ഉണ്ണിയേശുവിനെ താലോലിക്കുന്ന വിശുദ്ധ യൗസേപ്പിതാവ്, ഇറ്റാലിയൻ ചിത്രകാരൻ ഗ്യൂദൊ റേനിയുടെ  (Guido Reni) ഒരു സൃഷ്ടി ഉണ്ണിയേശുവിനെ താലോലിക്കുന്ന വിശുദ്ധ യൗസേപ്പിതാവ്, ഇറ്റാലിയൻ ചിത്രകാരൻ ഗ്യൂദൊ റേനിയുടെ (Guido Reni) ഒരു സൃഷ്ടി 

വി.യൗസേപ്പ്,ആത്മീയ ജീവിതത്തിൻറെയും വിവേചനശക്തിയുടെയും ഗുരു!

ഫ്രാൻസീസ് പാപ്പാ ബെൽജിയംകാരായ വൈദികർക്കായി റോമിലുള്ള പൊന്തിഫിക്കൽ ബെൽജിയം കോളേജിലെ അംഗങ്ങളെ, വ്യാഴാഴ്ച (18/03/21) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവഹിതത്തോടു വിധേയത്വം പുലർത്തിയ വിശുദ്ധ യൗസേപ്പിതാവിൻറെ രൂപവും ദൗത്യവും പ്രാർത്ഥനയിലൂടെ വീണ്ടും കണ്ടെത്താൻ മാർപ്പാപ്പാ വൈദികരെ ക്ഷണിക്കുന്നു.

ബെൽജിയംകാരായ വൈദികർക്കായി റോമിലുള്ള പൊന്തിഫിക്കൽ ബെൽജിയം കോളേജിൻറെ 175-ɔ൦ വാർഷികത്തോടനുബന്ധിച്ച് അതിലെ അംഗങ്ങളെ,  വ്യാഴാഴ്ച (18/03/21) വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസീസ് പാപ്പാ അവർക്ക് വരമൊഴിയായി നല്കിയ സന്ദേശത്തിലാണ്, ഈ കോളേജ് അതിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ സ്വീകരിച്ചിരിക്കുന്നതും  മാർച്ച് 19-ന് ഈ വിശുദ്ധൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നതും അനുസ്മരിച്ചുകൊണ്ട് ഈ ക്ഷണം നല്കിയിരിക്കുന്നത്.

ഈ വർഷം വിശുദ്ധ യൗസേപ്പിന് പ്രതിഷ്ഠിതമായിരിക്കുന്നതും പാപ്പാ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു.

വലിയ കാര്യങ്ങൾ നിർവ്വഹിച്ച അനുസരണയും സൃഷ്ടിപരതയും ഉള്ളവനായിരുന്നു ഈ വിശുദ്ധനെന്നും പിതൃത്വം എന്ന കല അവനിൽ നിന്നു പഠിക്കുക ഉചിതമായിരിക്കുമെന്നും പാപ്പാ പറയുന്നു. 

പിതാവെന്ന നിലയിലുള്ള വിശുദ്ധ യൗസേപ്പിൻറെ മൂന്നു സവിശേഷതകൾ എടുത്തുകാട്ടുന്ന പാപ്പാ സ്വാഗതം ചെയ്യുന്ന പിതാവ്, കാത്തുപരിപാലിക്കുന്ന പിതാവ്, സ്വപ്നം കാണുന്ന പിതാവ് എന്നിവയാണ് അവയെന്നു വിശദീകരിക്കുന്നു.

സകല പ്രശ്നങ്ങളെയും തരണം ചെയ്ത്, ന്യായമായ വൈക്തിക പദ്ധതികൾ പോലും മാറ്റിവച്ച്, മറിയത്തെയും യേശുവിനെയും സ്നേഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത യൗസേപ്പ് താൻ നേരിട്ട അതിശയകരവും നിഗൂഢവുമായ യാഥാർത്ഥ്യത്തെക്കുറിച്ച് വിശദീകരണങ്ങൾ തേടാതെ അത് ആയിരിക്കുന്ന രീതിയിൽ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന് പാപ്പാ പറയുന്നു.

ആകയാൽ ആത്മീയജീവിതത്തിൻറെയും വിവേചനശക്തിയുടെയും ഗുരുവാണ് വിശുദ്ധ യൗസേപ്പ് എന്ന് പാപ്പാ പ്രസ്താവിക്കുന്നു.

കാവൽക്കാരനായിരിക്കുക എന്നത് വിശുദ്ധ യൗസേപ്പിൻറെ വിളിയുടെയും ദൗത്യത്തിൻറെയും സത്താപരമായ ഒരു ഘടകമാണെന്ന് പാപ്പാ പറയുന്നു.

കാത്തുസൂക്ഷിക്കുകയെന്നത് വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ തന്നെ ഒരോ വൈദികനെ സംബന്ധിച്ചും ഭരമേല്പിക്കപ്പെട്ടവരെ ആർദ്രതയോടെ സ്നേഹിക്കുകയാണെന്നും ഇത് അജഗണത്തെ കൈവെടിയാത്ത അജപാലകൻറെ മനോഭാമവമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സ്വപ്നം കാണുന്ന പിതാവാണ് യൗസേപ്പ് എന്നതിനു വിശദീകരണം നല്കുന്ന പാപ്പാ, യൗസേപ്പ് മനോരാജ്യസഞ്ചാരിയായിരുന്നില്ലെന്നും മറിച്ച് യാഥാർത്ഥ്യങ്ങളുടെ സീമകൾക്കപ്പുറം കാണുന്നുവനും മറ്റുള്ളവർക്ക് ഒന്നും കാണാൻ കഴിയാത്തിടത്ത് ദൈവിക പദ്ധതി തിരിച്ചറിയാൻ കഴിവുള്ള പ്രവാചക ദൃഷ്ടിയുള്ളവനും ആയിരുന്നുവെന്നും പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 12:28