തിരയുക

ഉക്രേനിയൻ സൈനികൻ റഷ്യൻ സൈനിക പിന്തുണയുള്ള വിഘടനവാദികളെ പരിതോദർശിനിയിലൂടെ (PERISCOPE) നിരീക്ഷിക്കുന്നു ഉക്രേനിയൻ സൈനികൻ റഷ്യൻ സൈനിക പിന്തുണയുള്ള വിഘടനവാദികളെ പരിതോദർശിനിയിലൂടെ (PERISCOPE) നിരീക്ഷിക്കുന്നു 

ഉക്രയിനിൻറെ സമാധാനത്തിനായി പാപ്പായുടെ അഭ്യർത്ഥന!

ഉക്രയിനിൽ സംഘർഷാവസ്ഥ വർദ്ധമാനമാകുന്നത് ഒഴിവാക്കുകയും ഏറെ ആവശ്യമായിരിക്കുന്നതും അഭിലഷണീയവുമായ പരസ്പര വിശ്വാസവും അനുരഞ്ജനവും സമധാനവും പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യണമെന്ന് മാർപ്പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കിഴക്കെ ഉക്രയിനിൽ അന്നാടിൻറെ സൈന്യവും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പാ.

ഞായറാഴ്‌ച (18/04/21) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാവേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.

കിഴക്കെ ഉക്രയിനിൽ നിന്ന് ആശങ്കാജനകമായ വാർത്തകളെത്തുന്നതിൽ ഖേദം പ്രകടിപ്പിച്ച പാപ്പാ, വെടിനിറുത്തൽ ലംഘനങ്ങൾ അവിടെ ഇക്കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചിരിക്കയാണെന്നും സൈനിക ഇടപെടലുകൾ കൂടിവരുന്നത് ആശങ്കയോടെയാണ് താൻ കാണുന്നതെന്നും പറഞ്ഞു.

സംഘർഷാവസ്ഥ വർദ്ധമാനമാകുന്നത് ഒഴിവാക്കാനും ഏറെ ആവശ്യമായിരിക്കുന്നതും അഭിലഷണീയവുമായ പരസ്പര വിശ്വാസവും അനുരഞ്ജനവും സമധാനവും പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പാപ്പാ അഭ്യർത്ഥിച്ചു. 

ഗുരുതരമായ മാനവികപ്രതിസന്ധിയിലായിരിക്കുന്ന കിഴക്കെ ഉക്രയിനിലെ ജനതയോടുള്ള തൻറെ സാമീപ്യം പാപ്പാ  വെളിപ്പെടുത്തുകയും ചെയ്തു.

ഉക്രൈൻറെ അതിർത്തി പ്രദേശങ്ങളിൽ റഷ്യയുടെ സൈന്യവിന്യാസം ശക്തിയാർജ്ജിച്ചു വരുകയാണ്. ഒപ്പം ഉക്രയിന് പിന്തുണയായി ബ്രിട്ടൻറെ യുദ്ധക്കപ്പലുകൾ ശ്യാമസമുദ്രത്തിലേക്ക് പുറപ്പെടാൻ സജ്ജമായിരിക്കയാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2021, 14:39