കൂട്ടായ്മയുടെ ബലിയർപ്പണം കൂട്ടായ്മയുടെ ബലിയർപ്പണം 

പ്രേഷിതരോടു ചേർന്നിരിക്കുന്ന പീഡനങ്ങളും കുരിശുകളും

പെസഹാവ്യാഴം പൗരോഹിത്യക്കൂട്ടായ്മയുടെ ദിവ്യബലിയിൽ നല്കിയ വചനചിന്തയുടെ സംക്ഷിപ്തരൂപം...

- ഫാദർ വില്യം  നെല്ലിക്കൽ 

ഏപ്രിൽ 1 പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പൗരോഹിത്യക്കൂട്ടായ്മയുടെയും തൈലാശീർവ്വാദത്തിന്‍റെയും ദിവ്യപൂജയ്ക്ക് കാർമ്മികത്വംവഹിച്ചുകൊണ്ടു നല്കിയ വചനപ്രഭാഷണത്തിലാണ് സഭയിലെ വൈദികരെ പ്രത്യേകമായി അഭിസംബോധനചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. വചനത്തിന് എതിരായ പ്രതികരണങ്ങൾ
യഥാർത്ഥത്തിൽ വചനം ശ്രവിക്കുന്നവർ ഹൃദയപരിവർത്തനത്തിന് വിധേയരാകും. എന്നാൽ നസ്രത്തിലെ സിനഗോഗിൽ ക്രിസ്തു മൊഴിഞ്ഞ വചനം അവരുടെ മനസ്സുകളിൽ പതിഞ്ഞില്ലെന്ന കാര്യം പാപ്പാ വിശദീകരിച്ചു. “ഇയാൾ നസ്രത്തിലെ തച്ചൻ ജോസഫിന്‍റെ മകനല്ലേ,” എന്ന ആരുടേയോ പിറുപിറുക്കൽ ക്ഷണനേരംകൊണ്ട് “വൈറലാ”യത് പാപ്പാ ചൂണ്ടിക്കാട്ടി. അശ്രദ്ധമായി പുലമ്പുന്ന വാക്കുകൾ സ്ഥിരപ്രതിഷ്ഠനേടുന്നു. പെന്തതക്കൂസ്താനാളിൽ ശിഷ്യന്മാർ പരിശുദ്ധാത്മ സാന്നിദ്ധ്യത്താൽ ലഭിച്ച ഭാഷാവരത്താൽ നിറഞ്ഞ് വചനപ്രഘോഷകരായി. എന്നാൽ ജനം അവിടെയും പിറുപിറുത്തു. “ഇവരെല്ലാം ഗലീലിയാക്കാരല്ലേ…” (നടപടി 2, 7). ചിലർ വിചാരിച്ചത് അവർ മദ്യപിച്ചിരിക്കുകയാണെന്നായിരുന്നു അവരുടെ പ്രതികരണം. നസ്രത്തിൽ യേശുവിന് എതിരെ മൊഴിഞ്ഞ വാക്കുകളിൽ അതിക്രമത്തിന്‍റെ വിത്താണ് ഒളിഞ്ഞിരുന്നത്. വാക്കുകളിൽ പതിയിരിക്കുന്ന ദുരുദ്ദേശം വ്യക്തമാണ്, “വൈദ്യാ, നീ സ്വയം സൗഖ്യപ്പെടുത്തുക. അവൻ സ്വയം രക്ഷിക്കട്ടെ. മറ്റുള്ളവരെ രക്ഷിച്ചവൻ, ഇനി സ്വയം രക്ഷിക്കട്ടെ...” (ലൂക്ക 23, 35). എപ്രകാരം അപസക്തമായ വചനങ്ങൾ പ്രസക്തമായും നിഷേധാത്മകമായും മാറുന്നുവെന്ന് പാപ്പാ സുവിശേഷ സംഭവങ്ങളിൽനിന്ന് ഉദാഹരിച്ചു.

2. വചനം ഉണർത്തുന്ന അസ്വസ്ഥതകൾ
യേശു അശുദ്ധാത്മാക്കളോട് സംവദിക്കുന്നില്ല, എന്നാൽ വചനത്തിന്‍റെ ശക്തിയാൽ അവയെ അകറ്റിനിർത്തുന്നു. പ്രവാചകന്മാരായിരുന്ന എലീജായും എലീഷായും ഇസ്രായേലിൽ സ്വീകൃതരായിരുന്നില്ല. എന്നിട്ടും വിജാതീയരായ ഫനീഷ്യക്കാരി വിധവയും സിറിയക്കാരനായ നാമാനും അവരുടെ പക്കൽ സൗഖ്യംതേടി വന്നില്ലേ. അതുപോലെ യേശുവും ശിമയോന്‍റെ വാക്കുകളിൽ വൈരുദ്ധ്യങ്ങളുടെ അടയാളമായിരുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (ലൂക്ക 2, 34).
വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ യേശുവിന്‍റെ വാക്കുകൾ പ്രകാശമാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാൽ അത് പലപ്പോഴും ആന്തരികവും ആത്മീയവുമായ സംഘർഷങ്ങൾക്കു വഴിതെളിക്കുന്നു. യേശുവിന്‍റെ കാരുണ്യത്തിന്‍റെ ധാരാളിത്തമുള്ള വചനത്തോടൊപ്പം, അഷ്ടഭാഗ്യങ്ങളും, പിന്നെ വിനാശത്തിന്‍റേയും ദുരിതത്തിന്‍റേയും ശാപവർഷവും അസ്വസ്ഥത ഉണർത്തുന്നവയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

3. കുരിശിനെ ആശ്ലേഷിക്കേണ്ട വചനപ്രഘോഷണം
ജനം അവിടുത്തെ കൊല്ലുവാൻ മുതിർന്നിട്ടുണ്ടെങ്കിലും, അത് ആ വിനാഴികയായിരുന്നില്ലെന്നു പറഞ്ഞ പാപ്പാ, ഇങ്ങനെ തുടർന്നു.... ആനന്ദപൂർണ്ണമായ വചനപ്രഘോഷണത്തിന്‍റെ വിനാഴിക, പീഡനത്തിന്‍റെ വിനാഴിക, കുരിശിന്‍റെ വിനാഴിക ഇവയെല്ലാം പ്രേഷിതന്‍റെ ജീവിതത്തിൽ ഒത്തുചേരുന്ന യാഥാർത്ഥ്യങ്ങളാണെന്നും, അവരുടെ ജീവിതത്തിന്‍റെ ഭാഗധേയങ്ങളാണിവയെന്നും പ്രസ്താവിച്ചു. സുവിശേഷ പ്രഘോഷണം എപ്പോഴും പ്രത്യേക കുരിശുകളെ ആശ്ലേഷിക്കുന്നു. തുറവുള്ള ഹൃദയങ്ങളെ വചനം പ്രകാശിപ്പിക്കുന്നു. എന്നാൽ തുറവില്ലാത്തവർ അത് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു.

4. വചനത്തോടു കാട്ടുന്ന
നിഷേധാത്മകമായ പ്രതികരണങ്ങൾ

നല്ല വിത്തുകൾ നൂറും അറുപതും മേനി വിള നല്കുന്നു. എന്നാലും അസൂയാലുവായ ശത്രു വന്ന് രാത്രിയിൽ നല്ല വയലിൽ കള വിതറുന്നു (മത്തായി 13, 24-30, 36-43). സ്നേഹസമ്പന്നനായ പിതാവ് ധൂർത്തനായ പുത്രൻ മടങ്ങിയെത്തിയപ്പോൾ അവനെ ആശ്ലേഷിച്ചു സ്വീകരിച്ചു. എന്നാൽ മൂത്തവൻ ഇ‌ടറിനില്ക്കുന്നു (ലൂക്ക 15, 11-32). മുന്തിരത്തോട്ടത്തിന്‍റെ ഉടമസ്ഥൻ എല്ലാഭൃത്യന്മാരോടും ഔദാര്യപൂർവ്വം പെരുമാറി. എല്ലാവർക്കും കടങ്ങൾ ഇളവുചെയ്തു കൊടുത്തു എന്നിട്ടും യജമാനൻ മറ്റുള്ളവരോടു കാണിച്ച ഔദാര്യത്തെ വേലക്കാരിൽ ഒരുവൻ ചോദ്യംചെയ്യുന്നു. സ്വപുത്രനെ തന്‍റെ തോട്ടത്തിലേയ്ക്കു പറഞ്ഞയച്ച പിതാവിന്‍റെ മഹാമനസ്കതയെ ഭൃത്യന്മാർ അവഗണിച്ച് അവകാശിയെ വകവരുത്തുന്നു (മത്തായി, 21, 33-46). വചനപ്രഘോഷണത്തിൽ രഹസ്യാത്മകമായിരിക്കുന്ന കുരിശിനെയും പീഡനങ്ങളെയും വെളിപ്പെടുത്തുന്ന വചനഭാഗങ്ങളാണ് മേൽപ്പറഞ്ഞവയെന്നു പാപ്പാ വ്യക്തമാക്കി. ഇത്രയേറെ നിന്ദത സുവിശേഷപ്രചാരകർക്കും മിഷണറിമാർക്കും ചിലപ്പോൾ നേരിടേണ്ടി വന്നേക്കാമെന്ന് പാപ്പാ ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കുകയായിരുന്നു.

5. മാനുഷികതയിൽ
ഒളിഞ്ഞിരിക്കുന്ന ജീവിതക്കുരിശുകൾ

ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുന്നേ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നുവെന്നു പാപ്പാ പരാമർശിച്ചു. അതുപോലെ നമ്മുടെയും മാനുഷികതയുടെ പരിമിതികളിലും ലോലതയിലും കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. കുരിശിന്‍റെ ബലഹീനാവസ്ഥയിലാണ്, സ്വയം രക്ഷിക്കുക... എന്നുള്ള പീഡനത്തിന്‍റെ ധ്വംസനം പിന്നെയും ഉയരുന്നത്. എന്നാൽ തിന്മയുടെ വിഷധ്വംസനത്തിലും പുത്രന്‍റെ അപാരമായ വിനയവും പിതൃഹിതത്തോടുള്ള വിധേയത്വവുമാണ് വിജയം വരിച്ചതെന്ന് പാപ്പാ പെസഹാരഹസ്യങ്ങളുടെ വെളിച്ചത്തിൽ സമർത്ഥിച്ചു.

കുരിശിൽ രക്ഷയുണ്ടെന്ന് ക്രിസ്തുവാണ് പഠിപ്പിച്ചത്. അതിനാൽ കുരിശ് രക്ഷയുടെ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അത് തിന്മയെ കീഴടക്കി വിജയംവരിച്ചു. അതിനാൽ നമുക്കും ക്രിസ്തുവിന്‍റെ മാതൃക അനുകരിക്കാം. ജീവിതവഴികളിലെ കുരിശിനെ പ്രലോഭിപ്പിക്കുന്ന വിഷധ്വംസനം ഉയരുമ്പോഴും അവയെ വിവേചിച്ചു തള്ളിക്കളയുവാനുള്ള വിവേകത്തിനായി പ്രാർത്ഥിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പാവങ്ങൾക്കായുള്ള തന്‍റെ സന്തോഷപൂർണ്ണമായ സദ്വാർത്ത ചിലയിടങ്ങളിൽ തടസ്സപ്പെട്ടപ്പോഴൊന്നും യേശു നിരാശനായില്ല, അവിടുന്നു പിന്നെയും നന്മചെയ്തുകൊണ്ടുപരസ്യജീവിതം തുടർന്നു.

6. കുരിശിന്‍റെ ശക്തിയാണ്... പ്രേഷിതന്‍റെ വാചാലതയല്ല
തുടർന്ന് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു, സുവിശേഷം ഫലവത്താകുന്നത് പ്രേഷിതന്‍റെ വാചാലതകൊണ്ടല്ല, ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശക്തിയാലാണ് (1കൊറി. 1, 17). പ്രേഷിത ജീവിതത്തിൽ വരുന്ന യാതനകൾ ക്രിസ്തുവിന്‍റെ കുരിശിൽനിന്നും വരുന്നവയാണ്. അതിനാൽ കൃപയ്ക്കും കാരുണ്യത്തിനുമായി അവിടുത്തോടു യാചിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ദൈവം നമുക്കു തരുന്ന കൃപകൾ അവിടുത്തെ ഹിതത്തിനു ചേർന്ന വിധമായിരിക്കുമെന്ന് മനസ്സിലാക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ക്ലേശങ്ങൾ വർദ്ധിക്കുമ്പോഴും ദൈവഹിതം അതിനാൽ ജീവിതത്തിൽ ആത്മനാ ഉൾക്കൊള്ളണമെന്നും അംഗീകരിക്കണമെന്നും  ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചന ചിന്തകൾ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2021, 13:41