പാപ്പായെ സ്വാഗതം ചെയ്യുന്ന ഇറാക്ക് ... പാപ്പായെ സ്വാഗതം ചെയ്യുന്ന ഇറാക്ക് ...  

ഫ്രാൻസിസ് പാപ്പായുടെ ഇറാക്ക് സന്ദർശനം ആഗതമായി

മാർച്ച് അഞ്ച് മുതൽ എട്ടു വരെ ഫ്രാൻസിസ് പാപ്പാ ഇറാക്കിലേക്കുള്ള തന്റെ ആദ്യത്തെ അപ്പോസ്തോലിക യാത്ര നടത്തും. ഇറാക്ക് സന്ദർശനം പാപ്പയുടെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക സന്ദർശനമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാക്കിലേക്ക് പാപ്പാ

ഇറാക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് ബർഹം സാലിഹിന്റെയും, പ്രാദേശിക സഭാ ശ്രേഷ്ഠൻ പാത്രിയാർക്കീസ് ലൂയിസ് സാക്കോയുടെയും, ഇറാക്ക് ജനതയുടെയും ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പാപ്പാ ഈ സന്ദർശനം നടത്തുന്നത്. 2019 മുതലേ ഇറാക്ക് സന്ദർശിക്കാൻ പാപ്പാ ആഗ്രഹിച്ചിരുന്നു. കൊറോണാ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് 2020ൽ സന്ദർശനത്തിനു മുടക്കം വരുകയും ചെയ്തു. 2019 നവംബറിൽ തായ്‌ലൻഡ് - ജപ്പാൻ സന്ദർശനത്തിനു ശേഷമുള്ള പാപ്പയുടെ ആദ്യത്തെ വിദേശപര്യടനമാണിത്.

"നിങ്ങളെല്ലാവരും സഹോദരങ്ങളാണ്" എന്ന വിശുദ്ധ മത്തായി 23 :8 തിരുവചനത്തെ ആപ്തവാക്യമായി സ്വീകരിച്ചാണ് പാപ്പാ ഇറാക്ക് സന്ദർശനത്തിനായി ഒരുങ്ങുന്നത്.

ഇറാക്കിലെ  ക്രൈസ്തവസാന്നിധ്യം

പുരാതനകാലം മുതലേ ഇറാക്കിൽ  ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്നുവെന്ന് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമാശ്ലീഹായുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അദ്ദായി, മാരി എന്നിവരുടെ പ്രസംഗങ്ങളിലൂടെയാണ് ഇവിടുത്തെ  ക്രൈസ്തവസാന്നിധ്യത്തിന്റെ  ഉൽഭവം. അതിനാൽ വിശുദ്ധ ഗ്രന്ഥത്തിലും, ചരിത്രത്തിലും ഇറാക്കിന് പ്രാധാന്യമർഹിക്കുന്ന സ്ഥാനമാണുള്ളത്. ഇന്ന് കൽദായർ, അസീറിയകാർ, അൽമേനിയർ, ലത്തീൻ വിഭാഗക്കാർ, മെൽ കൈറ്റുകാർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് എന്നീ ക്രൈസ്തവ സമൂഹങ്ങൾ അവിടെയുണ്ട്. 1-1.4 ദശലക്ഷം വരെ അതായത് ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാക്കിൽ രണ്ടാം ഗൾഫ് യുദ്ധത്തിനുശേഷം അവരുടെ എണ്ണം വെറും മൂന്നു  നാല്   ലക്ഷമായി കുറഞ്ഞു എന്ന് പൊന്തിഫിക്കൽ സംഘടനയായAid to Church in Need പുറത്തുവിട്ട പുതിയ രേഖകൾ അറിയിക്കുന്നു.

ഇറാക്കിനോടുള്ളള പരിശുദ്ധസിംഹാസനത്തിന്റെ കരുതൽ   

2003 ലെ രണ്ടാമത്തെ ഗൾഫ് യുദ്ധത്തിനു ശേഷം ഇറാക്കിലെ ക്രിസ്ത്യാനികളെക്കുറിച്ച് പരിശുദ്ധ സിംഹാസനം എപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് പാപ്പായായിരുന്ന വി .ജോൺ പോൾ രണ്ടാമൻ തീവ്രമായി എതിർത്ത ഒന്നായിരുന്നു ഗൾഫ് യുദ്ധം.  ഒരു അന്തർദേശീയ പട്ടാള നടപടി ഇറാക്കിലെ ജനങ്ങളിലും മദ്ധ്യ കിഴക്കൻ പ്രദേശത്തും വരുത്താവുന്ന അസംതുലിതാവസ്ഥയെയും അതിൽ നിന്ന് ഉരുത്തിരിയാവുന്ന തീവ്രവാദവും അത് അവിടത്തെ ക്രൈസ്തവ സമൂഹത്തിന് സൃഷ്ടിക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെയും ജോൺപോൾ രണ്ടാമൻ പാപ്പാ മുന്നിൽ കണ്ടിരുന്നു. 2014ൽ ഇറാക്കിലും സിറിയയിലും സ്ഥാപിതമായ ഇസ്ളാമിക്സ്റ്റേറ്റിന്റെ വരവോടെ കൂടുതൽ പരിതാപകരമായ സാഹചര്യത്തിലേക്ക് ഇറാക്ക് വഴുതി വീണു. ഈ അവസരത്തിൽ ഫ്രാൻസിസ് പാപ്പയും തന്റെ സാന്നിധ്യം "ഇറാക്കിലെ പ്രിയ ജനങ്ങളോടു" തുടർച്ചയായി അറിയിച്ചിരുന്നു. 2018ൽ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ ഇറാക്കിലേക്ക് നടത്തിയ സന്ദർശനത്തിൽ  പാപ്പാ തന്റെ  ആശങ്കകൾ  അറിയിക്കുകയും വെറുപ്പിനെ മറികടക്കുന്ന ഇറാക്കിലെ ക്രൈസ്തവരുടെ സാക്ഷ്യത്തെ "ലോകത്തിലെ മുഴുവൻ ക്രൈസ്തവർക്കുമായുള്ള ജീവിക്കുന്ന സാക്ഷ്യം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

മതങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ച് സമാധാനത്തോടും പങ്കുവയ്ക്കലിലൂടെയുമുള്ള  പൊതുനന്മ തേടുന്നതുവഴി ഭാവിയെ അഭിമുഖീകരിക്കാൻ ഇറാക്കിന് കഴിയുമെന്ന പ്രത്യാശയും 2019 ജൂൺ 10ന് പൗരസ്ത്യ സഭകൾക്ക് സഹായം നൽകുന്ന സംഘടനകളുടെ സമ്മേളനത്തിൽ പ്രസംഗിക്കവെ ഫ്രാൻസിസ് പാപ്പാ പങ്കുവച്ചിരുന്നു. ഈ അവസരത്തിലാണ് ഇറാക്ക് സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം പാപ്പാ വെളിപ്പെടുത്തിയത്.

ഇറാക്കിന്റെ പ്രസിഡണ്ട് ബർഹം സാലിഹ് വത്തിക്കാനിലേക്ക് നടത്തിയ രണ്ടാമത്തെ സന്ദർശനത്തിൽ ഇറാക്കിൽ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും, അവരുടെ സുരക്ഷയും ഇറാക്കിന്റെ ഭാവിയിലുള്ള അവരുടെ സാന്നിധ്യവും വീണ്ടും ഉയർത്തിക്കാണിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്. 2020 ജനുവരി 25ന് സിറിയൻ -ഇറാക്കി മാനുഷീക പ്രതിസന്ധി സംബന്ധിച്ച് വത്തിക്കാന്റെ  സമഗ്രമനുഷ്യവികസനത്തിനായുള്ള തിരുസംഘം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിൽ കത്തോലിക്കാ സന്നദ്ധ സംഘടനകളുമായി സംസാരിച്ചപ്പോൾ ഈയിടങ്ങളിൽ ക്രൈസ്തവ സാന്നിദ്ധ്യം എങ്ങനെയായിരുന്നുവോ അതുപോലെ തുടരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, അവർ സമാധാനത്തിന്റെയും, പുരോഗതിയുടെയും വികസനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമായിരിക്കണമെന്നും, യുദ്ധം മൂലം അവിടെ നിന്ന് പാലായനം ചെയ്തവരെ തിരിച്ചെത്തിക്കാൻ അന്തർദേശീയ സമൂഹം ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

ഫ്രാൻസിസ് പാപ്പായുടെ ഇറാക്ക് സന്ദർശനത്തെക്കുറിച്ച് 2020 ഡിസംബർ 7ന് പ്രഖ്യാപനമുണ്ടായപ്പോൾ ഇറാക്കിലെ സഭ അത്യുത്സാഹത്തോടെയാണ് ആ വാർത്തയെ എതിരേറ്റത്. രണ്ടായിരാമാണ്ടിൽ അബ്രഹാത്തിന്റെയും, മോശയുടെയും, യേശുവിന്റെയും പൗലോസിന്റെയും കാലടികളിലൂടെ ജൂബിലി തീർത്ഥാടനം നടത്താ൯ ജോൺ പോൾ രണ്ടാമൻ പാപ്പാ കണ്ട സ്വപ്നം അവിടത്തെ രാഷ്ടീയ സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയി. ആ സ്വപ്നം തന്റെ ഇറാക്ക് സന്ദർശനത്തിലൂടെ 21 വർഷങ്ങൾക്ക് ശേഷം പിൻഗാമിയായ ഫ്രാൻസിസ് പാപ്പാ ഏറ്റെടുക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2021, 14:23