ഫ്രാൻസീസ് പാപ്പാ, വഭൂതിത്തിരുന്നാൾ ദിനത്തിൽ ദിവ്യബലി മദ്ധ്യേ ശിരസ്സിൽ ചാരം പൂശുന്ന കർമ്മം നിർവ്വഹിക്കുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 17/02/21 ഫ്രാൻസീസ് പാപ്പാ, വഭൂതിത്തിരുന്നാൾ ദിനത്തിൽ ദിവ്യബലി മദ്ധ്യേ ശിരസ്സിൽ ചാരം പൂശുന്ന കർമ്മം നിർവ്വഹിക്കുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 17/02/21 

പാപ്പാ: നോമ്പുകാലം ദൈവത്തിങ്കലേക്കുള്ള ഒരു മടക്കയാത്ര!

പാശ്ചാത്യസഭയിൽ വലിയനോമ്പിന് ആരംഭം കുറിച്ച വിഭൂതിത്തിരുന്നാൾ ദിനത്തിൽ അഥവാ ക്ഷാരബുധനാഴ്ച (17/02/21) രാവിലെ, പ്രാദേശിക സമയം 9.30-ന്, ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ചാരം പൂശൽ കർമ്മമടങ്ങിയ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിഭൂതിത്തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച  ചിന്തകൾ:

“നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻറെ അടുക്കലേക്കു തിരിച്ചുവരുവിൻ” (ജോയേൽ 2,12)

നമ്മൾ തപസ്സുകാല യാത്ര ആരംഭിക്കുകയാണ്. പിന്തുടരേണ്ട ദിശ കാട്ടിത്തരുന്ന ജോയേൽ പ്രവാചകൻറെ വാക്കുകളോടെയാണ് അത്  തുടക്കം കുറിക്കുന്നത്. ദൈവത്തിൻറെ ഹൃത്തിൽ നിന്ന് ഉയിർകൊള്ളുന്നതും കൈകൾ വിരിച്ചുപിടിച്ച് കണ്ണുകളിൽ നിറഞ്ഞ ഗൃഹാതുരത്വത്തോടെ നമ്മോട് അപേക്ഷിക്കുന്നതുമായ ഒരു ക്ഷണമുണ്ട്: “നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻറെ അടുക്കലേക്കു തിരിച്ചുവരുവിൻ” (ജോയേൽ 2,12). നോമ്പുകാലം ദൈവത്തിലേക്കുള്ള ഒരു മടക്കയാത്രയാണ്. തിരക്കുളളവരായോ നിസ്സംഗരായോ നാം അവിടത്തോടു എത്രതവണ ഇങ്ങനെ പറഞ്ഞിരിക്കുന്നു; “കർത്താവേ ഞാൻ പിന്നീട് വന്നുകൊള്ളാം....നീ കാത്തിരിക്കുക. ഇന്ന് എനിക്ക് സാധിക്കില്ല, എന്നാൽ, നാളെ മുതൽ ഞാൻ പ്രാർത്ഥിക്കാനും മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും തുടങ്ങും”. ഇങ്ങനെ ഒരോ ദിവസവും കടന്നുപോകുന്നു. ഇപ്പോൾ ദൈവം നമ്മുടെ ഹൃദയത്തോട് അഭ്യർത്ഥിക്കുകയാണ്. ജീവിതത്തിൽ നമുക്ക് എല്ലായ്‌പ്പോഴും ചെയ്യേണ്ട കാര്യങ്ങളും അവതരിപ്പിക്കാനുള്ള ഒഴികഴിവുകളും ഉണ്ടായിരിക്കും, എന്നാൽ, സഹോദരീസഹോദരന്മാരേ, ഇപ്പോൾ ദൈവത്തിലേക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു. 

തപസ്സുകാലം: ഹൃദയത്തിൻറെ ദിശ തിരിച്ചറിയുന്നതിനുള്ള സമയം

പൂർണ്ണഹൃദയത്തോടെ എൻറെ അടുക്കലേക്ക് മടങ്ങിവരിക. നമ്മുടെ ജീവിതം മുഴുവനെയും നമ്മെയഖിലവും ബാധിക്കുന്ന ഒരു യാത്രയാണ് നോമ്പുകാലം. നമ്മെ ഭവനത്തിൽ തിരിച്ചെത്തിക്കുന്ന പാതയും സകലവും ആശ്രയിച്ചിരിക്കുന്ന ദൈവവുമായുള്ള മൗലികബന്ധവും വീണ്ടും കണ്ടെത്തുന്നതിനുവേണ്ടി, നമ്മൾ സഞ്ചരിക്കുന്ന വഴികൾ പരിശോധിക്കുന്നതിനുള്ള സമയമാണിത്. ചെറിയ ത്യാഗപ്രവർത്തികൾ ചെയ്യുന്നതിൽ ഒതുങ്ങുന്നതല്ല നോമ്പുകാലം, പിന്നെയോ നമ്മുടെ ഹൃദയം ഏതു ദിശോന്മുഖമാണ് എന്ന് വിവേചിച്ചറിയുന്നതിനുള്ള സമയമാണ്. നോമ്പുകാലത്തിൻറെ കേന്ദ്രം ഇതാണ്: എൻറെ ഹൃദയം തിരിഞ്ഞിരിക്കുന്നിടം. നമുക്ക് നമ്മോടുതന്നെ ചോദിച്ചു നോക്കാം: കർത്താവിന് പ്രീതികരമായിട്ടാണോ ഞാൻ ജീവിക്കുന്നത്, അതോ, മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാനോ, പ്രശംസ പിടിച്ചു പറ്റാനോ, അവരെ പ്രീതിപ്പെടുത്താനോ?. ഒരു ചുവടു മുന്നോട്ടും ഒന്ന് പിന്നോട്ടും വയ്ക്കുന്നതും ദൈവത്തെയും ലോകത്തെയും അല്പാല്പം സ്നേഹിക്കുന്നതുമായ ആടുന്ന  ഹൃദയമാണോ എനിക്കുള്ളത് അതോ ദൈവത്തിൽ ഉറച്ച ഹൃദയമാണോ? കാപട്യങ്ങളോടുകൂടി ഞാൻ സന്തോഷിച്ചു ജീവിക്കുകയാണോ അതോ ഹൃദയത്തെ കാപട്യങ്ങളിലും അതിനെ ബന്ധനസ്ഥമാക്കുന്ന കള്ളങ്ങളിലും നിന്ന് മോചിപ്പിക്കാൻ പോരാടുകയാണോ? 

പുറപ്പാടും നോമ്പുകാലവും

അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുറപ്പാടാണ് നോമ്പുകാല യാത്ര. ദൈവജനം സ്വദേശത്തേക്കു തിരികെപ്പോകുന്നതിനായി മരുഭൂമിയിൽ യാത്രചെയ്ത നാൽപ്പതു വർഷത്തെ ഓർമ്മിപ്പിക്കുന്നതാണ് നാല്പതു ദിനങ്ങൾ. എന്നാൽ ഈജിപ്തിൽ നിന്ന് പുറത്തുകടക്കുക എത്ര ക്ലേശകരമായിരുന്നു! ഗതകാലസുഖത്തെക്കുറിച്ചോർത്തു കരയാനും തിരികെ പോകാനും ഗതകാലസ്മരണയിലും ചില ബിംബങ്ങളിലും  തളച്ചിടാനുമുള്ള പ്രലോഭനം ആ യാത്രയിലുടനീളം ഉണ്ടായിരുന്നു. നമുക്കും അപ്രകാരം തന്നെയാണ്: ദൈവത്തിലേക്കുള്ള നമ്മുടെ മടക്കയാത്രയെ നമ്മുടെ അനാരോഗ്യകരങ്ങളായ ആസക്തികൾ തടസ്സപ്പെടുത്തുന്നു. ദുശ്ശീലങ്ങളുടെ  വശീകരണശക്തിയുള്ള നാടകളാലും ധനത്തിൻറെയും പ്രകടനപരതയുടെയും നമ്മെ തളർത്തുന്ന അസന്തുഷ്ടികളാലുള്ള വിലാപത്തിൻറെയുമായ പ്രമാദസുരക്ഷിതത്വങ്ങളാലും ഈ യാത്ര തടയപ്പെടുന്നു. ഈ മിഥ്യാധാരണകളെ തുറന്നു കാട്ടേണ്ടത് ഈ മടക്കയാത്രയ്ക്ക് ആവശ്യമാണ്.

ദൈവത്തിങ്കലേക്കുള്ള യാത്ര

അപ്പോൾ ദൈവത്തിലേക്കുള്ള യാത്ര എങ്ങനെ തുടരും? ദൈവവചനം നമ്മോടു വവരിക്കുന്ന യാത്രകൾ നമ്മെ സഹായിക്കുന്നു.   

മുടിയനായ പുത്രനെ നോക്കുമ്പോൾ മനസ്സിലാകും നമുക്കും പിതാവിൻറെ പക്കലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന്. ആ മകനെപ്പോലെ, നമ്മളും വീടിൻറെ പരിമളം മറന്നു, നിസ്സാരകാര്യങ്ങൾക്കായി വിലപിടിപ്പുള്ള വസ്തുക്കൾ നമ്മൾ നശിപ്പിച്ചു. ശൂന്യമായ കൈകളും അസംതൃപ്ത ഹൃദയവുമായി നാം നില്ക്കുന്നു. നമ്മൾ നിലംപൊത്തി: നമ്മൾ നിരന്തരം വീഴുന്ന കുട്ടികളാണ്, നടക്കാൻ ശ്രമിക്കുകയും എന്നാൽ നിലത്ത് വീഴുകയും ചെയ്യുന്ന ചെറിയ കുട്ടികളെപ്പോലെയാണ് നമ്മൾ, അവരെ ഒരോ പ്രാവശ്യവും പിതാവ് പിടിച്ചെഴുന്നേല്പിക്കേണ്ടിയിരിക്കുന്നു. പിതാവേകുന്ന പാപമോചനമാണ് നമ്മെ സദാ എഴുന്നേറ്റു നില്ക്കാൻ പ്രാപ്തരാക്കുന്നത്: ദൈവം നല്കുന്ന പാപമോചനമാണ്, കുമ്പസാരമാണ്, നമ്മുടെ മടക്കയാത്രയുടെ ആദ്യപടി. കുമ്പസാരക്കാരെ ഞാൻ ശിപാർശ ചെയ്യുകയാണ്, നിങ്ങൾ ഒരു പിതാവിനെ പോലെ ആയിരിക്കണം, നിങ്ങൾ ചാട്ടവാറുമായിട്ടല്ല മറിച്ച് ആശ്ലേഷവുമായിട്ടാണ് അവിടെ ഇരിക്കേണ്ടത്.

നന്ദിയേകാൻ  യേശുവിങ്കലേക്ക്

സുഖം പ്രാപിച്ച കുഷ്ഠരോഗിയെപ്പോലെ നന്ദിപറയാൻ നമ്മൾ യേശുവിൻറെ പക്കലേക്ക് മടങ്ങേണ്ടതുണ്ട്. പത്തുപേർ സുഖം പ്രാപിച്ചു, എന്നാൽ ഒരുവൻ മാത്രം രക്ഷിക്കപ്പെട്ടു, കാരണം അവൻ യേശുവിൻറെ പക്കലേക്കു മടങ്ങിയെത്തി (ലൂക്കാ 17: 12-19). നമുക്കെല്ലാവർക്കും ആത്മീയ രോഗങ്ങളുണ്ട്, നമുക്ക് സ്വയം അവ സുഖപ്പെടുത്താൻ കഴിയില്ല; നമുക്കെല്ലാവർക്കും ആഴത്തിലുള്ള ദുശ്ശീലങ്ങളുണ്ട്, നമുക്ക് തനിച്ച് അവയെ ഇല്ലാതാക്കാൻ കഴിയില്ല; നമ്മെ തളർത്തുന്ന ഭയം നമുക്കെല്ലാവർക്കും ഉണ്ട്, നമുക്കൊറ്റയ്ക്ക് അവയെ കീഴടക്കാൻ കഴിയില്ല. യേശുവിൻറെ അടുക്കലേക്കു മടങ്ങി അവിടത്തെ കാൽക്കൽ വീണ കുഷ്ഠരോഗിയെ നാം അനുകരിക്കേണ്ടതുണ്ട്. നമുക്ക് യേശുവിൻറെ രോഗശാന്തി ആവശ്യമാണ്, നമ്മുടെ മുറിവുകൾ അവിടത്തെ കാണിച്ചു കൊണ്ട് പറയണം: “യേശുവേ, എൻറെ പാപത്തോടും ദുരിതങ്ങളോടുംകൂടെ ഞാൻ ഇവിടെ നിൻറെ മുന്നിൽ നില്ക്കുന്നു. നീയാണ് വൈദ്യൻ, നിനക്ക് എന്നെ മോചിപ്പിക്കാനാകും. നീ എൻറെ ഹൃദയത്തിന് സൗഖ്യമേകുക”.

പൊടിയിലേക്കുള്ള മടക്കം

ദൈവവചനം വീണ്ടും നമ്മെ പിതാവിങ്കലേക്കു മടങ്ങാൻ, യേശുവിൻറെയടുത്തേക്കു മടങ്ങാൻ ക്ഷണിക്കുന്നു. വീണ്ടും, നമ്മൾ പരിശുദ്ധാത്മാവിൻറെ പക്കലേക്കു മടങ്ങാൻ വിളിക്കപ്പെട്ടിരിക്കുന്നു. ശിരസ്സിൽ പൂശുന്ന ചാരം നമ്മൾ പൊടിയാണെന്നും പൊടിയിലേക്ക് മടങ്ങുമെന്നും ഓർമ്മിപ്പിക്കുന്നു. എന്നാൽ നമ്മുടെ ഈ പൊടിയിലേക്കാണ് ദൈവം തൻറെ ജീവാത്മാവിനെ കടത്തിവിട്ടത്. ആകയാൽ നമുക്ക് പൊടിയെ പിന്തുടർന്ന്, ഇന്നുളളതും നാളെ ഇല്ലാതാകുന്നതുമായവയുടെ പിന്നാലെ പോയി, ജീവിക്കാൻ കഴിയില്ല. ജീവദാതവായ, നമ്മുടെ ചാരത്തെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അഗ്നിയായ, ആത്മാവിലേക്ക് മടങ്ങാം. നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന അഗ്നിനാളമാണത്. നമുക്ക് പരിശുദ്ധാത്മാവിനോട് വീണ്ടും പ്രാർത്ഥിക്കാം, വിലാപത്തിൻറെയും പരാജയത്തിൻറെയും ചാരം കത്തിച്ചുകളയുന്ന സ്തുതിപ്പിൻറെ അഗ്നി വീണ്ടും കണ്ടെത്താം.

സ്വയം താഴ്ത്തുന്ന ദൈവം

സഹോദരീ സഹോദരന്മാരേ, ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര സാധ്യമാകുന്നത് നമ്മുടെ അടുത്തേക്ക് അവിടന്ന് യാത്ര ചെയ്തതുകൊണ്ടാണ്. നമ്മൾ അവിടത്തെ പക്കലേക്കു പോകുന്നതിനുമുമ്പ് അവിടന്ന് നമ്മുടെ അടുത്തേക്കു വന്നു. അവിടന്നാണ് ആദ്യം പ്രവർത്തിക്കുന്നത്, അവിടന്ന് നമ്മെ കാണാൻ വന്നു. നമുക്കുവേണ്ടി അവിടന്ന്, നമുക്ക് സങ്കൽപ്പിക്കാവുന്നതിലും താഴേയ്ക്ക് ഇറങ്ങി: സ്വയം പാപമായി, മരണമായിത്തീർന്നു. വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു: "പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി". (2കോറിന്തോസ് 5:21). നമ്മെ തനിച്ചാക്കാതിരിക്കുന്നതിനും യാത്രയിൽ നമുക്കു തുണയാകുന്നതിനും വേണ്ടി അവിടന്ന് നമ്മുടെ പാപത്തിലേക്കും മരണത്തിലേക്കും ഇറങ്ങി. അപ്പോൾ നമ്മുടെ യാത്ര നമ്മെ കൈപിടിച്ചു നടത്താൻ അനുവദിക്കുകയാണ്. മടങ്ങിച്ചല്ലാൻ നമ്മെ വിളിക്കുന്നത് നമ്മെ അന്വേഷിച്ച് വീടുവിട്ടിറങ്ങുന്ന പിതാവാണ്; നമുക്ക് സൗഖ്യമേകുന്ന നാഥൻ കുരിശിൽ മുറിവേല്ക്കുന്നതിന് സ്വയം വിട്ടുകൊടുത്തവനാണ്. നമ്മുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നത് നമ്മുടെ പൊടിയിലേക്ക് ശക്തിയോടും മാധുര്യത്തോടും കൂടെ ഊതുന്ന അരൂപിയാണ്.

അനുരഞ്ജിതരാകുക

ആകയാൽ ഇതാ അപ്പോസ്തലൻറെ  യാചന: "ദൈവത്തോട് രമ്യതപ്പെടുവിൻ " (2കോറിന്തോസ് 5:20). നിങ്ങൾ സ്വയം അനുരഞ്ജിതരാകുവിൻ: യാത്ര നമ്മുടെ ശക്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല. പ്രവർത്തികളോടും അനുഷ്ഠാനങ്ങളോടും കൂടി ആവിഷ്കൃതമാകുന്ന ഹൃദയപരിവർത്തനം ദൈവത്തിൻറെ പ്രവർത്തനത്തിനുള്ള പ്രാഥമ്യത്തിൽ നിന്ന് ആരംഭിച്ചാൽ മാത്രമെ സാധ്യമാകൂ. പ്രകടിപ്പിക്കാനുള്ള നമ്മുടെ കഴിവുകളും യോഗ്യതകളുമല്ല, മറിച്ച് സ്വാഗതം ചെയ്യാനുള്ള അവിത്തെ കൃപയാണ് നമ്മെ അവിടത്തെ പക്കലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. അത്, യേശു സുവിശേഷത്തിൽ നമ്മോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്: മനുഷ്യരുടെ മുമ്പാകെ നാം പാലിക്കുന്ന നീതിയല്ല, മറിച്ച്, പിതാവുമായുള്ള ആത്മാർത്ഥമായ ബന്ധമാണ്   നമ്മെ നീതിമാന്മാരാക്കുന്നത്. ദൈവത്തിലേക്കുള്ള നമ്മുടെ മടക്കത്തിൻറെ തുടക്കം, നമുക്ക് അവിടത്തെ ആവശ്യമുണ്ടെന്ന, നാം കാരുണ്യം ആവശ്യമുള്ളവരാണെന്ന തിരിച്ചറിവാണ്. ഇതാണ് ശരിയായ മാർഗ്ഗം, വിനയത്തിൻറെ വഴി.

ചെറുതായിത്തീരേണ്ട നമ്മൾ

ചാരം സ്വീകരിക്കാൻ ഇന്ന് നാം തല കുനിക്കുന്നു. നോമ്പുകാലത്തിനുശേഷം നമ്മൾ സഹോദരങ്ങളുടെ പാദങ്ങൾ കഴുകുന്നതിനായി നമ്മെത്തന്നെ ഇതിൽ കൂടുതൽ താഴ്ത്തും. നമ്മുടെ ഉള്ളിലും മറ്റുള്ളവരിലേക്കുമുള്ള ഒരു താഴ്മായാർന്ന ഇറക്കമാണ് നോമ്പുകാലം. രക്ഷ, മഹത്വത്തിലേക്കുള്ള കയറ്റമല്ല, മറിച്ച് സ്നേഹത്തെപ്രതിയുള്ള താഴ്ത്തലാണെന്ന് മനസ്സിലാക്കലാണ്. നമ്മെ ചെറുതാക്കുക എന്നതാണത്. ഈ യാത്രയിൽ, നമ്മുടെ വഴി തെറ്റാതിരിക്കാൻ, നമുക്ക് യേശുവിൻറെ കുരിശിന് മുന്നിൽ നിൽക്കാം: അത് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണ്. അനുദിനം നമുക്ക് അവിടത്തെ മുറിവുകളിലേക്കു നോക്കാം. അവിടന്ന് സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി അനുദിനം മദ്ധ്യസ്ഥപ്രാർത്ഥനയിൽ പിതാവിനെ കാണിക്കുന്ന മുറിവുകളാണാണവ. ആ മുറിവുകളിലെ ദ്വാരങ്ങളിൽ നാം നമ്മുടെ ശൂന്യതയും, നമ്മുടെ പോരായ്മകളും, പാപത്തിൻറെ മുറിവുകളും, നമ്മെ വേദനിപ്പിച്ച പ്രഹരങ്ങളും തിരിച്ചറിയുന്നു. എന്നിട്ടും, ദൈവം നമുക്കെതിരെ വിരൽ ചൂണ്ടുന്നില്ല, മറിച്ച്, കൈകൾ വിരിച്ചുപിടിച്ചിരിക്കുന്നു എന്ന് നാം അതിൽ കാണുന്നു. അവിടത്തെ മുറിവുകൾ നമുക്കുവേണ്ടി തുറന്നിരിക്കുന്നു, ആ മുറിവുകളാൽ നാം സൗഖ്യം നേടി (1പത്രോസ് 2:25; ഏശയ്യ 53,5). നമുക്ക് അവയെ ചുംബിക്കാം, അവിടെ, ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ആ മുറിവുകളിൽ, ദൈവം തൻറെ അനന്തകാരുണ്യത്തോടെ നമ്മെ കാത്തിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. കാരണം, നാം ഏറ്റവും ദുർബ്ബലരായ അവിടെ, നാം ഏറ്റവും ലജ്ജിക്കുന്നിടത്ത്, അവിടുന്ന് നമ്മെ കാണാൻ വന്നു. നാം സ്നേഹിക്കപ്പെടുന്നതിൻറെ സന്തോഷം വീണ്ടും കണ്ടെത്താനായി തന്നിലേക്ക് മടങ്ങിവരാൻ, അവിടന്ന് കൂടിക്കാഴ്ചയ്ക്കത്തിയിരിക്കുന്ന ഈ സമയത്ത് അവിടന്ന് നമ്മെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2021, 15:45