്തവനുമല്ല. വിശുദ്ധൻ നിന്നെ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. കാരണം അവൻ ക്രൈസ്തവനെന്ന നിലയിൽ ജീവിതപാതയിലൂടെ നീങ്ങിയവനാണ്. നമ്മുടെ ജീവിതത്തിൽപ്പോലും, അത് എത്ര ദുർബ്ബലവും പാപത്താൽ മുദ്രിതവുമാണെങ്കിലും, വിശുദ്ധി പൂത്തുലയുമെന്ന് വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു കള്ളനാണ് ആദ്യം വിശുദ്ധനാക്കപ്പെട്ടതെന്ന് നാം സുവിശേഷത്തിൽ വായിക്കുന്നു. ഈ കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ഒരു പാപ്പായല്ല മറിച്ച് യേശുതന്നെയാണ്. വിശുദ്ധി എന്നു പറയുന്നത് ഒരു ജീവിതയാത്രയാണ്, യേശുവുമായുള്ള കൂടിക്കാഴ്ചയാണ്. നല്ലവനും സ്നേഹനിധിയുമായ കർത്താവിലേക്ക് തിരിയുന്നതിന് ഒരിക്കലും വൈകിയിട്ടില്ല (സങ്കീർത്തനം 102:8).

ദൈവത്തെ സ്തുതിക്കുന്ന വിശുദ്ധർ, അവരുടെ മാദ്ധ്യസ്ഥ്യം നാം തേടണം

വിശുദ്ധന്മാർ "ദൈവത്തെ ധ്യാനിക്കുന്നു, അവിടത്തെ സ്തുതിക്കുന്നു, അവർ ഭൂമിയിൽ വിട്ടിട്ടുപോയവരെ നിരന്തരം പരിപാലിക്കുന്നു എന്ന് കത്തോലിക്കാസഭയുടെ മതബോധനം വിശദീകരിക്കുന്നു...... ദൈവത്തിൻറെ പദ്ധതിയിൽ അവർ ചെയ്യുന്ന അത്യുന്നത സേവനമാണ് അവരുടെ മാദ്ധ്യസ്ഥ്യം. നമുക്കും അഖില ലോകത്തിനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ നമുക്ക് അവരോട് പ്രാർത്ഥിക്കാൻ കഴിയും, നാം പ്രാർത്ഥിക്കണം" (കത്തോലിക്കാസഭയുടെ മതബോധനം 2683). പരലോക ജീവിതത്തിലേക്ക് കടന്നുപോയവരും ഇഹത്തിൽ തീർത്ഥാടകരായ നമ്മളും തമ്മിൽ, ക്രിസ്തുവിൽ, നിഗൂഢമായ ഐക്യദാർഢ്യമുണ്ട്: മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർ സ്വർഗ്ഗത്തിൽ നിന്ന് നമ്മെ നിരന്തരം പരിപാലിക്കുന്നു. അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, നമ്മൾ അവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.

പരസ്പരം പ്രാർത്ഥിക്കുക, നമ്മുടെ ഹൃദയം തുറവുള്ളതാകും

ഇവിടെ, ഈ ഐഹിക ജീവിതത്തിൽത്തന്നെ നാം പ്രാർത്ഥനയിലുള്ള ഈ ബന്ധം ഇതിനകം അനുഭവിച്ചു: നമ്മൾ പരസ്പരം പ്രാർത്ഥിക്കുന്നു, നമ്മൾ ആവശ്യങ്ങൾ നിരത്തുന്നു, പ്രാർത്ഥനകൾ അർപ്പിക്കുന്നു......  മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ആദ്യ വഴി അവനെയൊ അവളെയൊകുറിച്ച് ദൈവത്തോട് സംസാരിക്കുകയാണ്. നമ്മൾ ഇത് അനുദിനം,  പതിവായി ചെയ്യുകയാണെങ്കിൽ, നമ്മുടെ ഹൃദയം അടഞ്ഞുകിടക്കില്ല, അത് സഹോദരങ്ങൾക്കായി തുറന്നിരിക്കും. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് അവരെ സ്നേഹിക്കാനുള്ള ആദ്യ മാർഗ്ഗം, ഒപ്പം അത് നമ്മെ അവരുമായി സമൂർത്തമായി അടുപ്പിക്കുന്നു. സംഘർഷങ്ങളുടെ വേളകളിലും അതില്ലാതാക്കാൻ, അതു ലഘൂകരിക്കാനുള്ള മാർഗ്ഗം ആരുമായിട്ടാണോ കലഹമുള്ളത് ആ വ്യക്തിക്കായി പ്രാർത്ഥിക്കുകയാണ്.

നമ്മെ തുണയ്ക്കുന്ന വിശുദ്ധർ

ദുരിതകാലത്തെ അഭിമുഖീകരിക്കാനുള്ള ആദ്യ വഴി, നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ സഹോദരങ്ങളോട്, പ്രത്യേകിച്ച് വിശുദ്ധന്മാരോട്, ആവശ്യപ്പെടുക എന്നതാണ്. മാമ്മോദീസായിൽ നമുക്കു നൽകിയിരിക്കുന്ന പേര് ഒരു നാമപത്രമോ അലങ്കാരമോ അല്ല! സാധാരണയായി അത്, പരിശുദ്ധ കന്യകയുടെയൊ, ഒരു വിശുദ്ധൻറെയൊ, ഒരു വിശുദ്ധയുടെയൊ പേരായിരിക്കും. നമുക്ക് ആവശ്യമുള്ള കൃപകൾ ദൈവത്തിൽ നിന്ന് ലഭിക്കുന്നതിന് “നമ്മെ സഹായിക്കുക” എന്നതിലുപരിയായി മറ്റൊന്നുമല്ല അവരുടെ ലക്ഷ്യം. നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ നമ്മെ തളർത്തുന്ന അവസ്ഥയിലെത്തിയിട്ടില്ലെങ്കിൽ, ഇപ്പോഴും നമുക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നുണ്ടെങ്കിൽ, സകലത്തെയും അതിജീവിച്ച് നാം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നുണ്ടെങ്കിൽ, ഒരുപക്ഷേ ഇതിനെല്ലാം, നമ്മുടെ യോഗ്യതയേക്കാൾ, നമ്മൾ സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യത്തിന് കടപ്പെട്ടിരിക്കുന്നു. നമ്മെ സംരക്ഷിക്കുകയും തുണയ്ക്കുകയും ചെയ്തിട്ടുള്ള അവരിൽ ചിലർ സ്വർഗ്ഗത്തിലാണ്, മറ്റുള്ളവർ, നമ്മെപ്പോലെ ഭൂമിയിൽ തീർത്ഥാടകരാണ്. 

വിശുദ്ധർ വാഴ്ത്തപ്പെടട്ടെ

ആകയാൽ, ലോകത്തിൻറെ ഏക രക്ഷകനായ യേശുക്രിസ്തു, ഭൂമിയിൽ നിറയുന്നവരും  സ്വന്തം ജീവിതം ദൈവത്തിനുള്ള സ്തുതിയാക്കിയവരുമായ സ്ത്രീപുരുഷന്മാരായ വിശുദ്ധരോടൊപ്പം വാഴ്ത്തപ്പെടട്ടെ. എന്തെന്നാൽ വിശുദ്ധ ബസീലിയോസ് പറഞ്ഞതു പോലെ “വിശുദ്ധൻ, പരിശുദ്ധാരൂപിയ്ക്ക് സവിശേഷമാംവിധം അനുയോജ്യമായ വാസയിടമാണ്, എന്തെന്നാൽ, ദൈവത്തോടൊപ്പം വസിക്കാൻ സന്നദ്ധനാകുന്നു. അവിടത്തെ ആലയമെന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു”

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം

ഏപ്രി 6-ന് ചൊവ്വാഴ്ച (06/04/21) വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

കായിക വിനോദം കൂട്ടായ്മയുടെ ഒരു അനുഭവമാണെന്ന ബോധ്യം വീണ്ടുമുണർത്തുന്നതിനും, അത് സംസ്കാരങ്ങളും ഭിന്ന ജനതകളും തമ്മിലുള്ള സുദൃഢമായ സംഭാഷണം പരിപോഷിപ്പിക്കുന്നതിനും ഈ ദിനാചരണത്തിനു കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.കായികവിനോദ രംഗത്ത് സാഹോദര്യസംസ്കൃതി പ്രസരിപ്പിക്കുന്നതിന് വത്തിക്കാൻറെ കായികവിനോദ വിഭാഗം നടത്തുന്ന പരിശ്രമങ്ങൾ തുടരാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു. കൂടുതൽ ദുർബ്ബലരായവരോടു കൂടുതൽ കരുതൽ കാട്ടുകയും സമാധനത്തിൻറെ സാക്ഷികളാകുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.   

ആശീർവ്വാദം

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പാപ്പാ, പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

07 April 2021, 12:46