തിരയുക

ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച (10/02/21) പ്രതികൂടിക്കാഴ്ചയുടെ സമാപനാശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച (10/02/21) പ്രതികൂടിക്കാഴ്ചയുടെ സമാപനാശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ, പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ 

പ്രാർത്ഥന, നമ്മുടെ വർത്തമാനകാലത്തെ കൃപയാക്കി മാറ്റുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

 കോവിദ് 19 രോഗസംക്രമണം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിൽ, ഈ ബുധനാഴ്ചയും (10/02/21),   ഫ്രാൻസീസ് പാപ്പാ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം അനുവദിച്ചത്.  പാപ്പാ, ത്രിത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, താൻ പ്രാർത്ഥനയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന വിചിന്തനം തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു: 

പ്രാർത്ഥന അനുദിന ജീവിതത്തിൽ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥന ആരാധനാക്രമത്തിൽ എപ്രകാരം അടിസ്ഥാനമിട്ടിരിക്കുന്നുവെന്ന് മുൻ പ്രബോധനങ്ങളിൽ നാം കാണുകയുണ്ടായി. ഇന്നു നാം അനാവരണം ചെയ്യുന്നത്, പ്രാർത്ഥന ആരാധനാക്രമത്തിൽ നിന്ന് ദൈനംദിന ജീവിതത്തിലേക്ക്, അതായത്, വഴികൾ, തൊഴിലിടങ്ങൾ, ഗതാഗതോപാധികൾ തുടങ്ങിയവയിലേക്ക്, എല്ലായ്പ്പോഴും കടക്കുന്നതെങ്ങിനെ എന്നാണ്..... അവിടെയാണ് ദൈവവുമായുള്ള സംഭാഷണം തുടരുക: സ്നേഹിക്കുന്നയാളെ, താൻ എവിടെയായിരുന്നാലും, സദാ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു കാമുകനെപ്പോലെയാണ് പ്രാർത്ഥിക്കുന്ന വ്യക്തി.

പ്രാർത്ഥന ജീവിതത്തിൽ  കനൽ സമാനം സദാ സജീവം

വാസ്തവത്തിൽ, ദൈവവുമായുള്ള ഈ സംഭാഷണത്തിൽ സകലവും സംഗ്രഹിക്കപ്പെടുന്നു: ഓരോ സന്തോഷവും സ്തുതിപ്പിന് നിദാനമായിത്തീരുന്നു, ഓരോ പരീക്ഷണവും സഹായാഭ്യർത്ഥനയ്ക്കുള്ള അവസരമാകുന്നു. അധരം സംസാരിക്കാത്തപ്പോഴും പ്രാർത്ഥന ജീവിതത്തിൽ, കനലു പോലെ, സദാ സജീവമാണ്. ഹൃദയം സംസാരിക്കുന്നു. എല്ലാ ചിന്തകളും, പ്രത്യക്ഷത്തിൽ “ലൗകികം” ആണെങ്കിൽ പോലും, പ്രാർത്ഥനാസാന്ദ്രമാകാം. മാനുഷിക ബുദ്ധിയിലും പ്രാർത്ഥനാപരമായ ഒരു മാനമുണ്ട്; വാസ്തവത്തിൽ അത് രഹസ്യാഭിമുഖമായ ഒരു ജാലകമാണ്: അത് നമ്മുടെ മുന്നിൽ കുറച്ചുമാത്രമുള്ള വഴികളെ പ്രകാശിപ്പിക്കുകയും തുടർന്ന്, അവയ്ക്ക് മുമ്പേപോകുന്നതും അവയെ ഉല്ലംഘിക്കുന്നതുമായ സമ്പൂർണ്ണ യാഥാർത്ഥ്യത്തിലേക്ക് സ്വയം തുറക്കുകയും ചെയ്യുന്നു. ഈ രഹസ്യത്തിൻറെ മുഖം അസ്വസ്ഥജനകമോ ക്ലേശദായകമോ അല്ല: ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ്, നമ്മുടെ കണ്ണുകൾക്കും ഉൾക്കണ്ണുകൾക്കും കാണാൻ കഴിയാത്തയിടത്ത് അനന്തമായ കൃപയല്ലാതെ മറ്റൊന്നുമില്ലെന്ന ആത്മവിശ്വാസം നൽകുന്നു. ക്രിസ്തീയ പ്രാർത്ഥന മനുഷ്യഹൃദയത്തിൽ അജയ്യ പ്രത്യാശ സംക്രമിപ്പിക്കുന്നു: നമ്മുടെ യാത്രയിൽ എന്തനുഭവം ഉണ്ടായാലും, ദൈവസ്നേഹത്തിന് അതിനെ നന്മയായി പരിണമിപ്പിക്കാൻ കഴിയും.

ഭാവിഭൂത കാലങ്ങളിലല്ല, പ്രത്യുത, വർത്തമാന കാലത്തിൽ നാം കർത്താവിനെ കണ്ടു മുട്ടുന്നു

അതെക്കുറിച്ച്, കത്തോലിക്കാസഭയുടെ മതബോധനം പറയുന്നു: “കർത്താവിൻറെ വചനം ശ്രവിക്കുകയും അവിടത്തെ പെസഹാരഹസ്യത്തിൽ പങ്കുകൊള്ളുകയും ചെയ്യുന്നതായ പ്രത്യേക നിമിഷങ്ങളിൽ നമ്മൾ പ്രാർത്ഥിക്കാൻ പഠിക്കുന്നു; എന്നാൽ എല്ലാ സമയത്തും, അനുദിന ജീവിതസംഭവങ്ങളിൽ, പ്രാർത്ഥന നമ്മിൽ നിന്നുയരുന്നതിനുവേണ്ടി തൻറെ ആത്മാവിനെ കർത്താവ് നമുക്കു നല്കുന്നു..... സമയം പിതാവിൻറെ കരങ്ങളിലാണ്; നാം അവിടന്നുമായി കണ്ടുമുട്ടുന്നത് വർത്തമാനകാലത്താണ്: ഇന്നലെയോ നാളെയോ അല്ല, ഇന്നാണ്" (2659).

"ഇന്ന്" എന്ന വിസ്മയദിനം

നാം ജീവിക്കുന്ന ഇന്നിനെക്കാൾ വിസ്മയകരമായ മറ്റൊരു ദിവസമില്ല. പ്രാർത്ഥനയാണ് അതിനെ കൃപയാക്കി മാറ്റുന്നത്, അല്ലെങ്കിൽ നമ്മെ രൂപാന്തരപ്പെടുത്തുന്നത്: അത് കോപത്തെ ശമിപ്പിക്കുന്നു, സ്നേഹത്തെ താങ്ങി നിറുത്തുന്നു, സന്തോഷം വർദ്ധിപ്പിക്കുന്നു, ക്ഷമിക്കാനുള്ള ശക്തി നൽകുന്നു. നാമല്ല, പ്രത്യുത, പ്രാർത്ഥന വഴി കൃപയാണ് നമ്മിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്ന് നമുക്കു തോന്നാം. ഓരോ ദിനവും പ്രാർത്ഥനയോടെ ആരംഭിക്കുന്ന പക്ഷം ധൈര്യം അകമ്പടിയായുണ്ടാകും. അങ്ങനെ, നാം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ ഇനി നമ്മുടെ സന്തോഷത്തിന് വിലങ്ങുതടികളല്ല, മറിച്ച്, അവ ദൈവത്തിൻറെ ആവശ്യപ്പെടലുകളാണ്, അവിടന്നുമായി നാം കണ്ടുമുട്ടുന്നതിനുള്ള അവസരങ്ങളാണ്.

ആരെയും ഒഴിവാക്ക പ്രാർത്ഥന

അതിനാൽ നമുക്ക് എല്ലായ്പ്പോഴും എല്ലാത്തിനും  എല്ലാവർക്കുമായി പ്രാർത്ഥിക്കാം. നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാത്രമല്ല, നാം അറിയാത്തവർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം; തിരുവെഴുത്ത് നമ്മെ  പലപ്പോഴും ക്ഷണിക്കുന്നതുപോലെ, നമ്മുടെ ശത്രുക്കൾക്കുവേണ്ടിയും നാം പ്രാർത്ഥിക്കുന്നു. നിറഞ്ഞുകവിയുന്ന ഒരു സ്നേഹത്തിലേക്ക് പ്രാർത്ഥന നമ്മെ ആനയിക്കുന്നു. എല്ലാറ്റിനുമുപരിയായി, അസന്തുഷ്ടരായ ആളുകൾക്കായി, ഏകാന്തതയിൽ കേഴുന്നവർക്കായി, ഇപ്പോഴും തങ്ങൾക്കായി സ്പന്ദിക്കുന്ന ഒരു സ്നേഹം ഉണ്ടെന്ന പ്രത്യാശയറ്റവർക്കായി നമ്മൾ  പ്രാർത്ഥിക്കുന്നു. പ്രാർത്ഥന അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു; അപ്പോൾ ദരിദ്രർക്ക്, ദൈവകൃപയാൽ, മനസ്സിലാക്കാൻ കഴിയുന്നു, അവരുടെ സന്ദിഗ്ദ്ധാവസ്ഥയിലും, ഒരു ക്രൈസ്തവൻറെ പ്രാർത്ഥന യേശുവിൻറെ അനുകമ്പ സന്നിഹിതമാക്കിത്തീർത്തുവെന്ന്. യേശു, വാസ്തവത്തിൽ, പരിക്ഷീണിതരും ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെ ആയിരുന്നവരുമായിരുന്ന ജനക്കൂട്ടത്തെ വലിയ അനുകമ്പയോടെയാണ് നോക്കിയത്. (മർക്കോസ് 6,34)

വിധിക്കരുത്

മറ്റുള്ളവരെ, അവരുടെ തെറ്റുകളും പാപങ്ങളും നോക്കാതെ സ്നേഹിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. ഒരു വ്യക്തി എന്നും അവൻറെ കർമ്മങ്ങളെക്കാൾ പ്രാധാന്യമുള്ളവനാണ്. യേശു ലോകത്തെ വിധിച്ചില്ല, മറിച്ച് അവൻ അതിനെ രക്ഷിച്ചു. മറ്റുള്ളവരെ എന്നും വിധിക്കുകയും അപലപിക്കുകയും ചെയ്യുന്നവരുടെ ജീവിതം വികലവും അസന്തുഷ്ടവും ആണ്. യേശു വന്നത് നമ്മെ രക്ഷിക്കാനാണ്, നീ നിൻറെ ഹൃദയം തുറക്കുക, പൊറുക്കുക, മറ്റുള്ളവരെ ന്യായീകരിക്കുക, അപരൻറെ ചാരെ ആയിരിക്കുക. യേശുവിനെപ്പോലെ കരുണയും മനസ്സലിവും ഉള്ളവനായിരിക്കുക. നാമെല്ലാവരും പാപികളാണെന്നും അതേ സമയം നമോരോരുത്തരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നുമുള്ള അവബോധത്തോടുകൂടി നാം എല്ലാവരെയും, ഓരോരുത്തരെയും സ്നേഹിക്കണം. ഓരോ ദിനത്തിലും ഒരോ വസ്തുവിലും ദൈവത്തിൻറെ രഹസ്യത്തിൻറെ ഒരു ഭാഗം മറഞ്ഞിരിക്കുന്നതായി, ഈ ലോകത്തെ ഇവ്വിധം സ്നേഹിച്ചുകൊണ്ട്, ആർദ്രതയോടെ  അതിനെ സ്നേഹിച്ചുകൊണ്ട് നാം കണ്ടെത്തും.

ദൈനംദിന ജീവിതത്തെ പ്രാർത്ഥനയാൽ രൂപപ്പെടുത്തുക

കത്തോലിക്കാസഭയുടെ മതബോധനം വീണ്ടും കുറിക്കുന്നു: “എല്ലാ ദിവസവും ഓരോ നിമിഷത്തിലും പ്രാർത്ഥിക്കുകയെന്നത് "ശിശുക്കൾക്കും", യേശുവിൻറെ ദാസർക്കും, സുവിശേഷസൗഭാഗ്യങ്ങളിലെ ദരിദ്രർക്കും വെളിപ്പെടുത്തപ്പെട്ട ദൈവരാജ്യത്തിൻറെ രഹസ്യങ്ങളിൽ ഒന്നാണ്. നീതിയുടെയും സമാധാനത്തിൻറെയും രാജ്യത്തിൻറെ ആഗമനം, ചരിത്ര യാത്രയെ സ്വാധീനിക്കുന്നതിനായി പ്രാർത്ഥിക്കുന്നത് ഉചിതവും യുക്തവുമാണ്, എന്നാൽ ലളിതമായ ദൈനംദിന സാഹചര്യങ്ങളെ പ്രാർത്ഥനയിലൂടെ "പരുവപ്പെടുത്തുക" എന്നത് അത്രമാത്രം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാത്തരം പ്രാർത്ഥനകളും, കർത്താവ് ദൈവരാജ്യത്തെ താരതമ്യപ്പെടുത്തുന്ന, ആ പുളിമാവായിരിക്കാം" (2660).

പ്രാർത്ഥന പുൽക്കൊടിപോലെ ദുർബ്ബലനായ മനുഷ്യൻറെ ഔന്നത്യം

മനുഷ്യൻ ഒരു ശ്വാസം പോലെയാണ്, പുൽക്കൊടി പോലെയാണ് (സങ്കീർത്തനം 144.4; 103.15). തത്ത്വചിന്തകനായ പാസ്കൽ എഴുതി: "പ്രപഞ്ചം മുഴുവൻ മനുഷ്യനെ നശിപ്പിക്കാൻ ആയുധം ധരിക്കേണ്ടതില്ല; അവനെ ഇല്ലായ്മചെയ്യാൻ നീരാവി, ഒരു തുള്ളി വെള്ളം മാത്രം മതി". ദുർബ്ബലരായ നമുക്ക് പ്രാർത്ഥിക്കാനറിയാം: ഇതാണ് ഏറ്റവും വലിയ ഔന്നത്യം. നമ്മുടെ കോട്ടയുമാണത്. ആത്മധൈര്യമുള്ളവരായിരിക്കുക. ഓരോ നിമിഷത്തിലും ഒരോ ചുറ്റുപാടിലും പ്രാർത്ഥിക്കുക, എന്തെന്നാൽ കർത്താവ് ചാരെയുണ്ട്. യേശുവിൻറെ ഹൃദയാനുസൃതമായ പ്രാർത്ഥന അത്ഭുതങ്ങൾ നേടും.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഉത്തരാഖണ്ഡ് ദുരന്തത്തിൽ പാപ്പായുടെ വേദനയും പ്രാർത്ഥനയും

ഉത്തരേന്ത്യയിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തു.

വെള്ളപ്പൊക്തത്തിൽ രണ്ടു വൈദ്യുതിയുല്പാദന കേന്ദ്രങ്ങൾ തകരുകയും തൊഴിലാളികൾ മരണമടയുകയും ചെയ്ത് അനുസ്മരിച്ച പാപ്പാ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും വേണ്ടി പ്രാർത്ഥിച്ചു.

ചാന്ദ്രവർഷാരംഭം

ഫെബ്രുവരി 12-ന് വിദൂര കിഴക്കൻ പ്രദേശങ്ങളിലും ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും  ചാന്ദ്രവർഷാരംഭം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് പാപ്പാ മംഗളങ്ങൾ നേർന്നു.

ഈ പുതുവത്സരം സാഹോദര്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും ഫലങ്ങൾ പുറപ്പെടുവിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

ശരീരത്തെയും ആത്മാവിനെയും മാത്രമല്ല, സാമൂഹിക ബന്ധങ്ങളെയും ബാധിക്കുന്ന മഹാമാരിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരിക്കുന്ന ഒരു പ്രത്യേക സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അനുസ്മരിച്ച പാപ്പാ, എല്ലാവർക്കും പൂർണ്ണ ആരോഗ്യവും പ്രശാന്തമായ ജീവിതവും ഉണ്ടാകുമെന്നപ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനവും ഇതര നന്മകളും ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ സന്മനസ്സും ആദരവും ക്രാന്തദർശിത്വവും ധൈര്യവും കൊണ്ടുമാത്രമേ അവ നേടാനാകുകയുള്ളുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

പാവപ്പെട്ടവരും ദുർബ്ബലരുമായവർക്ക് മുൻഗണനാപരമായ പരിചരണം ലഭ്യമാക്കാൻ ഒരിക്കലും മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

വൈരുദ്ധ്യങ്ങളും ഭിന്നതകളും പിച്ചിച്ചീന്തുന്ന ഒരു സമൂഹത്തിൽ, സുവിശേഷത്തിലും അനിവാര്യ പ്രാർത്ഥനാസഹായത്തിവും രൂഢമൂലമായ അനുരഞ്ജനത്തിൻറെയും സാഹോദര്യത്തിൻറെയുമായ പദ്ധതിയുടെ അടയാളമായിരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. 

ഫെബ്രുവരി 11-ന് ലൂർദ്ദ് നാഥയുടെ തിരുന്നാൾ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ ദൈവഹിതത്തോടുള്ള പൂർണ്ണ വിധേയത്വത്തിൽ പരിശുദ്ധ ദൈവമാതാവിനെ അനുകരിക്കാൻ അവർക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2021, 15:54

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >