തിരയുക

ഫയൽ ചിത്രം - മതാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച... ഫയൽ ചിത്രം - മതാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച... 

ദൈവവചനത്തിന്‍റെ പ്രതിധ്വനിയാണ് മതബോധനം

ഇറ്റലിയിലെ മതാദ്ധ്യാപകരെ ജനുവരി 30-ന് അഭിസംബോധനചെയ്തുകൊണ്ട് ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് പാപ്പാ ഫ്രാൻസിസ് അയച്ച സന്ദേശത്തിൽനിന്ന്....

- ഫാദർ വില്യം നെല്ലിക്കൽ 

1. എന്താണ് മതബോധനം?
മതബോധനവും സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള സഭയുടെ പ്രബോധനങ്ങൾ വിശ്വാസപ്രചാരണത്തിന്‍റെ അടിസ്ഥാന  പ്രമാണമാണ്. അതിനാൽ മതബോധനം ജീവിതത്തിൽ സുവിശേഷ ആനന്ദം വളർത്തുവാനുള്ള തിരുവചനത്തിന്‍റെ നീണ്ട അലയടിയാണ്. തിരുവെഴുത്തുകൾ രക്ഷാകര ചരിത്രത്തിന്‍റെ സമഗ്രചുറ്റുപാടായി പരിണമിക്കുന്ന വേദിയാണ് മതബോധനം അല്ലെങ്കിൽ വിശ്വാസപ്രചാരണം. അതിനാൽ മതബോധനത്തിന്‍റെ സത്ത സുവിശേഷം തന്നെയാണ്. മതബോധനം വ്യക്തിയെ സമകാലീന ചരിത്രത്തിലൂടെ മുന്നേറുവാൻ സഹായിക്കുകയും കൈപിടിച്ചു നടത്തുകയും വളർച്ചയുടെ പടിയിൽ അനുധാവനം ചെയ്യുകയും ചെയ്യുന്നു. മതബോധനവുമായി  ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിത യാത്രയുടെ ശൈലി തികച്ചും വ്യക്തിഗതവും അതിനാൽ തന്നെ പരസ്പരം വ്യത്യസ്തവുമാണ്. കാരണം ക്രൈസ്തവ ജീവിതം അടിച്ചു നിരപ്പാക്കുന്നതോ തുല്യതയുള്ളതോ അല്ല. ഓരോ വ്യക്തിയുടെയും – സ്ത്രീയുടെയും പുരുഷന്‍റെയും അന്യൂനതയെ അത് വിലമതിക്കുന്നു.

2. സഭയുടെ പ്രബോധനാധികാരം
ദൈവിക രഹസ്യത്തിന്‍റെ കേന്ദ്രം സഭയുടെ പ്രബോധനാധികാരമാണ്. അതു ക്രിസ്തുതന്നെയാണ്. അവിടുത്തെ നാം തിരുവചനത്തിൽ നിന്നുമാണ് അധികം അറിയുന്നത്. അതിനാൽ മതബോധനം ക്രിസ്തുവുമായി ഒരു കൂടിക്കാഴ്ച വളർത്തുന്നതിനുള്ള ഏറ്റവും വിശേഷാധികാരമുള്ള സ്ഥാനമാണ്. അതിനാൽ അത് വ്യക്തി ബന്ധങ്ങളാൽ ഇഴചേർക്കപ്പെട്ടതായിരിക്കണം. എന്നാൽ വിശ്വാസ ബോധ്യമുള്ള വ്യക്തികളുടെ - സ്ത്രീപുരുഷന്‍മാരുടെ ജീവിത സാക്ഷ്യമില്ലാത്ത മതബോധനം യഥാർത്ഥമാവുകയുമില്ല.

3. വേദപാഠക്ലാസ്സിലെ അദ്ധ്യാപകർ
നമ്മിൽ ആരാണ് വേദപാഠങ്ങൾ ഓർക്കാത്തത്? പാഠങ്ങൾ ഓർക്കുന്നതോടൊപ്പം തന്നെ പഠിപ്പിച്ച അദ്ധ്യാപകനെയും അദ്ധ്യാപികയെയും താൻ ഓർക്കുന്നുവെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മതബോധനത്തിന്‍റെ പ്രഥമ പ്രായോജകരും സുവിശേഷത്തിന്‍റെ സന്ദേശവാഹകരും അവരാണ്. അതുപോലെ ഏറെ ത്യാഗപൂർവ്വം തന്നെ ആദ്യ ദിവ്യകാരുണ്യ സ്വീകരണത്തിനായി തന്നെ ഒരുക്കിയ അദ്ധ്യാപകരെയും ഓർക്കുന്നതായി പാപ്പാ സാക്ഷ്യപ്പെടുത്തി. സുവിശേഷത്തിനു നിസ്വാർത്ഥ സാക്ഷികളായി തങ്ങളെത്തന്നെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ധാരാളം യുവതീയുവാക്കളെ സമർപ്പിച്ചവരാണവർ.

4. ആരാണ് ഒരു മതാദ്ധ്യാപിക അല്ലെങ്കിൽ അദ്ധ്യാപകൻ?
കുട്ടികളിൽ ദൈവികസ്മരണ ഉണർത്തുകയും അത് അവരിൽ എന്നും നിലനിർത്തുകയും ചെയ്യുന്നവരാണ് മതാദ്ധ്യാപകർ. അവർ രക്ഷാകര ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരാണ്. അതിന്‍റെ ഓർമ്മകൾ മറ്റുള്ളവരിൽ ഉണർത്തുവാനും വളർത്തുവാനും അവർക്ക് കഴിവുണ്ട്.
രക്ഷാകര ചരിത്രത്തിന്‍റെ ഓർമ്മകൾ പ്രഘോഷണമായി പകർത്തുന്നവരാണ് മതാദ്ധ്യാപകർ. അവർ തങ്ങളെപ്പറ്റിയല്ല, ദൈവത്തെക്കുറിച്ചും ദൈവിക നന്മകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തെക്കുറിച്ചും അവിടുത്തെ പതറാത്ത
വിശ്വസ്തതയെക്കുറിച്ചും സാക്ഷ്യപ്പെടുത്തുന്നു.

5. മതബോധനം വിശ്വാസത്തിന്‍റെ ആദ്യപടി
ഇന്ന് ക്രൈസ്തവജീവിതത്തിന് ആവശ്യമായിരിക്കുന്ന പ്രഘോഷണത്തിന് ചില അടിസ്ഥാന ഗുണഗണങ്ങൾ ആവശ്യമാണ്. ആദ്യമായി ധാർമ്മികവും മതപരവുമായ കടപ്പാടിനെക്കാൾ ദൈവത്തിന്‍റെ രക്ഷാകര സ്നേഹത്തിന്‍റെ പ്രഘോഷകരായി മാറണം മതാദ്ധ്യാപകർ. “നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു….” എന്നത് വിശ്വാസത്തിന്‍റെ ആദ്യപടിയും വാതിലുമാണ്.   ഇവിടെ സത്യം അടിച്ചേല്പിക്കുകയല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്‍റെ വഴിയിലുള്ള പ്രബോധനമാണ്. അതിനാൽ, അങ്ങിനെയുള്ളൊരു വിശ്വാസ പ്രഘോഷണത്തിൽ സന്തോഷവും പ്രചോദനവും ഉത്തേജനവും സമഗ്രതയും പൂർണ്ണിമയുമുണ്ടാകും. കാരണം അത് വെറും പ്രമാണങ്ങളുടെ പഠനമോ, പ്രബോധനമോ താത്വികവും സുവിശേഷാത്മകവുമായ പാഠ്യപദ്ധതി മാത്രമോ അല്ല. മറിച്ച് അത് ഒരു ആത്മീയ സാമീപ്യവും സംവാദത്തിന്‍റെ തുറവുള്ള ശൈലിയും, ക്ഷമയുള്ള സൗഹൃദത്തിന്‍റെ രീതിയുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു (EG, 165). അങ്ങനെ സഭയുടെ പ്രബോധനാധികാരം മാനവികതയുടെ ജീവിതപരിസരത്തെ തെറ്റുപറ്റാത്ത വിശ്വാസത്തിന്‍റെ ദിശാമാപിനിയായി അല്ലെങ്കിൽ മാർഗ്ഗദീപമായി മാറുന്നു.  (തുടരും...).
 

08 February 2021, 10:38