തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 14/04/2021 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 14/04/2021  (Vatican Media)

പ്രാർത്ഥനയുടെ അഭാവത്തിൽ നമ്മുടെ വിശ്വാസദീപം അണയും!

ലോകം കോവിദ് 19 പകർച്ചവ്യാധിയുടെ പിടിയിൽ നിന്നുള്ള മോചനത്തിനായുള്ള കഠിന പരിശ്രമത്തിലാകയാൽ ഇറ്റലിയിലും രോഗസംക്രമണം തടയുന്നതിനുള്ള നടപടികൾ തുടരുന്നു. ആകയാൽ, ഈ ബുധനാഴ്ചയും (14/04/21)ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പതിവുപോലെ, പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത്. തദ്ദവസരത്തിൽ പാപ്പാ വിശ്വാസം ജീവസുറ്റതായിരിക്കേണ്ടതിന് പ്രാർത്ഥന അനിവാര്യമാണെന്ന ആശയം പങ്കുവച്ചു.

പാപ്പായുടെ പ്രഭാഷണം:

പ്രാർത്ഥിക്കാൻ പഠിക്കുന്ന ബാല്യകാലം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥനയുടെ ഒരു മഹാ വിദ്യാലയമാണ് സഭ. മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ മടിയിലിരുന്നാണ് നമ്മളിൽ പലരും ആദ്യ പ്രാർത്ഥനകൾ ഉരുവിടാൻ പഠിച്ചത്. ഉറങ്ങുന്നതിനുമുമ്പ് പ്രാർത്ഥന ചൊല്ലാൻ അമ്മയും അപ്പനും നമ്മെ പഠിപ്പിച്ചതിൻറെ ഓർമ്മകൾ നാം കാത്തുസൂക്ഷിക്കുന്നുണ്ടാകാം. ആ ധ്യാനാത്മക നിമിഷങ്ങൾ മിക്കപ്പോഴും മാതാപിതാക്കൾ കുട്ടികളുടെ  ഉള്ളം അറിയുകയും സുവിശേഷ പ്രചോദിതമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന വേളയാണ്. പിന്നീട്, അവരുടെ വളർച്ചയുടെ പാതയിൽ അവർ മറ്റ് സാക്ഷികളും പ്രാർത്ഥനയുടെ അദ്ധ്യാപകരുമായി മറ്റ് കൂടിക്കാഴ്ചകൾ നടത്തുന്നു (cf. കത്തോലിക്കാസഭയുടെ മതബോധനം, 2686-2687). ഇത് ഓർമ്മിക്കുന്നത് നല്ലതാണ്.

പ്രാർത്ഥനയും  പ്രതിബന്ധങ്ങളും ജീവിതത്തിൽ- 

ഒരോ ഇടവകയുടെയും ഓരോ ക്രൈസ്തവ സമൂഹത്തിൻറെയും ജീവിതം ആരാധനാക്രമനിമിഷങ്ങളാലും സമൂഹപ്രാർത്ഥനാവേളകളാലും മുദ്രിതമാണ്. കുട്ടിക്കാലത്ത് ലാളിത്യത്തോടെ നാം സ്വീകരിച്ച ആ സമ്മാനം, മഹത്തായതും അതിസമ്പന്നവുമായ ഒരു പൈതൃകമാണെന്നും പ്രാർത്ഥനാനുനുഭവം ഉപരിയുപരി ആഴപ്പെടുത്തേണ്ടതാണെന്നുമുള്ള അവബോധം നമുക്കുണ്ടാകുന്നു. (cf. കത്തോലിക്കാസഭയുടെ മതബോധനം 2688). വിശ്വാസ കഞ്ചുകം പശമുക്കിയതല്ല, കാഠിന്യമുള്ളതല്ല, വളരുന്നതാണ്, പ്രതിസന്ധിയുടെയും പുനരുത്ഥാനത്തിൻറെയും നിമിഷങ്ങളിലൂടെ പോലും നമ്മോടൊപ്പം വികാസം പ്രാപിക്കുന്നതാണ്. മാത്രമല്ല, പ്രതിസന്ധികളില്ലെങ്കിൽ വളരാൻ  പറ്റില്ല, പ്രതിബന്ധങ്ങൾ വളർച്ചയ്ക്ക് അനിവാര്യങ്ങളാണ്. പ്രാർത്ഥനയാണ് വിശ്വാസത്തിൻറെ ശ്വാസം: പ്രാർത്ഥിക്കാൻ പഠിക്കുന്നതിനാനുപാതികമായി നാം വിശ്വാസത്തിൽ വളരുന്നു. ജീവിതത്തിലെ ചില ഘർട്ടങ്ങൾക്കുശേഷം നാം മനസ്സിലാക്കുന്നു, വിശ്വാസം കൂടാതെ നമുക്ക് അത് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും പ്രാർത്ഥനയായിരുന്നു നമ്മുടെ ശക്തിയെന്നും. വൈക്തിക പ്രാർത്ഥന മാത്രമല്ല, നമ്മുടെ സഹോദരീസഹോദരന്മാരുടേയും നമ്മോടൊപ്പം നില്ക്കുകയും നമ്മെ തുണയ്ക്കുകയും ചെയ്ത സമൂഹത്തിൻറെയും പ്രാർത്ഥന.

പ്രാർത്ഥനാസമൂഹങ്ങൾ സഭയിൽ

ഇക്കാരണംകൊണ്ടുകൂടിയാണ്, പ്രാർത്ഥനാസമൂഹങ്ങളും സംഘങ്ങളും സഭയിൽ നിരന്തരം തഴച്ചു വളരുന്നത്. പ്രാർത്ഥനയെ തങ്ങളുടെ മുഖ്യ അനുദിന കർമ്മമാക്കി മാറ്റാൻ പോലും വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന ബോധ്യം ചല  ക്രൈസതവർക്കനുഭവപ്പെടുന്നു. സഭയിൽ ആശ്രമങ്ങളും, സന്ന്യാസിമഠങ്ങളും താപസഗേഹങ്ങളും ഉണ്ട്. അവിടെ വ്യക്തികൾ ദൈവത്തിനു സമർപ്പിതരായി ജീവിക്കുന്നു. അവ പലപ്പോഴും ആത്മീയ വെളിച്ചം പ്രസരിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു. തീക്ഷണമായ പ്രാർത്ഥന പങ്കുവയ്ക്കുകയും ദിനംപ്രതി സാഹോദര്യ കൂട്ടായ്മ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ചെറു ശാദ്വലഭൂമികളായി പരിണമിക്കുന്നു. അവ സുപ്രധാന കോശങ്ങളാണ്, സഭാഘടനയ്ക്കു മാത്രമല്ല, സമൂഹത്തിന് തന്നെ. യൂറോപ്യൻ നാഗരികതയുടെ ജനനത്തിലും വളർച്ചയിലും മറ്റ് സംസ്കാരങ്ങളിലും സന്ന്യാസം വഹിച്ച പങ്കിനെക്കുറിച്ച് നമ്മൾ ചിന്തിച്ചുപോകുന്നു . സമൂഹത്തിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ലോകത്തെ മുന്നോട്ട് നയിക്കുന്നു.

സഭയുടെ ജീവചൈതന്യം പ്രാർത്ഥന

സഭയിൽ സകലവും ജന്മംകൊള്ളുന്നത് പ്രാർത്ഥനയിലാണ്, എല്ലാം വളരുന്നതും പ്രാർത്ഥനയാലാണ്. ശത്രു, ദുഷ്ടനായവൻ, സഭയോട് യുദ്ധം ചെയ്യാൻ തുനിയുമ്പോൾ, ആദ്യം ചെയ്യുന്നത് പ്രാർത്ഥനയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് സഭയുടെ ഉറവകൾ വറ്റിച്ചു കളയാൻ ശ്രമിക്കുകയാണ്. പ്രാർത്ഥന ഇല്ലെങ്കിലും, എല്ലാം എന്നത്തേയും പോലെ മുന്നോട്ടു പോകുന്നുവെന്ന തോന്നൽ കുറച്ചുകാലത്തേക്കുണ്ടാകും; എന്നാൽ അല്പം കഴിയുമ്പോൾ പൊള്ളയായൊരു തോടാണെന്നും അച്ചുതണ്ട് നഷ്ടപ്പെട്ടുവെന്നും ഊഷ്മളതയുടെയും സ്നേഹത്തിൻറെയും സ്രോതസ്സ് ഇനി കൈവശമില്ലെന്നും സഭ സ്വയം മനസ്സിലാക്കുന്നു.

വിശുദ്ധർ

മറ്റുള്ളവരെക്കാൾ എളുപ്പമായ ഒരു ജീവിതം വിശുദ്ധരായ സ്ത്രീപുരുഷന്മാർക്ക് ഇല്ല, മറിച്ച്, അവർക്കും അഭിമുഖീകരിക്കേണ്ടതായ അവരുടെതായ പ്രശ്‌നങ്ങളുണ്ട്, മാത്രമല്ല, അവർ പലപ്പോഴും എതിർക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ അവരുടെ ശക്തി പ്രാർത്ഥനയാണ്. അത് അവർ എല്ലായ്പ്പോഴും അമ്മയായ സഭയുടെ വറ്റാത്ത "കിണറ്റിൽ" നിന്ന് ആർജ്ജിക്കുന്നു. വിളക്കുകൾ എണ്ണകൊണ്ടെന്നപോലെ അവർ, പ്രാർത്ഥനയാൽ തങ്ങളുടെ വിശ്വാസനാളത്തെ ജ്വലിപ്പിച്ചു നിറുത്തുന്നു. അങ്ങനെ അവർ വിശ്വാസത്തിലും പ്രത്യാശയിലും നടന്ന് മുന്നേറുന്നു. ലോകത്തിൻറെ ദൃഷ്ടിയിൽ പലപ്പോഴും നിസ്സാരരെന്നു കണക്കാക്കാപ്പെടുന്ന വിശുദ്ധന്മാരാണ്, വാസ്തവത്തിൽ ലോകത്തെ താങ്ങിനിറുത്തുന്നത്. അത് പണത്തിൻറെയും അധികാരത്തിൻറെയും ആയുധങ്ങളാലല്ല, പ്രത്യുത, പ്രാർത്ഥനായുധം കൊണ്ടാണ്. 

പ്രാർത്ഥനയാകുന്ന എണ്ണ  അനിവാര്യമായ വിശ്വാസ ദീപം

ലൂക്കായുടെ സുവിശേഷത്തിൽ, യേശു ഉന്നയിക്കുന്ന നാടകീയമായ ഒരു ചോദ്യം എപ്പോഴും നമുക്ക് ചിന്തോദ്ദീപകമാണ്: "മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ:18:8). തളരാതെ, സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത എടുത്തു കാണിക്കുന്ന ഒരു ഉപമയുടെ അവസാനത്തിലാണ് ഈ ചോദ്യം ഉയരുന്നത് (cf. ലൂക്കാ: 18,1-8). അതിനാൽ, പ്രാർത്ഥനയാകുന്ന എണ്ണ ഉള്ളിടത്തോളം കാലം യഥാർത്ഥ വിശ്വാസത്തിൻറെ വിളക്ക് ഭൂമിയിൽ കത്തിനില്ക്കുമെന്ന് നമുക്ക് അനുമാനിക്കാനാകും. വിശ്വാസത്തെയും നമ്മുടെ ബലഹീനവും പാപമേശിയതുമായ ജീവിതത്തെയും മുന്നോട്ടുകൊണ്ടു പോകുന്നത് പ്രാർത്ഥനയാണ്.

പ്രാർത്ഥിക്കുക സഭയുടെ ദൗത്യം

ഇത് സഭയുടെ കാതലായ ഒരു കടമയാണ്: പ്രാർത്ഥിക്കുക, പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. വിശ്വാസദീപവും പ്രാർത്ഥനയുടെ എണ്ണയും തലമുറതലമുറയായി കൈമാറുക. ഈ വിളക്കിൻറെ വെളിച്ചമില്ലാതെ, സുവിശേഷവത്ക്കരണ സരണി കാണാൻ നമുക്കാകില്ല; നാം സമീപിക്കുകയും സേവിക്കുകയും ചെയ്യേണ്ട സഹോദരങ്ങളുടെ മുഖം കാണാൻ നമുക്കു സാധിക്കില്ല; നാം സമ്മേളിക്കുന്ന മുറിയിൽ പ്രകാശം പരത്താൻ നമുക്കാകില്ല. വിശ്വാസത്തിൻറെ അഭാവത്തിൽ എല്ലാം തകർ‌ന്നു വീഴുന്നു; പ്രാർത്ഥനയില്ലെങ്കിൽ വിശ്വാസം അണഞ്ഞുപോകുന്നു. വിശ്വാസവും പ്രാർത്ഥനയും ഒരുമിച്ച്. മറ്റൊരു മാർഗ്ഗമില്ല. ആകയാൽ, കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും ആയ സഭ വിശ്വാസത്തിൻറെയും പ്രാർത്ഥനയുടെയും ഭവനവും വിദ്യാലയവുമാണ്.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഉയിർപ്പുതിരുന്നാളിൻറെ ആനന്ദം അലതല്ലുന്ന ഒരു  അന്തരീക്ഷത്തിൽ, സുവിശേഷത്തിനും  സഹോദരങ്ങൾക്കും സേവനം ചെയ്യുന്നതിന് സാധിക്കട്ടെയെന്ന് പാപ്പാ ഇറ്റലിക്കാരെ സംബോധന ചെയ്യവെ ആശംസിച്ചു.

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പാപ്പാ, പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും അഭിവാദ്യം ചെയ്തു. 

പാറമേൽ, അതായത്, നമ്മുടെ ഏകവും അചഞ്ചലവുമായ പ്രത്യാശയായ ക്രിസ്തുവിൽ, പണിതിരിക്കുന്ന ഉദാരമായ ഒരു ജീവിതം നയിക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

തദ്ദനന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

14 April 2021, 11:35

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >