ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

നാളയെ പടുത്തയർത്താൻ നല്ല സമറായക്കാരൻറെ ശൈലി!

സഹനം തന്നെ മാറ്റുമെന്നും അപരൻറെ സഹനം ഇല്ലാതാക്കാൻ താൻ പരിശ്രമിക്കണമെന്നുമുള്ള അവബോധം പുലർത്തിക്കൊണ്ട്, ഒരുവൻ, തന്നെ സ്പർശിക്കാൻ, താൻ കാണുന്നവയെ അനുവദിക്കേണ്ടത് നല്ല സമറായൻറെ ശൈലിയിൽ അടങ്ങിയിരിക്കുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി നമ്മുടെ വ്യക്തിജീവിതത്തിലും നമ്മുടെ സമൂഹത്തിൻറെ ചരിത്രത്തിലും മുദ്രപതിച്ചിരിക്കുന്ന യാഥാർത്ഥ്യത്തിൻറെയും ഇതര യാഥാർത്ഥ്യങ്ങളുടെയും മുന്നിൽ നാം നാളയെ കെട്ടിപ്പടുക്കാനും ഭാവിയിലേക്കു നോക്കാനും പരിശ്രമിക്കണമെന്ന് മാർപ്പാപ്പാ പ്രചോദനം പകരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ലോസ് ആഞ്ചെലെസ് അതിരൂപത ഈ മാസം 18-21 വരെ (18-21/02/2021) ഇൻറർനെറ്റു വഴി സംഘടിപ്പിച്ചിരിക്കുന്ന മത വിദ്യഭ്യാസ സമ്മേളനത്തോടനുബന്ധിച്ച് അതിൻറെ ഉദ്ഘാടന ദിനമായിരുന്ന വ്യാഴാഴ്ച (18/02/21) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്ന “വാഗ്ദാനം വിളംബരം ചെയ്യുക” എന്ന വിചിന്തനപ്രമേയത്തെക്കുറിച്ചു അനുസ്മരിച്ചുകൊണ്ട് ഈ പ്രോത്സാഹനമേകിയിരിക്കുന്നത്.

നാളയെ കെട്ടിപ്പടുക്കാനും ഭാവിയിലേക്കു നോക്കാനും കഴിയണമെങ്കിൽ നല്ല സമറയാക്കരൻറെ ശൈലി നാം സ്വീകരിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

സഹനം തന്നെ മാറ്റുമെന്നും അപരൻറെ സഹനം ഇല്ലാതാക്കാൻ താൻ പരിശ്രമിക്കണമെന്നുമുള്ള അവബോധം പുലർത്തിക്കൊണ്ട്, ഒരുവൻ, തന്നെ സ്പർശിക്കാൻ, താൻ കാണുന്നവയെ  അനുവദിക്കേണ്ടത് നല്ല സമറായൻറെ ശൈലിയിൽ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ വിശദീകരിക്കുന്നു.

“വാഗ്ദാനം പ്രഘോഷിക്കുക” എന്ന ഈ സമ്മേളനത്തിൻറെ വിചിന്തനപ്രമേയത്തെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ, പരസ്പരബന്ധങ്ങളുടെ തലത്തിലുള്ളതും ബൗദ്ധികവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ പുത്തൻ ഊർജ്ജങ്ങൾ ഓരോ സ്ത്രീയും പുരുഷനും തലമുറയും ഉള്ളിൽ സംവഹിക്കുന്നു എന്നത് നാം ഓർക്കണമെന്ന് തൻറെ “ഫ്രത്തേല്ലി തൂത്തി” ” (Fratelli tutti, n. 196) എന്ന ചാക്രികലേഖനത്തിൽ നിന്നുദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിക്കുന്നു.

തീർച്ചയായും നാം കടന്നുപോകുന്നത് ബുദ്ധിമുട്ടു നിറഞ്ഞ ഒരു കാലത്തിലൂടെയാണ്, പ്രതിസന്ധിയുടെ സമയമാണിത് എന്ന വസ്തുത അനുസ്മരിക്കുന്ന പാപ്പാ, “വാഗ്ദാനം പ്രഘോഷിക്കുക” എന്ന വിചിന്തന പ്രമേയം അതിപ്രസക്തമാണെന്ന് പറയുന്നു.

ദൈവം നമുക്ക് വാഗ്ദാനം നല്കിയിരിക്കുന്നുവെന്നും ആ വാഗ്ദാനം അവിടന്ന് എന്നും പാലിക്കുന്നുവെന്നും നാം പ്രഘോഷിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ലോസ് ആഞ്ചെലെസ് അതിരൂപതയുടെ ആഭിമുഖ്യത്തിൽ അനുവർഷം സംഘടിപ്പിക്കപ്പെടുന്ന  മത വിദ്യഭ്യാസ സമ്മേളനത്തിൻറെ അറുപത്തിയഞ്ചാം വാർഷികത്തിനും കാലിഫോർണിയ രൂപതയാചരിക്കുന്ന അമ്പതാം യുവജനദിനത്തിനും പാപ്പാ ആശംസകൾ നേരുകയും ചെയ്യുന്നു.

ഈ രണ്ടു സംരംഭങ്ങളും സുദീർഘവും ഫലദായകവുമായ യാത്ര തുടരുകയാണെന്ന് പാപ്പാ പറഞ്ഞു.

പ്രത്യാശയുള്ളവരായിരിക്കാനും നവമായൊരു മാനവിക സൗന്ദര്യത്തിൻറെ, സാഹോദര്യത്തിൻറെയും സൗഹൃദത്തിൻറെയും സൗഷ്ടവത്തിൻറെ കവികൾ ആയിത്തീരാനും പാപ്പാ യുവജനങ്ങൾക്ക് പ്രത്യേകം പ്രചോദനം പകർന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2021, 13:12