തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 17/03/2021 ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 17/03/2021  (AFP or licensors)

യേശു കൊണ്ടുവന്ന സ്നേഹാഗ്നി കെടാതെ സൂക്ഷിക്കുക ക്രൈസ്തവ ദൗത്യം!

"ആത്മാവിൻറെ അഗ്നിയില്ലെങ്കിൽ, പ്രവചനങ്ങൾ അണഞ്ഞുപോകും, സന്തോഷത്തിൻറെ സ്ഥാനം സന്താപം കവരും, സ്നേഹത്തിനു പകരം സമ്പ്രദായം സ്ഥാനം പിടിക്കും, സേവനം അടിമത്തമായി പരിണമിക്കും"- ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് വ്യാപനം  വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇറ്റലി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കു കടന്നിരിക്കയാണ്. ഇനി ഉയിർപ്പുതിരുന്നാൾ കഴിഞ്ഞതിനു ശേഷമേ ഈ നിയന്ത്രണങ്ങളിൽ അയവുണ്ടാകൂ. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് ഏപ്രിൽ 6 വരെയാണ് നിയന്ത്രണങ്ങൾ.  തന്മൂലം ഫ്രാൻസീസ് പാപ്പാ,  പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിക്കുന്ന പതിവ് ഈ ബുധനാഴ്ചയും (17/03/21) തുടർന്നു. പതിവുപോലെ പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്നു നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, ക്രൈസ്തവ പ്രാർത്ഥനയെ അധികരിച്ചു താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ, പ്രാർത്ഥനയെക്കുറിച്ച് പരിശുദ്ധതമ ത്രിത്വവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ പ്രാവശ്യം നടത്തിയ വിശകലനം തുടർന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു: 

പ്രഭാഷണം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥന, പരിശുദ്ധതമ ത്രിത്വവുമായുള്ള, പ്രത്യേകിച്ച് പരിശുദ്ധാത്മാവുമായുള്ള ഒരു ബന്ധമാണ് എന്ന നിലയിലുള്ള പരിചിന്തനം ഇന്ന് നാം പൂർത്തിയാക്കുകയാണ്.

പരിശുദ്ധാത്മാവാകുന്ന ദാനം

എല്ലാ ക്രിസ്തീയ അസ്തിത്വത്തിൻറെയും പ്രഥമ ദാനം പരിശുദ്ധാത്മാവാണ്. ഇത് നിരവധി ദാനങ്ങളിൽ ഒന്നല്ല, പ്രത്യുത, മൗലിക ദാനമാണ്. നമുക്കായി അയയ്ക്കുമെന്ന് യേശു വാഗ്ദാനം ചെയ്ത ദാനമാണ് ഈ ആത്മാവ്.  പരിശുദ്ധാരൂപിയെ കൂടാതെ ക്രിസ്തുവിനോടും പിതാവിനോടും  ബന്ധം പുലർത്തുക സാധ്യമല്ല. കാരണം, ദൈവസാന്നിധ്യത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കുകയും ദൈവത്തിൻറെ ഹൃദയംതന്നെയായ സ്നേഹത്തിൻറെ "ചുഴലിക്കാറ്റിലേക്ക്" അതിനെ ആകർഷിക്കുകയും ചെയ്യുന്നത് ആത്മാവാണ്. ഈ ഭൂമിയിലെ യാത്രയിൽ മാത്രമല്ല ത്രിത്വത്തിൻറെ രഹസ്യത്തിലും നമ്മൾ അതിഥികളും തീർത്ഥാടകരുമാണ്. ഒരു ദിവസം, മൂന്നു വഴിയാത്രക്കാരെ തൻറെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുകവഴി ദൈവത്തെ കണ്ടുമുട്ടിയ അബ്രഹാമിനെപ്പോലെയാണ് നമ്മൾ. ദൈവത്തെ “അബ്ബാ - പിതാവേ” എന്ന് വിളിച്ചപേക്ഷിക്കാൻ നമുക്ക് യഥാർഥത്തിൽ കഴിയുമെങ്കിൽ, അത്, പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നതിനാലാണ്. പരിശുദ്ധാരൂപിയാണ് നമ്മെ ആഴത്തിൽ പരിവർത്തനം ചെയ്യുകയും യഥാർത്ഥ ദൈവമക്കളെന്ന നിലയിൽ ദൈവത്താൽ സ്നേഹിക്കപ്പെടുന്നതിൻറെ  ഹൃദയസ്‌പൃക്കായ സന്തോഷം അനുഭവിച്ചറിയാൻ പ്രാപ്തരാക്കുകയും ചെയ്യുന്നത്. ദൈവോന്മുഖമായ എല്ലാ ആദ്ധ്യാത്മിക പ്രവർത്തനങ്ങളും നമ്മുടെ ഉള്ളിൽ നടത്തുന്നുത് പരിശുദ്ധാത്മാവാണ്, ഈ ദാനമാണ്. യേശുവിനോടു കൂടി പിതാവിങ്കലേക്ക് ക്രൈസ്തവജീവിതത്തെ നയിക്കുന്നതിന് നമ്മിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു.

പ്രാർത്ഥനയിലേക്കാനയിക്കുന്ന പരിശുദ്ധാരൂപി

കത്തോലിക്കാസഭയുടെ മതബോധനം ഇതെക്കുറിച്ച് പറയുന്നു: “നാം ഒരോതവണയും യേശുവിനോട് പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ, പരിശുദ്ധാത്മാവാണ് അവിടത്തെ പൂർവ്വഗത കൃപയാൽ നമ്മെ പ്രാർത്ഥനയുടെ പാതയിലേക്ക് ആകർഷിക്കുന്നത്. ഈ അരൂപി ക്രിസ്തുവിനെ അനുസ്മരിപ്പിച്ചുകൊണ്ട് നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിനാൽ, പരിശുദ്ധാരൂപിയോടു പ്രാർത്ഥിക്കാതിരിക്കാൻ നമുക്കെങ്ങനെ സാധിക്കും? അതുകൊണ്ടാണ് എല്ലാ ദിവസവും പരിശുദ്ധാത്മാവിനോടു പ്രാർഥിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നത്, സർവ്വോപരി, ഏതെങ്കിലും സുപ്രധാന കർമ്മത്തിൻറെ തുടക്കത്തിലും ഒടുക്കത്തിലും"( 2670). ഇതാ, നമ്മിൽ ആത്മാവിൻറെ പ്രവൃത്തി. അവിടന്നു നമ്മെ യേശുവിനെക്കുറിച്ച് "ഓർമ്മിപ്പിക്കുകയും" യേശുവിനെ ഒരു ഗതകാലപുരുഷനായി ചുരുക്കാതിരിക്കുന്നതിന് അവിടത്തെ നമ്മുടെ മുന്നിൽ സന്നിഹിതനാക്കുകയും ചെയ്യുന്നു. ക്രിസ്തു കാലത്തിൽ അകലെയായിരുന്നുവെങ്കിൽ, നാം ഈ ലോകത്തിൽ തനിച്ചായിപ്പോകുകയും പാഴ്ജന്മങ്ങളായിപ്പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ആത്മാവിൽ സകലവും ചൈതന്യമുള്ളവയായിത്തീർന്നു: ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള സാധ്യത എക്കാലത്തെയും എല്ലായിടത്തെയും ക്രിസ്ത്യാനികൾക്ക് തുറന്നുകിട്ടിയിരിക്കുന്നു. അവിടന്ന് വിദൂരസ്ഥനല്ല, നമ്മോടൊപ്പമുണ്ട്: പത്രോസിനോടും പൗലോസിനോടും മഗ്ദലന മറിയത്തോടും, മറ്റു അപ്പസ്തോലന്മാരോടും ചെയ്തതുപോലെ, അവിടന്ന്, ഇപ്പോഴും ശിഷ്യന്മാരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്തുകൊണ്ട് പഠിപ്പിക്കുന്നു. എന്തുകൊണ്ടാണ് യേശു സന്നിഹിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് പരിശുദ്ധാരൂപി യേശുവിനെ നമ്മുടെ ഉള്ളിലേക്കു കൊണ്ടുവരുന്നത്?

രൂപപ്പെടുത്തുന്ന പരിശുദ്ധാത്മാവ്

പ്രാർത്ഥിക്കുന്നവരായ അനേകരുടെ ജീവിതാനുഭവമാണിത്: ക്രിസ്തുവിൻറെ "പരിമാണം” അനുസരിച്ച് പരിശുദ്ധാത്മാവ്, കരുണയിലും, സേവനത്തിലും, പ്രാർത്ഥനയിലും സ്ത്രീപുരുഷന്മാരെ രൂപപ്പെടുത്തി. ഇതുപോലുള്ള ആളുകളെ കണ്ടുമുട്ടാൻ കഴിയുന്നത് ഒരു കൃപയാണ്: അവരിൽ വ്യത്യസ്തമായൊരു ജീവിതം തുടിക്കുന്നുവെന്ന് ഒരുവന് മനസ്സിലാകുന്നു, അവരുടെ നോട്ടം "സീമാതീതം" ആണ്. സന്ന്യാസിമാരെക്കുറിച്ചും തപസ്വികളെക്കുറിച്ചും മാത്രമല്ല നമ്മൾ ചിന്തിക്കുക; സാധാരണക്കാർക്കിടയിൽ, ദൈവവുമായുള്ള സംഭാഷണത്തിൻറെ, ചിലപ്പോൾ വിശ്വാസത്തെ ശുദ്ധീകരിക്കുന്ന ആന്തരിക പോരാട്ടത്തിൻറെ നീണ്ട കഥ മെനഞ്ഞെടുത്ത ആളുകൾക്കിടയിൽ, അവരെ കാണാം. ഈ എളിയ സാക്ഷികൾ സുവിശേഷത്തിൽ, സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്ത ദിവ്യകാരണ്യത്തിൽ, യാതനയനുഭവിക്കുന്ന സഹോദരൻറെ വദനത്തിൽ, ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ സാന്നിദ്ധ്യത്തെ രഹസ്യാഗ്നിപോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

യേശു കൊണ്ടുവന്ന സ്നേഹാഗ്നി കെടുത്തരുത്

യേശു ഭൂമിയിലേക്ക് കൊണ്ടുവന്ന ഈ അഗ്നിയെ, അതായത്, ദൈവസ്നേഹത്തെ, പരിശുദ്ധാത്മാവിനെ ജ്വലിപ്പിച്ചു നിറുത്തുകയാണ് ക്രൈസ്തവരുടെ പ്രഥമ ദൗത്യം (ലൂക്കാ 12:49),. ആത്മാവിൻറെ അഗ്നിയില്ലെങ്കിൽ, പ്രവചനങ്ങൾ അണഞ്ഞുപോകും, സന്തോഷത്തിൻറെ സ്ഥാനം സന്താപം കവരും, സ്നേഹത്തിനു പകരം  സമ്പ്രദായം സ്ഥാനം പിടിക്കും, സേവനം അടിമത്തമായി പരിണമിക്കും. ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്ന സക്രാരിക്കടുത്തു കത്തിച്ചു വച്ചിരിക്കുന്ന ദീപത്തിൻറെ ചിത്രം മനസ്സിലേക്കു കടന്നു വരുന്നു. പള്ളി ശൂന്യമാകുമ്പോഴും സായാഹ്നമാകുമ്പോഴും, പള്ളി അടഞ്ഞുകിടക്കുമ്പോഴും, ആ വിളക്ക് തെളിഞ്ഞിരിക്കുന്നു, കത്തിക്കൊണ്ടിരിക്കുന്നു: ആരും കാണുന്നില്ലയെങ്കിലും അത് കർത്താവിൻറെ മുമ്പാകെ കത്തിനില്ക്കുന്നു.

പ്രാർത്ഥനയുടെ ആന്തരിക ഗുരുവായ പരിശുദ്ധാരൂപി

വീണ്ടും, മതബോധനഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് നാം കാണുന്നു: “നമ്മുടെ അസ്തിത്വം മുഴുവനം വ്യാപിക്കുന്ന അഭിഷേകമായ പരിശുദ്ധാത്മാവ്, ക്രിസ്തീയ പ്രാർത്ഥനയുടെ ആന്തരിക ഗുരുവാണ്. ജീവസുറ്റ പ്രാർത്ഥനാപാരമ്പര്യത്തിൻറെ ശില്പിയാണ് അവിടന്ന്. പ്രാർഥിക്കുന്നവർ അനേകരെന്ന പോലെതന്നെ പ്രാർത്ഥനാ മാർഗ്ഗങ്ങളും നിരവധിയാണെന്നതിൽ സംശയമില്ല, എന്നാൽ എല്ലാവരിലും എല്ലാവരോടുംകൂടെ പ്രവർത്തിക്കുന്നത് ഒരേ ആത്മാവാണ്. ക്രിസ്തീയ പ്രാർത്ഥന സഭയിലെ പ്രാർത്ഥനയാകുന്നത് പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയിലാണ്" (2672).

നാം പ്രാർത്ഥിക്കുന്നുണ്ടോ?

പലപ്പോഴും സംഭവിക്കുന്നത് ഇതാണ്, നാം പ്രാർത്ഥിക്കുന്നില്ല, പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ പ്രാർത്ഥിക്കാൻ അറിയില്ല, അതുമല്ലെങ്കിൽ, തത്ത പറയുന്നതുപോലെ നാം പലതവണ അധരംകൊണ്ട് ആവർത്തിക്കുന്നു എന്നാൽ ഹൃദയം ദൂരെയെങ്ങോ ആയിരിക്കുകയും ചെയ്യുന്നു. ഇതാണ് പരിശുദ്ധാരൂപിയോട് പറയാൻ പറ്റിയ സമയം: "പരിശുദ്ധാത്മാവേ, വരിക, വന്നാലും എൻറെ ഹൃദയത്തിന് ചൂടു പകരുക. അങ്ങ് വന്ന് എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക, പിതാവിനെ നോക്കാൻ എന്നെ പഠിപ്പിക്കുക, പുത്രനെ നോക്കാൻ എന്നെ പഠിപ്പിക്കുക. വിശ്വാസത്തിൻറെ പാത എങ്ങനെയാണെന്ന് എന്നെ പഠിപ്പിക്കുക. എങ്ങനെ സ്നേഹിക്കാമെന്ന് എന്നെ പഠിപ്പിക്കുക, എല്ലാറ്റിനുമുപരിയായി പ്രത്യാശാമനോഭാവം പുലർത്താൻ എന്നെ പഠിപ്പിക്കുക”. നമ്മുടെ ജീവിതത്തിൽ സന്നിഹിതനായിരിക്കുന്നതിന് ആത്മാവിനെ നിരന്തരം വിളിക്കുക.

നമ്മുടെ കഥയുടെ കർത്താവാകുന്ന പരിശുദ്ധാരൂപി

ആകയാൽ, സഭയുടെയും ലോകത്തിൻറെയും ചരിത്രം രചിക്കുന്നത് ആത്മാവാണ്. അവിടന്നാണ് അതു ചെയ്യുന്നത്. അവിടത്തെ കൈപ്പട സ്വീകരിക്കാൻ സന്നദ്ധമായ തുറന്ന താളുകളാണ് നമ്മൾ. നമ്മിൽ ഓരോരുത്തരിലും ആത്മാവ് യഥാർത്ഥ കൃതികൾ രചിക്കുന്നു, കാരണം പരസ്പരം തീർത്തും സാമ്യമുള്ള ഒരു ക്രിസ്ത്യാനിയും ഒരിക്കലുമില്ല. വിശുദ്ധിയുടെ അതിരുകളില്ലാത്ത വയലിൽ, ഏകദൈവം, സ്നേഹത്തിൻറെ ത്രിത്വം, പലതരം സാക്ഷികൾ തഴച്ചുവളരാൻ ഇടയാക്കുന്നു: ഔന്നത്യത്തിൽ തുല്യരാണ് എല്ലാവരും, എന്നാൽ ദൈവത്തിൻറെ കരുണ അവിടത്തെ മക്കളാക്കിയവരിലോരോരുത്തരിലും ആത്മാവ് ആവിഷ്ക്കരിക്കാൻ അഭിലഷിക്കുന്ന സൗന്ദര്യത്തിൽ അതുല്യരുമാണ്. ആത്മാവ് സന്നിഹിതനാണ്, നമ്മിലുണ്ട് എന്നത് നാം മറക്കരുത്. നമ്മൾ ആത്മാവിനെ ശ്രവിക്കുന്നു, നാം ആത്മാവിനെ വിളിക്കുന്നു - അത് ദൈവം നമുക്കു നൽകിയ ദാനമാണ്, സമ്മാനമാണ്, അവനോട് പറയുക: "എന്നാൽ, പരിശുദ്ധാരൂപിയെ, അവിടത്തെ മുഖം എങ്ങനെയാണെന്ന് എനിക്കറിയില്ല - ഞങ്ങൾക്ക് അറിയില്ല - പക്ഷേ, അങ്ങാണ് ശക്തിയെന്നും, അങ്ങാണ് വെളിച്ചമെന്നും എന്നെ നടത്താനും പ്രാർത്ഥിക്കാൻ പഠിപ്പിക്കാനും അങ്ങേയ്ക്കു കഴിയുമെന്നും എനിക്കറിയാം. പരിശുദ്ധാത്മാവേ വന്നാലും”. മനോഹരമായ ഒരു പ്രാർത്ഥനയാണിത്: "പരിശുദ്ധാത്മാവേ, വരൂ". നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പരാഗ്വായ്ക്കും മ്യന്മാറിനും വേണ്ടി പാപ്പായുടെ അഭ്യർത്ഥന

തെക്കെ അമേരിക്കൻ നാടായ പരഗ്വായിലും പ്രജാധിപത്യപ്രക്ഷോഭണ വേദിയായ മ്യന്മാറിലും നിന്നെത്തുന്ന ആശാങ്കാജനകങ്ങളായ വാർത്തകളിൽ തൻറെ വേദനയറിയിച്ച പാപ്പാ അന്നാടുകളിൽ സമാധാനം ഉണ്ടാകുന്നതിനുവേണ്ടി സംഭാഷണത്തിൻറെ പാത പിൻചെല്ലണമെന്ന തൻറെ അഭ്യർത്ഥന ആവർത്തിച്ചു.

പരഗ്വായുടെ പ്രശ്നങ്ങൾക്ക് സംഭാഷണത്തിലൂടെ പരിഹാരം കാണുക

ഈ വാരത്തിൽ, പരാഗ്വയിൽ നിന്നെത്തുന്ന വാർത്തകൾ തന്നിൽ ആശങ്കയുളവാക്കിയിരിക്കയാണെന്നു പറഞ്ഞ പാപ്പാ നിലവിലുള്ള പ്രതിസന്ധികൾക്ക് മതിയായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അങ്ങനെ ദീർഘകാലമായി കാത്തിരുന്ന സമാധാനം കെട്ടിപ്പടുക്കുന്നതിനും ആത്മാർത്ഥമായ സംഭാഷണത്തിൻറെ മാർഗ്ഗം അവലംബിക്കാൻ ആഹ്വാനം ചെയ്തു.

അക്രമം എല്ലായ്പ്പോഴും സ്വയം നശിക്കുന്നതിന് കാരണമാകുമെന്നും ഒന്നും അക്രമം കൊണ്ടു ഒന്നും നേടാനാകില്ലെന്നും എന്നാൽ നഷ്ടങ്ങൾ ഏറെയുണ്ടാകുമെന്നും പാപ്പാ മുന്നറിയിപ്പു നല്കി.

അക്രമം അവസാനിപ്പിക്കൂ

ഫെബ്രുവരി ഒന്നിന് മ്യന്മാറിൽ സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരത്തിലേറിയതിനെ തുടർന്ന് ജനങ്ങൾ, പ്രത്യേകിച്ച് യുവത, സൈനികാധിപത്യത്തിനെതിരെ, അന്നാട്ടിൽ ആരംഭിച്ചിരിക്കുന്ന ജനകീയപ്രക്ഷോഭണത്തെ സൈന്യം അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ സംജാതമായിരിക്കുന്ന നാടകീയമായ അവസ്ഥ പാപ്പാ ഒരിക്കൽ കൂടി അനുസ്മരിച്ചുകൊണ്ട് ഇങ്ങനെ തുടർന്നു: 

“സ്വന്തം നാടിന് പ്രതീക്ഷയേകുന്നതിന് നിരവധിപ്പേർ, സർവ്വോപരി, യുവജനങ്ങൾ ജീവൻ നഷ്ടപ്പെടുത്തുന്ന മ്യന്മാറിലെ നാടകീയമായ അവസ്ഥയെക്കുറിച്ച് അതീവ ദുഃഖത്തോടെ ഒരിക്കൽകൂടി അനുസ്മരിക്കേണ്ടതിൻറെ അടിയന്താരാവശ്യകത എനിക്ക് അനുഭവപ്പെടുന്നു. ഞാനും മ്യന്മാറിലെ വീഥികളിൽ മുട്ടുകുത്തി അഭ്യർത്ഥിക്കുന്നു: അക്രമം അവസാനിപ്പിക്കൂ. ഞാനും കൈകൾ വിരിച്ചുപിടിച്ച് പറയുന്നു: സംഭാഷണം പ്രബലപ്പെടട്ടെ! രക്തച്ചൊരിച്ചിലുകൾ ഒന്നിനും പരിഹാരമല്ല. സംഭാഷണം വിജയിക്കട്ടെ!”

സമാപനാഭിവാദ്യങ്ങൾ, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ

പൊതുദർശന പരിപാടിയുടെ സമാപനത്തിനു മുമ്പ് ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച (19/03/2021) വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ചു.

ഈ മഹാ വിശുദ്ധൻറെ മാതൃക ചൂണ്ടിക്കാണിക്കാനും  എല്ലാവരുടെയും ജീവിതം ആ വിശുദ്ധന് ഭരമേല്പ്പിക്കാനും തനിക്കുള്ള സന്തോഷം പാപ്പാ വെളിപ്പെടുത്തി.

വിശുദ്ധ ഔസേപ്പിതാവിനെപ്പോലെ ജ്ഞാനമുള്ളവരായിരിക്കാനും സുവിശേഷം മനസ്സിലാക്കാനും പ്രയോഗത്തിൽ വരുത്താനും സന്നദ്ധതയുള്ളവരായിരിക്കാനും പാപ്പാ പ്രചോദനം പകർന്നു.

തുടർന്ന് പാപ്പാ പതിവുപോലെ, പ്രായമായവർ, ചെറുപ്പക്കാർ, രോഗികൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.

ജീവിതത്തിലും, ജോലിസ്ഥലത്തും, കുടുംബത്തിലും, സന്തോഷസന്താപങ്ങളുടെയും വേദനയുടെയും നിമിഷങ്ങളിൽ, വിശുദ്ധ ഔസേപ്പിതാവ് കർത്താവിനെ നിരന്തരം അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്തുവെന്നും നീതിമാൻ, ബുദ്ധിമാൻ എന്നീ തിരുലിഖിത പ്രശംസയ്ക്ക് അദ്ദേഹം അർഹനായി എന്നും പാപ്പാ അനുസ്മരിച്ചു.

എല്ലായ്പ്പോഴും, പ്രത്യേകിച്ച് അഭിമുഖീകരിക്കണ്ടിവരുന്ന, പ്രയാസകരമായ നിമിഷങ്ങളിൽ. വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം തേടാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

17 March 2021, 15:10