തിരയുക

ക്രൂശിതരൂപം- വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ക്രൂശിതരൂപം- വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ 

നമ്മുടെ സഹനങ്ങൾ സമാശ്വാസത്തിൻറെയും മഹത്വത്തിൻറെയും അടയാളമാകും!

നമ്മുടെ സഹനങ്ങളെ ക്രിസ്തുവിൻറെ ബലിയോട് ചേർക്കുക, പൊറുക്കുന്ന ദൈവത്തിൻറെ സ്നേഹത്തിൻറെ നിയതമായ ആവിഷ്ക്കാരമാണ് ക്രിസ്തുവിൻറെ പരിത്രാണ പ്രവർത്തനം- ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതത്തിലെ കുരിശുകളിൽ നിന്ന് ഓടിയൊളിക്കരുതെന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (31/03/21), പതിവുപോലെ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതിവാര പൊതുദർശനപ്രഭാഷണ വേളയിൽ വിവിധ ഭാഷാക്കാരെ സംബോധന ചെയ്യവെ ജർമ്മൻകാരെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വ്യാകുലാംബയായ പരിശുദ്ധ കന്യകാമറിയത്തിൻറെ മാതൃക സ്വീകരിക്കാനും നമ്മുടെ സഹനങ്ങളെ ക്രിസ്തുവിൻറെ ബലിയോട് ചേർക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ക്രൂശിതനായ കർത്താവ് നമ്മുടെ സഹനങ്ങളെ അവിടത്തെ സ്നേഹത്തിൻറെ ശക്തിയാൽ സമാശ്വാസത്തിൻറെയും മഹത്വത്തിൻറെയും അടയാളമായി പരിവർത്തനം ചെയ്യുമെന്ന ഉറപ്പ് പാപ്പാ നല്കി.

പൊറുക്കുന്ന ദൈവത്തിൻറെ സ്നേഹത്തിൻറെ നിയതമായ ആവിഷ്ക്കാരമാണ് ക്രിസ്തുവിൻറെ പരിത്രാണ പ്രവർത്തനമെന്ന് പാപ്പാ പോളിഷ് ഭാഷാക്കാരെ സംബോധന ചെയ്യവെ പറഞ്ഞു.

കർത്താവിൻറെ രക്ഷാകര കർമ്മം അവിടത്തെ കാരുണ്യത്തെ വെളിപ്പെടുത്തുകയും നമുക്കു നവജീവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

എല്ലാവരും കോവിദ് 19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിലാണെങ്കിലും ഉയിർപ്പുപ്രഭാതത്തിൻറെതായ ആനന്ദം ഏവർക്കും പ്രത്യാശയും വിശ്വാസവും ശാന്തിയും പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2021, 08:44