തിരയുക

ഫ്രാൻസീസ് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ,  24/03/2021 ഫ്രാൻസീസ് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 24/03/2021 

എന്നും യേശുവിനെ കാട്ടിത്തരുന്ന മറിയം സദാ മക്കളുടെ ചാരെയുണ്ട്!

ക്രിസ്തു മദ്ധ്യസ്ഥനാണ്, പിതാവിങ്കലേക്കെത്താൻ നമ്മൾ കടന്നുപോകുന്ന പാലമാണ് അവിടന്ന് . ക്രിസ്തുവിനോടൊപ്പം സഹരക്ഷകരില്ല. അവിടന്ന് ഏകനാണ്. ശ്രേഷ്ടതമ മദ്ധ്യസ്ഥനാണ്- ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് വ്യാപനം തടയുന്നതിന്  ഇറ്റലി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കു കടന്നിരിക്കയാണല്ലൊ. ഇനി ഉയിർപ്പുതിരുന്നാൾ കഴിഞ്ഞതിനു ശേഷമേ ഈ നിയന്ത്രണങ്ങളിൽ അയവുണ്ടാകൂ. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് ഏപ്രിൽ 6 വരെയാണ് രോഗപ്രതിരോധ നടപടികൾ കടുപ്പിച്ചിരിക്കുന്നത്.  തന്മൂലം ഫ്രാൻസീസ് പാപ്പാ,  പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിക്കുന്ന പതിവ് ഈ ബുധനാഴ്ചയും (24/03/21) തുടർന്നു. പതിവുപോലെ പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്നു നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, ക്രൈസ്തവ പ്രാർത്ഥനയെ അധികരിച്ചു താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ, പ്രാർത്ഥനയെക്കുറിച്ച് പരിശുദ്ധ കന്യകാമറിയവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്തു. 

പാപ്പായുടെ പ്രഭാഷണം : ക്രിസ്തീയ പ്രാർത്ഥനയുടെ മുഖ്യ പാത യേശുവിൻറെ മാനവികത

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ പ്രബോധനം  മറിയവുമായുള്ള കൂട്ടായ്മയിലുള്ള പ്രാർത്ഥനയ്ക്കായി നീക്കിവയ്ക്കുന്നു. മംഗളവാർത്താത്തിരുന്നാളിൻറെ തലേന്നാണ് നാം ഈ വിചിന്തനം നടത്തുന്നത്. ക്രിസ്തീയ പ്രാർത്ഥനയുടെ മുഖ്യ പാത യേശുവിൻറെ മാനവികതയാണെന്ന് നമുക്കറിയാം. വാസ്തവത്തിൽ, വചനം മാംസംധരിച്ചില്ലായിരുന്നെങ്കിൽ ക്രിസ്തീയ പ്രാർത്ഥനയുടെ സവിശേഷതയായ ദൃഢവിശ്വാസം  അർത്ഥശൂന്യമായി ഭവിച്ചേനെ. ഈ മനുഷ്യാവതാരത്തിലൂടെ വചനം, പിതാവുമായുള്ള അവിടുത്തെ പുത്രനിർവ്വിശേഷമായ ബന്ധം നമുക്ക് ആത്മാവിൽ പ്രദാനം ചെയ്തു. യേശുവിൻറെ സ്വർഗ്ഗാരോഹണാനന്തരം, ശിഷ്യന്മാരും, ഭക്തസ്ത്രീകളും മറിയവും ഒന്നു ചേർന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചു തിരുലിഖിതത്തിൽ നാം വായിച്ചുകേട്ടു. ആദ്യ ക്രൈസ്തവസമൂഹം യേശുവിൻറെ ദാനം, അവിടത്തെ വാഗ്ദാനം പ്രതീക്ഷിച്ചിരിക്കയായിരുന്നു.

ക്രിസ്തുവാകുന്ന സേതുബന്ധം

ക്രിസ്തു മദ്ധ്യസ്ഥനാണ്, പിതാവിങ്കലേക്കെത്താൻ നമ്മൾ കടന്നുപോകുന്ന പാലമാണ് അവിടന്ന് (കത്തോലിക്കാസഭയുടെ മതബോധനം, 2674). അവിടന്ന് ഏക രക്ഷകനാണ്, ക്രിസ്തുവിനോടൊപ്പം സഹരക്ഷകരില്ല. അവിടന്ന് ഏകനാണ്. ശ്രേഷ്ടതമ മദ്ധ്യസ്ഥനാണ്. നാം ദൈവത്തിങ്കലേക്കുയർത്തുന്ന ഓരോ പ്രാർത്ഥനയും ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിനോടുകൂടെ ക്രിസ്തുവിൽത്തന്നെയാണ്. അവിടത്തെ മദ്ധ്യസ്ഥതയാലാണ് അത് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പരിശുദ്ധാത്മാവ് എക്കാലത്തിലേക്കും എല്ലായിടത്തേക്കും  ക്രിസ്തുവിൻറെ മദ്ധ്യസ്ഥത വ്യാപിപ്പിക്കുന്നു: നമുക്ക് രക്ഷപ്രദാനം ചെയ്യുന്ന മറ്റൊരു നാമവുമില്ല (അപ്പസ്തോല പ്രവർത്തനങ്ങൾ 4:12). യേശുക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏക മദ്ധ്യസ്ഥനാണ്.ക്രിസ്തുവിൻറെ ഏക മദ്ധ്യസ്ഥതയിലാണ് ക്രൈസ്തവൻ തൻറെ പ്രാർത്ഥനയെയും ഭക്തിയെയും സംബന്ധിച്ച ഇതര പരാമർശങ്ങളുടെ പൊരുളും മൂല്യവും കണ്ടെത്തുന്നത്. ഇവയിൽ പ്രഥമസ്ഥാനത്തു വരുന്നത് യേശുവിൻറെ അമ്മ, കന്യകാമറിയം ആണ്.

ക്രൈസ്തവൻറെ ജീവിതത്തിൽ മറിയത്തിൻറെ സ്ഥാനം

അവൾ ക്രൈസ്തവൻറെ ജീവിതത്തിലും, അങ്ങനെ, പ്രാർത്ഥനയിലും സവിശേഷ സ്ഥാനം വഹിക്കുന്നു, എന്തെന്നാൽ, അവൾ യേശുവിൻറെ അമ്മയാണ്. പൗരസ്ത്യസഭകൾ അവളെ പലപ്പോഴും അവതരിപ്പിച്ചിരുന്നത് “ഒദിജിത്രീയ” (Oδηγήτρια - Odigitria),അഥവാ,  “വഴി, അതായത്, തൻറെ മകനായ യേശുക്രിസ്തുവിനെ കാണിച്ചു തരുന്നവളായി”ട്ടാണ്. ക്രൈസ്തവ പുരാതനചിത്രരൂപകലാ വ്യാഖ്യാന ശാസ്ത്രത്തിൽ, ഐകണോഗ്രഫിയിൽ (iconography) സർവ്വത്ര അവളുണ്ട്, ചിലപ്പോൾ വലിയ പ്രാധാന്യത്തോടുകൂടിത്തന്നെയാണെങ്കിലും എല്ലായ്പ്പോഴും പുത്രനുമായുള്ള ബന്ധത്തിലും അവൻറെ ദൗത്യത്തോടു ചേർന്നുമാണ്. അവളുടെ കരങ്ങളും നേത്രങ്ങളും മനോഭാവങ്ങളുമെല്ലാം ജീവസുറ്റ പ്രബോധനവും എല്ലായ്പ്പോഴും ആധാരത്തെ കേന്ദ്രത്തെ, അതായത്, യേശുവിനെ സൂചിപ്പിക്കുന്നവയുമാണ്. മറിയം പൂർണ്ണമായും യേശുവോന്മുഖയാണ് (CCC, 2674). അവൾ അമ്മയെന്നതിനെക്കാൾ ശിഷ്യയാണെന്ന് പറഞ്ഞുപോകും. കാനയിലെ കല്ല്യാണവിരുന്നിൻറെ വേളയിൽ അവൾ നല്കുന്ന അടയാളം: നിങ്ങൾ അവൻ പറയുന്നതു ചെയ്യുവ്വിൻ”. അവൾ എല്ലായ്പോഴും ചൂണ്ടിക്കാട്ടുന്നത് ക്രിസ്തുവിനെയാണ്. അവൾ ആദ്യ ശിഷ്യയാണ്. തൻറെ ഭൗമികജീവിതത്തിലുടനീളം മറിയം വഹിച്ച ഈ പങ്കു അവൾ എന്നെന്നും നിലനിറുത്തുകയും ചെയ്യുന്നു, അതായത്, കർത്താവിൻറെ എളിയദാസിയായി തുടരുന്നു, മറ്റൊന്നുമല്ല. 

നിർണ്ണായക നിമിഷങ്ങളിൽ പ്രത്യക്ഷയാകുന്ന മറിയം

ഒരു പ്രത്യേക ഘട്ടത്തിൽ, സുവിശേഷങ്ങളിൽ, അവൾ മിക്കവാറും അപ്രത്യക്ഷമാകുന്നതായി തോന്നുന്നു; എന്നാൽ, കാനയിലെന്നപോലെ, നിർണ്ണായകവേളിൽ അവൾ തിരിച്ചെത്തുന്നു. അവളുടെ ഇടപെടലിലൂടെയാണ് പുത്രൻ ആദ്യത്തെ "അടയാളം" പ്രവർത്തിക്കുന്നത് (യോഹന്നാൻ 2:1-12), തുടർന്ന് ഗൊൽഗോഥയിലും, ക്രൂശിൻ ചുവട്ടിലും. 

കുരിശിൽ മരിക്കുന്നതിനു തൊട്ടുമുമ്പ് യേശു തൻറെ പ്രിയപ്പെട്ട ശിഷ്യനെ മറിയത്തെ ഭരമേല്പിച്ചുകൊണ്ട് അവളുടെ മാതൃത്വം സഭയിലാകമാനം വ്യാപിപ്പിച്ചു. ആ നിമിഷം മുതൽ, നാമെല്ലാവരും ചില മദ്ധ്യകാല ചിത്ര കലകളിൽ കാണുന്നത് പോലെ അവളുടെ മേലങ്കിയുടെ കീഴിലാണ്. 

മദ്ധ്യസ്ഥ

ആകയാൽ സുവിശേഷത്തിൽ അവൾക്കുള്ള അഭിധാനങ്ങൾ ഉപയോഗിച്ച് നാം അവളെ വിളിച്ചപേക്ഷിക്കാൻ തുടങ്ങി: “കൃപ നിറഞ്ഞവൾ”, “സ്ത്രീകളിൽ അനുഗ്രഹീത” (കത്തോലിക്കാസഭയുടെ മതബോധനം 2676). നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥനയിൽ, എഫെസോസ് സൂനഹദോസിൻറെ അംഗീകരാത്തോടുകൂടി "തെയൊതോക്കോസ്" “Theotokos”, "ദൈവമാതാവ്" എന്ന നാമവും ഉടൻ ചേർക്കപ്പെട്ടു. കർത്തൃപ്രാർത്ഥനയിലെന്നതു പോലെത്തന്നെ സ്തുതിപ്പിനു ശേഷം യാചന കൂട്ടിച്ചേർക്കപ്പെട്ടു: പാപികളായ നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ നാം മാതാവിനോട് അപേക്ഷിക്കുന്നു. “ഇപ്പോഴും നമ്മുടെ മരണനേരത്തും” അവൾ ആർദ്രതയോടുകൂടി മാദ്ധ്യസ്ഥ്യം വഹിക്കേണ്ടതിനാണിത്. അവൾ അമ്മയും ആദ്യശിഷ്യയും എന്ന നിലയിൽ, ഇപ്പോൾ, ജീവിതത്തിൻറെ സമൂർത്തമായ സാഹചര്യങ്ങളിലും, അവസാന നിമിഷത്തിലും നമ്മെ നിത്യജീവനിലേക്കുള്ള യാത്രയിൽ തുണയ്ക്കട്ടെ.

നമ്മുടെ മരണനേരത്തും നമ്മുടെ ചാരെ

ഈ ലോകം വിട്ടുപോകുന്ന തൻറെ മക്കളുടെ മരണക്കിടക്കയ്ക്കരികെ മറിയം എപ്പോഴും ഉണ്ടായിരിക്കും. ആരെങ്കിലും തനിച്ചും പരിത്യക്തനായും കാണപ്പെട്ടാൽ അമ്മയായ അവൾ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട സ്വസുതൻറെ അടുത്തായിരുന്നതുപോലെ തന്നെ, അവിടെയും അരികിൽ ഉണ്ടാകും. 

വസന്തയുടെ നാളിൽ

മഹാമാരിയുടെ ദിനങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമീപ്യസാന്ത്വനം ലഭിക്കാതെ, നിർഭാഗ്യവശാൽ തങ്ങളുടെ ഭൗമിക യാത്ര ഒറ്റപ്പെട്ട അവസ്ഥയിൽ അവസാനിപ്പിച്ച ആളുകളുടെ ചാരെ മറിയം ഉണ്ടായിരുന്നു. മറിയം എല്ലായ്പ്പോഴും അവിടെയുണ്ട്, അവൾ മാതൃവാത്സല്യത്തോടുകൂടി നമ്മുടെ അടുത്തുണ്ട്.

നമ്മുടെ പ്രാർത്ഥന കേൾക്കുന്ന മറിയം

അവളോടുള്ള പ്രാർത്ഥനകൾ ഫലശൂന്യങ്ങളല്ല. മാലാഖയുടെ ക്ഷണം "സമ്മതം" നല്കി, ഉടനടി സ്വീകരിച്ച  ആ മഹിള, നമ്മുടെ അഭ്യർത്ഥനകളോടും പ്രത്യുത്തരിക്കുന്നു, നമ്മുടെ സ്വരം ശ്രവിക്കുന്നു, ബഹിർഗമന ശക്തിയില്ലാതെ ഹൃദയം അടച്ചിട്ടിരിക്കുന്നവരുടെയും സ്വരം കേൾക്കുന്നു. നമ്മെക്കാൾ നന്നായി ദൈവം അതറിയുന്നു. ഒരു അമ്മയെന്ന നിലയിൽ മറിയം അവരെ ശ്രവിക്കുന്നു. ഒരു അമ്മയെന്ന നിലയിലും ഏതൊരു നല്ല അമ്മയേക്കാളും, മറിയം നമ്മെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു, നമ്മുടെ കാര്യങ്ങളിൽ കരുതലുള്ളവളാണ്. നാം സ്വന്തം കാര്യങ്ങളിൽ മുഴുകിപ്പോകുമ്പോഴും ലക്ഷ്യബോധം നഷ്ടപ്പെടുമ്പോഴും നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ രക്ഷയെയും നാം അപകടത്തിലാക്കുമ്പോഴും അവൾ നമ്മുടെ കാര്യത്തിൽ ആകുലചിത്തയാകുന്നു. നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ, പ്രാർത്ഥിക്കാത്തവർക്കായി പ്രാർത്ഥിക്കാൻ, നമ്മോടൊപ്പം പ്രാർത്ഥിക്കാൻ അവിടെ മറിയം ഉണ്ട്. എന്തുകൊണ്ട്? കാരണം അവൾ നമ്മുടെ അമ്മയാണ്. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

നൈജറിലുണ്ടായ ആക്രമണം

ആഫ്രിക്കൻ നാടായ നൈജറിൽ അടുത്തയിടെ 137 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പാപ്പാ തൻറെ വേദന രേഖപ്പെടുത്തി. 

പ്രജാധിപത്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും പ്രയാണത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ അവിടെയുണ്ടായ അക്രമം ഇടയാക്കാതിരിക്കുന്നതിനായി പാപ്പാ മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അന്നാട്ടിലെ ജനങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഏവരെയും ക്ഷണിച്ചു.

ആസ്ത്രേലിയയിലെ വെള്ളപ്പൊക്കദുരന്തം

ആസ്ത്രേലിയായലെ ന്യൂ സൗത്ത് വെയിൽസിൽ വലിയ വെള്ളപ്പൊക്കം കനത്ത നാശനഷ്ടൾ വിതച്ചത് പാപ്പാ അനുസ്മരിച്ചു. 

ഈ ദുരന്തം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും, പ്രത്യേകിച്ച് പാർപ്പിടങ്ങൾ തകർന്നവരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പു നല്കി.

വെള്ളപ്പൊക്കം മൂലം കാണാതായവരെ തിരയുന്നവർക്കും സഹായമെത്തിക്കാൻ ശ്രമിക്കുന്നവർക്കും പാപ്പാ പ്രചോദനമേകുകയും ചെയ്തു.

ക്ഷയരോഗത്തിനെതിരായ പോരാട്ടം

ക്ഷയരോഗത്തിനെതിരായ ലോക പോരാട്ട ദിനം അനുവർഷം മാർച്ച് 24-ന് ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

ക്ഷയരോഗചികത്സയിലും ഈ രോഗം മൂലം യാതനകളനുഭവിക്കുന്നവരോടു കൂടുതൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും     ഈ വാർഷിക ദിനാചരണം നവീകൃതമായൊരു പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ, ക്രിസ്തീയ ജീവിതത്തിൽ, പ്രത്യേകിച്ച്, ഏറ്റം എളിയവരോടുള്ള ഉപവിയുടെ സാക്ഷ്യത്തിൽ, തീക്ഷ്ണമതികളും ഉദാരതയുള്ളവരുമായിരിക്കാൻ പ്രോത്സാഹനം പകർന്നു. .

അവസാനമായി, പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും അഭിവാദ്യം ചെയ്ത പാപ്പാ, മാർച്ച് 25-ന്, വ്യാഴാഴ്‌ച  തിരുസഭ മംഗളവാർത്താ തിരുന്നാൾ ആഘോഷിക്കുന്നത് അനുസ്മരിച്ചു. “സമ്മതം” നല്കുന്നതിലൂടെ അത്യുന്നതൻറെ പരിത്രാണ പദ്ധതി സ്വീകരിക്കുന്ന കന്യകയെ ആണ് ഈ തിരുന്നാളിൽ നാം ഓർക്കുന്നതെന്ന് പാപ്പാ പറഞ്ഞു. മറിയത്തെപ്പോലെ, ദൈവഹിതത്തോടു സദാ സന്നദ്ധതയും വിധേയത്വവും ഉള്ളവരായിരിക്കാൻ പാപ്പാ അവർക്ക പ്രചോദനം പകർന്നു.  തങ്ങളുടെ ജീവിതത്തെ പ്രബുദ്ധമാക്കാനും സന്തോഷപ്രദമാക്കാനും വേണ്ടി പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്യാൻ പാപ്പ അവരെ ക്ഷണിച്ചു.

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2021, 15:31

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >