തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണവേളയിൽ, വത്തിക്കാനിൽ, പേപ്പൽഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ, 03/03/2021 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണവേളയിൽ, വത്തിക്കാനിൽ, പേപ്പൽഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ, 03/03/2021 

യേശു, ദൈവവുമായുള്ള സംഭാഷണത്തിലേക്കു തുറക്കുന്ന വാതിൽ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: പ്രാർത്ഥന, നമ്മെ, യേശുക്രിസ്തുവിലൂടെ, ത്രിത്വത്തിലേക്കു തുറക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, കോവിദ് 19 മഹാമാരി സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഇപ്പോൾ, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെയാണല്ലൊ ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ച അനുവദിക്കുന്നത്.  വിഭൂതിത്തിരുന്നാൾ, നോമ്പുകാല ധ്യാനം എന്നീ കാരണങ്ങളാൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ ഈ പരിപാടി ഉണ്ടായിരുന്നില്ല. ഈ ബുധനാഴ്ച (03/03/21) പാപ്പാ അത് പുനരാംരംഭിച്ചു. പതിവുപോലെ പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്,പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, താൻ പ്രാർത്ഥനയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന വിചിന്തനം തുടർന്നു.  പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ വിവർത്തനം: 

നമ്മെ ത്രിത്വത്തിലേക്കു തുറക്കുന്ന പ്രാർത്ഥന

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥനയെക്കുറിച്ചുള്ള നമ്മുടെ പ്രബോധനപരമ്പരയിൽ നമ്മൾ  ഇന്നും അടുത്ത ആഴ്ചയും കാണാൻ ശമിക്കുക, പ്രാർത്ഥന, ത്രിത്വത്തിലേക്ക്, സ്നേഹംതന്നെയായ ദൈവമാകുന്ന അപാര സമുദ്രത്തിലേക്ക്, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തിലേക്ക്- യേശുക്രിസ്തുവഴി,   നമ്മെ എങ്ങനെ തുറക്കുന്നുവെന്നാണ്. യേശുവാണ് നമുക്ക് സ്വർഗ്ഗം തുറന്നുതന്നതും ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ ആനയിക്കുന്നതും. അവിടന്നാണ് ഇതു ചെയ്തത്:പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിയേകദൈവവുമായുള്ള ബന്ധം നമുക്കായി തുറുന്നുതന്നു. തൻറെ സുവിശേഷത്തിൻറെ ആമുഖത്തിൻറെ അവസാനത്തിൽ അപ്പോസ്തലൻ യോഹന്നാൻ ഇത് സ്ഥിരീകരിക്കുന്നു: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല: പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്”(1:18). യേശു, ദൈവത്തിൻറെ ഈ അനന്യത വെളിപ്പെടുത്തി. എങ്ങനെ പ്രാർഥിക്കണമെന്ന് നമുക്ക് അറിയില്ലായിരുന്നു: ദൈവത്തിന് അനുയോജ്യമായ വാക്കുകൾ, വികാരങ്ങൾ, ശൈലികൾ ഏവയാണെന്ന് നമുക്കജ്ഞാതമായിരുന്നു. ഈ പ്രബോധന പരമ്പരയിൽ നാം പലപ്പോഴും അനുസ്മരിച്ച വാക്കുകൾ, അതായത് ശിഷ്യന്മാർ  ദിവ്യഗുരുവിനോടു നടത്തിയ അഭ്യർത്ഥനയിൽ എല്ലാം, അതായത്, മനുഷ്യൻ ഇരുട്ടിൽ തപ്പിത്തടയുന്നതും പലപ്പോഴും പരാജയപ്പെടുന്ന അവൻറെ പരിശ്രമങ്ങളുമെല്ലാം ഉണ്ട്: “കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ” (ലൂക്കാ 11,1)

ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകളും

എല്ലാ പ്രാർത്ഥനകളും ഒരുപോലെയല്ല, എല്ലാം സൗകര്യപ്രദമല്ല: പല പ്രാർത്ഥനകളുടെയും ദൗർഭാഗ്യകരമായ ഫലത്തെക്കുറിച്ച്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയെക്കുറിച്ച് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷേ ദൈവം നമ്മുടെ പ്രാർത്ഥനകളിൽ സംപ്രീതനാകുന്നില്ല, നാം അത് തിരിച്ചറിയുന്നുമില്ല. ദൈവം പ്രാർത്ഥിക്കുന്നവൻറെ കരങ്ങൾ നോക്കുന്നു: അവ ശുദ്ധമാക്കാൻ കഴുകേണ്ടതില്ല, എന്നാൽ, തിന്മകൾ വെടിയുകതന്നെ വേണം. വിശുദ്ധ ഫ്രാൻസീസിൻറെ മൗലികമായ പ്രാർത്ഥന ഇങ്ങനെയായിരുന്നു: “അങ്ങയുടെ നാമം ഉച്ചരിക്കാൻ പോലും ഒരു മനുഷ്യനും യോഗ്യനല്ല”,Nullu homo ène dignu te mentovare. (Cantico di frate sole).

റോമൻ ശതാധിപൻറെ തിരിച്ചറിവ്

എന്നാൽ ഒരുപക്ഷേ, നമ്മുടെ പ്രാർത്ഥനയുടെ ഏറ്റവും ദരിദ്രമായ അവസ്ഥയെക്കുറിച്ചുള്ള ഏറ്റം ഹൃദയസ്പർശിയായ തിരിച്ചറിവ്, രോഗിയായ തൻറെ ദാസനെ സുഖപ്പെടുത്താൻ ഒരു ദിവസം യേശുവിനോട് അപേക്ഷിക്കുന്ന  റോമൻ ശതാധിപൻറെ അധരങ്ങളിലൂടെ പ്രസ്പഷ്ടമാകുന്നു (മത്തായി 8:5-13).തൻറെ കുറവുകളെക്കുറിച്ചു അവന് തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു: അദ്ദേഹം യഹൂദനയാരുന്നില്ല, വെറുക്കപ്പെട്ട അധിനിവേശ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ ദാസൻറെ കാര്യത്തിലുള്ള അവൻറെ ആശങ്ക അവന് ധൈര്യം പകരുകയും അവൻ ഇങ്ങനെ പറയുകയും ചെയ്യുന്നു: “കർത്താവേ അങ്ങ് എൻറെ ഭവനത്തിൽ പ്രവേശിക്കുന്നതിന് ഞാൻ യോഗ്യനല്ല, എന്നാൽ അങ്ങ് ഒരു വാക്കു പറഞ്ഞാൽ മതി എൻറെ ദാസൻ സൗഖ്യം പ്രാപിക്കും” (മത്തായി 8,8). ഓരോ വിശുദ്ധ കുർബ്ബാനാർപ്പണത്തിലും നാം ആവർത്തിക്കുന്ന വ്യാക്യമാണിത്. ദൈവവുമായി സംഭാഷിക്കുകയെന്നത് ഒരു കൃപയാണ്: നമുക്ക് അതിന് യോഗ്യതയില്ല, അവിടത്തോട് വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കാൻ യാതൊരു അവകാശവും നമുക്കില്ല, ഓരോ വാക്കും ചിന്തയുംകൊണ്ട് നാം മുടന്തിനടക്കുകയാണ്..... എന്നാൽ യേശുവാകട്ടെ ദൈവവുമായുള്ള ഈ സംഭാഷണത്തിലേക്കു തുറക്കുന്ന വാതിലാണ്.

മനുഷ്യനോടടുക്കാത്ത ഒരു ദൈവം

മനുഷ്യൻ ദൈവത്താൽ സ്നേഹിക്കപ്പെടേണ്ടത് എന്തുകൊണ്ടാണ്? വ്യക്തമായ കാരണങ്ങളൊന്നുമില്ല, ഒരു അനുപാതവുമില്ല ... മാനുഷിക കാര്യങ്ങളിൽ ഇടപെടുന്ന ഒരു ദൈവത്തെക്കുറിച്ച് മിക്ക പുരാണകഥകളിലും പരാമർശമില്ലതാനും; തന്നെയുമല്ല അവ അസ്വസ്ഥജനകവും വിരസവും തീർത്തും അവഗണനീയവുമാണ്. ആ ദൈവത്തിന് തന്നെക്കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയൂ. ഇനി എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ, മനുഷ്യരായ നമ്മളാണ് ദൈവികതയെ സ്വാധീനിക്കാനും അവിടത്തെ നയനങ്ങൾക്കുമുന്നിൽ സംപ്രീതരായിത്തീരാനും ശ്രമിക്കുന്നത്. ഇവിടെ നിന്നാണ്, മൗനിയും നിസ്സംഗനുമായ ഒരു ദൈവത്തിന് നിരന്തരം കൃതജ്ഞതയർപ്പിക്കുന്നതിന് ബലികളുടെയും ഭക്തിയുടെയും ഒരു ഘോഷയാത്രതന്നെ നടത്തുകയെന്ന മതപരമായ കടമ ഉടലെടുക്കുന്നത്. ഇവിടെ സംഭാഷണമില്ല.

മനുഷ്യനെ സ്നേഹിക്കുന്ന ദൈവനം നന്ദിഹീനനായ മനുഷ്യനും

മനുഷ്യനെ സ്നേഹിക്കുന്ന ഒരു ദൈവം. നാം യേശുവിനെ അറിഞ്ഞിരുന്നില്ലെങ്കിൽ ആ ദൈവത്തെ വിശ്വസിക്കാൻ നമുക്ക് ഒരിക്കലും ധൈര്യമുണ്ടാകുമായിരുന്നില്ല. അത്, കരുണയുള്ള പിതാവിൻറെയൊ, അല്ലെങ്കിൽ, നഷ്ടപ്പെട്ടുപോയ ആടിനെ  തിരയുന്ന ഇടയൻറെയൊ (ലൂക്കാ 15) ഉപമയിൽ കൊത്തിവച്ചിരിക്കുന്നതായി നാം കാണുന്ന അപവാദമാണ്. യേശുവിനെ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ നമുക്ക് ഈ കഥകളെക്കുറിച്ച് ചിന്തിക്കാനും, അവ മനസിലാക്കാൻ പോലും കഴിയുമായിരുന്നില്ല. ഏതു ദൈവമാണ് മനുഷ്യർക്കുവേണ്ടി മരിക്കാൻ സന്നദ്ധനായത്? പ്രതിസ്നേഹം ആഗ്രഹിക്കാതെ എല്ലായ്പ്പോഴും ക്ഷമയോടെ സ്നേഹിക്കുന്നത് ഏത് ദൈവമാണ്? മുൻ‌കൂട്ടി അവകാശം ചോദിച്ചുവാങ്ങുകയും വീടുവിട്ടുപോയി എല്ലാം നശിപ്പിക്കുകയും ചെയ്യുന്ന കടുത്ത നന്ദികേടുകാട്ടുന്ന ഒരു മകനെ  ഏത് ദൈവമാണ് സ്വീകരിക്കുക? (ലൂക്കാ 15:12-13).

യേശു വെളിപ്പെടുത്തുന്ന പിതാവായ ദൈവം

അങ്ങനെ, ദൈവം എത്രമാത്രം പിതാവായിരിക്കുന്നുവെന്ന് യേശു സ്വജീവിതം കൊണ്ട് വിശദീകരിക്കുന്നു. “താം പാത്തെർ നെമോ” (Tam Pater nemo): ആരും അവനെപ്പോലെയുള്ള പിതാവല്ല. പരിശുദ്ധാത്മാവിൽ നിറഞ്ഞു നില്ക്കുന്ന സ്നേഹത്തെക്കുറിച്ചും പിതാവും പുത്രനും പരിശുദ്ധാത്മാവിനുമുള്ള പരസ്പര നന്മയുടെ ആഴത്തെക്കുറിച്ചും ചിന്തിക്കുക നമുക്ക് ആയാസകരമാണ്. നാം വളരെ അകലെയാണുതാനും. പ്രപഞ്ചം മുഴുവൻറെയും ഉത്ഭവവും ആനന്ദവുമാകുന്ന ഈ രഹസ്യത്തെക്കുറിച്ച് എന്തെങ്കിലും ഊഹിച്ചെടുക്കുന്നതിന് പൗരസ്ത്യ ബിംബചിത്രകല (oriental icon) നമ്മെ സഹായിക്കുന്നു. 

മനുഷ്യനിലേക്കിറങ്ങുന്ന ദിവ്യസ്നേഹം

എല്ലാറ്റിനുമുപരിയായി, ഈ ദിവ്യസ്നേഹം പ്രസരിക്കുമെന്നും നമ്മുടെ മനുഷ്യതീരത്ത് ഇറങ്ങുമെന്നും വിശ്വസിക്കുക എന്നത് നമ്മിൽ നിന്ന് വളരെ അകലെയായിരുന്നു: ഭൂമിയിൽ അതുല്യമായ ഒരു സ്നേഹത്തിൻറെ അതിരാണ് നാം. കത്തോലിക്കാസഭയുടെ മതബോധനം ഇങ്ങനെ വിശദീകരിക്കുന്നു: " യേശുവിൻറെ പരിശുദ്ധ മാനവികത, നമ്മുടെ പിതാവായ ദൈവത്തോട് പ്രാർത്ഥിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്ന മാർഗ്ഗമാണ്" ( 2664). ഇത് നമ്മുടെ വിശ്വാസത്തിൻറെ കൃപയാണ്. ഇതിനെക്കാൾ ഉന്നതമായ ഒരു വിളിയക്കുറിച്ചു നമുക്കു പ്രത്യാശിക്കാനാകില്ല: യേശുവിൻറെ മനുഷ്യസ്വഭാവം - ദൈവം യേശുവിൽ നമുക്കു സമീപസ്ഥനായി-, ത്രിത്വത്തിൻറെ ജീവിതം നമുക്ക് ലഭ്യമാക്കി, പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാരൂപിയുടെയും സ്നേഹരഹസ്യത്തിൻറെ ഈ വാതിൽ തുറന്നു, മലർക്കെ തുറന്നു. നന്ദി.

പ്രഭാഷണാനന്തരാഭിവാദ്യങ്ങൾ

പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, മുഖ്യ പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

മ്യാന്മാറിൽ തടവിലാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക

ഫെബ്രുവരി ഒന്നിന് സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യന്മാറിൽ (ബർമ്മ) നിന്ന് രക്തരൂഷിതസംഘർഷങ്ങളുടെയും മനുഷ്യജീവനുകൾ പൊലിയുന്നതിൻറെയുമായ ദുഃഖകരമായ വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

അടിച്ചമർത്തലുകളുടെ മേൽ സംഭാഷണവും അഭിപ്രായഭിന്നതകളുടെമേൽ ഏകതാനതയും പ്രബലപ്പെടണമെന്ന് മാർപ്പാപ്പാ ബന്ധപ്പെട്ട അധികാരികളെ ഓർമ്മിപ്പിച്ചു.

മ്യാൻമറിലെ ജനങ്ങളുടെ അഭിലാഷങ്ങളെ അക്രമങ്ങൾ ഞെരുക്കാതിരിക്കുന്നതിനുവേണ്ടി പരിശ്രമിക്കാൻ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

വിദ്വേഷവും അനീതിയും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിമാറുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ പ്രത്യാശ പ്രിയപ്പെട്ട അന്നാട്ടിലം യുവതയിൽ ഉളവാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

മ്യന്മാർ സമീപകാലത്ത് ആരംഭിച്ച പ്രജാധിപത്യ പ്രയാണം പുനരാരംഭിക്കാൻ സാധിക്കണമെങ്കിൽ അന്നാട്ടിൽ തടവുകാരാക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയനേതാക്കളെ വിട്ടയക്കുകയെന്ന സമൂർത്തമായ പ്രവർത്തിയിലൂടെ മാത്രമെ സാധിക്കുകയുള്ളു എന്ന് താൻ ഒരു മാസം മുമ്പു പറഞ്ഞത് പാപ്പാ ആവർത്തിച്ചു.

ഇറാക്ക് സന്ദർശനത്തിന് പ്രാർത്ഥനാസഹായം പാപ്പാ അഭ്യർത്ഥിക്കുന്നു

താൻ ഇറാക്കിലേക്കു നടത്താൻ പോകുന്ന ഇടയസന്ദർശനത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

താൻ നടത്താൻ പോകുന്നത് മൂന്നു ദിവസത്തെ തീർത്ഥാടനമാണെന്നും ഏറെ പീഢിപ്പിക്കപ്പെട്ട ഇറാക്ക് ജനതയെ, അബ്രഹാമിൻറെ മണ്ണിൽ രക്തസാക്ഷിയായ സഭയെ സന്ദർശിക്കണമെന്നത് തൻറെ ദീർഘനാളായുള്ള അഭിലാഷമാണെന്നും പാപ്പാ വെളിപ്പെടുത്തി.

ഇറാക്കിൽ, വിശ്വാസികൾക്കു മദ്ധ്യേയുള്ള സാഹോദര്യത്തിൽ ഇതരമത നേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാർപ്പാപ്പാ പറഞ്ഞു.

ഈ അപ്പസ്തോലികയാത്ര മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതിനും അത്  പ്രതീക്ഷിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും വേണ്ടി പ്രാർത്ഥനാസഹായം പാപ്പാ അഭ്യർത്ഥിച്ചു.

ഇറാക്കിലെ ജനത പാപ്പാസന്ദർശനം പാർത്തിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ ആ ജനത വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ അന്നാട്ടിൽ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആ സന്ദർശനം നടത്താൻ പാപ്പായ്ക്കായില്ലെന്നും അവരെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്നും പറഞ്ഞു.

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. 

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2021, 15:48

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >