പാപ്പായെ കാത്തിരിക്കുന്ന ഇറാക്ക് പാപ്പായെ കാത്തിരിക്കുന്ന ഇറാക്ക് 

അബ്രാഹാമിന്റെ നാട്ടിലേക്ക് ആദ്യമായെത്തുന്ന ഫ്രാന്‍സിസ് പാപ്പാ

മാർച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച മുതൽ എട്ടാം തീയതി തിങ്കളാഴ്ചവരെ ഇറാക്കിലേക്കു ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന തന്റെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തിന്റെ പ്രമേയം “നിങ്ങളെല്ലാം സഹോദരന്മാരാണ്” എന്ന മത്തായിയുടെ സുവിശേഷത്തിലെ (23,8) വാക്യമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഏകദൈവത്തിൽ വിശ്വസിക്കുന്ന മൂന്നു മതങ്ങളുടെ പിതാവായ അബ്രാഹാമിന്റെ നാട്ടിലേക്ക് ചരിത്രത്തിൽ ആദ്യമായെത്തുന്ന പാപ്പായാണ് ഫ്രാൻസിസ് പാപ്പാ.ലോകം തഴയുന്ന, പാർശ്വവൽക്കരിക്കപ്പെട്ട, മനുഷ്യർ ചിന്തയിൽ പോലും പുറമ്പോക്കുകളാക്കുന്നവരെ തന്റെ ചിന്തയിലും പ്രവർത്തികളിലും മുന്നിൽ നിർത്തുന്ന ഒരാളാണ് ഫ്രാൻസിസ് പാപ്പാ.  തന്റെ  അപ്പോസ്തോലിക യാത്രകളുടെ  തിരഞ്ഞെടുപ്പിൽ പോലും നമുക്കതു കാണാൻ കഴിയും. സമ്പന്ന രാഷ്ട്രങ്ങളല്ല പാപ്പായുടെ തിരഞ്ഞെടുപ്പുകൾ. ദരിദ്ര രാഷ്ട്രങ്ങളും, തഴയപ്പെട്ടവരുമാണ് ഫ്രാൻസിസ് പാപ്പായുടെ ലക്ഷ്യം.  ഈ യാത്രയിലും പാപ്പാ തന്റെ പതിവ് തെറ്റിക്കുന്നില്ല.

അപ്പോസ്തോലിക യാത്രയുടെ ലോഗോ

ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളോടെയുള്ള ഇറാക്കിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ താഴെ ഇടതു വശത്തായി പരിശുദ്ധ പിതാവ് ഇറാക്കിലെ ജനങ്ങളെ അഭിവാദനം ചെയ്യുന്ന ചിത്രവും, വലതു വശത്തായി ഇറാക്കിന്റെ തനിമയാർന്ന ഈന്തപ്പനയുടെ ചിത്രവും ആലേഖനം ചെയ്ത ലോഗോയുടെ മുകളിൽ പരിശുദ്ധ സിംഹാസനത്തിന്റെയും ഇറാക്കിന്റെയും ദേശീയ പതാകകളും ഇവയുടെ മദ്ധ്യേ സമാധാനത്തിന്റെ ചിഹ്നമായ ഒലിവുശാഖയുമേന്തി പറക്കുന്ന പ്രാവിനെയും കാണാം. മുകളിൽ വൃത്താകൃതിയിൽ അറബി, അരമായ, കുർദി ഭാഷകളിലും താഴെ ഇംഗ്ലീഷിലും മത്തായിയുടെ സുവിശേഷത്തിൽ (23:8) നിന്നെടുത്ത "നിങ്ങളെല്ലാം സഹോദരന്മാരാണ് " എന്ന അപ്പോസ്തോലിക യാത്രയുടെ മുദ്രാവാക്യവും കാണാം.

അനുസ്മരണ പതക്കം

ഒരു വശത്ത് ഫ്രാൻസിസ് പാപ്പായുടെ ചിഹ്നവും ഫ്രാൻസിസ്കൂസ് പി.എം. എന്ന എഴുത്തും അതിന്റെ മറുവശത്ത് വടക്ക് നിന്ന് തെക്കോട്ടൊഴുകുന്ന ടൈഗ്രിസ് -യൂഫ്രെട്ടിസ് നദികളുൾപ്പെടുന്ന ഇറാക്കിന്റെ ഭൂപടം പശ്ചാത്തലമാക്കി ഇടത് ഭാഗത്ത് ദൈവത്തിന്റെ കല്പനപ്രകാരം സ്വന്തം നാടായ ഊർ വിട്ട് ദൈവം കാണിക്കുന്നയിടത്തേക്ക് യാത്രയാരംഭിക്കുന്ന അബ്രഹാമിന്റെ  രൂപവും വലത് വശത്ത് സമൃദ്ധിയുടേയും ഭൗതീക, ആത്മീയ സമ്പത്തുകളുടേയും പ്രതീകമായ ഈന്തപ്പനയും ചുറ്റിലുമായി യാത്രയുടെ മുദ്രാവാക്യവും തീയതിയും വർഷവും രേഖപ്പെടുത്തിയതാണ് ഇറാക്ക് യാത്രയുടെ ഓർമ്മ പതക്കം. ഡാനിയേലെ ലോംഗോ എന്ന കലാകാരനാണ് ഇത് തയ്യാറാക്കിയത്.

തോളിലേറ്റുന്ന ഇടയൻ

കോവിഡ് 19ന്റെ നിഴലിലും അക്രമങ്ങൾ അടങ്ങാത്ത ഒരു രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പാ എന്തിനീ യാത്ര ചെയ്യുന്നു എന്നത് വളരെയേറെ ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. കഴിഞ്ഞ മാസം പോലും ചാവേറാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതും 100ൽ അധികം പേർക്ക് പരിക്ക് പറ്റിയതും, സർക്കാർ കെട്ടിടങ്ങളും, വിദേശ എംബസ്സികളും സ്ഥിതി ചെയ്യുന്ന ഏറ്റം സുരക്ഷിതമായി കരുതപ്പെടുന്ന ബാഗ്ദാദിലെ ഗ്രീൻ സോണിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റോക്കറ്റാക്രമണവും, തന്റെ കൂടെ ഇറാക്ക് സന്ദർശനത്തിനു നേതൃത്വം വഹിക്കേണ്ടിയിരുന്ന ഇറാക്കിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മിത്യാ ലസ്കോവർ കോവിഡ് പിടിപെട്ട് ക്വാറൻറയിൻ ചെയ്യുന്ന വാർത്തയും ഒന്നും ഫ്രാൻസിസ് പാപ്പായെ ഈ യാത്രയിൽ  നിന്നും പിന്നോട്ട് വലിച്ചില്ല. അതിന് കാരണം എന്താകും?

പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ ചുമതലയുള്ള കർദ്ദിനാൾ സാന്ദ്രി പറയുന്നത്, അപകടങ്ങൾ നിറഞ്ഞതാണെങ്കിലും ഫ്രാൻസിസ് പാപ്പാ ഈ സന്ദർശനം  നടത്തുന്നത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സമീപസ്ഥനാകാൻ ആഗ്രഹിക്കുന്ന ഒരു ഇടയനും പിതാവുമാകയാലാണ് എന്നാണ്. കൂടാതെ കൽദായ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ബഷാർ മത്തി വർദ, പാപ്പാ മുഖാമുഖം വരുന്നത് തങ്ങളെ കരുതുന്നു എന്നത് കൊണ്ടാണെന്ന് തുറന്നു പറഞ്ഞു. ആടുകളുടെ മണമുള്ള ഇടയൻ.

പുനരുദ്ധാരകൻ

വിശുദ്ധ ഫ്രാൻസിസ് അസ്സിസി പ്രാർത്ഥിച്ചു കൊണ്ടിരുന്നവസരത്തിൽ നശിച്ചു കിടന്ന സാൻ ഡമിയാനോ ദേവാലയം പുനർനിർമ്മിക്കണം എന്ന ഒരു സ്വരം ശ്രവിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അത്തരം ഒരു ഉൾവിളിയാവാം ഫ്രാ൯സിസ് എന്ന നാമം സ്വീകരിച്ച  പരിശുദ്ധ പിതാവിന്റെ ഇറാക്കിലേക്കുള്ള യാത്രയും.  ഇതിൽ രണ്ടു പുനർനിർമാണ പ്രവർത്തികൾ അടങ്ങിയിരിക്കുന്നു.  ഒന്ന് കൊല്ലങ്ങളായി അക്രമിക്കപ്പെട്ട് തകർക്കപ്പെട്ട ഇറാക്കിലെ സഭയുടെ പുനരുത്ഥാരണം.  രണ്ട് അന്തർമത സംവാദത്തിനുള്ള അടിത്തറ ശക്തിപ്പെടുത്തൽ.  എന്നാൽ എല്ലാ പ്രശ്നങ്ങളും തീർക്കാനല്ല മറിച്ച്  ഇറാക്കികളോടുള്ള ഐക്യമത്യം പ്രകടിപ്പിക്കാനും സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സഹിഷ്ണുതയുടേയും, ജീവനോടുള്ള ബഹുമാനത്തിന്റെയും, വൈവിധ്യതയുടേയും, ബഹുസ്വരതയുടേയും അടയാളമായാണ് പാപ്പായുടെ സന്ദർശനത്തെ കാണേണ്ടതെന്ന് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു.

സാർവ്വലൗകീക സാഹോദര്യത്തിന്റെ പ്രേഷിതൻ

ഇറാക്കിലെ ഷിയാ സമൂഹത്തിന്റെ പരമോന്നത അധികാരി പെരിയ ആയത്തുള്ളാ അലി അൽ - സിസ്താനിയുമായുള്ള കൂടിക്കാഴ്ച വഴി അന്തർ മതബന്ധങ്ങൾക്ക് മാത്രമല്ല ഭാവി ലോകത്തിനു പോലും സഹോദര സഹവാസത്തിന്റെ വഴിവെട്ടുകയാവും ഈ സന്ദർശനം. ഇറാക്കിന്റെ വടക്കൻ പ്രദേശങ്ങളിൽ പാപ്പാ എത്തുന്നത് അവിടത്തെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച്  വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം 2014 മുതൽ 2017 വരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയിൽ ആയിരങ്ങൾ  കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ക്രൈസ്തവർ പലായനം ചെയ്യേണ്ടിയും വന്നയിടമാണത്. ക്രിസ്തീയ വിശ്വാസത്തെ എല്ലാത്തരം പരീക്ഷണങ്ങൾക്കും വിധേയമാക്കിയ, രക്തസാക്ഷികളുടെ ചോരവീണ ആ മണ്ണിൽ പാപ്പാ ചെല്ലുന്നതും അവരുടെ വിഷമങ്ങളിൽ കൂടെനിൽക്കുന്നതും അവരുടെ വിശ്വാസത്തെ താങ്ങിനിർത്തുകയും ഉണർത്തുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യും.

അപ്പോസ്തലന്മാരുടെ കാലം തൊട്ടേ വിശ്വാസപാരമ്പര്യം കാത്തു വന്ന ഇറാക്കിലെ ക്രൈസ്തവരുടെ ഇന്നത്തെ തലമുറയ്ക്ക് അപ്പോസ്തലനായ പത്രോസിന്റെ പിൻഗാമിയുടെ വരവ് വിശ്വാസസാക്ഷ്യത്തിനു ബലമേകും. ഇവിടത്തെ ക്രൈസ്തവരുടെ സഹനത്തിന്റെ ഓരോ ഘട്ടങ്ങളിലും അവിടെയെത്താൻ ആഗ്രഹിച്ച പാപ്പാ തന്റെ ഇടയസന്ദർശനം വഴി അനുരഞ്ജനത്തിന്റെയും, പുനർനിർമ്മാണത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മാറുന്നു.  ജോൺ പോൾ രണ്ടാമന്റെ കാലം മുതലുള്ള അവരുടെ കാത്തിരിപ്പിന് വിരാമമിടുമ്പോൾ പിതാവായ അബ്രഹാമിന്റെ വിശ്വാസയാത്ര ആരംഭിച്ച ഊറിൽ നിന്നും വിവിധ മതവിശ്വാസികളൊത്ത് പ്രത്യേകിച്ച് മുസ്ലിം വിശ്വാസികളൊത്ത് പ്രാർത്ഥനയിൽ സഹോദരർ ഒരുമിച്ചു വസിക്കുന്നതിന് കാരണങ്ങൾ കണ്ടെത്താനും അങ്ങനെ കലഹങ്ങൾക്കും വർഗ്ഗ, വംശ വിഭാഗീയതകൾക്കും മേലേ സാമൂഹിക മാനുഷീക ബന്ധങ്ങളുടെ ഇഴകൾ പാകാനുള്ള സന്ദേശം മദ്ധ്യകിഴക്കൻ പ്രദേശത്തിനും ലോകം മുഴുവനും നൽകാനുള്ള ഒരു ദൗത്യമാണ് ഈ യാത്ര.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2021, 10:11