ബംഗ്ലാദേശിലെ ജനതയ്ക്ക് പാപ്പാ ഫ്രാൻസിസിന്‍റെ അഭിവാദ്യങ്ങൾ

രാഷ്ട്ര പിതാവായ മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദിയും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലിയും... ഹ്രസ്വവീഡിയോ ഇംഗ്ലിഷ് അടിക്കുറിപ്പോടെ.

-  ഫാദർ വില്യം  നെല്ലിക്കൽ

1. രണ്ടു ജന്മദിനങ്ങൾ 
രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദിയും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലിയും ആഘോഷിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്ക് പാപ്പാ ഫ്രാൻസിസ് അനുമോദനങ്ങളും ആശംസകളും നേർന്നു. ഇത് സംബന്ധിച്ച വീഡിയോ സന്ദേശം മാർച്ച് 24 ബുധനാഴ്ചയാണ് ഡാക്കയിലേയ്ക്ക് വത്തിക്കാൻ അയച്ചത്.

മാർച്ച് 26, വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിന്‍റെ റിപ്പബ്ലിക് ദിനം.

2. സുവർണ്ണ ബംഗാൾ
വർഷങ്ങളായി ദൈവം ബംഗ്ലാദേശിന് നല്കുന്ന അനുഗ്രഹങ്ങൾക്ക് അന്നാട്ടിലെ ജനങ്ങൾക്കൊപ്പം താൻ ദൈവത്തിന് നന്ദിപറയുന്നതായി ആദ്യം പാപ്പാ പ്രസ്താവിച്ചു. അതുല്യമായ പ്രകൃതിഭംഗിയും ആധുനിക രാഷ്ട്രത്തിന്‍റെ ഊർജ്ജവും സ്വായത്തമായ “സോനാർ ബംഗ്ല” (സുവർണ്ണ ബംഗാൾ) ബംഗാളി ഭാഷയാൽ ഏകീകരിക്കപ്പെട്ടതാണെങ്കിലും വ്യത്യസ്ത പാരമ്പര്യങ്ങളേയും സംസ്കാരങ്ങളേയും ആശ്ലേഷിക്കുന്നതുമാണ്. വിജ്ഞാനവും ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും സമന്വയിച്ച ഒരു നേതൃത്വമായിരുന്നു മുജിബൂർ റഹ്മാൻ സംഭാവനചെയതതെന്ന് പാപ്പാ ഫ്രാൻസിസ് അനുസ്മരിച്ചു. 2017 ഓഗസ്റ്റിലെ തന്‍റെ അപ്പസോതോലിക സന്ദർശനം ബംഗ്ലാദേശിന്‍റെ ആത്മാവിനെ തൊട്ടറിയുവാൻ ഇടയാക്കിയെന്ന് പാപ്പാ ഗൃഹാതുരത്വത്തോടെ അനുസ്മരിച്ചു. നിരവധി ദേശീയ വിഭജനങ്ങളുടേയും കഷ്ടപ്പാടുകളുടേയും പ്രതിസന്ധികളെ അതിജീവിച്ച കരുത്തുറ്റ ജനതയ്ക്ക് പാപ്പാ സന്ദേശത്തിൽ ആദരവു സമർപ്പിച്ചു.

3. വരുംതലമുറയോട്...

ബംഗ്ലാദേശിന്‍റെ ഒരു സുഹൃത്തെന്ന നിലയിൽ എന്നും ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഉദാത്തമായ ഒരു രാഷ്ട്രീയ സുസ്ഥിരതയ്ക്കുവേണ്ടി സമാധാനത്തിന്‍റേയും പരസ്പര വിനിമയത്തിന്‍റേയും പാത സ്വീകരിച്ചു മുന്നേറുവാൻ ബംഗ്ലാദേശ് ജനതയോട്, പ്രത്യേകിച്ചും യുവജനങ്ങളോട് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാൻസിസ് സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2021, 09:46