അയർലണ്ടിലെ നോക്കിൽ സവിശേഷ ദിവ്യകാരുണ്യ-മരിയൻ ഭക്തിയുടെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ട ദേവാലയം അയർലണ്ടിലെ നോക്കിൽ സവിശേഷ ദിവ്യകാരുണ്യ-മരിയൻ ഭക്തിയുടെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ട ദേവാലയം 

പരിശുദ്ധ മറിയത്തിൻറെ മൗനവും അതിൻറെ പൊരുളും!

അയർലണ്ടിലെ നോക്കിൽ പരിശുദ്ധ മറിയത്തിൻറെ നാമത്തിലുള്ള ദേശീയ തീർത്ഥാടന കേന്ദ്രം സവിശേഷ ദിവ്യകാരുണ്യ-മരിയൻ ഭക്തിയുടെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടു, പാപ്പാ വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മറിയത്തിൻറെ മൗനം അതിവാചാലമെന്ന് മാർപ്പാപ്പാ.

പതിനാലു പതിറ്റാണ്ടു മുമ്പ് അതായത് 1879 ആഗസ്റ്റ് 21-ന് പരിശുദ്ധ കന്യകാമറിയം വിശുദ്ധ യസേപ്പിനോടും വിശുദ്ധ യോഹന്നാനോടും കൂടെ അയർലണ്ടിലെ “നോക്കിൽ” (Knock) ഏതാനും ഗ്രാമീണർക്ക് പ്രത്യക്ഷയായിടത്ത് പണിതുയർത്തിയിരിക്കുന്ന പരിശുദ്ധ മറിയത്തിൻറെ നാമത്തിലുള്ള ദേശീയ തീർത്ഥാടന കേന്ദ്രം സവിശേഷ ദിവ്യകാരുണ്യ-മരിയൻ ഭക്തിയുടെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതിനോടനുബന്ധിച്ച് വെള്ളിയാഴ്ച (19/03/21) രാത്രി നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

നോക്കിൽ പ്രത്യക്ഷയായ വേളയിൽ പരിശുദ്ധ കന്യകാമറിയം ഒന്നും ഉരിയാടിയില്ല എന്ന വസ്തുത അനുസ്മരിക്കുന്ന പാപ്പാ  അവളുടെ ആ മൗനം ഒരു ഭാഷയാണെന്നും അവൾ പ്രത്യക്ഷപ്പെട്ട ഇടമായ “നോക്കിൽ” നിന്നു വരുന്നത് നമ്മുടെ വിശ്വാസത്തിനാവശ്യമായ നിശബ്ദതയുടെ മഹാ മൂല്യത്തിൻറെ സന്ദേശമാണെന്നും പ്രസ്താവിക്കുന്നു.

മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക എന്നതല്ല രഹസ്യത്തിനു മുന്നിലുള്ള ഈ മൗനത്തിൻറെ വിവക്ഷയെന്നും, മറിച്ച്, മാനവ രക്ഷയ്ക്കായി യാഗമായിത്തീർന്നുകൊണ്ട് നമുക്കായി സ്വയം നല്കിയ യേശുവിൻറെ സ്നേഹത്തിൻറെ സഹായത്തോടും പിൻബലത്തോടും കൂടെ മനസ്സിലാക്കണം  എന്നതാണെന്നും പാപ്പാ വിശദീകരിക്കുന്നു. കരുണാർദ്രനായ പിതാവിൻറെ തിരുഹിതത്തിന് വിശ്വാസത്തോടെ വിധേയത്വം പുലർത്തയില്ലെങ്കിൽ പരസ്പരം നല്കാനാവത്തതായ സ്നേഹത്തിൻറെ മഹാ രഹസ്യത്തിനു മുന്നിലുള്ള നിശബ്ദതയാണ് ഇതെന്ന് പാപ്പാ ഉദാബോധിപ്പിക്കുന്നു.

അയർലണ്ടിലെ ജനങ്ങളുടെ പ്രേഷിതസ്വഭാവത്തെക്കുറിച്ച് പാപ്പാ തൻറെ സന്ദേശത്തിൽ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. പ്രേഷിത ജനമാണ് അയർലണ്ടിലേതെന്നും സുവേശേഷത്തിൻറെ പ്രേഷിതരായിത്തീരുന്നതിന് അനേകം വൈദികർ മാതൃദേശം വിട്ട് വിദൂരങ്ങളിലേക്കു പോയിട്ടുണ്ടെന്നും പാപ്പാ പറയുന്നു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ നോക്കിലെ പ്രത്യക്ഷീകരണത്തിൻറെ ശതാബ്ദി വർഷത്തിൽ, 1979-ൽ, അവിടെ, പരിശുദ്ധ അമ്മയുടെ പവിത്ര സന്നിധാനത്തിൽ എത്തുകയും സ്വർണ്ണ പനിനീർ പുഷ്പം സമർപ്പിക്കുകയും ചെയ്തിരുന്നു. 1993-ൽ കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയും 2018-ൽ ഫ്രാൻസീസ് പാപ്പായും നോക്കിലെ പരിശുദ്ധ മറിയത്തിൻറെ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.     

നോക്കിലെ ദേവാലയം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്തിക്കൊണ്ട് പരിശുദ്ധ കന്യകാമറിയത്തിൻറെ വിരക്ത കാന്തനും സാർവ്വത്രികസഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ ഉണ്ടായ പ്രഖ്യാപനത്തെ അയർലണ്ടിലെ ജനത സസന്തോഷം സ്വാഗതം ചെയ്യുന്നുവെന്ന് ഈ ദേവാലയത്തിൻറെ ചുമതലയുള്ള വൈദികൻ റിച്ചാഡ് ഗിബൺസ് വത്തിക്കാൻറെ വാർത്താവിഭാഗത്തിനനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2021, 16:23