തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാസന്ദേശം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, 21/03/2021 ഞായർ ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാസന്ദേശം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, 21/03/2021 ഞായർ  (© Vatican Media)

ദൈവത്തിൻറെ: ശൈലി സാമീപ്യം, അനുകമ്പ, ആർദ്രത!

ഇന്നും പലരും, പലപ്പോഴും , “യേശുവിനെ കാണാനും” അവനുമായി കൂടിക്കാഴ്ച നടത്താനും അവനെ അറിയാനും വ്യക്തമായി ആഗ്രഹിക്കുന്നു..... ഈ അഭിലാഷത്തോട് ക്രൈസ്തവർ ജീവിത സാക്ഷ്യം കൊണ്ട് പ്രത്യുത്തരിക്കണം..... ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ച (21/03/21) ഫ്രാൻസീസ് പാപ്പാ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ്  മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. കോവിദ് 19 രോഗ സംക്രമണം വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിനാൽ ഇറ്റലി നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിലാണ് പാപ്പാ സമ്പർക്കമാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനാ സന്ദേശമേകുകയും പ്രാർത്ഥന ചൊല്ലുകയും ചെയ്തത്. മാർച്ച് 15-മുതൽ ഏപ്രിൽ 6 വരെയാണ് നിലവിലെ സാഹചര്യത്തിൽ ഇറ്റലിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്രാൻസീസ് പാപ്പാ, പ്രാർത്ഥനയ്ക്കു മുമ്പ്, സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (21/02/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ  സുവിശേഷം 12,20-33 വരെയുള്ള വാക്യങ്ങൾ, അതായത്, മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയം സമാഗതമായിരിക്കുന്നുവെന്നും താൻ ഭൂമിയിൽ നിന്നുയർത്തപ്പെടുമ്പോൾ സകലരെയും തന്നിലേക്കാകർഷിക്കുമെന്നും യേശു പറയുന്ന സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ  ഇപ്രകാരം പറഞ്മാഞ്ഞു:

ഗ്രീക്കുകാർ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു

പ്രിയ സഹോദരീസഹോദരന്മാരേ!

നോമ്പുകാലത്തിലെ ഈ അഞ്ചാം ഞായറാഴ്ച, ആരാധനാക്രമം  പ്രഘോഷിക്കുന്നത്, ക്രിസ്തുവിൻറെ ജീവിതത്തിൻറെ അന്ത്യനാളുകളിൽ, അവിടത്തെ പീഡാസഹനത്തിന് അല്പം മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് യോഹന്നാൻ സൂചിപ്പിക്കുന്ന ഭാഗമാണ്. യേശുവിൻറെ ചെയ്തികളിൽ ആകാംക്ഷപൂണ്ടവരായ ഏതാനും ഗ്രീക്കുകാർ അവിടന്ന് പെസഹാതിരുന്നാളിനായി ജറുസലേമിൽ എത്തിയപ്പോൾ അവിടത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവർ അപ്പസ്‌തോലൻ ഫിലിപ്പോസിനെ സമീപിച്ച് അവനോടു പറഞ്ഞു: “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു” (യോഹന്നാൻ 12,21). ഈ അഭിലാഷം നമുക്കോർക്കാം: “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു”. ഇക്കാര്യം ഫിലിപ്പോസ് അന്ത്രയോസിനോടു പറയുന്നു. തുടർന്ന് അവർ ഒരുമിച്ച് അത് ഗുരുവിനെ ധരിപ്പിക്കുന്നു. ആ ഗ്രീക്കുകാരുടെ അഭ്യർത്ഥനയിൽ, നമുക്ക്, എല്ലായിടത്തും എക്കാലത്തും സഭയോടും നാമോരോരുത്തരോടും ഉന്നയിക്കുന്ന ഈ ആവശ്യം  തിരിച്ചറിയാൻ സാധിക്കും: "ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു".

യേശുവിൻറെ പ്രതികരണം

ആ അഭ്യർത്ഥനയോട് യേശു എങ്ങനെ പ്രതികരിക്കുന്നു? അവിടത്തെ ഉത്തരം ചിന്തോദ്ദീപകമാണ്. അവിടന്ന് ഇപ്രകാരം പറയുന്നു: “മനുഷ്യപുത്രൻ മഹത്വപ്പെടേണ്ട സമയമായിരിക്കുന്നു. ...… ഗോതമ്പുമണി നിലത്തുവീണു അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. എന്നാൽ അത് അഴിയുന്നെങ്കിലോ ധാരാളം ഫലം പുറപ്പെടുവിക്കും" (യോഹന്നാൻ 12, 23-24). ഈ വാക്കുകൾ ആ ഗ്രീക്കുകാർ ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമായി തോന്നുന്നില്ല. വാസ്തവത്തിൽ, ഈ വാക്കുകൾ അതിനൊക്കെ അപ്പുറം കടക്കുന്നതാണ്. വാസ്തവത്തിൽ, തന്നെ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനെ സംബന്ധിച്ചും താൻ, ധാരാളം ഫലം പുറപ്പെടുവിക്കുന്നതിനായി അഴിയാൻ സന്നദ്ധമായിരിക്കുന്ന മറഞ്ഞുകിടക്കുന്ന വിത്താണെന്ന് യേശു വെളിപ്പെടുത്തുന്നു. അത് ഇങ്ങനെ പറയുന്നതുപോലെയാണ്: നിങ്ങൾക്ക് എന്നെ അറിയണമെങ്കിൽ, എന്നെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിലത്ത് വീണ് അഴിയുന്ന ഗോതമ്പുമണിയെ നോക്കുക, അതായത് കുരിശിലേക്ക് നോക്കുക.

ക്രൈസ്തവരുടെ വിശ്ഷ്ടതമ പ്രതീകം-കുരിശ്

നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളുടെ അതിതവിശിഷ്ട പ്രതീകമായി മാറിയിരിക്കുന്ന കുരിശടയാളത്തെക്കുറിച്ച് ചിന്തിച്ചുപോകുന്നു. ഇന്നും “യേശുവിനെ കാണാൻ” ആഗ്രഹിക്കുന്നവർ, ഒരുപക്ഷേ ക്രിസ്തുമതം അധികം അറിയപ്പെടാത്ത രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വന്നവരായിരിക്കാം, അവർ സർവ്വോപരി കാണുന്നത് എന്താണ്? കണ്ടുമുട്ടുന്ന ഏറ്റവും സാധാരണമായ അടയാളം ഏതാണ്? അത് കുരിശാണ്. പള്ളികളിൽ, ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ, സ്വന്തം ശരീരത്തിൽ പോലും അതു കാണാം. അടയാളം സുവിശേഷവുമായി പൊരുത്തപ്പെടുന്നതായിരിക്കണം എന്നതാണ് സുപ്രധാനം: കുരിശിന്, സ്നേഹം, സേവനം, സമ്പൂർണ്ണ ആത്മ ദാനം എന്നിവ മാത്രമേ പ്രകടിപ്പിക്കാനാവൂ: ഈ വിധത്തിൽ മാത്രമേ അത് യഥാർത്ഥത്തിൽ "ജീവൻറെ", “സമൃദ്ധമായ ജീവൻറെ”, വൃക്ഷമായിരിക്കുകയുള്ളൂ.

യേശുവിനെ കാണാൻ ഇന്നും അഭിലഷിക്കുന്നവർ നിരവധി, ക്രൈസ്തവരുടെ ഉത്തരവാദിത്വം

ഇന്നും പലരും, പലപ്പോഴും പറയാതെ തന്നെ, “യേശുവിനെ കാണാനും” അവനുമായി കൂടിക്കാഴ്ച നടത്താനും അവനെ അറിയാനും വ്യക്തമായി  ആഗ്രഹിക്കുന്നു. ഇതിൽ നിന്നാണ്, ക്രിസ്ത്യാനികളായ നമ്മുടെയും നമ്മുടെ സമൂഹങ്ങളുടെയും വലിയ ഉത്തരവാദിത്തം മനസ്സിലാക്കാൻ കഴിയുക. സേവനത്തിലൂടെ സ്വയം അർപ്പിക്കുന്ന ഒരു ജീവിതത്തിൻറെ, ദൈവത്തിൻറെ ശൈലി, അതായത്, സാമീപ്യം അനുകമ്പ, ആർദ്രത എന്നിവയടങ്ങിയ ശൈലി സ്വായത്തമാക്കി, സേവനത്തിൽ സ്വയം നൽകുന്ന ഒരു ജീവിതത്തിൻറെ, സാക്ഷ്യംകൊണ്ട് നമ്മൾ  പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നു. പറന്നുപോകുന്ന വാക്കുകൾ കൊണ്ടല്ല, പ്രത്യുത, സമൂർത്തങ്ങളും സാധാരണങ്ങളും ധീരവുമായ മാതൃകകൊണ്ട് സ്നേഹത്തിൻറെ വിത്തുകൾ വിതയ്ക്കുകയാണിത്. സൈദ്ധാന്തികമായ അപലപനങ്ങളിലൂടെയല്ല സ്നേഹത്തിൻറെ പ്രവൃത്തികളിലൂടെയാണ് ഇതു ചെയ്യേണ്ടത്. അപ്പോൾ കർത്താവ്, തെറ്റിദ്ധാരണകൾ, ബുദ്ധിമുട്ടുകൾ, പീഡനങ്ങൾ, അല്ലെങ്കിൽ പൗരോഹിത്യ നിയമവ്യവസ്ഥകളുടെയോ ധാർമ്മികതയുടെയോ അവകാശവാദങ്ങൾ എന്നിവ കാരണം നിലം വരണ്ടുണങ്ങിതാണെങ്കിൽപ്പോലും അവിടത്തെ കൃപയാൽ നമ്മെ ഫലം പുറപ്പെടുവിക്കാൻ പ്രാപ്തരാക്കും. ഇത് തരിശുഭൂമിയാണ്. അപ്പോൾ, പരീക്ഷണത്തിലും ഏകാന്തതയിലും, വിത്ത് നശിച്ചുപോകുന്ന വേളയാണ്, കൃത്യസമയത്ത് പാകമായ ഫലം പുറപ്പെടുവിക്കുന്നതിന് ജീവിതം തളിരിടുന്ന നിമിഷം. മരണത്തിൻറെയും ജീവിതത്തിൻറെയും ഈ ഇഴച്ചേർച്ചയിലാണ് നമുക്ക് സ്നേഹത്തിൻറെ സന്തോഷവും യഥാർത്ഥ ഫലവും അനുഭവിക്കാൻ കഴിയുന്നത്. ഞാൻ ആവർത്തിച്ചു പറയുന്നു, ദൈവത്തിൻറെ ശൈലിയിലാണ് അത് നല്കപ്പെടുന്നത്, ആ ശൈലി ഇതാണ്: സാമീപ്യം, അനുകമ്പ, ആർദ്രത.

പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം

യേശുവിനെ അനുഗമിക്കാനും സേവന പാതയിൽ ശക്തരും സന്തുഷ്ടരുമായി നടക്കാനും കന്യാമറിയം നമ്മെ സഹായിക്കട്ടെ, അങ്ങനെ ക്രിസ്തുവിൻറെ സ്നേഹം നമ്മുടെ എല്ലാ മനോഭാവങ്ങളിലും വിളങ്ങുകയും അത് നമ്മുടെ ദൈനംദിന ജീവിത ശൈലിയായി ഉപരിയുപരി മാറുകയും ചെയ്യട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

 

മാഫിയയ്ക്കെതിരെ പാപ്പായുടെ സ്വരം ഒരിക്കൽക്കൂടി

ആശീർവ്വാദാനന്തരം പാപ്പാ, മാഫിയയ്ക്ക് ഇരകളായവരുടെ ഓർമ്മദിനവും അവരോടുള്ള പ്രതിബദ്ധതാ ദിനവും ഇറ്റലിയിൽ  ഈ ഞായറാഴ്ച (21/03/21) ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മാഫിയകൾ കോവിദ് 19 പകർച്ചവ്യാധി മുതലെടുത്ത് അഴിമതി നടത്തി സമ്പത്താർജ്ജിച്ചുകൊണ്ടിരിക്കുന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അവരുടെ "മരണ സംസ്കാരത്തെ" അപലപിച്ചതും, ബെനഡിക്ട് പതിനാറാമൻ അവർ "മരണത്തിൻറെ വഴികൾ" ആണെന്ന് കുറ്റപ്പെടുത്തിയതും പാപ്പാ അനുസ്മരിച്ചു. ക്രിസ്തുവിൻറെസുവിശേഷത്തിന് വിരുദ്ധമായ പാപത്തിൻറെ ഈ ഘടനകൾ, മാഫിയ സംവിധാനങ്ങൾ, വിശ്വാസത്തെ വിഗ്രഹാരാധനയുമായി വച്ചുമാറുവെന്ന് പാപ്പാ കുറ്റപ്പെടുത്തി. മാഫിയകൾക്ക് ഇരകളായവരെ ഓർക്കാനും മാഫിയയ്ക്കെതിരായ പ്രവർത്തനം നവീകരിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

ലോക ജലദിനം

മാർച്ച് 22-ന് ലോക ജലദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

ദൈവദത്തമായ അത്ഭുതകരവും പകരംവയ്ക്കാനാവാത്തതുമായ ഈ ദാനത്തിൻറെ മൂല്യത്തെക്കുറിച്ചു ചിന്തിക്കാൻ ഈ ദിനാചരണം  നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം, "സഹോദരി വെള്ളം" ഒരു വില്പനച്ചരക്കല്ല, പ്രത്യുത ഒരു സാർവ്വത്രിക ചിഹ്നവും ജീവൻറെയും ആരോഗ്യത്തിൻറെയും ഉറവിടവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അനേകം സഹോദരങ്ങൾക്ക് വളരെക്കുറച്ചു മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും, ഒരുപക്ഷേ അവർക്ക് കിട്ടുന്നത് മലിന ജലമായിരിക്കാമെന്നും പറഞ്ഞ പാപ്പാ എല്ലാവർക്കും കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. സുപ്രധാനമായ ഈ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന വവിവിധ മേഖലകളിലുള്ള വിദഗ്ദ്ധർക്കും ഉത്തരവാദിത്വമുള്ളവർക്കും പാപ്പാ നന്ദി പറയുകയും പ്രചോദനമേകുകയും ചെയ്തു.

തൻറെ മാതൃരാജ്യമായ അർജന്തീനയിലുള്ള ജല സർവ്വകലാശാലയെയും വെള്ളത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു. ഈ ജല സർവകലാശാലയിൽ ജോലി ചെയ്യുന്ന അർജന്തീനാക്കാർക്ക് പാപ്പാ  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

മാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവരെയും, പ്രത്യേകിച്ച്, രോഗികളെയും ഏകാന്തത അനുഭവിക്കുന്നവരെയും അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുകയും   തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിച്ചു.

 

22 March 2021, 14:28

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >