തിരയുക

പെസഹാരാത്രി ദീപാർച്ചന... പെസഹാരാത്രി ദീപാർച്ചന... 

“നമുക്കും ഗലീലിയയിലേയ്ക്കു പോകാം...”

പെസഹാരാത്രി ജാഗരാനുഷ്ഠാന ദിവ്യപൂജയിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച അത്യപൂർവ്വമായ സുവിശേഷ ധ്യാനത്തിലെ ചിന്താമലരുകൾ - ശബ്ദരേഖയോടെ...

ഒരുക്കിയത്  :
ജോളി അഗസ്റ്റിനും ഫാദർ വില്യം നെല്ലിക്കലും

പാപ്പായുടെ അപൂർവ്വ ചിന്തകൾ


1. ആമുഖം
ശിഷ്യന്മാർക്കു മുന്നേ ജരൂസലേമിൽനിന്നും ഗലീലിയയിലേയ്ക്കു പോയ ഉത്ഥിതനായ ഈശോയെക്കുറിച്ചു പ്രതിപാദിക്കുന്ന വിശുദ്ധ മർക്കോസിന്‍റെ സുവിശേഷഭാഗത്തെ അധികരിച്ചാണ് പാപ്പാ വചനചിന്തകൾ പങ്കുവച്ചത്. ആ സുവിശേഷം ഭാഗം ശ്രവിച്ചുകൊണ്ട് നമുക്കു പാപ്പായുടെ ചിന്തകൾ സ്വാംശീകരിക്കാം. സുവിശേഷ പാരായണം നടത്തിയത് വിൻസെൻഷ്യൻ സഭാംഗമായ ഫാദർ മൈക്കിൾ പനച്ചിക്കലാണ്.

മർക്കോസ് 16, 1-8.

2. മൂന്നു പ്രധാനപ്പെട്ട ചിന്തകൾ
പ്രധാനമായും പാപ്പാ ഫ്രാൻസിസിന്‍റെ മൂന്നു വലിയ ചിന്തകളാണ് ഈ ചിന്താമലരുകളിൽ ഉൾച്ചേർത്തിരിക്കുന്നത്.
a) ആദ്യമായി, എല്ലാം എപ്പോഴും നവമായി തുടങ്ങുവാനുള്ള സാദ്ധ്യതയുണ്ട് എന്ന ചിന്തയാണ്.
b) രണ്ട്, ക്രിസ്തു ഇന്നും ജീവിക്കുന്നു. അവിടുന്ന് കാലഹരണപ്പെട്ട വ്യക്തിയല്ല. അവിടുത്തെ വചനങ്ങളും ജീവിക്കുന്നു.
c) മൂന്നാമതായി, ദൈവം നമ്മെ പരിധികളില്ലാതെ സ്നേഹിക്കുന്നുവെന്നാണ് ഉത്ഥിതൻ തെളിയിക്കുന്നത്.

3. “നിങ്ങൾക്കു മുന്നേ അവിടുന്നു
ഗലീലിയയിലേയ്ക്കു പോയിരിക്കുന്നു”.

തൈലം പൂശുവാന്‍ അവിടെ ശരീരം ഉണ്ടായിരിക്കുമെന്നു കരുതിയാണ് ആ സ്ത്രീകള്‍ യേശുവിന്‍റെ കല്ലറയിങ്കൽ എത്തിയത്; എന്നാൽ പകരം അവര്‍ കണ്ടത് ശൂന്യമായ കല്ലറയാണ്. മൃതനുവേണ്ടി വിലപിക്കാനാണവര്‍ പോയത്; പകരം ജീവന്‍റെ അറിയിപ്പാണ് അവര്‍ കേട്ടത്. ഇക്കാരണത്താല്‍ സുവിശേഷം നമ്മോട് പറയുന്നത് ''അത്ഭുതാതിരേകത്താല്‍ ആ സ്ത്രീകള്‍ വിറപൂണ്ടു'' എന്നാണ് (മാര്‍ക്കോസ് 16:8). അത്ഭുതാതിരേകം എന്നാല്‍ ആഹ്ലാദവും ഭീതിയും സമ്മിശ്രമായ ഹൃദയത്തെ മദിക്കുന്ന വിസ്മയം തന്നെ. കല്ലറയുടെ കവാടത്തിലെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായും അകത്ത് വെള്ള വസ്ത്രമണിഞ്ഞ ഒരു യുവാവിനെയുമാണ് അവര്‍ കണ്ടത്. അയാളുടെ വാക്കുകള്‍ കേട്ട് അവര്‍ അത്ഭുതം കൂറി: ''ഭയപ്പെടേണ്ട! ക്രൂശിതനായ നസ്രത്തുകാരന്‍ യേശുവിനെയല്ലേ നിങ്ങള്‍ അന്വേഷിക്കുന്നത്. അവിടുന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു.'' ഒപ്പം ഒരു സന്ദേശവുമുണ്ടായി:
''നിങ്ങള്‍ക്കു മുമ്പേ അവന്‍ ഗലീലിയിലേക്കു പോയിരിക്കുന്നു.  അവിടെ നിങ്ങള്‍ക്കവനെ കാണാം''(16). ഈസ്റ്ററിന്‍റെ ഈ സന്ദേശം നമുക്കും സ്വീകരിക്കാവുന്നതല്ലേ? ഉത്ഥാനം ചെയ്ത യേശു നമുക്കു മുൻപേ പോയിരിക്കുന്ന ഗലീലിയിലേക്ക് നമുക്കും പോകാം. എങ്കിലും ''ഗലീലിയിലേക്ക് പോകുക'' എന്നതിന്‍റെ അര്‍ത്ഥമെന്താണ്?

4. ഉറവിടങ്ങളിലേയ്ക്കു പോവുക
ഗലീലിയിലേക്ക് പോകുക എന്നതിന്‍റെ അര്‍ത്ഥം ആദ്യമായി, പുതുതായി വീണ്ടും തുടങ്ങുക എന്നാണ്. യേശു അവരെ കണ്ടെത്തുകയും അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത അതേ സ്ഥലത്തേക്കുള്ള മടങ്ങിപ്പോക്കാണ് ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം ഗലീലിയിലേക്ക് പോകുക എന്നത് അര്‍ത്ഥമാക്കുന്നത്. അവരുടെ ആദ്യ സ്‌നേഹത്തിന്‍റെയും ആദ്യ കണ്ടുമുട്ടലിന്‍റെയും അതേ സ്ഥലം. ആ നിമിഷം മുതല്‍ അവര്‍ തങ്ങളുടെ വലയും വഞ്ചിയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു. അവിടുത്തെ പ്രബോധനങ്ങള്‍ ശ്രവിക്കുകയും അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ക്ക് ദൃക്‌സാക്ഷികളാവുകയും ചെയ്തു.

എല്ലായ്‌പ്പോഴും അവിടുത്തോടുകൂടെ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തുടര്‍ച്ചയായി അവിടുത്തെ വാക്കുകള്‍ അവര്‍ തെറ്റിദ്ധരിക്കുകയും അവസാനം കുരിശിന്‍റെ മുന്നില്‍വെച്ച് അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ചെയ്തു. എങ്കില്‍പോലും ഉത്ഥാനംചെയ്ത ദൈവം ഒരിക്കല്‍കൂടി പ്രത്യക്ഷനാവുകയും അവര്‍ക്കു മുമ്പേ ഗലീലിയിലേക്ക് പോവുകയും ചെയ്തു. അവരുടെ മുന്‍ഗാമിയായിരുന്നു അവിടുന്ന്. അവരുടെ മുന്നില്‍ നിന്നുകൊണ്ട് നിരന്തരം തന്നെ അനുഗമിക്കാന്‍ അവിടുന്ന് അവരോട് ആവശ്യപ്പെട്ടു. അവിടുന്ന് അവരോടു പറഞ്ഞു: ''നാം തുടങ്ങിയ ഇടത്തുനിന്നുതന്നെ നമുക്ക് വീണ്ടും തുടങ്ങാം. നമുക്കെല്ലാം പുതുതായി തുടങ്ങാം. എന്തൊക്കെയായാലും നിങ്ങള്‍ വീണ്ടും എന്നോടൊപ്പം ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം.'' ഈ ഗലീലിയില്‍ ദൈവത്തിന്‍റെ അനന്തമായ സ്‌നേഹം കണ്ട് നാം അത്ഭുതപരതന്ത്രരാവുകയാണ്. നമ്മുടെ പരാജയങ്ങളുടെ പാതയില്‍ പുതിയ പന്ഥാവുകള്‍ തുറക്കുന്ന അത്ഭുതമാണത്.

5. എല്ലാം നവമായി തുടങ്ങുവാനുള്ള സാദ്ധ്യത
പാപ്പാ ഫ്രാൻസിസ് നല്കുന്ന ഈസ്റ്റര്‍ സന്ദേശത്തിന്‍റെ ആദ്യഭാഗമാണിത്: പുതുതായി തുടങ്ങാന്‍ എല്ലായ്‌പ്പോഴും സാധ്യതയുണ്ട്. നമ്മുടെ എല്ലാ പരാജയങ്ങള്‍ക്കിടയിലും പുതുജീവിതത്തിലേക്ക് നമ്മെ ഉണര്‍ത്താന്‍ ദൈവത്തിന് കഴിയും എന്നതാണ് കാരണം. നമ്മുടെ ഹൃദയത്തിലെ പാറക്കഷണങ്ങളില്‍നിന്ന് ഒരു ശില്‍പത്തിന് രൂപം നല്‍കാന്‍ ദൈവത്തിനു കഴിയും.  നമ്മുടെ മാനവികതയുടെ ശിഥിലമായ അവശിഷ്ടങ്ങളില്‍നിന്ന് ഒരു പുതിയ ചരിത്രം മെനഞ്ഞെടുക്കാന്‍ ദൈവത്തിനു കഴിയും.  കുരിശിന്‍റെ സഹനത്തിലും നിരാശയിലും മരണത്തിലും നമുക്ക് മുന്നേ നടക്കുന്നത് ഒരിക്കലും അവിടുന്ന് മതിയാക്കുന്നില്ല. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ജീവിതത്തിന്‍റെ മഹത്വവും, മാറുന്ന ചരിത്രവും, പുനര്‍ജീവിക്കുന്ന പ്രത്യാശയും അവിടുന്ന് കാട്ടിത്തരുന്നു. മഹാവ്യാധിയുടെ ഈ ഇരുളടഞ്ഞ മാസങ്ങളില്‍ പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും പുതുതായി ആരംഭിക്കാനും ക്ഷണിക്കുന്ന ഉത്ഥിതനായ യേശുവിനായി നമുക്കു കാതോർക്കാം.

6. ജീവിതത്തിൽ പുതിയ പാത തുറക്കുക
ഗലീലിയിലേക്ക് പോകുക എന്നതിന് പുതിയ പാതയിലൂടെ പുറപ്പെടുക എന്നുകൂടി അര്‍ത്ഥമുണ്ട്. മൃതകുടീരത്തില്‍നിന്ന് ദൂരേക്ക് നടക്കുക എന്നും അതിനര്‍ത്ഥമുണ്ട്. കല്ലറയില്‍ യേശുവിനെ അന്വേഷിച്ചെത്തിയവരായിരുന്നു ആ സ്ത്രീകള്‍. എക്കാലത്തേക്കും വിസ്മൃതമായിപ്പോയ അവിടുത്തോടൊപ്പമുള്ള അനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാനാണ് അവര്‍ എത്തിയത്. അവരുടെ തീരാദുഖത്തില്‍ വിലപിക്കുകയായിരുന്നു അവര്‍. ഒരിക്കല്‍ സുന്ദരമായിരുന്ന ആ ഓര്‍മ്മകളെ താലോലിക്കുന്ന തരം വിശ്വാസമായിരുന്നു അത്. അത്തരം ''ഓര്‍മ്മകളുടെ വിശ്വാസം'' ധാരാളം ആളുകള്‍ അനുഭവിക്കാറുണ്ട്. ഭൂതകാലത്തില്‍ നിന്നുള്ള ഒരാളായി തങ്ങളുടെ യൗവ്വനകാലത്തെ കൂട്ടുകാരനായി, നാളുകള്‍ക്കു മുമ്പേ കഴിഞ്ഞ വിദൂരതയില്‍ മറഞ്ഞ ഒരു സംഭവമായി അവര്‍ യേശുവിനെ ഓര്‍ത്തെടുക്കുകയാണ്.

ശീലങ്ങള്‍ കൊണ്ടുണ്ടായ ഒരു വിശ്വാസം, ഭൂതകാലത്തിലെ സംഭവങ്ങള്‍, ബാല്യകാല സ്മരണകള്‍. പക്ഷെ വിശ്വാസം നമ്മെ ഇനിയൊരിക്കലും വികാരം കൊള്ളിക്കുകയോ വെല്ലുവിളിക്കുകയോ ഇല്ല. പക്ഷെ മറുവശത്ത് ഗലീലിയിലേക്ക് പോകുക എന്നാല്‍ വഴിത്താരയില്‍ തിരികെയെത്തുന്ന സജീവമായ വിശ്വാസം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുക എന്നാണര്‍ത്ഥം. യാത്രയുടെ ആദ്യചുവടുകള്‍ അനുദിനം പുതുക്കേണ്ടിയിരിക്കുന്നു. ആദ്യകണ്ടുമുട്ടലിന്‍റെ വിസ്മയം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. എല്ലാം അറിയാമെന്ന് ഭാവിക്കാതെ, ദൈവത്തിന്‍റെവഴികളില്‍ ആശ്ചര്യപ്പെട്ടുകൊണ്ട് വിനയപൂര്‍വ്വം വിശ്വാസത്തില്‍ തുടരുന്നതാണ് ആ മാര്‍ഗം. നമുക്കും ഗലീലിയിലേക്ക് പോകാം, അപ്പോള്‍ നമ്മുടെ ബാല്യകാല സ്മരണകളില്‍ ദൈവത്തെ ഒതുക്കാനാവുകയില്ലെന്ന് കണ്ടെത്താനാകും. വിസ്മയങ്ങള്‍ നിറഞ്ഞ സജീവമായ ദൈവത്തെ നമുക്ക് കണ്ടുമുട്ടാം. മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്ത യേശു നമ്മെ അത്ഭുതപ്പെടുത്തുന്ന അനുഭവം തുടരുക തന്നെ ചെയ്യും.

7. ഈശോ ഇന്നും ജീവിക്കുന്നു
ഇതാണ് ഈസ്റ്റര്‍ സന്ദേശത്തിന്‍റെ രണ്ടാം ഭാഗം: ഗതകാല സ്മരണകളുടെ ആല്‍ബമല്ല വിശ്വാസം; യേശു കാലഹരണപ്പെട്ടിട്ടുമില്ല. ഇപ്പോള്‍, ഇവിടെ സജീവനാണ് അവിടുന്ന്.  ഓരോ ദിവസവും നിങ്ങളോടൊപ്പം അവിടുന്ന് ചരിക്കുന്നു, നിങ്ങള്‍ അനുഭവിക്കുന്ന ഓരോ സാഹചര്യത്തിലും, നിങ്ങള്‍ കടന്നുപോകുന്ന ഓരോ പരീക്ഷണത്തിലും, നിങ്ങളുടെ അഗാധമായ പ്രത്യാശകളിലും സ്വപ്നങ്ങളിലും അവിടുന്ന് സന്നിഹിതനാണ്. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ പുതിയ കവാടങ്ങള്‍ അവിടുന്ന് തുറന്നുതരും. ഭൂതകാല സ്മരണകളില്‍ നാം ആണ്ടുപോകാതിരിക്കാനും വര്‍ത്തമാന സംഭവങ്ങളെ നിസ്സംഗതയോടെ കാണാതിരിക്കാനും അവിടുന്ന് ആവശ്യപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ടുവെന്ന് നമുക്കു തോന്നുകയാണെങ്കില്‍ പോലും, യേശു കൊണ്ടുവരുന്ന പുതുമയുടെ ആശ്ചര്യങ്ങള്‍ക്കായി നമുക്ക് തുറവുള്ളവരായിരിക്കാം. അവിടുന്ന് നമ്മെ തീര്‍ച്ചയായും വിസ്മയാധീനരാക്കും.

8. അതിരുകളിലേയ്ക്കൊരു യാത്ര
ഗലീലിയിലേക്ക് പോകുക എന്നാല്‍ അതിരുകളിലേക്ക് പോകുക എന്നതു കൂടിയാണ്. ഗലീലി ഒരു പുറമ്പോക്കായിരുന്നു. വൈവിധ്യമാര്‍ന്ന ആ ഊഷര മേഖലയില്‍ ജീവിച്ചിരുന്ന ആളുകള്‍ ജറുസലേമിന്‍റെ അനുഷ്ഠാന ശുദ്ധിയില്‍നിന്ന് ദൂരെയായിരുന്നു. എങ്കിലും അവിടെയായിരുന്നു യേശു തന്റെ ദൗത്യം ആരംഭിച്ചത്. പരിത്യജിക്കപ്പെട്ടവരും പാവങ്ങളായവരും ബലഹീനരായവരുമായി അനുദിന ജീവിതത്തില്‍ കഷ്ടപ്പെടുന്ന അവരുടെ സമീപത്തേക്കാണ് യേശു തന്‍റെ സന്ദേശം എത്തിച്ചത്. ആരെയും ഒഴിവാക്കാത്ത, ആരെയും അവഗണിക്കാത്ത ദൈവത്തിന്‍റെ മുഖവും സാന്നിധ്യവും യേശു അവര്‍ക്ക് ദൃശ്യമാക്കി. ഉത്ഥാനം ചെയ്ത ദൈവം ഇപ്പോള്‍പോലും തന്‍റെ ശിഷ്യന്മാരോട് പറയുന്നത് അവിടേക്ക് പോകാനാണ്. നമ്മുടെ നഗരങ്ങളുടെ അതിരുകളിലേക്കും തെരുവുകളിലേക്കും അനുദിന ജീവിത സാഹചര്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. നമ്മുടെ പ്രത്യാശയും വിഷമതകളും ജോലിയും ബദ്ധപ്പാടുകളും പങ്കിടുന്ന നമ്മുടെ ചുറ്റുമുള്ളവരിലേക്ക് നമുക്ക് മുമ്പേ യേശു ചെന്നെത്തുന്നു. നമ്മുടെ സഹോദരീ സഹോദരന്മാരുടെ മുഖങ്ങളില്‍ ഉത്ഥിതനായ ദൈവത്തെ കണ്ടെത്താനും, അവരുടെ സ്വപ്നങ്ങളുടെ ആവേശത്തിലും, നിരാശരായവരുടെ പരിക്ഷീണതയിലും, സന്തോഷിക്കുന്നവരുടെ പുഞ്ചിരിയിലും, വേദനിക്കുന്നവരുടെ കണ്ണീരിലും, എല്ലാറ്റിലുമുപരി പാർശ്വവത്ക്കരിക്കപ്പെട്ട പാവങ്ങളിലും, അവിടുത്തെ കാണാന്‍ ഗലീലിയില്‍ നിന്ന് നമുക്ക് പഠിക്കാം. നിസ്സാരതയില്‍ ദൈവത്തിന്‍റെ മഹത്വം വെളിവാകുന്നതു കണ്ട് നമുക്ക് ആശ്ചര്യപ്പെടാം.

9. പരിധികളില്ലാതെ സ്നേഹിക്കുന്ന ഉത്ഥിതൻ
ഈസ്റ്റര്‍ സന്ദേശത്തിന്‍റെ മൂന്നാംഭാഗം ഇതാണ്: നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉത്ഥിതനായ ദൈവം നമ്മെ പരിധികളില്ലാതെ സ്‌നേഹിക്കുന്നു. അനുദിന ജീവിതത്തെ അനുഗ്രഹമായി അനുഭവിക്കാനും നമുക്ക് ചുറ്റുമുള്ളവരോട് ചേര്‍ന്നുനില്ക്കുവാനും, അതിരുകളെ ഭേദിക്കുവാനും മുന്‍വിധികളെ വലിച്ചെറിയുവാനും നമ്മുടെ ലോകത്തിന്‍റെ ഹൃദയസ്ഥാനത്തുനിന്നുകൊണ്ട് അവിടുന്ന് നമ്മെ ക്ഷണിക്കുകയാണ്. അവിടുത്തോടൊപ്പം ജീവിതത്തിന്‍റെ ഗതി മാറും. എല്ലാ പരാജയങ്ങള്‍ക്കും അപ്പുറം, അക്രമങ്ങള്‍ക്കും തിന്മകള്‍ക്കും അപ്പുറം, മരണത്തിനും യാതനകള്‍ക്കും അപ്പുറം ഉത്ഥിതനായവന്‍ ജീവിക്കുന്നു, ചരിത്രത്തെ മുന്നോട്ട് നയിക്കുന്നു.

10. ഉപസംഹാരം
ഈസ്റ്റര്‍ സന്ദേശത്തിന്‍റെ വിസ്മയത്തിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുക: ''ഭയപ്പെടേണ്ട, അവിടുന്നു ഉത്ഥാനംചെയ്തിരിക്കുന്നു. ഗലീലിയില്‍ അവിടുന്ന് നിങ്ങളെ കാത്തിരിക്കുന്നു.''

ഈ പരിപാടിയിൽ ഉപയോഗിച്ച സംഗീതശകലങ്ങൾ ഇസ്രായേലിന്‍റെ സംഗീതജ്ഞ ഇസബെല്ലേ ഗ്വീല്ലസിന്‍റേതാണ്.

ഗാനം... ഫാദർ തദേവൂസ് അരവിന്ദത്തു രചിച്ച്, അദ്ദേഹം തന്നെ ഈണംപകർന്നതാണ്. ആലാപനം രാധിക തിലകും സംഘവും.

"നമുക്കു ഗലീലിയയിലേയ്ക്കു പോകാം..."  എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് ഉത്ഥാന രാത്രിയിൽ പങ്കുവച്ച ചിന്താമലരുകൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2021, 14:47