ലോക ബാങ്കിന്‍റേയും അന്താരാഷ്ട്ര നാണ്യനിധിയുടെയും  വാഷിങ്ടൺ വേദി... ലോക ബാങ്കിന്‍റേയും അന്താരാഷ്ട്ര നാണ്യനിധിയുടെയും വാഷിങ്ടൺ വേദി... 

യുഎൻ സാമ്പത്തിക പ്രസ്ഥാനങ്ങളോട് പാപ്പായുടെ അഭ്യർത്ഥന

ലോക ബാങ്കിന്‍റേയും (WBG) അന്താരാഷ്ട്ര നാണ്യനിധിയുടെയും (IMF) വസന്തകാല സംഗമത്തെ അഭിസംബോധനചെയ്തുകൊണ്ട് പാപ്പാ ഫ്രാൻസിസ് അയച്ച കത്തിൽനിന്ന്...

- ഫാദർ വില്യം  നെല്ലിക്കൽ 

1. നീതിക്കായൊരു അഭ്യർത്ഥന
ഏപ്രിൽ 5-മുതൽ 11-വരെ തിയതികളിൽ വാഷിങ്ടണിൽ സമ്മേളിച്ചിരിക്കുന്ന വാർഷിക വസന്തകാല സംഗമത്തെയാണ് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തലവൻ, കർദ്ദിനാൾ പീറ്റർ ടേർക്സൺ വഴി നല്കിയ കത്തിലൂടെ അഭിസംബോധനചെയ്തത്. മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ എല്ലാവരെയും ആശ്ലേഷിക്കുന്ന നവമായ ലോകസാമ്പത്തിക സംവിധാനങ്ങൾക്ക് രൂപംനല്കണമെന്നാണ് പാപ്പാ ഫ്രാൻസിസ് സമ്മേളനത്തോട് അടിസ്ഥാനപരമായി അഭ്യർത്ഥിച്ചത്.

2. വീണ്ടെടുപ്പിനു തയ്യാറാവണമെന്ന്...
മഹാവ്യാധിയുടെ പിടിയിൽ ലോകം നവമായ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിക, രാഷ്ട്രീയ പ്രതിസന്ധികൾ  നേരിടുന്ന കാലമാണിതെന്നും, അതിനാൽ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ ഉൾക്കൊള്ളുന്ന വീണ്ടെടുപ്പിന്‍റെ മാതൃകയുള്ള (recovery) വ്യക്തികളുടെയും സമൂഹങ്ങളുടെയും അടിസ്ഥാനപരവും അടിയന്തിരവുമായ ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതും പൊതുനന്മ ലക്ഷ്യംവയ്ക്കുന്നതുമായ സാമ്പത്തിക നയങ്ങൾക്ക് രൂപംനല്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു.

3. എല്ലാവരും മാനവ കുടുംബത്തിലെ അംഗങ്ങൾ
മാനവികതയുടെ ഗാഢമായ ബോധ്യമാണ് എല്ലാ സ്ത്രീ-പുരുഷന്മാർ തുല്യരായി സൃഷ്ടിക്കപ്പെട്ടവരും, സകലരും മാനവ കുടുംബത്തിലെ അംഗങ്ങളുമാണ്. സമൂഹത്തിന്‍റെ അതിരുകളിൽ ആരുടെയും കുറ്റംകൊണ്ടുമല്ലാതെ ജീവിക്കേണ്ടി വരുന്ന പാവങ്ങളും നമ്മുടെ സഹോദരങ്ങളാണെന്ന് പാപ്പാ വിശദീകരിച്ചു. അതിനാൽ ഒറ്റയ്ക്കു രക്ഷപ്പെടാം, അല്ലെങ്കിൽ കുറച്ചു പേർക്കു രക്ഷപ്പെടാം എന്നു ചിന്തിക്കുന്നതിനെക്കാൾ എല്ലാവരും രക്ഷപ്പെടണം എന്നാണ് ഈ മഹാവ്യാധി നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ കത്തിലൂടെ ഉദ്ബോധിപ്പിച്ചു.

4. എല്ലാവരും സഹോദരങ്ങൾ
ഐക്യദാർഢ്യവും മനുഷ്യത്വവുമുള്ള ലോകമായി നാം ഈ മഹാവ്യാധിയെ മറികടന്ന് പുറത്തുവരണമെങ്കിൽ നവവും ക്രിയാത്മകവുമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒപ്പം നാം പാവങ്ങളുടെ കരച്ചിൽ കേൾക്കുകയും ചെയ്തെങ്കിലേ മാനവകുലത്തിനു നന്മയുള്ള പൊതുവായൊരു ഭാവി യാഥാർത്ഥ്യമാക്കാൻ സാധിക്കൂവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു  (എല്ലാവരും സഹോദരങ്ങൾ, 169).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2021, 14:30